എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/കൊറോണയെ തോൽപ്പിച്ച പെൺകുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തോൽപ്പിച്ച പെൺകുട്ടി


അക്കരെക്കാട് എന്ന കൊച്ചുഗ്രാമത്തിലാണ് ജെംന എന്ന പെൺകുട്ടി താമസിച്ചിരുന്നത്. പച്ച വിരിച്ച പാടങ്ങളും തോടുകളും പുഴകളും ഉള്ള ഭംഗിയുള്ള ഗ്രാമം. അവൾ പക്ഷികളോടും ചിത്രശലഭങ്ങളോടും കിന്നാരം പറഞ്ഞും പാട വരമ്പിലൂടെയാണ് സ്കൂളിൽ പോകുന്നത്. പതിവുപോലെ അവൾ അന്നും സ്കൂളിൽ പോയി. മൈക്കിലൂടെ ഹെഡ്മാസ്റ്റർ വിളിച്ചു പറഞ്ഞു. "നാളെ മുതൽ സ്കൂൾ അവധിയാണ്. കൊറോണ എന്ന രോഗം നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു. നിങ്ങളെല്ലാവരും ജാഗ്രതയോടെ വീട്ടിൽ തന്നെയിരിക്കണം". ജെംനയ്ക്കു ഒന്നും മനസിലായില്ല. എന്നാൽ വളരെ സന്തോഷം തോന്നി. നാളെ മുതൽ സ്കൂളിൽ വരണ്ടല്ലോ.......... അങ്ങനെ വീട്ടിലെത്തി. അമ്മേ ... നാളെ മുതൽ സ്കൂളവധിയാണ്. കൊറോണ എന്ന രോഗം നമ്മുടെ നാട്ടിലും വന്നിരിക്കുന്നു. അവൾ കൊറോണ എന്ന രോഗത്തെക്കുറിച്ച് അമ്മയോട് ചോദിച്ചു. അമ്മ നന്നായി വിവരിച്ചു പറഞ്ഞു കൊടുത്തു. ദേ ..."മോളെ എന്ന് ഉച്ചയ്ക്ക് ഇറ്റലിയിൽ നിന്ന് ചിറ്റപ്പൻ വന്നിരുന്നു.നിനക്ക് മിഠായിയും മറ്റും കൊണ്ട് വന്നിട്ടുണ്ട്".'അമ്മ വിളിച്ചു പറഞ്ഞു. പിറ്റേ ദിവസം രാവിലെ അവൾ ഉറക്കമുണർന്നു. വീട്ടിൽ ഒരു ശബ്‌ദവുമില്ല. അമ്മയെയും കാണുന്നില്ല. വീടിന് മുന്നിലായി അച്ഛനും അമ്മയും നിൽക്കുന്നു. രണ്ടുപേരുടെയും മുഖത്ത് വല്ലാത്ത ഭയം. ഇടയ്ക്ക് അവരുടെ പതിഞ്ഞ ശബ്‌ദത്തിൽ നിന്ന് ചിറ്റപ്പനും കുടുംബത്തിനും കൊറോണ എന്ന രോഗം പിടിപ്പെട്ടതായി മനസിലായി. പെട്ടെന്ന് വീടിനു മുന്നിലായി ഒരു ആംബുലൻസ് വന്ന് നിന്നു. മുഖം മൂടി കെട്ടി,കൈയുറകളിട്ട ആളുകൾ വന്ന് എല്ലാവരോടും വണ്ടിയിൽ കയറാൻ പറഞ്ഞു. ജെംനയ്ക്കു ഒന്നും മനസിലായില്ല.അവൾ ഭയന്ന് വിറച്ച് കരയാൻ തുടങ്ങി. വണ്ടി ആശുപത്രിയിലെത്തി. ജെംന ആദ്യമായാണ് ഒരു മുറിയിൽ ഒറ്റയ്ക്ക് കിടക്കുന്നത്. ദേഹമെല്ലാം മൂടിക്കെട്ടിയ ഒരാൾ ഒരു ഭക്ഷണപ്പൊതിയും കുടിവെള്ളവും കൊണ്ടുവന്നു. സമയം രാത്രിയായി. അവൾക്ക് ഉറക്കം വന്നില്ല. അവളുടെ അമ്മയ്ക്കും അച്ഛനും രോഗം കണ്ടെത്തിയതായി ഡോക്ടർ പറഞ്ഞു. ശരീരമാകെ വല്ലാത്ത വേദന. അവൾ അല്പമൊന്നു മയങ്ങി. ഉറക്കത്തിൽ അവൾ ഒരു സ്വപ്നം കണ്ടു. ചിത്രത്തിൽ കണ്ട അതെ വൈറസ് തന്റെ പിന്നാലെ വരുന്നു. ജെംന ഓടാൻ തുടങ്ങി. വൈറസ് പിന്നാലെയും. അവൾ തന്റെ ശക്തി ഉപയോഗിച്ച് ആഞ്ഞ് ഓടാൻ തുടങ്ങി. വൈറസ് വിളിച്ചു പറഞ്ഞു. "നിന്റെ അമ്മയെയും അച്ഛനെയും ഞാൻ കീഴടക്കി. നിന്നെയും ഞാൻ കീഴടക്കും". അവൾ ഉറക്കെ വിളിച്ചു പറഞ്ഞു.നിനക്ക് എന്നെ തോൽപ്പിക്കാനാവില്ല. ഞാൻ കൈകൾ സോപ്പിട്ടു കഴുകുകയും മുഖത്ത് മാസ്ക് ധരിക്കുകയും ചെയ്യും. നിന്നെ ഞാൻ മരുന്ന് കൊണ്ട് നിർവീര്യമാക്കും. പെട്ടെന്ന് അവൾ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. പിറ്റേ ദിവസം അവൾക്ക് ഒന്നും ചെയ്യാൻ വയ്യ. അവളുടെ മനസ്സിൽ കൊറോണ വൈറസിനെ തോൽപ്പിക്കണം എന്ന ചിന്ത മാത്രം. അവൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒറ്റമുറിയിൽ കിടന്ന് മരുന്ന് കഴിച്ചും ശരീരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്തു. അവൾ ഒരു തീരുമാനമെടുത്തു. "കൊറോണയെ ഞാൻ തോൽപ്പിക്കും". അങ്ങനെ 28 ദിവസങ്ങൾ കഴിഞ്ഞു. അവളുടെ മനസിലെ ധൈര്യം കൊറോണ വൈറസിനെ തോൽപ്പിച്ചു. അവൾക്കു രോഗം സുഖമായി. അവൾ ഉറക്കെ വിളിച്ചു പറഞ്ഞു. 'ഞാൻ കൊറോണയെ തോൽപ്പിച്ചേ ....................................................................'

സിബ്യ വി എസ്
3 A എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