സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം
ദൃശ്യരൂപം
പ്രവേശനോത്സവം
2017 -2018 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാംതീയതി രാവിലെ പ്രാർത്ഥനയോടെ ആരംഭിച്ചു. പുത്തൻ ഉടുപ്പുകളും പുതിയ പ്രതീക്ഷകളുമായി 200 കുട്ടികൾ ഒന്നാം ക്‌ളാസ്സിലും മറ്റുക്ലാസ്സുകളിലായി ഏകദേശം 125 കുട്ടികളും ഈ വർഷം പ്രവേശനം നേടി. സ്കൂൾ അങ്കണം തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. നവാഗതരെ പൂക്കൾ നൽകി സ്വീകരിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ പ്രിയ ബിജു, സീനിയർ അസിസ്റ്റന്റ് ടെസ്സ് ജോസഫ് ടീച്ചർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഗായക സംഘം പ്രവേശനോത്സവ ഗാനം ആലപിച്ചു. രണ്ടാം ക്‌ളാസ്സിലെ കുട്ടികൾ ഒന്നാം ക്‌ളാസ്സിലേക്കു വന്നവരെ ആനയിച്ചു ക്‌ളാസ്സുകളിലേക്കു കൊണ്ടുപോയി. നവാഗതർക്ക് മധുരം നൽകി.
പരിസ്‌ഥിതി ദിനം
ജൂൺ അഞ്ചിന് സ്കൂളിലെ എക്കോ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്‌ഥിതി ദിനം ആചരിച്ചു. പത്താം ക്ലാസ്സിലെ കുട്ടികൾ പരിസ്‌ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു . കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. എസ് പി സി കുട്ടികളുടെയും എക്കോ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടു. പരിസ്‌ഥിതി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ധർമ്മമാണെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും ഹെഡ്മിസ്ട്രസ് ആവശ്യപ്പെട്ടു. തുടർന്ന് ഏവരും പരിസ്‌ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു.
വായനാദിനം
ശ്രീ. പി എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ പ്രസ്തുത സമ്മേളനം ഉദ്ഘാടനം ചെയ്തു. ഈ സ്കൂളിലെ മലയാളം അധ്യാപിക ശ്രീമതി സജിത ടി ആർ വായനാദിന സന്ദേശം നൽകി. തുടർന്ന് ഒരാഴ്ച വായനാവാരമായി ആഘോഷിച്ചു. വായനാമണിക്കൂർ , ക്ലാസ് തല വായനാമൂല മത്സരം എന്നിവ നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ പുസ്തകപ്രദര്‍ശനം ഏറെ ശ്രദ്ധേയമായി.