എം കെ എം എച്ച് .എസ്സ്.എസ്സ് പിറവം/അക്ഷരവൃക്ഷം/ അപ്പുവിന്റെ രാജ്യ സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
23:19, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

ഒരു സുപ്രഭാതം. തന്റെ മുഖത്തു പതിഞ്ഞ സൂര്യരശ്മികൾ അപ്പുവിന് ഊർജം നൽകി. അപ്പൂ.... അപ്പൂ.... അമ്മയുടെ നീട്ടിയുള്ള വിളി കേട്ടാണ് അന്ന് അപ്പു കണ്ണ് തുറന്നത്. നാളെ അവന്റെ അച്ഛൻ വരുന്ന ദിവസമാണ്. അവന്റെ അച്ഛൻ പട്ടാളത്തിലാണ്. രണ്ട് വർഷം കൂടുമ്പോഴാണ് ലീവിനു വരുക. അപ്പോൾ വീട്ടിൽ ആകെ ഒരു ആഘോഷമാണ്. നാട്ടിൽ വരുമ്പോൾ അപ്പുവിനേയും അവന്റെ ചേച്ചി മാളുവിനേയും കൂട്ടി പട്ടണത്തിൽ പോകും. ഐസ്ക്രീമും, കളിപ്പാട്ടങ്ങളും, പുത്തനുടുപ്പുകളുമൊക്കെ വാങ്ങിക്കൊടുക്കും. അച്ഛൻ വന്നാൽ അപ്പു പിന്നെ അച്ഛന്റെ അടുത്തു നിന്ന് മാറില്ല. അപ്പുവിന് അച്ഛന്റെ കഥകളൊക്കെ കേൾക്കാൻ വളരെ ഇഷ്ടമാണ്. അപ്പുവിനും ഉണ്ട് കുറേ കഥകൾ പറയാൻ. കാവിലെ ഉത്സവത്തിനു മുത്തശ്ശിയുടെയും മുത്തശ്ശന്റെയും ഒപ്പം പോയതും, സ്കൂളിലെ പല വിശേഷങ്ങളുമെല്ലാം. അച്ഛൻ തിരികെ പോകുന്ന ദിവസം അവന് ഭയങ്കര സങ്കടമാകും. പിന്നീടുള്ള ദിവസങ്ങൾ അച്ഛൻ അടുത്ത ലീവിനു വരുന്ന നാളുകളെക്കുറിച്ചുള്ള ചിന്തയിലായിരിക്കും. ഓരോ പ്രവിശ്യവും ലീവിനുവരുമ്പോൾ അപ്പു അച്ഛനോട് ആവശ്യപ്പെടും. ഇനി അച്ഛൻ തിരിച്ചു പോകേണ്ട എന്ന്. അപ്പോഴൊക്കെ അച്ഛൻ ഒരു പട്ടാളക്കാരനാണെന്നും താൻ രാജ്യത്തോട് പുലർത്തേണ്ട കടമകളേക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും അവനെ പറഞ്ഞു മനസ്സിലാക്കും. ഇതൊക്കെ കേട്ടുകേട്ട് അവനിലും ഒരു പട്ടാളക്കാരൻ ജനിക്കുകയായിരുന്നു. അടുത്ത തവണ ലീവിനുവരേണ്ട തീയതി കഴിഞ്ഞിട്ടും അച്ഛൻ വീട്ടിലെത്തിയില്ല. പകരം അച്ഛന്റെ കത്തുകിട്ടി. അച്ഛൻ പറഞ്ഞത് അവന്റെ പിഞ്ചു മനസ്സിനെ ചെറുതായൊന്നുലച്ചു. അതിർത്തിയിൽ യുദ്ധം തുടങ്ങി എന്നായിരുന്നു കത്തിൽ . മാത്രമല്ല ഇനി അടുത്തൊന്നും നാട്ടിൽ വരാൻ കഴിയില്ലായെന്നും. മാസങ്ങൾ കടന്നുപോയി. അച്ഛനെക്കുറിച്ച് വിവരമൊന്നുമില്ല. അങ്ങനെയിരിക്കെ ആ വീടിനെ പിടിച്ചു കുലുക്കിയ വാർത്തയെത്തി. യുദ്ധത്തിൽ അച്ഛൻ കൊല്ലപ്പെട്ടിരിക്കുന്നു. എല്ലാവർക്കും ആ വാർത്ത താങ്ങാവുന്നതിലും അധികമായിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുമായി അവർ എല്ലാം സഹിച്ച് ജീവിച്ചു. ഇന്ന് അപ്പു വളർന്ന് ഒരു യുവാവായി. അപ്പു തന്റെ വഴി തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. പട്ടാളത്തിൽ ചേരാനായിരുന്നു അവന്റെ തീരുമാനം. അതിനുവേണ്ടിയായിരുന്നു അവന്റെ ഒരുക്കങ്ങളെല്ലാം. അതിൽ അമ്മയ്ക്കും ബന്ധുക്കൾക്കും ഒട്ടും താത്പര്യമില്ലായിരുന്നു. അമ്മ നിറകണ്ണുകളോടെ അപ്പുവിനോട് തന്റെ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടു. എന്റെ ശരീരത്തലെ അവസാനതുള്ളി രക്തം വരെയും എന്റെ രാജ്യത്തിനു വേണ്ടി ഞാൻ സമർപ്പിക്കുന്നു. അതായിരുന്നു അവൻ തന്റെ അമ്മയോട് പറഞ്ഞത്. അത് തന്നെയായിരുന്നു പട്ടാളക്കാരനായ തന്റെ അച്ഛനും അവനോട് അവസാനമായി തിരികെ പോകുന്നതിനുമുമ്പ് അവനോട് പറഞ്ഞത്.

ഗ്രേസ് എലിസബത്ത് ജോർജ്
9B എം കെ എം എച് എസ് എസ് പിറവം
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