Schoolwiki സംരംഭത്തിൽ നിന്ന്
ആ ദിനം......
ആ ദിനം......
ടി.വിയ്ക്കു മുന്നിൽ സ്വയം മറന്നിരിക്കുകയാണ് ജോ. അവൻ വേദനയാൽ മുറുകുന്ന ശരീരം മറന്ന് ഏതോ സംഗീത പൂങ്കാവനത്തിൽ മധു നുകർന്നാടുകയായിരുന്നു. ജോയുടെ ജീവനും ജീവിതവും പിയാനോ യായിരുന്നു.കാലങ്ങളായി അവൻ അതിൻ്റെ പിന്നാലെയാണ്. കൈയ്യെത്താറായപ്പോഴായിരുന്നു ആ വീഴ്ച്ച .തൻ്റെ സംഗീത ജീവിതത്തിലെ പ്രധാന ലക്ഷ്യമായിരുന്നു ആ മത്സരം. ലോകത്തിനു മുന്നിൽ സ്വയം അവതരിപ്പിക്കാമായിരുന്ന ദിനം.എന്നാൽ ആ യാത്രയിലാണ് കാലിടറിയിരിക്കുന്നത് .
ഇന്നായിരുന്നു ആ സുദിനം.എന്നാൽ താൻ ഇന്ന് ആശുപത്രി മുറിയിലിരുന്ന് ആ മത്സരത്തിന് വെറും ഒരു കാഴ്ച്ചക്കാരനായിരിക്കുന്നു.
അവൻ്റെ കണ്ണുകൾ നിറഞ്ഞു. ജീവിതത്തിൽ താൻ ആഗ്രഹിച്ച ഒരേയൊരു കാര്യം. ജീവിതം തന്നെ ഹോമിച്ചു ; അതിനായി .എന്നാൽ ഇപ്പോൾ അതിനൊത്ത് തൻ്റെ ജീവനും കൈവിട്ടു പോകുന്നു. ന്യുമോണിയ ബാധിച്ച് മരണം കാത്തിരിക്കുകയാണ്
ഇന്നവൻ. അസുഖം പടരുന്നുവെന്ന് അറിഞ്ഞിട്ടും തൻ്റെ ജീവിത ലക്ഷ്യത്തിനായി അവൻ ജീവൻ പണയം വച്ച് അലഞ്ഞു. ഇന്ന് ആ പണയം വീണ്ടെടുക്കാൻ കഴിയാത്ത വിധം പെരുകിയിരിക്കുന്നു . അൽപ്പം ക്ഷമ പാലിച്ചിരുന്നെങ്കിൽ............. അവസരങ്ങൾ ഒരു പക്ഷേ ഇനിയും വന്നേനേ....... അവൻ ചിന്തിച്ചു .
സ്വദു:ഖത്തിലും അവൻ സംഗീതം ആസ്വദിച്ചു . ദിനം തോറും അവൻ തളർന്നു കൊണ്ടേയിരുന്നു.
നല്ല മഴ. അവൻ തളർച്ചയുടെ ഭാരം പേറിയ ആ കണ്ണുകൾ മെല്ലെ തുറന്നു. ജനാല നോക്കി കിടന്നു .ലളിതമായ പിയാനോ സംഗീതം അവൻ ശ്രവിച്ചു.ആശുപത്രിയിൽ ആരാണ് പിയാനോ വായിക്കുന്നത്! അതും ഈ ദുരന്തകാലത്ത്! അവൻ്റെ കണ്ണുകൾ ചുറ്റും പരതി. പതിയെ അവൻ അതിൽ ലയിച്ചു. അവൻ മെല്ലെ നിദ്രയുടെ ഓളപ്പരപ്പിൽ തത്തിക്കളിച്ചു. മയക്കത്തിലേക്ക് കടന്നു. കരഘോഷങ്ങളിൽ , തന്നെ വാഴ്ത്തുന്ന ജനക്കൂട്ടത്തിനു മുന്നിൽ അഭിമാനത്തോടെ നിൽക്കുകയായിരുന്നു അവൻ. പിയാനോ സംഗീതത്തിലെ താള വ്യതിയാനം അവനെ ഉണർത്തി. അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൻ മെല്ലെ കണ്ണുകളടച്ചു.അപ്പോഴും പിയാനോയുടെ ശബ്ദം ഒഴുകികൊണ്ടേയിരുന്നു.പരിശോധനയ്ക്കെത്തിയ ഡോക്ടർ വിളിച്ചിട്ടും ആ കണ്ണുകൾ തുറന്നില്ല. പിയാനോ സംഗീതത്തിൻ്റെ അലകൾ ഡോക്ടർ ശ്രവിച്ചതുമില്ല. ജോയല്ലാതെ വേറെ ആരും ആ സംഗീതത്തിൻ്റെ മാധുര്യം നുകർന്നില്ല. ആ കണ്ണുകൾ തുറന്നതുമില്ല.
ലോകമെന്ന ഈ ഉദ്യാനത്തിൽ സഫലമാകാതെ പോയ ഒരു പിടി ആഗ്രഹങ്ങൾ ബാക്കിയാക്കി കൊഴിഞ്ഞു പോയ പൂക്കളിൽ ജോയും ഒതുങ്ങുന്നു .
|