ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/അക്ഷരവൃക്ഷം/മാറ്റങ്ങളുടെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
മാറ്റങ്ങളുടെ കാലം

 "അനന്തമജ്ഞാതമവർണ്ണനീയം
 ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം
 അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
 നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു"

ഈ ഈരടികൾ നമുക്ക് പരിചിതമാണ്. ഈ കാലത്തെക്കുറിച്ചുള്ള ഉചിതമായ വരികൾ. മനുഷ്യരാശി ഇന്നേവരെ കണ്ടിട്ടില്ലാത്തതും അനുഭവിച്ചിട്ടില്ലാത്തതുമായ മഹാമാരിയെ ലോകജനത നേരിടുന്നു. കോവിഡ് 19 എന്ന വൈറസ് ഒരു ലക്ഷത്തിൽപരം ജീവനുകൾ കാർന്നെടുത്തുകഴിഞ്ഞിരിക്കുന്നു.

1960 -ലാണ് കൊറോണ വൈറസ് കുടുംബത്തെ തിരിച്ചറിഞ്ഞത് . 2002 - ൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ( സാർസ് ) എന്ന പകർച്ചവ്യാധിക്ക് കാരണം ഒരു കൊറോണ വൈറസ് ആയിരുന്നു. ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ പകർച്ചവ്യാധി 800 ജീവനുകൾ എടുത്തു. കൃത്യം പത്തു വർഷത്തിനു ശേഷം 2012 ഉണ്ടായ "മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം"(മെർസ് )മറ്റൊരു കൊറോണ വൈറസ് ആയിരുന്നു. 2020 ലോകത്തിന്റെ ഉറക്കം കെടുത്തിയ കോവിഡ് 19 കൊറോണ കുടുംബത്തിലെ "സാർസ് കോവ് -19 " വൈറസ് ആണ്. 1980 കൊറോണകുടുംബത്തെപ്പറ്റി ആദ്യമായി പഠിച്ച ശാസ്ത്രജ്ഞ ഡോ.സൂസൻ വീസ് കോവിഡ് പ്രതിരോധത്തെകുറിച്ച് പറയുന്നു "വീട്ടിൽതന്നെ ഇരിക്കുക , സുരക്ഷിതമായി". "ദി ഇക്കണോമിസ്റ്റ്" റിപ്പോർട്ട് ചെയ്യുന്നു സാമൂഹിക അകലം പാലിക്കാതെ വന്നാൽ 25 മുതൽ 80% ലോകജനസംഖ്യയെ കൊറോണ ബാധിക്കുമെന്ന്.

മേല്പറഞ്ഞവയിൽ നിന്നും വ്യക്തമാണ്, കൃത്യമായ മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ലാത്ത , രോഗപ്രതിരോധകുത്തിവെപ്പുകളില്ലാത്ത, കോവിഡ് -19 നെ ചെറുക്കാൻ ഏറ്റവും മികച്ച മാർഗ്ഗം - ഏതെങ്കിലും വിധത്തിൽ സമ്പർക്കവിലക്കിൽകഴിയുക എന്നതാണ്.130കോടി ഭാരതീയർ ഇന്ന് രോഗ പ്രതിരോധത്തിന് ഭാഗമായി സമ്പർക്ക വിലക്കിലാണ്. നാളെയെക്കുറിച്ച് ഭയന്ന് അകലെയുള്ള ബന്ധുമിത്രാദിളെ ഓർത്ത് അനിശ്ചിതത്വത്തിന്റെ നടുക്കടലിൽ കഴിയുകയാണ് നമ്മൾ. പ്രത്യാശയുടെ ഈസ്റ്ററും നവവർഷാരംഭമായ വിഷുവും ഭയപ്പാടിൽ മുങ്ങിനാം ആഘോഷിച്ചു.

