മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2019-20

Schoolwiki സംരംഭത്തിൽ നിന്ന്

പ്രമാണം:22071 വൃദ്ധസദനത്തിൽ.jpg

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം

പ്രവേശനോത്സവം

പ്രവേശനോത്സവം റിപ്പോർട്ട് 2019-20. മാത എച്ച്.എസ്.മണ്ണംപേട്ട

2019_20 അധ്യയന വർഷത്തെ പ്രവേശനോത്സവം ഏറ്റവും ഗംഭീരമായിത്തന്നെ മണ്ണംപേട്ട മാത ഹൈസ്ക്കൂളിൽ ആഘോഷിച്ചു. ഒരുക്കങ്ങളുടെ പൂർണ്ണതയ്ക്കു വേണ്ടി പ്രവേശനോത്സവ സംഘാടക സമിതിക്ക് രൂപം കൊടുത്തു.കൺവീനറായി മേഴ്സി സി.ഡി.എന്ന അധ്യാപികയെ തെരഞ്ഞെടുത്തു. ഒരുക്കങ്ങൾക്കു വേണ്ടി അവധിയായിട്ടും അഞ്ചാം തീയതി എല്ലാ അധ്യാപകരും എത്തിച്ചേർന്നു.' സ്ക്കൂളും പരിസരവും വൃത്തിയാക്കി. കുട്ടികളുടെ സുരക്ഷയ്ക്കു വേണ്ട ക്രമീകരണങ്ങൾ നടത്തി.അലങ്കാരങ്ങളും തോരണങ്ങളും കൊണ്ട് സ്ക്കൂൾ അങ്കണവും വരാന്തകളും ഹാളും മോടിയാക്കി.പുതിയ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് സ്ക്കൂളും പരിസരവും സജ്ജമാക്കി.മഴക്കൊയ്ത്തിനു വേണ്ടി കിണറും പരിസരവും ശുചിയാക്കി. അടുത്ത ദിവസം മുതൽ ഉച്ചഭക്ഷണം തയ്യാറാക്കേണ്ടതിലേക്കായി അടുക്കളയും സ്റ്റോർ മുറിയും വൃത്തിയാക്കി പച്ചക്കറി തുടങ്ങിയവ ശേഖരിച്ചു.ജൂൺ 6ന് കൃത്യം പത്തു മണിക്കു തന്നെ പ്രവേശനോത്സവ ഉദ്ഘാടന യോഗം ചേർന്നു. വർണ്ണശബളമാർന്ന വിദ്യാർത്ഥികളെക്കൊണ്ടും രക്ഷിതാക്കളെക്കൊണ്ടും സ്ക്കൂൾ അങ്കണം നിറഞ്ഞിരുന്നു. സർക്കാർ തയ്യാറാക്കിയ പ്രവേശനോത്സവഗാനത്താൽ സ്ക്കൂൾ അന്തരീക്ഷം മുഖരിതമായി. പ്രാർത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് ആനീസ് പി.സി.സ്വാഗതം ആശംസിച്ചു.ഈ അധ്യയന വർഷം സ്കൂളിൽ നടത്താനിരിക്കുന്ന പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ സ്വാഗത പ്രസംഗത്തിൽ ഹെഡ്മിസ്ട്രസ്സ് വിശദീകരിക്കുകയുണ്ടായി.യോഗാധ്യക്ഷ വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.സ്ക്കൂൾ മാനേജർ ഫാ.ജോസ് എടക്കളത്തൂർ ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു .തുടർന്ന് ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ നിന്നും നറുക്കിട്ടെടുത്ത് ഒരു കുട്ടിയെ കൊണ്ട് ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങ് ബഹുമാനപ്പെട്ട മാനേജർ നിർവ്വഹിച്ചു.സ്ക്കൂൾ പി.ടി.എ പ്രസിഡൻറ് ശ്രീ ജോബി വഞ്ചിപ്പുര, എം.പി ടി.എ.പ്രസിഡൻറ് ശ്രീമതി. ശ്രീവിദ്യ ജയൻ എന്നിവർ ആശംസകളർപ്പിച്ചു.ഈ സ്ക്കൂളിലേക്ക് പുതിയതായി പ്രവേശനം എടുത്ത എല്ലാ വിദ്യാർത്ഥികൾക്കും യോഗമദ്ധ്യേ പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് സമ്മാനമായി നല്കി. പരിപാടികൾക്കിടയിൽ കുട്ടികൾ അവതരിപ്പിച്ച കലാപ്രകടനങ്ങൾ പ്രവേശനോത്സവം കൂടുതൽ മിഴിവുള്ളതാക്കാൻ സഹായകമായി.കൺവീനർ മേഴ്സി ടീച്ചർ ഏവർക്കും നന്ദി പറഞ്ഞു കൊണ്ട് ഏകദേശം പതിനൊന്നരയോടെ യോഗത്തിന് സമാപനം കുറിച്ചു.കുട്ടികളെല്ലാം വൈകാതെത്തന്നെ അവരവരുടെ ക്ലാസ്സുകളിലേക്ക് പിരിഞ്ഞു പോയി.പന്ത്രണ്ടരയോടെ സ്ക്കൂളിൽ വന്നു ചേർന്നിട്ടുള്ള എല്ലാ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം നല്കി.

ജൂൺ 5 പരിസ്‌ഥിതി ദിനം

പരിസ്ഥിതി ദിനാചരണം

പരിസ്‌ഥിതി ദിനാചാരണത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചു അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനും ഈ ദിവസം പ്രയോജന പെടുത്തുന്നതിനെപറ്റിയും പ്രധാന അധ്യാപിക ശ്രീമതി ആനീസ് ടീച്ചർ കുട്ടികളെ ഓർമപ്പെടുത്തി. 2019 ലെ പരിസ്‌ഥിതി ദിനാചരണത്തിന്റെ ആപ്ത വാക്യം ആയ " വായു മലിനീകരണം തടയുക" എന്നത് കുട്ടികളെ അറിയിക്കുകയും പരിസ്‌ഥിതി സംരക്ഷണത്തിൽ കുട്ടികൾക്കുള്ള പങ്ക് വിശദമാക്കുകയും ചെയ്തു .

