ഗവ. യു പി എസ് പൂജപ്പുര/അക്ഷരവൃക്ഷം/ആത്‍മകഥ. പ്ളാസ്റ്റിക് കുപ്പി...

Schoolwiki സംരംഭത്തിൽ നിന്ന്
ആത്‍മകഥ. പ്ളാസ്റ്റിക് കുപ്പി...

ഈ കഥയിൽ ഞാൻ കുറ്റക്കാരനല്ല, നിങ്ങൾ തന്നെയാണ് എന്നെ നിർമ്മിച്ചത്. അറിയാമെങ്കിലും പ്രകൃതിയെ നശിപ്പിക്കുകയല്ലേ നിങ്ങൾ. നിങ്ങളെന്നെ നിർമ്മിച്ചതിൽ ഞാൻ ഒന്നും പറയുന്നില്ല, നിങ്ങൾക്ക് വേണമെങ്കിൽ എന്നെ പുനരുപയോഗിക്കാം. പക്ഷേ നിങ്ങൾ വലിച്ചെറിയുകയല്ലേ എന്നെ. പ്രകൃതിയെ നശിപ്പിക്കാതിരിക്കു.. പ്ലാസ്റ്റിക് കുപ്പിയായ എന്റെ തുടക്കം മുതൽ എന്റെ അവസാനം വരെയുള്ള കഥയാണിത്. ഏതോ ഒരു ഫാക്ടറിയിൽ പല പ്രക്രിയയ്ക്ക് ശേഷം ഞാൻ ഒരു പ്ലാസ്റ്റിക് കുപ്പി ആയി മാറി. എന്റെ ഉള്ളിൽ വെള്ളം നിറച്ചു. അതിനുശേഷം ഞാൻ ഒരു ലോറിയിൽ കുലുങ്ങിക്കുലുങ്ങി യാത്രയായി. എന്നെപ്പോലെ തന്നെ ഒരുപാട് സുഹൃത്തുക്കൾ എന്റെ കൂടെ ഉണ്ടായിരുന്നു. അങ്ങനെ ഞാൻ ഒരു കടയുടെ മുന്നിലെത്തി. അവിടെ നിന്ന് എന്നെ ആ കടയിലുണ്ടായിരുന്ന ഫ്രിഡ്ജിന് അകത്തേക്ക് കയറ്റി ഇരുത്തി. നല്ല തണുപ്പായിരുന്നു. പതിയെ പതിയെ എന്റെ ഉള്ളിലെ വെള്ളം തണുക്കാൻ തുടങ്ങി.. രണ്ടുദിവസമെങ്കിലും ഞാൻ അതിനകത്തിരുന്നു. അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ ആ കടയിൽ വന്നത്. അയാൾ കച്ചവടക്കാരനോട് ചോദിച്ചു: തണുത്ത വെള്ളം ഉണ്ടോ? അയാൾ ഫ്രിഡ്ജ് തുറന്നു എന്നെ എടുത്തു കയ്യിൽ കൊടുത്തു. ഫ്രിഡ്ജിന് അകത്തുനിന്ന് പുറത്തുവന്നപ്പോൾ എനിക്ക് ആശ്വാസമായി. ആ ചെറുപ്പക്കാരൻ കുറച്ചു വെള്ളം കുടിച്ചതിനുശേഷം ബാക്കി അയാളുടെ വാഹനത്തിൽ വച്ചു. അയാൾ എവിടെയോ പോകുന്ന വഴിയാണ്. അയാൾ നേരെ വാഹനത്തിൽ കയറി യാത്രയായി. ചെന്നെത്തിയത് കടലിലാണ്. അവിടെ നിന്ന് അയാൾ എന്നെയും എടുത്തുകൊണ്ട് കടലിലേക്ക് നടന്നു. ദാഹിക്കുമ്പോൾ വെള്ളം കുടിച്ചു. എന്റെ ഉള്ളിലുള്ള വെള്ളം മുഴുവൻ തീർന്നു. അയാൾ കടൽ വെള്ളം എടുത്തു കുപ്പിക്കകത്ത് നിറച്ചു. എന്നിട്ട് അത് വച്ച് മണ്ണ് നനച്ചു. അതിൽ ഓരോ രൂപം ഉണ്ടാക്കാൻ അയാൾ ശ്രമിച്ചു. പോകാറായപ്പോൾ എന്നെ എടുത്തു കടലിലെറിഞ്ഞു. ഞാനെങ്ങനെ കടലിൽ ഒഴുകി ഒഴുകി നടന്നു. കുറേ ദിവസങ്ങൾ കടന്നു പോയി, മാസങ്ങൾ കടന്നുപോയി. അവിടെ എന്നെ പോലെ ഉപേക്ഷിക്കപ്പെട്ട ഒരുപാടു പ്ലാസ്റ്റിക് കുപ്പികളും മറ്റ് സാധനങ്ങളും ഉണ്ടായിരുന്നു.ഞാൻ ഒഴുകി ഒഴുകി വേറൊരു കടലിൽ എത്തി. അവിടെയുള്ള തിരമാലകൾ എന്നെ കരയ്ക്കെത്തിച്ചു. അങ്ങനെ എന്റെ പകുതി മണ്ണിനടിയിൽ ആയി. അവിടെ കളിച്ചുകൊണ്ടിരുന്ന കുറച്ചു കുട്ടികൾ എന്നെ മണ്ണിനടിയിൽ നിന്ന് എടുത്ത് എറിഞ്ഞു കളിക്കാൻ തുടങ്ങി. ആ കുട്ടികളിൽ ഒരാൾ പോകുമ്പോൾ എന്നെയും കൂടെ കൂട്ടി. ആ കുട്ടി വാഹനത്തിൽ വച്ച് എന്നെ എറിഞ്ഞു കളിക്കാൻ ശ്രമിച്ചു. അവന്റെ അമ്മയ്ക്ക് ദേഷ്യം വന്നു. ആ സ്ത്രീ എന്നെ എടുത്തു പുറത്തു കളഞ്ഞു. ഞാൻ പിന്നെ അവിടെ കിടപ്പായി. വണ്ടികൾ എന്റെ ദേഹത്തുകൂടി കയറിയിറങ്ങി. ഒരു ദിവസം അതിരാവിലെ റോഡ് ശുചീകരിക്കാൻ വന്ന സ്ത്രീ എന്നെയും തൂത്തുവാരി കൊണ്ട് പോയി. എന്നിട്ട് ഒരിടത്ത് കൊണ്ട് കൂട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് എന്നെ തീയിട്ടു. ഞാൻ കത്തി തീർന്നു. എന്നിൽ നിന്ന് ധാരാളം വിഷവാതകങ്ങൾ ഉണ്ടായി. അതോടെ ഞാൻ അവസാനിച്ചു.... സുഹൃത്തുക്കളെ, പ്ലാസ്റ്റിക് വലിച്ചെറിയാതെ ഇരിക്കൂ... പ്രകൃതിയെ നശിപ്പിക്കാതേ ഇരിക്കൂ.. പ്ലാസ്റ്റിക് കത്തിക്കാതിരിക്കുക.. വായു മലിനമാകാതെ ഇരിക്കുക. വരുംതലമുറകൾക്ക് ഭൂമിയിൽ ജീവിക്കാൻ അനുവദിക്കൂ.. സുഹൃത്തുക്കളെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൂ. സസ്യങ്ങൾ നട്ടു പിടിപ്പിക്കു.. പ്രകൃതിയെ ഹരിതാഭമാക്കു..