ഉള്ളടക്കത്തിലേക്ക് പോവുക

എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ/വിദ്യാരംഗം‌/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലബ് ഉദ്ഘാടനം

സർഗ്ഗകൂട്ടായ്മയുടെ പൊന്നൊളിയിൽ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം.

ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസിലെ ഹൈസ്കൂൾ വിഭാഗം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും തിരക്കഥ ശില്പശാലയും 27/06/2025 വെള്ളിയാഴ്ച രാവിലെ 11:30ന് പ്രശസ്ത തിരക്കഥാകൃത്ത് ശ്രീ. ഗണേഷ് ഓലിക്കര നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ആർ മനു അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. ബി.അനിൽകുമാർ മുഖ്യഭാഷണം നടത്തി. വിദ്യാരംഗം വിദ്യാർത്ഥി പ്രതിനിധി കുമാരി ദിയ സ്വാഗതവും വിദ്യാരംഗം കൺവീനർ ശ്രീമതി ചിത്ര നായർ ആർ എസ് നന്ദിയും രേഖപ്പെടുത്തി.

അനുഭവങ്ങളിലൂടെ രൂപപ്പെടുന്ന സർഗ്ഗപ്രതിഭയാണ് എഴുത്തുകാരന്റെ ഏറ്റവും വലിയ കൈമുതൽ എന്ന് ശ്രീ. ഗണേഷ് ഓലിക്കര പറഞ്ഞു. കലാകാരൻ മനുഷ്യമനസ്സുകളിൽ ഇടംനേടുന്നത് സാധാരണ ജീവിത പരിസരങ്ങളെ അസാധാരണമാംവിധം അവതരിപ്പിക്കുമ്പോഴാ ണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യ നന്മയിലാണ് ആത്യന്തികമായി കല നിലനിൽക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുട്ടികളുമായി സംവദിക്കുവാനുള്ള അസാധാരണമായ താൽപര്യം മൂലമാണ് ശ്രീ. ഗണേഷ് ഓലിക്കര തന്റെ തിരക്കുകൾ മാറ്റിവെച്ച് നമ്മുടെ വിദ്യാലയത്തിൽ എത്തിച്ചേർന്നതെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ആർ.മനു പറഞ്ഞു. ഇതിന് വിദ്യാലയം മാഷിനോട് കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു.

സാഹിത്യത്തിലെ നൂതന പ്രവണതകൾ കൃത്യമായി മനസ്സിലാക്കി മുന്നേറവാനുള്ള അവസരമാണ് ശ്രീ ഗണേഷ് ഓലിക്കരയെപ്പോലെയുള്ള പ്രതിഭകളുമായി സംവദിക്കുമ്പോൾ കുട്ടികൾക്ക് ലഭിക്കുന്നതെന്ന് സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ബി.അനിൽകുമാർ അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ സർഗ്ഗപരത വളർത്തുവാനുള്ള വേദികളാവണം വിദ്യാരംഗം പോലെയുള്ള കൂട്ടായ്മകൾ എന്നും പ്രിൻസിപ്പാൾ പറഞ്ഞു.

തിരക്കഥയുടെ വിവിധ സങ്കേതങ്ങളെപ്പറ്റി കൃത്യമായ അവബോധം പകർന്നു നൽകിയ ശില്പശാലയും ശ്രീ.ഗണേഷ് ഓലിക്കരയുടെ നേതൃത്വത്തിൽ നടന്നു. ഹൈസ്കൂൾ വിഭാഗം മലയാളസമാജം അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തകരായ കുട്ടികൾക്കും അധ്യാപകർക്കും നവ്യാനുഭൂതികൾ പകർന്നു നൽകിക്കൊണ്ടാണ് പരിപാടികൾ അവസാനിച്ചത്.