ജൂലൈ 21അന്താരാഷ്ട്ര യോഗ ദിനം

International Yoga day

യോഗ കേവലം ഒരു വ്യായാമം മാത്രമല്ല ശരീരത്തിനും മനസ്സിനും ഒരു പോലെ ഉന്മേഷം നൽകുന്നതും വിദ്യാർത്ഥികളിൽ പ്രകടമായ മാറ്റം ഉളവാക്കുന്നതുമാണ്‌. ആന്നേ ദിവസം എബിൻ മാഷിന്റെ നേതൃത്വത്തിൽ യോഗ സംഘടിപ്പിക്കുകയും കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു. തുടർന്ന് പ്രധാന അധ്യാപിക ആനിസ് ടീച്ചർ മാറി വരുന്ന ജീവിതരീതികളെ കുറിച്ചും തുടർന്ന് വരുന്ന രോഗങ്ങളെ തടയുന്നതിന് യോഗ പ്രയോചനകരമായിരിക്കുകയും ചെയ്യും എന്ന് ഓർമപെടുത്തി.

സ്കൂൾ പ്രതിഷ്ഠ

സ്കൂൾ പ്രതിഷ്ഠ

തിരുഹൃദയപ്രതിഷ്ഠാ ദിനത്തിൽ സ്കൂൾ മാനേജർ റവ.ഫാ.ജോസ് ഇടക്കളത്തൂർ സ്കൂൾ പ്രതിഷ്ഠ നടത്തി. സ്കൂളിലെ ഓരോ വിദ്യാർഥിയെയും തിരുഹൃദയത്തോട് ചേർത്തു വെച്ചുകൊണ്ടു പ്രതിഷ്ഠ ചൊല്ലിക്കൊടുത്തു. അധ്യാപകരും കുട്ടികളും സജീവമായി പങ്കെടുത്തു.

കൊതുകു നിവാരണ ക്ലാസ്.

കൊതുകു നിവാരണത്തെ


മൂളിപാട്ടും പാടി മനുഷ്യരുടെ ഉറക്കം കളയാൻ എത്തുന്ന കൊതുകിനെ സൂക്ഷിക്കുക, ഡെങ്കിപ്പനി, മലേറിയ മുതൽ ഒട്ടേറെ രോഗങ്ങൾ പാട്ടിൽ ഒളിപ്പിച്ചാണ് ആശാന്റെ വരവ്. കോതുകിനെ തുരത്തുന്നതിനും കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്നതിനുമായി ഹെല്ത് ഇൻസ്പെക്ടറും പൂർവ വിദ്യാർത്ഥിയുമായ ശ്രീമതി സിജി ക്ലാസ് എടുത്തു. കേരളത്തിൽ ഉള്ള നാലിനം കൊതുകിനെ പറ്റിയും, അവ പരത്തുന്ന രോഗങ്ങളെ പറ്റി വിശദീകരിച്ചു. കൊതുകു വളരാൻ ഉള്ള സാഹചര്യങ്ങൾ വീടുകളിലും സ്കൂൾ പരിസരത്തും കണ്ടെത്തിയാൽ ഉടൻ തന്നെ നശീകരണ പ്രവർത്തനങ്ങളിൽ ഏർപെടണമെന്നും നിർദ്ദേശിച്ചു.

ജൂൺ 26 ലഹരി വിരുദ്ധ ദിനാചരണം

ലഹരി വിരുദ്ധ ജാഥ

മാതഹൈസ്ക്കൂൾ മണ്ണംപേട്ടയിൽ ലഹരി വിരുദ്ധ ദിനം വിപുലമായി ആഘോഷിച്ചു.രാവിലെ അസംബ്ലിയിൽ കൺവീനർ ശ്രീമതി. ജെയ്സി ടീച്ചർ ദിനാചരണത്തിന്റ പ്രസക്തിയെക്കുറിച്ചും ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ചും ജീവിതത്തിൽ നന്മ ലഹരി യാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. അസിസ്റ്റൻന്റ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി മോളി കെ.ഒ. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുട്ടികൾ ഏറ്റ് ചൊല്ലി കൊണ്ട് പ്രതിജ്ഞ പുതുക്കി. ഉച്ചയ്ക്കുശേഷം കുട്ടികൾ തയ്യാറാക്കിയ ഫ്ലക്സുകളും പോസ്റ്ററുകളുമായി ലഹരി വിരുദ്ധ സന്ദേശങ്ങളെ മുദ്രാവാക്യങ്ങളാക്കിക്കൊണ്ട് റാലി നടത്തി.മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുണ്ടാക്കുന്ന മാരകരോഗങ്ങളെക്കുറിച്ചും ജീവിതം ലഹരി യാക്കേണ്ടതിന്റ ആവശ്യകതയെക്കുറിച്ചു മുള്ള സന്ദേശങ്ങൾ സ്ക്കൂൾ അങ്കണത്തിൽ നിന്നും പൊതു സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു റാലി.മൂന്നു മണിയോടെ ആരംഭിച്ച റാലി ഏകദേശം നാല് മണിക്ക് അവസാനിച്ചു.

വേൾഡ് ബാങ്ക് കൺസൾടണ്ട്‌സ് സ്കൂളിലെ ഹൈ ടെക് പഠനം നിരീക്ഷിക്കാൻ എത്തി.