ദിനരാത്രികൾ മറന്ന് രോഗത്തെ നേരിടാൻആരോഗ്യ മേഖല പരിശ്രമിക്കുമ്പോൾ , രോഗപ്രതിരോധമരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞന്മാർ .ലക്ഷ്യം ഒന്നുതന്നെ മനുഷ്യജീവനുകൾ രക്ഷിക്കുക. വിവിധതരം ജാതി മത ചിന്ത വർഗ്ഗ വർണ്ണ നിറ ലിംഗ വിവേചനങ്ങൾ മൂലം അക്രമങ്ങൾ രൂക്ഷമായിരുന്ന ഘട്ടത്തിൽ നിന്ന് ഓരോ മനുഷ്യജീവനും അമൂല്യമാണ് എന്ന ചിന്താസ്ഥിതിയിലേക്ക് മാറികഴിഞ്ഞു. "ബഹുസ്വരതയിലെ ഏകതാ" എന്ന വിശേഷണമുള്ള ഇന്ത്യ ഒറ്റക്കെട്ടായി രോഗത്തെ പ്രതിരോധിക്കാൻ ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു.ഒരുതരത്തിലുള്ള വിവേചനങ്ങൾ ഇല്ലാതെ എത്രത്തോളം കോവിഡ്ബാധ കുറയ്ക്കാം, മരണസംഖ്യ കുറയ്ക്കാം എന്ന ചിന്തയിലാണ് എല്ലാവരും. ഓരോ വ്യക്തി ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ കോവിഡ് എന്ന കുഞ്ഞൻ വൈറസിനെ തുരത്താൻ ശ്രമിക്കുന്നു. കൃത്യമായ ജാഗ്രതയും സുരക്ഷാ നടപടികളും കൈക്കൊണ്ടു രോഗത്തെ ചെറുക്കാൻ പ്രയത്നിക്കുന്നു. അടിച്ചമർത്തലുകളുടേയും അസഹിഷ്ണുതയുടെയും വേർതിരിവുകളുടെയും ലോകത്ത് നിന്ന് മനുഷ്യത്വത്തിന്റെ ലോകത്തിലേക്ക് ഇന്ന്ചുവടുമാറ്റം നടന്നിരിക്കുന്നു .സ്വാർത്ഥതയിൽ നിന്നും നിസ്വാർത്ഥതയിലേക്കും, അസഹിഷ്ണുതയിൽ നിന്നും സഹിഷ്ണുതയിലേക്കും മനസുകൾ പറിച്ചുനടാൻ കോവിഡ് 19വൈറസുകൾ കഴിഞ്ഞിരിക്കുന്നു.

ആദ്യം സൂചിപ്പിച്ചതുപോലെ രോഗപ്രതിരോധത്തിന്റെ ഭാഗമായി എല്ലാവരും സമ്പർക്ക വിലക്കിലാണിപ്പോൾ. യാന്ത്രികതയിൽ നിന്നും മാനവികതയിലേക്ക് സഞ്ചരിക്കുന്ന . മനുഷ്യൻ രോഗപ്രതിരോധത്തിൽ ഏറ്റവും പ്രാധാന്യമുള്ളത് മാനസിക ആരോഗ്യം ആണ് . ഓരോ ഘട്ടത്തിലും പതറാതെ അതിജീവിക്കാൻ കെല്പുള്ള മനസ്സ് ഉണ്ടാകണം .രോഗത്തെ തുരത്താനും പ്രതിരോധ കാലം കഴിഞ്ഞ് വിവിധ മേഖലകളിൽ നിന്ന് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ നേരിടാൻ കഴിയുന്ന ദൃഢതയുള്ള മനസ്സ് അത്യന്താപേക്ഷിതമാണ് . ഡോ. എ .പി.ജെ അബ്ദുൽ കലാം പറഞ്ഞതു പോലെ നമുക്ക് ചിറകുകൾ ഉണ്ട് ,അത് പറക്കാൻ ഉള്ളതാണ് .ഏത് ആപത്ത്ഘട്ടത്തെയും അതിജീവിച്ച് മുന്നേറുവാൻ കഴിവുള്ള കരുത്തുറ്റ മനസ്സ് വേണം.

ഫയദോർ ദെസ്തയേവ്സ്കിയുടെ "കുറ്റവും ശിക്ഷയും" അവസാനിക്കുന്നത് ഇങ്ങനെയാണ്, "ഇവിടെ മറ്റൊരു ചരിത്രം ആരംഭിക്കുന്നു. ഒരു മനുഷ്യന്റെ ക്രമാനുഗതമായ നവീകരണത്തിന്റെ , പുനർജന്മത്തിന്റെ ചരിത്രം . ഒരു ലോകത്ത് നിന്നും മറ്റൊരു ലോകത്തിലേക്ക് അയാൾ സാവധാനം നടന്നു നീങ്ങിയതിന്റെ ചരിത്രം . ഇതുവരെ അയാൾക്ക് അജ്ഞാതമായിരുന്ന നവ്യമായ ഒരു യാഥാർത്ഥ്യം വെളിവായതിന്റെ ചരിത്രം".

അതെ നമുക്ക് മറ്റൊരു ചരിത്രം ആരംഭിക്കാം. അനുരഞ്ജനത്തിന്റെ ,തിരുത്തലിന്റെ ,ഒരുമയുടെ , നവചിന്തയുടെ ,വിട്ടുവീഴ്ചയുടെ ,സ്നേഹത്തിന്റെ ,സമാധാനത്തിന്റെ ,ക്ഷമയുടെ , ജിജ്ഞാസയുടെ, ദയയുടെ , കാരുണ്യത്തിന്റെ ,സന്തോഷത്തിന്റെ ,സമചിത്തതയുടെ, സമത്വത്തിന്റെ, പുതിയ ചരിത്രം വീട്ടിലിരിപ്പിന്റെ കാലത്തു തുടങ്ങാം.

ഹന്ന വി ആർ
പ്ലസ്‌വൺ കോമേഴ്സ് ഗവ. മോ‍ഡൽ. ബോയ്സ് എച്ച്. എസ്.എസ്. കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം