പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ സ്‌കൂൾ തല പൊതു പരിപാടികൾ

Schoolwiki സംരംഭത്തിൽ നിന്ന്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

         റിപ്പോർട്ട്:  27/01/2017 നു 10 മണിക്ക് തന്നെ സ്‌കൂൾ അസ്സംബ്ലി  ചേർന്നു.  പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ കാപ്പൻ സ്വാഗതം പറയുകയും, സ്‌കൂൾ മാനേജരുടെ അധ്യക്ഷതയിൽ ബഹുമാന്യ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സ്‌കൂൾ ലീഡർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും കൈ നീട്ടിപിടിച്ച് അത് ഏറ്റുചൊല്ലുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ പി ടി എ, എം ടി എ, മാനേജ്‌മെന്റ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പ്ലാസ്റ്റിക്-ലഹരി മുക്ത ഹരിത ക്യാമ്പസായി സ്‌കൂളിനെ സംരക്ഷിക്കുമെന്ന മുദ്രാവാക്യമുയർത്തി ചേർന്ന  യോഗത്തിന് സ്റ്റാഫ് സെക്രട്ടറി ബിജു മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.

സ്മാർട്ട് റൂം, ഡിജിറ്റൽ സയൻസ് ലാബ് ഉദ്ഘാടനം

വേങ്ങര: ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് - ലെ സ്മാർട്ട് റൂമിന്റെയും ഡിജിറ്റൽ സയൻസ് ലാബിന്റെയും ഉദ്ഘാടനം ആദരണീയനായ മലപ്പുറം MP പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് നിർവ്വഹിച്ചു. യത്തീംഖാന ജനറൽ സെക്രട്ടറി എം.എം. കുട്ടി മൗലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമാദ്ധ്യാപകൻ കെ.ജി.അനിൽകുമാർ സ്വാഗതം പറഞ്ഞു. ആവയിൽ സുലൈമാൻ, കെ. വീരാൻ കുട്ടി, കെ.കെ.ഹംസ സാഹിബ്, കാപ്പൻ അബ്ദുൽ ഗഫൂർ, ടി.കെ. മൊയ്‌തീൻ കുട്ടി മാസ്റ്റർ, ചാക്കീരി അബ്ദുൽ ഹഖ്, കെ.പി.ചെറീത് ഹാജി. എം.ഫൈസൽ, പറങ്ങോടത്ത് അബ്ദുൽ മജീദ്, അബൂബക്കർ പുളിക്കൽ എന്നിവർ ആശംസകൾ നേർന്നു.

മോട്ടിവേഷൻ ക്ലാസുകൾ

. ജീവിത വിജയത്തിന് വേണ്ടത് വിനയം: മുഹമ്മദലി ശിഹാബ് ഐ എ എസ്

ചേറൂർ: വിനയമാണ് ജീവിത വിജയത്തിന്റെ നിദാനമെന്ന് നാഗാലാന്റ് കിഫ്റെ ജില്ലാ കലക്‌ടർ മുഹമ്മദലി ശിഹാബ് ഐ എ എസ് പറഞ്ഞു. ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് - ൽ അധ്യാപകരും വിദ്യാർത്ഥികളും നൽകിയ സ്വീകരണത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. വിനയമുള്ളവന്റെ മനസ്സ് ലോലമായിരിക്കും. മറ്റുള്ളവരുടെ ഗുണ ഗണങ്ങൾ കാണുമ്പോൾ അവൻ സന്തോഷം കൊണ്ട് കയ്യടിക്കുന്നു. മറ്റുള്ളവർക്ക് വേണ്ടി കയ്യടിക്കുന്നവന് വേണ്ടി ഒരു ദിവസം വരും തലമുറയും കയ്യടിച്ചിരിക്കും. ഭൂമിയിൽ താനെന്ന വ്യക്തി ജീവിച്ചിരുന്നു എന്നതിന് നന്മകൾ ബാക്കിയാക്കേണ്ടതുണ്ട്. ലക്ഷ്യബോധമുള്ളവന് നന്മകൾ പ്രവർത്തിക്കുന്നതിനും നന്മകൾ ബാക്കിയാക്കി പോകുന്നതിനും സാധിക്കും. കപ്പിത്താനില്ലാത്ത കപ്പൽ പോലെയാണ് അനാഥ ബാലന്റെ ജീവിതം. ജീവിതത്തെ കരകയറ്റുന്നതിന് അനാഥാലയങ്ങൾ ചെയ്യുന്ന സേവനം മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദലി ശിഹാബ് ഐ എ എസ് രചിച്ച 'വിരലറ്റം' എന്ന പുസ്തകം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. സ്‌കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് പറങ്ങോടത്ത് ആധ്യക്ഷം വഹിച്ച ചടങ്ങിൽ യത്തീംഖാന സെക്രട്ടറി എം എം കുട്ടി മൗലവി, പി ടി എ പ്രസിഡന്റ് മുജീബ് പൂക്കുത്ത്, മാനേജർ കെ വീരാൻ കുട്ടി, ഡെപ്യുട്ടി ഹെഡ്മാസ്റ്റർ ബാബു കെ യു, കെ അബ്ദുൽ മജീദ് മാസ്റ്റർ, എം ഫൈസൽ, സുഹൈർ കെ എന്നിവർ സംസാരിച്ചു.