വേൾഡ് ബാങ്ക്

വിദ്യാലയങ്ങളിലെ അക്കാഡമിക് രംഗം മെച്ചപ്പെടുത്താൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന സവിശേഷ പദ്ധതിയാണ് ഹൈ ടെക് ലാബ് പദ്ധതി.കേരളത്തിലെ സ്കൂളുകളിൽ ഹൈ ടെക് ക്ലാസ്റൂമുകൾ ആക്കുന്നതിൽ കേരളം മുൻ നിരയിൽ എത്തിക്കഴിഞ്ഞു.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഹൈ ടെക് വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വേൾഡ് ബാങ്ക് കൺസൾടണ്ട്‌സ് നമ്മുടെ സ്കൂളിലെ ഹൈ ടെക് പഠനം നിരീക്ഷിക്കാൻ എത്തി.തിരുവനന്തപുരത്തെ വേൾഡ് ബാങ്ക് കൺസൾടണ്ട്‌സ് ആയ മുരളി സർ ,സഹദേവൻ സർ,തൃശൂർ ജില്ലാ കൈറ്റ് ഓഫീസിലെ രാജീവ് സർ,പ്രേം കുമാർ സർ എന്നിവരാണ് നിരീക്ഷകരായി എത്തിയത് .കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ മാത്രമായിരുന്നു സന്ദർശനം.

മാതാ ന്യൂസ്

മണ്ണപ്പേട്ട മാതാ ഹൈസ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്നൊരുക്കുന്ന മാതാ ന്യൂസ്. സ്ക്കൂൾ പ്രവർത്തന ഡോക്യുമെന്റേഷൻ - വാർത്താവതരണം - ഇനി ഹൈടെക് സ്ക്കൂൾ വിദ്യാർത്ഥികൾക്ക് സ്വന്തം. സ്ക്കൂളിലെ വാർത്തകളും വിശേഷങ്ങളും ഡോക്യുമെന്റ് ചെയ്യുന്നതിന് പുതിയൊരു രീതി കണ്ടെത്തുകയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. കമ്പ്യൂട്ടർ പഠനത്തിൽ തല്പരരായ ഒരു കൂട്ടം വിദ്യാർത്ഥികളുടെ പരീക്ഷണ കളരിയായി മാറുന്നു ഐ.ടി ലാബും ക്ലാസ്സ് മുറികളും. ഹൈടെക് വിദ്യാഭ്യാസത്തിലൂടെ മറ്റൊരു ചുവടുവയ്പിന് സാക്ഷിയാകുന്നു മാതാ ഹൈസ്ക്കൂൾ പൊതു വിദ്യഭ്യാസ യഞ്ജത്തിന്റെ ഭാഗമായി സ്ക്കൂളുകളിൽ നടപ്പിലാക്കി വരുന്ന ഹൈടെക് പ്രോജക്ട് ഏറ്റവും ഫലപ്രദമായി മണ്ണംപേട്ട മാതഹൈസ്ക്കൂളിലും നടപ്പിലാക്കി വരുന്നു. ഒപ്പം തന്നെ പുതിയ സോഫ്റ്റ് വെയറുകളിലൂടെ സോഷ്യൽ മീഡിയ രംഗത്ത് പൊതുവിദ്യാലയങ്ങളിൽ ആദ്യമായി യുട്യൂബ് ചാനൽ വഴിയുള്ള ക്ലാസ്സ്റൂം പ്രവർത്തനങ്ങളുടേയും മികവുകളുടേയും അവതരണം. സ്ക്കൂൾ കാലഘട്ടത്തിൽ തന്നെ മാധ്യമങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു? സ്റ്റുഡിയോ എങ്ങനെ സെറ്റ് ചെയ്യുന്നു?എഡിറ്റിങ്, ഡബ്ബിങ് തുടങ്ങി സമസ്ത സാധ്യതകളും കുട്ടികൾ പരിചയപ്പെടുകയും പരിശീലിക്കുകയും ചെയ്യുന്നു. വാർത്തകൾ തയ്യാറാക്കൽ, ഷൂട്ടിങ്, റെക്കോർഡിങ്ങ് ,സ്റ്റുഡിയോ ഒരുക്കൽ, എഡിറ്റിങ്, തുടങ്ങി എല്ലാ കാര്യങ്ങളും കുട്ടികൾ തന്നെ കൈകാര്യം ചെയ്യുന്നു എന്നത് പ്രശംസനീയമാണ്. പാഠഭാഗത്തിലെ ടെക്സ്റ്റിനപ്പുറമുള്ള വിഷയത്തിൻറെ ദാർശനികവും ശാസ്ത്രീയവുമായ വശങ്ങളും മത്സര പരീക്ഷാ വിഭവങ്ങളും ചേർത്തുകൊണ്ട് അക്കാദമിക ആസൂത്രണവും വിനിമയവും സാധ്യമാക്കുന്ന രീതിയിൽ സമഗ്ര പോർട്ടലിൽ കൂടുതൽ വിവരശേഖരണങ്ങൾ ഉൾപ്പെടുത്തുകയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണ്. ഇത്തരത്തിൽ ഒരു ഡിജിറ്റൽ വിസ്മയം ഒരുക്കുകയാണ് ടീം മാത.

