ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/കോവിഡ്-19; ഒരു സന്ദേശമായി കേരളം
കോവിഡ്-19; ഒരു സന്ദേശമായി കേരളം
ലോക ജനത ഇന്നു വരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ മഹാമാരിയാണ് കൊറോണ. വ്യാപകമായി പടരുകയും ഒരു സമൂഹത്തെയാകെ കൊന്നൊടുക്കുകയും ചെയ്താൽ അത് മഹാമാരി അല്ലെങ്കിൽ പാന്റെമിക് എന്ന് പറയുന്നു. അത്തരത്തിൽ ഒന്നാണ് കൊറോണ( കോവിഡ്-19 ) ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെയുള്ള മനുഷ്യ ജീവിതം പരിശോധിച്ചാൽ മറക്കാൻ സാധിക്കാത്ത ഒട്ടനേക വിപത്തുകളെ ജീവൻ ത്യജിച്ച് പോലും മറികടന്നതായി മനസ്സിലാക്കാൻ സാധിക്കും. അതിൽ ചിലതാണ് പ്ലേഗ്(1346-1353),സ്പാനിഷ് ഫ്ലൂ(1918), ഏഷ്യൻ ഫ്ലൂ(1956-1958), കോളറ(1816-1826), എബോള(1976), സിക(1947), എയ്ഡ്സ്(1981) തുടങ്ങിയവ. ഇതിൽ ജീവൻ പോലിഞ്ഞത് കോടിക്കണക്കിന് ജനങ്ങളുടേതാണ്. ഈ വിപത്തുകളെ ലോകം അതിജീവിച്ചു. ചൈനയിൽ നിന്നു തുടങ്ങിയ കൊറോണ വൈറസിന്റെ പ്രയാണം യൂറോപ്പ്, അമേരിക്ക തുടങ്ങിയ അനേകം വികസിത രാജ്യങ്ങൾ ഉൾപ്പെടെ 193 രാജ്യങ്ങളിലോളം പകർന്നു. യൂറോപ്പ്, അമേരിക്ക പോലുള്ള വൻ വികസിത രാജ്യങ്ങൾ കൊറോണയ്ക്കു മുന്നിൽ പകച്ചു നിന്നു പോയി. ഏകദേശം 1000 ത്തിലേറെ മനുഷ്യരാണ് ഓരോ ദിവസവും മരണത്തിനിരയാകുന്നത്. ഇന്ത്യയിൽ കേരളത്തിലാണ് ആദ്യ കൊറോണ( ജനുവരി 30) റിപ്പോർട്ട് ചെയ്തത്. പിന്നീടുള്ള ദിവസങ്ങളിൽ എല്ലാ സംസ്ഥാനങ്ങളിലും കൊറോണ റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത് കർണാടകയിൽ. “Cohabitation With Death” എന്നൊരു പ്രയാേഗമുണ്ട്............മരണത്തോടൊപ്പം സഹവസിക്കുക. മനുഷ്യകുലം മാസങ്ങളായി ഏതാണ്ട് ആ അവസ്ഥയിലാണ്. കോവിഡ്-19 കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുമ്പോൾ പ്രതിരോധ മാർഗ്ഗം കണ്ടെത്താനുള്ള തീവ്ര യഞ്ജത്തിലാണ് ആരോഗ്യ വിദഗ്ധർ. പലരാജ്യങ്ങളും വ്യത്യസ്ത പ്രോട്ടോക്കോളുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ലോകമെമ്പാടും കൊറോണയുടെ ഭീതിയിൽ ആണ്ടപ്പോൾ അതിനെ ചെറുക്കുവാൻ വേണ്ടി നമ്മുടെ ദൈവത്തിന്റെ നാടും മുൻകരുതലോടുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ആ സമയത്ത് കൊറോണ എന്ന മഹാമാരിയുടെ ഗൗരവം, പ്രത്യാഘാതം അതിനെ മറികടക്കുന്നതിനുള്ള ആവശ്യകത ജനങ്ങൾക്ക് പകുതിപ്പേർക്കും മനസ്സിലാക്കാൻ സാധിച്ചില്ല, പിന്നീടുള്ള ഓരോ ദിവസവും ദുഷ്കരമായതോടെ ഇന്ത്യ അടച്ചു പൂട്ടലിലേക്ക് എത്തി. 2020 മാർച്ച് 24-നു ഔദ്യോഗികമായി നമ്മുടെ രാജ്യം ലോക് ഡൗൺ പ്രഖ്യാപിച്ചു. മറ്റു രാജ്യങ്ങളും ഭാഗികമായി ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. കേരളം രാജ്യത്തിനും അതിലുപരി ലോകത്തിനും വഴികാട്ടിക്കൊണ്ട് കൊറോണയെ സധൈര്യം ചെറുത്ത് 93-ഉം 88-ഉം വയസ്സുള്ള വൃദ്ധ ദമ്പതികളെ സ്വജീവിതത്തിലേക്ക് യാത്രയാക്കുമ്പോൾ ഓരോ ദിവസവും 14 പേർ രോഗത്തിൽ നിന്ന് മോചിതരാകുമ്പോൾ നാം അതിജീവനത്തിന്റെ പുതിയ ഗാഥകൾ രചിക്കുകയായിരുന്നു. ഈ മഹാമാരിയെ മാത്രമല്ല അടച്ചിടൽ പ്രഖ്യാപിച്ചാൽ ഉണ്ടാകുന്ന സാമൂഹികവും സാംസ്കാരികവുമായ പ്രശ്നങ്ങൾ അങ്ങനെ ഓരോന്നിനും കേരളം കരുതലാകുകയാണ്, മാതൃകയാകുകയാണ്. ഒപ്പമല്ല മുന്നിലാണ് എന്ന് പ്രഖ്യാപിച്ചൊരു ഭരണാധികാരി, ഒന്നും രണ്ടും മഹാപ്രളയവും നിപയും നൽകിയ ഉൾകരുത്തും ഇച്ഛാശക്തിയും ധീക്ഷ്ണതയോടും കൂടി കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തന്റെ കർമ്മ നിരതരായ സഹപ്രവർത്തകരെ, പ്രബുദ്ധരായ ഒരു ജനതയെ, ആരോഗ്യ പ്രവർത്തകരെ പോലീസ് സംവിധാനത്തെ, പ്രവാസി സമൂഹത്തെ ഒപ്പം നിർത്തി ശ്രീമതി കെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ ഇവിടെ നേരിടുമ്പോൾ അതൊരു ആരോഗ്യ സംസ്കാരമായി, സമ്പ്രദായമായി ലോക ശ്രദ്ധ നേടുകയാണ്. മനുഷ്യൻ മാത്രമല്ല, ഭൂമിയുടെ അവകാശികളായ സർവ്വചരാചരങ്ങൾക്കുള്ള കരുതലിന് ലോകം ഒരുമിച്ച് കൈയ്യടിക്കുകയാണ്. ജനുവരിയിൽ കൊറോണ റിപ്പോർട്ട് ചെയ്തിട്ട് ഇന്നും മരണ സംഖ്യ മൂന്നിൽ പിടിച്ചു നിർത്തി ആ കൈയ്യടിയിൽ കേരളം മുന്നേറുകയാണ്. ഒരുപക്ഷേ ഇത്തരം മഹാമാരിയെ ചെറുക്കുന്നതിൽ കേരളം നേടിയ ഈ കരുത്തിനു പിന്നിൽ നമ്മുടെ ശാസ്ത്ര ബോധവും ആരോഗ്യമേഖലയിൽ നാം കൈവരിച്ച നേട്ടങ്ങളുമാണ്. ജനസംഖ്യയിൽ ആറിലൊന്ന് പ്രവാസികൾ പ്രതിവർഷം പത്തുലക്ഷത്തിലേറെ വിദേശ സഞ്ചാരികൾ, അമേരിക്ക, ചൈന, റഷ്യ, യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പഠനം നടത്തുന്ന ലക്ഷത്തോളം വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാവരേയും ഉൾക്കൊണ്ടാണ് വിനാശകരമായ വിപത്തിനെ വെല്ലുവിളിയോടെ ഈ തീരദേശ സംസ്ഥാനം നേരിട്ടത്. എന്നിട്ടും കേരളത്തിന്റെ വിജയം കോവിഡ് ഗ്രാഫിൽ മധുരമായി ഉയർന്നുകൊണ്ടിരിക്കുന്നത് പകർത്തി എഴുതാൻ കഴിയുന്ന ഒരു പാഠമാണ്. ഉത്സാഹത്തോടെയുള്ള പരിശോധന, സമ്പർക്കപ്പട്ടിക തയ്യാറാക്കൽ, പാകം ചെയ്ത ഭക്ഷണം, കേരളം എന്ന ഇന്ത്യൻ സംസ്ഥാനം കോവിഡ് വൈറസ് ഗ്രാഫ് നിരപ്പാക്കിയത് എങ്ങനെയെന്ന് വലിയ തലക്കെട്ടിലാണ് വാഷിങ്ടൺ പോസ്റ്റ് വാർത്ത നൽകിയത്. ഈ അവസരത്തിൽ കേളം സൃഷ്ടിച്ചത് സമാനതകളില്ലാത്ത തനത് മാതൃക എന്ന് ലകാരോഗ്യ സംഘടന അഭിനന്ദിക്കുന്നു. ദേശ, ഭാഷ, നിറം, ലിംഗം എന്നിവയ്ക്ക് അതീതമായി സമസ്ത മേഖലയിലും പെട്ട ഓരോരുത്തരുടേയും ജീവന്റെ അവസാന തുടുപ്പ് നിലനിൽപ്പ് അഹോരാത്രം പ്രയത്നിക്കുന്ന ഡോക്ടേഴ്സ്, നഴ്സ്, ആരോഗ്യപ്രവർത്തകർ, പോലീസ് ഉൾപ്പെട്ട ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ആദരവ്. കേരളത്തിലും ഇന്ത്യയിലും ലോകമെമ്പാടും കോവിഡ് അപഹരിച്ച നാനാതുറകളിൽപ്പെട്ട അനേകായിരങ്ങൾക്ക് ഹൃദയാഞ്ജലി നേരുന്നു. കോവിഡ് മഹാമാരിയെ തോൽപ്പിച്ച ലോകമെമ്പാടുമുള്ള എല്ലാവരേയും ഒപ്പം ചേർത്തു നിർത്തുന്നു. നമ്മൾ ചെറുത്ത് തോൽപ്പിക്കും, തോളോടു തോൾ ചേർന്ന് ഈ മഹാമാരിയെ........ കൊറോണയെ.....അതിനായി ഒരുമിക്കാം, ഒത്തൊരുമിക്കാം അകലം പാലിക്കാം, പരാജയപ്പെടുത്താം, കൈകോർത്ത് നേരിടാം അതിജീവിക്കാം.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം