ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

അങ്കമാലി നാടോടി വിജ്ഞാനകോശം

സാംസ്കാരിക രംഗത്തെ മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ട് അങ്കമാലി. ഇവിടെ 90 ശതമാനത്തിലേറേ ക്രൈസ്തവരായതിനാൽ ക്രിസ്തീയ മതവുമായി ബന്ധപ്പെട്ട കലാ സാംസ്കാരിക രംഗങ്ങളിലാണിവ എന്നു മാത്രം. ജൈന ബുദ്ധമതങ്ങൾ പ്രാചീന കാലം മുതൽക്കേ ഇവിടെ ഉണ്ടായിരുന്നതിനാൽ ക്ഷേത്രങ്ങളിലും മറ്റും അവയുടെ സ്വാധീനങ്ങൾ കാണാം. ജൈന മതക്കാരെ നമ്പൂതിരിമാർ പീഡിപ്പിച്ചിരുന്നത്തിന്റെ ബാക്കി പത്രമായി ക്ഷേത്രങ്ങൾക്കു മുന്നിൽ കല്ലു കൊണ്ടുള്ള കഴുമരങ്ങളും പ്രതീകങ്ങളും ഇന്നും നിലനിൽകുന്നു.(ഉദാ: മൂഴിക്കുളം ക്ഷേത്രം) മറ്റൊരു പ്രധാനപ്പെട്ട സംഗതിയാണ് ഇവിടത്തെ പള്ളികളിലെ ചുവർ ചിത്രങ്ങൾ (Fresco Paintings). അകപ്പറമ്പ് മാർ സബർ ഇശോ പള്ളി, അങ്കമാലി കരേറ്റ മാതാവിന്റെ പള്ളി (വി.മറിയ) എന്നിവയിലെ ചുവർ ചിത്രങ്ങൾ വിഖ്യാതമാണ്. ഇവ പലതും ബൈബിളിനെ ആസ്പദാമാക്കിയുള്ളതും അന്നത്തെ മെത്രാന്മാരെക്കുറിച്ചുമുള്ളതാണ്. രചനാകാലം പതിനേഴാം നൂറ്റാണ്ടാണ്. മധ്യ ഏഷ്യയിലെ ചിത്ര ശൈലിയുടേയും കേരളീയ ചുവർചിത്രകലയുടെയും സമന്വയമാണ് ഇവ എന്ന് പല ചരിത്ര, ചിത്രകാരന്മാരും അവകാശപ്പെടുന്നു. പള്ളികളിൽ റബേക്കകൊട്ടും (വയലിൻ), പാട്ടും ഉണ്ട്, ഇത് ഗോവൻ സംഗീത രീതിയാണ്. കൊടിമരം, കൊടികയറ്റ്, കതിന വെടി, മുത്തുക്കുട, തഴക്കുട, എന്നീ പേർഷ്യൻ അലങ്കാര രൂപങ്ങളും ആലവട്ടം വെൺചാമരം തുടങ്ങി ചൈനീസ് സംസ്കാരത്തിന്റെ ഭാഗമായ ആകർഷണങ്ങൾ പ്രചരിപ്പിക്കുന്നതിലും അവ ഹൈന്ദവ ആചാരങ്ങളുമായി സമന്വയിപ്പിക്കുന്നതിലും അങ്കമാലിയിലെ പള്ളികളിലെ പെരുന്നാളുകൾ വളരെയധികം പങ്കു വഹിച്ചിട്ടുണ്ട്.

പരിച മുട്ടുകളി, കോൽക്കളി, വില്ലടിച്ചാൻ പാട്ട് , റമ്പാൻ പാട്ട്, ചവിട്ടു നാടകം തുടങ്ങിയ കലകളും പ്രചരിപ്പിക്കുന്നതിൽ അങ്കമാലി മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. അങ്കമാലിയിലെ പോർക്ക് കൃഷി ഇവിടത്തെ സംസ്കാരത്തിന്റെ തന്നെ ഭാഗമായിട്ടുണ്ട്. മറ്റു ദേശക്കാർ പരിഹാസരൂപേണ ഉപയോഗിക്കാറുള്ള പ്രയോഗമായി ഇത് മാറി. ആലാഹായുടെ പെണ്മക്കൾ എന്ന നോവലിൽ ‘അങ്കമാലിയിൽ പോർക്കു കൃഷിയുണ്ടെന്നും അതുകൊണ്ട് അവിടത്തെ ചെക്കനെ തനിക്കിഷ്ടമല്ലെന്നും.. “ അങ്കമാലി പോർക്കിനും ചുങ്കക്കാരൻ പൈലിക്കും..” എന്ന് ഒരു കഥാപാത്രം പറയുന്നുണ്ട്’. ആദ്യകാലങ്ങളിലെ സുന്നഹദോസുകൾ എല്ലാം അങ്കമാലിയുമായി ബന്ധപ്പെട്ടവയായിരുന്നു. കേരളത്തിന്റെ മൊത്തം ക്രൈസ്തവ പാരമ്പര്യം നിർണ്ണയിക്കുന്നതിലും സഭകളുടെ വിഭജനത്തിനു ഇവയുടെ പങ്ക് നിസ്തുലമാണ്.