സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/ ഇനി ഞാൻ ഒഴുകട്ടെ

Schoolwiki സംരംഭത്തിൽ നിന്ന്
21:54, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇനി ഞാൻ ഒഴുകട്ടെ

സന്തോഷത്താൽ തിളങ്ങുന്ന കണ്ണുകളും ചുവന്ന ബാഗും പുത്തൻ കുടയും കയ്യിൽ പിടിച്ച് തുള്ളിച്ചാടി പാഞ്ഞുവരുന്ന വിനു സ്കൂളിലേക്ക്. അവധി കാലത്തിനു ശേഷം തൻറെ കൂട്ടുകാരെ കാണാനും തൻറെ പുത്തൻ കുട അവരെ കാണിക്കാനും തിടുക്കം കൂട്ടിയുള്ള ആ യാത്രയിൽ എന്തോ ഒരു ദുർഗന്ധം അവൻറെ മൂക്കുകൾ പിടിച്ചെടുത്തു. സന്തോഷകരമായ ആ നിമിഷത്തെ പെട്ടെന്ന് ആ ദുർഗന്ധം കീഴ്പ്പെടുത്തി. വിനു ചുറ്റിലും പരതി. അതാ ,അവിടെ നിന്നാണ് ആ ദുർഗന്ധം വമിക്കുന്നത്. വിനു അങ്ങോട്ട് നീങ്ങി. അതൊരു തോടാണ്. പക്ഷേ, അതൊരു തോടാണോ എന്ന് സംശയിക്കേണ്ട വിധം അതിൽ മാലിന്യങ്ങൾ കെട്ടി കിടന്നിരുന്നു. ആ ദുർഗന്ധം കാരണം വിനു അവൻറെ കൈ കൊണ്ട് മൂക്കു പൊത്തിയിരുന്നു. അവൻ ഏന്തിവലിഞ്ഞ് തോടിലേക്ക് നോക്കിയതും, ധും!!!!! അവൻറെ പുത്തൻ കുട ആ മാലിന്യത്തിന്റെ നടുവിലേക്ക് വഴുതി വീണു. ആ ദുർഗന്ധത്തിന്റെ നടുവിൽ തന്റെ പുത്തൻ കുടയെ ഗൗനിക്കാൻ വിനു മറന്നുപോയിരുന്നു. തന്റെ പുത്തൻ കുട തന്റെ കൺമുമ്പിൽ വച്ച് ആ മാലിന്യത്തിലേക്ക് വീണു പോയപ്പോൾ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ വിനു സ്തംഭിച്ചു പോയി. ഒന്നും ഉരിയാടാതെ അവൻ സ്കൂളിലേക്ക് പോയി. വിദ്യാലയ വാതിൽക്കൽ എത്തിയപ്പോൾ തൻറെ കണ്ണിനെ കുളിരണിയിച്ചു കൊണ്ട് പല വർണ്ണങ്ങളിലുള്ള കുടകൾ അവനെ എതിരേറ്റു. ഇതു കണ്ടതും ഒരു വിങ്ങലോടെ അവൻ ക്ലാസ്സിലേക്ക് ഓടി. ഉയർന്ന് പറന്ന അവൻ രണ്ടാം ക്ലാസിൽ നിന്നും മൂന്നാം ക്ലാസിലേക്ക് കയറി എങ്കിലും കരഞ്ഞുകൊണ്ട് ഓടിയത് രണ്ടാം ക്ലാസ്സിലേക്ക് ആണ്. ഇതുകണ്ട് അധ്യാപിക അവനെ തടഞ്ഞു നിർത്തി. എന്താണ് ഇവിടേക്ക് വരാനുള്ള കാരണം എന്ന് അധ്യാപിക ചോദിച്ചപ്പോൾ പൊട്ടിക്കരയലായിരുന്നു മറുപടി .ഒടുവിൽ പേമാരി പോലെ പെയ്തൊഴുകിയ ആ കണ്ണുനീർ മഴയെ അധ്യാപിക പിടിച്ചു നിർത്തി . തന്റെ പുത്തൻ കുട നഷ്ടപ്പെട്ട കാര്യം ഒരു വിങ്ങലോടെ അവൻ അധ്യാപിക അറിയിച്ചു. ഒരു പൊട്ടിച്ചിരിയോടെ അധ്യാപിക പറഞ്ഞു: 'ഒരു കുട അല്ലേ ഞാൻ നിനക്ക് വാങ്ങിത്തരാം', 'വേണ്ട ' വിഷമഭാവത്തിൽ നിന്നും വിനു കോപിഷ്ഠനായി. 'വേണ്ട എനിക്ക് എൻറെ പുത്തൻ കുട മതി', 'ശരി' അധ്യാപിക അവനെ സമാധാനിപ്പിച്ചു. 'നമുക്ക് അത് പോയി എടുക്കാം ' അധ്യാപിക പറഞ്ഞു. വിനുവിൻറെ കണ്ണുകൾ തിളങ്ങി. ഉയർന്ന് പറന്നിറങ്ങിയ ഒരുപക്ഷിയെപോലെ വിനു പുതിയ ക്ലാസ്സിലേക്ക് പറന്നിറങ്ങി. വിനായക് എന്നാണ് അവൻറെ യഥാർത്ഥ പേര് .എന്നാൽ, എല്ലാവരും അവനെ വിനു എന്നാണ് വിളിക്കുന്നത്. അവൻറെ വീടിനടുത്താണ് വിദ്യാലയം അതുകൊണ്ട് രണ്ടാം ക്ലാസ്സ് മുതൽ അവൻ നടന്നാണ് സ്കൂളിൽ വരുന്നത്. അവൻറെ അമ്മയും അച്ഛനും വലിയ ജോലിക്കാരാണ്. ഇന്ന് അവൻറെ കൂടെ വരാമെന്ന് പറഞ്ഞതാണ് പക്ഷേ, ജോലിത്തിരക്കിനിടെ എവിടെ നേരം. അന്ന് വൈകുന്നേരം വിനു വിനോടൊപ്പം അധ്യാപികയും അവൻറെ വീട്ടിലേക്ക് പോയി. പോകുന്ന വഴിക്ക് തോടും അവർ സന്ദർശിച്ചു. വിനു പറഞ്ഞതിലെ സത്യാവസ്ഥ ടീച്ചർക്ക് മനസ്സിലായി. അവർ വിനുവിൻറെ വീട്ടിലെത്തി, അധ്യാപിക നടന്ന സംഭവങ്ങൾ മാതാപിതാക്കളെ അറിയിച്ചു. അപ്പോഴാണ് വിനുവിന് ശ്വാസം നേരെ വീണത്. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അധ്യാപിക വിനുവിനോട് പറഞ്ഞു: 'നമ്മൾ ആ കുട എടുക്കും വിനു '. വിനുവിൻറെ ഉള്ളിൽ സന്തോഷം പൂത്തുലഞ്ഞു. പിറ്റേന്ന് അധ്യാപിക അവനോട് പറഞ്ഞു: 'നമുക്ക് കുടയെടുക്കാം, ശനിയാഴ്ചയാവട്ടെ '. ആദ്യം സമ്മതിച്ചിലെങ്കിലും പിന്നെ അവൻ കാത്തിരിക്കാൻ തയ്യാറായി. അങ്ങനെ ശനിയാഴ്ചയായി. കാത്തിരുന്ന ദിവസം. വിനു സാധാരണ തിനേക്കാൾ സന്തോഷവാനാണ്. അന്ന് ക്ലാസ്സിൽ ഇല്ലാത്തതിനാലാണ് അന്ന് അധ്യാപിക തിരഞ്ഞെടുത്തത്. നീല ബനിയനും കുട്ടി ജീൻസും ഇട്ട് സുന്ദര കുട്ടപ്പനായി അധ്യാപികയുമായി പറഞ്ഞുറപ്പിച്ച തോടിലേക്ക് അവൻ ഓടി. അവൻ അവിടെ എത്തിയപ്പോൾ കണ്ടത് ടീച്ചറെയും കൂടെ രണ്ടു കുട്ടയും ഒരു തൂമ്പയും . ടീച്ചറെ കണ്ടാൽ മനസ്സിലാവാത്ത വിധമാണ് വസ്ത്രം ധരിച്ചിരിക്കുന്നത്. കൈയിൽ ഗ്ലൗസ്സും മുഖത്ത് മാസകും അണിഞ്ഞിരുന്നു. അവനെ കണ്ടതും പുഞ്ചിരിച്ചുകൊണ്ട് ടീച്ചർ പറഞ്ഞു: ' വന്നല്ലോ കുടക്കാരൻ' എന്നും പറഞ്ഞ് അവൻറെ അടുത്തേക്ക് നീങ്ങി. അവൻ ഉം ഒന്നും മനസ്സിലാവാതെ അന്തംവിട്ട് ടീച്ചറെ നോക്കി നിന്നു. അധ്യാപികക്ക് കാര്യം മനസ്സിലായി. 'എടോ നമ്മൾ ഈ തോട് വൃത്തിയാക്കാൻ പോവാ ,നിനക്ക് നിൻറെ കുട വേണ്ടേ'. ഒന്നും മിണ്ടാതെ വിനു തിരിഞ്ഞൊരോട്ടം. ടീച്ചർ എത്ര വിളിച്ചിട്ടും അവൻ നിന്നില്ല .ടീച്ചർ ദുഃഖിതയായി. എങ്കിലും അധ്യാപിക മാലിന്യങ്ങൾ കൊട്ടയിലേക്ക് മാറ്റിയിടാൻ തുടങ്ങി. അല്പസമയത്തിനുശേഷം വിനു ടീച്ചറുടെ അടുത്തേക്ക് ഓടി എത്തി .കൈയിൽ അച്ഛൻറെ വലിയ ഗ്ലൗസ്സും തുവാലകൊണ്ട് മാസ് കും ഒക്കെ ധരിച്ച അവൻറെ കയ്യിൽ ഒരു കാർ ബോർഡ്പ്പെട്ടിയും കൂടെ അവൻറെ ഒരു ചെറിയ ശൗവലും, അവൻ അത് കളിക്കാൻ ഉപയോഗിക്കുന്നതാണ്. ടീച്ചർ ഇതെല്ലാം കണ്ട് നിശ്ചലമായി. ഏതാനും നിമിഷങ്ങൾക്ക് ശേഷം ടീച്ചർ അവനോട് ചോദിച്ചു: 'നീ എവിടെ പോയി എന്റെ വിനു എന്നെ ഒറ്റയ്ക്കാക്കി '. അവൻ ചിരിച്ചുകൊണ്ട് പുറകോട്ട് തിരിഞ്ഞു നോക്കി. അധ്യാപികയും അതിശയത്തോടെ അവിടേക്ക് നോക്കി. ആ കണ്ണുകൾക്ക് തന്നെ തന്നെ വിശ്വസിക്കാൻ സാധിക്കാത്തവിധം അതിശയിപ്പിക്കുന്നതായിരുന്നു ആ കാഴ്ച. ഒരു പട, അതെ വിനുവിൻറെ കൂട്ടുകാരെല്ലാവരും നിരന്നു നിൽക്കുന്നു. എല്ലാവരും വിനുവിനെ പോലെ ഗ്ലൗസ്സും മാസ്കും ധരിച്ചിരുന്നു. എല്ലാവരുടെയും കയ്യിൽ ഒരു പെട്ടി ഉണ്ടായിരുന്നു. പിന്നെ സമയം കളഞ്ഞില്ല, എല്ലാവരും പണി തുടങ്ങി .വിനുവിന് പുത്തൻ കുട കിട്ടി. അൽപ്പസമയത്തിനകം തോടൊരു കുഞ്ഞിനെപ്പോലെ തുള്ളിച്ചാടി ഒഴുകാൻ തുടങ്ങി.....

അമിത തോമസ്
8 A സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