പൂർവ വിദ്യാർത്ഥികളുടെ ആദരം

ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിനുള്ള പുരസ്കാരം കരസ്ഥമാക്കിയ മാതാ സ്കൂളിനെ 1991 ബാച്ച് പൂർവ വിദ്യാർത്ഥികൾ ആദരിച്ചു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന ഹൈ ടെക് പദ്ധതിയിൽ ജില്ലയിൽ നിന്നും 171 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളാണ് പങ്കെടുത്തത്. ഈ മികവിനായി പ്രയത്നിച്ച എല്ലാ വിദ്യാർഥികളെയും അധ്യാപകരെയും സമ്മാനങ്ങൾ നൽകി ആദരിച്ചു. ഇങ്ങനെയുള്ള നല്ലമനസ്സുകൾ ഞങ്ങളുടെ ഊർജ്ജവും പ്രചോദനവും ആണെന്ന് ലിറ്റിൽ കൈറ്റ്‌സ് ടീം അംഗങ്ങളെ പ്രതിനിധീകരിച്ചു വിദ്യാർഥികൾ സംസാരിച്ചു.തുടർന്ന് നൽകിയ അംഗീകാരത്തിനും പ്രോത്സാഹനത്തിനും ഹെഡ്മിസ്ട്രസ് ശ്രീമതി പി സി ആനിസ് ടീച്ചർ നന്ദി രേഖപ്പെടുത്തി.

ലിറ്റിൽ കൈറ്റ്സ് പ്രവേശനം

മണ്ണംപേട്ട മാതാ ഹൈസ്കൂളിൽ 2019 ജൂൺ 28ന് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി. അമ്പത്തിയെട്ട് കുട്ടികൾ പങ്കെടുത്തു അതിൽ നിന്ന് 27 കുട്ടികളെയാണ് തിരഞ്ഞെടുത്തത് പരീക്ഷയിൽ ശ്രീപാർവ്വതി, അൽജോ എന്നീ വിദ്യാർഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഓൺലൈനിൽ നടത്തിയ പരീക്ഷയിൽ കൈറ്റ് മിസ്ട്രസ് പ്രിൻസി എ. ജെ നേതൃത്വം നൽകി.

ജനസംഖ്യ ദിനം

മണ്ണംപേട്ട : മാതാ ഹൈസ്ക്കൂളിൽ ജൂലൈ 11 ന് ജനസംഖ്യ ദിനം ആചരിച്ചു. ലോക ജനസംഖ്യ വർധനത്തെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സ് ' ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പ്പെക്റ്റർ ശ്രീമതി സിജി അവർഗൾ നയിച്ചു. ലോക ജനസംഖ്യ വർധനത്തിലൂടെ ഉണ്ടാകുന്ന പ്രശ്നങ്ങളും, ജനസംഖ്യ വർധനത്തിലൂടെ വസ്തുക്കളുടെ ഉല്പാദനം വർധിക്കുകയും വേണമെന്ന് വിദ്യാർത്ഥികൾക്ക് ക്ലാസ്സിൽ നിർദ്ദേശിച്ചു.

ആഗസ്റ്റ് 6 ഹിരോഷിമ ദിനം

ലോക ചരിത്രത്തിലെ കറുത്ത ദിനങ്ങളെ ഓർമപ്പെടുത്തി വീണ്ടും ഒരു ഹിരോഷിമ, നഗസാക്കി ദിനം. 1945 ആഗസ്റ്റ് 6 ന് ആണ് ജപ്പാൻ നഗരമായ ഹിരോഷിമയിൽ ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. ഒന്നര ലക്ഷത്തോളം പേർ നിമിഷ നേരം കൊണ്ട് ഇല്ലാതായി. അന്ന് മരിക്കാതെ രക്ഷപെട്ടവർ കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെട്ട് നരകിച്ചു മരിച്ചു കൊണ്ടിരിക്കുന്നു. ഈ കറുത്ത ദിനത്തെ ഓർമപ്പെടുത്തുകയും ഇനി ഒരു യുദ്ധം വേണ്ട എന്ന ആശയം മുൻനിർത്തി യു പി, ഹൈ സ്കൂൾ വിഭാഗത്തിൽ പോസ്റ്റർ നിർമാണ മത്സരവും സുഡാക്കോ നിർമാണ മത്സരവും സങ്കടിപ്പിച്ചു. പോസ്റ്റർ നിർമാണ മത്സരത്തിൽ സ്വാലിഹ് 8 ആം ക്ലാസ് ബിൽവ 8 ആം ക്ലാസ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സുഡാക്കോ നിർമാണ മത്സരത്തിൽ മാധവ് കെ വിനോദ് 9 ആം ക്ലാസ് ഒന്നാം സ്ഥാനവും സ്വാലിഹ് 8 ആം ക്ലാസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

എ.പി.ജെ.അബ്ദുൽ കലാം അനുസ്മരണം

ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ഐ.എസ്.ആർ.ഒ. ചെയർമാനുമായിരുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ നാലാം ചരമദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ വിവിധ പരിപാടികൾ അരങ്ങേറി. എൽ.പി. കുട്ടികളെ അണിനിരത്തി കൊണ്ട് പ്രച്ഛന്ന വേഷമത്സരവും, യു.പി. വിഭാഗത്തിൽ, പ്രസംഘമത്സരവും, ഹൈസ്ക്കൂൾ വിഭാഗത്തിൽ, നിമിഷ പ്രസംഘവും,നടത്തുകയുണ്ടായി. പരിപാടികൾ ഉദ്ഘാടനം ചെയ്ത് ശ്രീമതി ആനീസ് ടീച്ചറും, മത്സരത്തെ വിലയിരുത്തി സ്ക്കൂളിലെ അദ്ധ്യാപകരായ പ്രസാദ് മാഷും, ബിന്ദു ടീച്ചറും പരിപാടിയെ അഭീമുഖീകരിച്ച്സംസാരിച്ചു.

ഉപന്യാസ മത്സരം.

2019 ജൂലൈ 23 തിയതി സ്ക്കൂളിൽ സത്യസായി ഓർഗനൈസേഷൻ സേവാ സമിതി, മാതയിലെ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന മത്സരം സംഘടിപ്പിച്ചു. തൃശ്ശൂരിനെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഉപന്യാസരചന മത്സരത്തിന്റെ ഭാഗമായാണ് മാതാ ഹൈസ്കൂളിൽ മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ ഒട്ടനേകം വിദ്യാർഥികൾ പങ്കെടുത്തു സ്നേഹം നി സ്വാർത്ഥതയാണ് സ്വാർത്ഥതസ്നേഹമില്ലായ്മയാണ് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്.

ആരോഗ്യ ജഗ്രത ക്യാമ്പയിൻ

ആരോഗ്യ ജഗ്രത കലൻഡർ പ്രകാരം ജൂലായ്‌ 22 ,23 , 24 തീയതികളിൽ സ്കൂൾ വിദ്യാർത്ഥികളുമായി ചേർന്നു കർമ്മപരിപാടി നടത്തി .22.7.19 തിങ്കളാഴ്ച്ച സ്കൂളുകളിൽ പരിപാടി വിശദീകരിച്ചു കാർഡുകൾ നൽകുകയും , 23.7.19 ചൊവ്വഴ്ച്ച വീീടുകൾ സന്ദർശ്ശിച്ചു 24.7.19 ബുധനഴ്ച പരിശൊധന നടത്തി ഏറ്റവും നല്ല പ്രവർത്തനം കാഴ്ച വെച്ച കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നൽകുി. ആരോഗ്യ ജാഗ്രത സ്കൂൾ വിദ്യാർത്ഥികളിലൂടെ എന്നു പേരിട്ടിരിക്കുന്ന ഈ ക്യാമ്പയിനിൽ 24.7.2019ന് മാതാ ഹൈസ്‌കൂൾ മണ്ണംപേട്ടയിൽ നടന്ന ചടങ്ങിൽ സ്‌കൂൾ തല വിജയികൾക്കു ഗ്രാമപഞ്ചായത്ത് വികസന കാര്യസമിതി ചെയർപേഴ്സൻ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ സമ്മാനിച്ചു.

കുട്ടിശാസ്ത്രജ്ഞരെ തേടി ചാന്ദ്രദിനം ക്വിസ്

മനുഷ്യന്റെ അതിസാഹസിക ചാന്ദ്രയാത്രയുടെ ഓർമദിനമായ ചാന്ദ്രദിനത്തിൽ മാതാ സ്കൂളിൽ ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.അധ്യാപക പരിശീലകരുടെ നേതൃത്വത്തിൽ നടത്തിയ ചാന്ദ്രദിന ആഘോഷങ്ങൾ പ്രധാന അധ്യാപിക ശ്രീമതി ആനീസ് പി സി ഉദ്‌ഘാടനകർമം നിർവഹിച്ചു.എട്ട്,ഒൻപത്,പത്ത് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.നാല് ഘട്ടങ്ങളിലായി നടത്തിയ ക്വിസ് മത്സരത്തിൽ പതിനെട്ട് ടീമുകൾ മത്സരിച്ചു.മത്സരത്തിന്റെ അവസാനഘട്ടത്തിൽ അഞ്ച് ടീമുകൾ മത്സരിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.എട്ടാം ക്ലാസിലെ ആഷ്‌ലിൻ സി അലക്സ്,ആൻമേരി ജോസ് എന്നിവർ ഒന്നാം സ്ഥാനവും ജോമിൻ,ഗൗരി ശിവ ശങ്കർ ,എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

അധ്യാപക രക്ഷാകർതൃ സംഗമവും അനുമോദനയോഗവും

2019- 20 അധ്യായന വർഷത്തിലെ ആദ്യ അധ്യാപക രക്ഷാകർതൃ സംഗമവും അനുമോദന യോഗവും 2019 ജൂലൈ 15 ന് തിങ്കളാഴ്ച സംഘടിപ്പിച്ചു . പി.ടി.എ. പ്രസിഡന്റ് ശ്രീ.ജോബി വഞ്ചിപ്പുരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ഹെഡ്മിസ്ട്രസ് ആനീസ് പി.സി സ്വാഗതം ആശംസിക്കുകയും സ്കൂൾ മാനേജർ റവ.ഫാ.ജോസ് എടക്കളത്തൂർ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും ചെയ്തു. 2019 -20 അധ്യയന വർഷത്തിലെ പി.ടി.എ. അംഗങ്ങളെ തിരഞ്ഞടുക്കുക എന്നതായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട .തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പി.ടി.എ പ്രസിഡന്റായി ശ്രീ.ജോബി വഞ്ചിപ്പുരയെയും മദർ പി. ടി.എ. പ്രസിഡന്റായി ശ്രീമതി. ശ്രീവിദ്യജയയെയും വൈസ് പ്രസിഡന്റായി ശ്രീ.അലക്സ് ചുക്കിരിയെയും തിരഞ്ഞെടുത്തു .2019 മാർച്ച് പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്വർണ്ണ പതകം നൽകി ആദരിക്കുകയും ഒപ്പം മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്ക്കാരത്തിന് അർഹമായ മാതാ ഹൈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങളെയും എൽ.എസ്.എസ്., യു.എസ്.എസ്.അവാർഡ് ജേതാക്കളെയും ഈ അവസരത്തിൽ അനുമോദിച്ചു.

ബാങ്കിങ് ക്ലാസ്‌ സംഘടിപ്പിച്ചു

സാമ്പത്തിക വിനിമയ രംഗത്ത് മുഖ്യധാരയിൽ പ്രവർത്തിക്കുന്ന ബാങ്കിംങ് മേഖലയെക്കുറിച്ച് അറിവ് പകരുവാനും അത് തുറന്നു കാട്ടുന്ന അതിവിശാലമായ അവസരങ്ങളെ പറ്റി ബോധവാന്മാരാക്കുവാനും മാതാ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കായ് ഒരു കൗൺസിലിങ് ക്ലാസ് സംഘടിപ്പിച്ചു .റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൺസൽട്ടന്റ് ചെയർമാൻ ശ്രീ.ലോനപ്പൻ ക്ലാസ്സിനെ നയിച്ചു. 8, 9, 10 ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തിയായിരുന്നു ക്ലാസ്. ഈ മേഖലയുമായി ബന്ധപ്പെട്ട ഒട്ടനവധി ചോദ്യോത്തരങ്ങളിലൂടെ മുന്നോട്ട് പോയ ക്ലാസ് കുട്ടികളുടെ സംശയ നിവാരണത്തിന് ഏറെ സഹായകമായി.

പ്രകൃതിയെ അറിഞ്ഞ്

വ്യത്യസ്തമായ സസ്യജന്തുജാലങ്ങൾ അധിവസിക്കുന്ന നമ്മുടെ പ്രകൃതിയെ തൊട്ടറിയാനും പ്രകൃതി സംരക്ഷണത്തിൽ ഓരോ വ്യക്തിക്കുമുള്ള പങ്കിന്റെ ആവശ്യകത മനസിലാക്കുന്നതിനും വേണ്ടി മലയാളം വിദ്യാർത്ഥികൾക്കായി ഒരു പഠനയാത്ര സംഘടിപ്പിച്ചു.മാതാ ഹൈസ്കൂളിൽ നിന്നും മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ ഈ പഠനയാത്ര ചിമ്മിനി വന്യജീവിസങ്കേതത്തിലേക്കായിരുന്നു.ഏകദേശം എൺപതോളം വിദ്യാർത്ഥികൾ യാത്രയിൽ പങ്കെടുക്കുകയും പ്രകൃതിയിൽ നിന്ന് തൊട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞതുമായ ആ മനോഹാരിതയെ പറ്റി കുറിപ്പ് തയ്യാറാക്കുകയും ചെയ്തു.പ്രകൃതിയെ അറിഞ്ഞ് പ്രകൃതിയും മനുഷ്യനുമായുള്ള ഗാഢ ബന്ധം ഊന്നി ഉറപ്പിക്കുന്നതിനും ഈ യാത്ര ഒരു മുതൽക്കൂട്ടായി.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറ്റൊരു മുഖം

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറ്റൊരു മുഖവുമായി മാതയിലെ കുട്ടികൾ സ്നേഹത്തിനും കരുണയ്ക്കും പുതിയ മാനങ്ങൾ കൊടുത്തുകൊണ്ട് .സ്ക്കൂളിലെ പ്രഷ്യസ് ഗ്രൂപ്പും ലിറ്റിൽ കൈറ്റ്സുക്കാരും ചേർന്ന്ഈ വാരാന്ത്യം ചിറ്റി ശ്ശേരി വൃദ്ധസദനത്തിലെ അംഗങ്ങൾക്കൊപ്പം ചെലവഴിക്കുകയായിരുന്നു. നിരാശ്രയരായ വൃദ്ധരോടൊപ്പം ഭക്ഷണം പങ്കുവെച്ച് കഴിച്ചും പാട്ടു പാടിയും ചുവടു വെച്ചും കുറച്ചു സമയം ചെലവഴിച്ചപ്പോൾ കുട്ടികൾ അവരെ കൂടുതൽ അടുത്തറിയുകയായിരുന്നു. അവരെക്കൂടി പരിഗണിക്കാൻ പഠിക്കുകയായിരുന്നു. അവരിലെ കളഞ്ഞു പോയ സന്തോഷം തിരിച്ചെടുക്കാൻ ശ്രമിക്കുകയും സ്നേഹത്തിനും കരുണയ്ക്കും പുതിയ മാനങ്ങൾ സൃഷ്ടിക്കുകയായിരുന്നു വിദ്യാർഥികൾ.കുട്ടികൾക്ക് സാമൂഹ്യ ജീവിതവും ഉത്തരവാദിത്വങ്ങളും മനസ്സിലാക്കി കൊടുക്കുക എന്നത് സ്കൂളിന്റെയും കടമയാണ് എന്ന് ചിറ്റിശ്ശേരി വൃദ്ധസദന സന്ദർശനത്തിലൂടെ സ്കൂൾ തെളിയിക്കുന്നു.


"സ്കൂളുകളൊക്കെ കോൺക്രീറ്റ് കൊട്ടാരങ്ങൾ ആക്കിയെങ്കിലും ഓർമകൾക്കിന്നും ആ പഴയ ഓടിട്ട ചന്തമാണ്‌....."

അറിവ് കൊണ്ടും അക്ഷരം കൊണ്ടും കൂട് കൂട്ടുന്ന സ്കൂളുകൾ ഓരോ കുട്ടിക്കും നല്കുന്നത് വ്യത്യസ്ത അനുഭവങ്ങളാണ് .പാഠപുസ്തകങ്ങൾക്കപ്പുറം ഓരോ കുട്ടിയും അവരുടെ നെഞ്ചോടു ചേർക്കുന്നത് സ്കൂളിനെയാണ് . ഇങ്ങനെയുള്ള ഒരു വിദ്യാർത്ഥി മാതാ സ്കൂളിലുമുണ്ട് . എട്ടാം ക്ലാസിൽ പഠിക്കുന്ന അക്ഷയ് രാജ് . പഴയ ഓർമകൾ വിളിച്ചോതുന്ന പഴയ ചിത്രങ്ങളും, പ്രൗഢിയോടും അഭിമാനത്തോടും ഉയർന്ന് നില്ക്കുന്ന മാതാ സ്കൂളിലെ പുതു ചിത്രങ്ങളും ഇണക്കിചേർത്തു കൊണ്ട് ഒരു ആൽബം തയ്യാറാക്കി. മികവിന് അംഗീകാരം നൽകി സ്കൂ‍‍ൾആദരിച്ചു.

ടി ടി വാക്‌സിനേഷൻ നൽകി

രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും രോഗം പകർന്നു കിട്ടുന്നതിൽ നിന്നും സംരക്ഷണം നൽകാനും അതിന്റെ ശക്തിയുടെ അളവ് കുറക്കാനും വേണ്ടിയാണു കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നത്. ഇതിന്റെ ഭാഗമായി മാതാ ഹൈസ്കൂളിലെ 10 വയസും 15 വയസും പ്രായമുള്ള 5, 10 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ നൽകി. ഹെൽത്ത്‌ ഡിപ്പാർട്മെന്റിൽ നിന്നുള്ള നഴ്സ്മാരാണ് വിദ്യാർത്ഥികൾക്കു വാക്‌സിനേഷൻ നൽകിയത്.

മാർ ടോണി നീലങ്കാവിൽ പിതാവിന് മാത ഹൈസ്കൂളിന്റെ സ്വീകരണം.

ഇടയ സന്ദർശനത്തിന്റെ ഭാഗമായി മണ്ണംപേട്ട ദേവാലയത്തിൽ എത്തിച്ചേർന്ന തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ പിതാവിന് സ്വീകരണം നൽകി. പ്രധാന അദ്ധ്യാപിക ആനിസ് ടീച്ചറും മറ്റു സ്റ്റാഫ്‌ അംഗങ്ങളും ചേർന്ന് പിതാവിനെ സ്വീകരിച്ചു. സ്കൂളിന്റെ ഈ അധ്യയന വർഷത്തെ പ്രവർത്തങ്ങളും, നേട്ടങ്ങളും, പിതാവിനെ അറിയിക്കുകയും, നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു.

കോർഫ് ബോൾ തിരഞ്ഞെടുപ്പ്

കായിക ഇനങ്ങളിൽ കുട്ടികളുടെ മികവ് വർധിപ്പിക്കുന്നതിനും ശാരീരിക ക്ഷമതക്കു പ്രാധാന്യം കൊടുക്കുന്നതിനുമായി സ്കൂളിൽ വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. കേരള സ്റ്റേറ്റ് കോർഫ് ബോൾ ടീമിന് വേണ്ടിയുള്ള സെലെക്ഷൻ ട്രയൽസ് ജൂലൈ 10ന് മാതാ സ്കൂൾ ഗ്രൗണ്ട്ൽ സംഘടിപ്പിച്ചു. സ്കൂൾ കായിക അധ്യാപകനായ ശ്രീ. അബിൻ തോമസിന്റെ നേതൃത്വത്തിൽ സൗജന്യമായി സംഘടിപ്പിച്ച ഈ ക്യാമ്പിൽ ഒട്ടേറെ വിദ്യാർഥികൾ പങ്കെടുത്തു.

26 സംസ്‌കൃത ദിനം

ലോകത്തിലെ പ്രാചീന ഭാഷകളിൽ ഒന്നായാ സംസ്‌കൃതം ഇന്ത്യയിലെ 22 ഔദ്യോദിക ഭാഷകളിൽ ഒന്നാണ്. സംസ്കൃത ഭാഷയുടെ പ്രശസ്ഥി വർധിപ്പികുക എന്ന ലക്ഷ്യത്തോട് കൂടി 1969 ലാണ് സംസ്‌കൃത ദിനം ആചരിച്ചു തുടങ്ങിയതു. മറന്നു തുടങ്ങിയ നമ്മുടെ സംസ്‌കൃതത്തെ വീണ്ടും കുട്ടികളിൽ എത്തിക്കുന്നതിനായി മാത സ്കൂളിൽ പ്രസാദ് മാഷിന്റെയും ശ്രീദേവി ടീച്ചറുടെയും നേതൃത്വത്തിൽ ഓഗസ്റ്റ് 24നു വളരെ വിപുലമായി തന്നെ സംസ്‌കൃത ദിനം ആഘോഷിച്ചു. ഹിന്ദു കലണ്ടർ പ്രകാരം ശ്രാവണ മാസത്തിലെ പൂർണിമ ദിനമാണ് സംസ്കൃത ദിനമായി ആഘോഷിക്കുന്നതെന്നും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ പല വാക്കുകളും സംസ്കൃതത്തിൽ നിന്നും ഉരിത്തിരിഞ്ഞതാണെന്നും പ്രസാദ് മാഷ് ഉദാഹരണ സഹിതം കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു. തുടർന്ന് പ്രസാദ് മാഷിന്റെയും ശ്രീദേവി ടീച്ചറിന്റെയും നേതൃത്വത്തിൽ, കേരളത്തിന്റെ മനോഹാരിത വർണ്ണിക്കുന്ന കവിത കുട്ടികൾ സംസ്‌കൃതത്തിൽ ആലപിച്ചു.

നവംബർ 1 കേരളപ്പിറവി

കേരളപ്പിറവി

മണ്ണംപേട്ട മാതാ ഹൈസ്ക്കൂളിൽ കേരളപ്പിറവി ദിനം പ്രധാന അദ്ധ്യാപിക ശ്രീമതി ആനീസ് പി.സി ഉദ്ഘാടനം ചെയ്തു.കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ട്രെയ്നിങ്ങ് ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ വിവിധ തരം ധാന്യങ്ങൾ ശേഖരിച്ച് ഒരു കേരളം നിർമ്മിക്കുകയുണ്ടായി വിദ്യാർത്ഥികളിൽ നിന്നും ധാന്യം ശേഖരിച്ചാണ് കേരളം നിർമ്മിച്ചത്.സ്കൂളിൽ ആരംഭിച്ച എഫ്.എം ലൂടെ ട്രെയ്നിങ്ങ് ടീച്ചേഴ്സ് ആശംസകളർപ്പിച്ചു. അധ്യാപകരായ ഫ്രാൻസിസ് തോമസ്, മിനി ജോൺ കൂള എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

കലപിലകൾക്കായൊരു വേദി.

വാതോരാതെ സംസാരിക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി മാതാ ഹൈസ്ക്കൂളിൽ എഫ്.എം. ലൂടെ ഒരവസരം.ഉച്ച സമയത്ത് വിദ്യാർത്ഥികൾക്ക് ആശ്വാസം പകർന്നു കൊണ്ടു ട്രെയ്നിങ്ങ് ടീച്ചേഴ്സായ മഫ്സീന, പോൾസി, റിക്ക്സീനാ , തുടങ്ങിയവരുടെ നേതൃത്വത്തിൽ എഫ്.എം. റേഡിയോ ആരoഭിച്ചു. വിദ്യാർത്ഥികളുടെ താൽപര്യപ്രകാരം എ്ഫ.എം. റേഡിയോയ്ക്ക് 'കലപിലാസ്' എഫ്.എം എന്ന് നാമകരണം ചെയ്തു. പ്രധാന അദ്ധ്യാപിക ശ്രീമതി ആനീസ് പി.സി ഔദ്യോധികമായി അദ്ധ്യാപകരുടെയും, വിദ്യാർത്ഥികളുടേയും സാന്നിധ്യത്തിൽ എഫ്. എം ഉദ്ഘാടനം നിർവ്വഹിച്ചു. ഭാവിയിൽ റേഡിയോ ജോക്കി ആകാനുള്ള പരിശീലനം നല്ക്കുകയാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഒപ്പം തന്നെ സ്ക്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുകയും അതിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.

പി.ടി.എ. മീറ്റിങ്ങ്

/home/kite/Documents/news paper/22071_ammmamarkkulla klas.png മണ്ണംപേട്ട: മാതാ ഹൈ സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള ട്രെയ്നിങ്ങ് നടത്തുകയുണ്ടായി. ക്യു.ആർ.കോഡ് ഇൻസ്റ്റാളെെഷൻ ,മൊബൈൽ ഉപയോഗം എന്നിവയാണ്. പ്രധാന വിഷയങ്ങൾ ഹൈടെക്ക് അമ്മ, നയുജെൻ അമ്മ, സ്മാർട്ട് അമ്മ' എന്ന സമൂഹത്തെ വാർത്തെടുക്കുകയായിരുന്നു ക്ലാസ്സിൻ്റെ പ്രധാന ലക്ഷ്യം. പ്രധാന അധ്യാപികശ്രീമതി ആനീസ് പി.സി സ്വാഗതം ആശംസിച്ചു. ഏകദേശം അറുപത് അമ്മമാർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മരിയാ റോസ് , അന്നാ ട്രീസാ, ഏൻ മരിയ,അ‍‍ഞ്ജലി എന്നിവരാണ് ക്ലാസ്സ് നയിച്ചത്. 9 മണിക്ക് ആരംഭിച്ച ക്ലാസ്സ് 12 മണിയോടെയാണ് അവസാനിച്ചത്. കുട്ടികൾ സംഘടിപ്പിച്ച ക്ലാസ്സിനെ അമ്മമാർ ഹൃദയപൂർവ്വം ആശംസിച്ചു. തുടർന്നും ഇത്തരം ക്ലാസ്സുകൾ വേണമെന്ന താല്പര്യം അമ്മമാർ പ്രകടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗവും പത്താം ക്ലാസ്സ് വിദ്യാർത്ഥിയുമായ മരിയ റോസ് നന്ദി രേഖപ്പെടുത്തി.

ഉപജില്ല ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

മാതാ ഹൈസ്ക്കൂളിൽ 2019 -20 ചേർപ്പ് ഉപജില്ല തല ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് മാതാ സ്ക്കൂളിൽസംഘടിപ്പിച്ചു. ക്യാമ്പിൽ ചേർപ്പ് ഉപജില്ലയിൽ നിന്നുംആറ് സ്ക്കൂളിൽനിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.സ്ക്കൂൾ ഹാളിൽ  ക്യാമ്പിലെ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും വേണ്ടി യോഗം ചേർന്നു. യോഗത്തിന്റെ അദ്ധ്യക്ഷത സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ആനീസ് പി.സി നിർവ്വഹിച്ചു. യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ലിറ്റിൽ കൈറ്റ്സിന്റെ  ഗുണങ്ങളെയും, ജോലി സധ്യതകളെയും  കുറിച്ച്  അഭിസംബോധനചെയ്ത് സംസാരിച്ചു. പ്രാഗ്രാമി‍ങ്ങ്, ആനിമേഷൻ,എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഫ്രാൻസിസ് മാസ്റ്റർ, പോൾ മാസ്റ്റർ എന്നിവർ പ്രാഗ്രാമി‍ങ്ങ് ക്ലാസ്സിന് നേതൃത്വം നൽകി. രണ്ട് വിഭാഗമായി നടന്ന ക്യാമ്പ് രണ്ടു ദിവസം നീണ്ടുനിന്നു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്ന് മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുകയായിരുന്നു ക്യാമ്പിൻ്റെ പ്രധാന ലക്ഷ്യം. അവർക്ക് ജില്ല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ഐടി  മേഖലയിൽ കൂടുതൽ പ്രാപ്തരാക്കുകയായിരുന്നു ക്യാമ്പിൻ്റെ പ്രധാന ലക്ഷ്യം. വിദ്യാർത്ഥികൾക്കുള്ള ആപ്‍‍ളികേഷൻസ്  പരിചയപ്പെടുത്തുകയും പുതിയ ആപ്‍‍ളികേഷൻസ് പഠിപ്പിക്കുകയും അതിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് അടുത്ത ക്യാമ്പിലേക്ക് അവസരം നൽകുകയും ചെയ്തു.