2024--2025 പ്രവർത്തനങ്ങൾ
പ്രവേശനോത്സവം --- 2024--2025 അധ്യയന വർഷത്തെ വരവേറ്റു കൊണ്ട് പ്രവേശനോത്സവം വിവിധ പ്രവർത്തനങ്ങളോടെ ആഘോഷിച്ചു. വിദ്യാർത്ഥികളുടെ ഈശ്വരപ്രാർത്ഥനയോടെ രാവിലെ 10 ന് ആരംഭിച്ചു.പ്രവേശനോത്സവത്തെ വരവേൽക്കാൻ സ്കൂളും ക്ലാസ്സ് മുറികളും അണിഞ്ഞൊരുങ്ങിയിരുന്നു. സ്കൂൾ പരിസരം വിവിധ വർണങ്ങളിലുള്ള കടലാസുകൾ, പൂക്കൾ, ബലൂണുകൾ എന്നിവ കൊണ്ട് അലംകൃതമായിരുന്നു.

സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സ് ചാനലിൽ തത്സമയ സംപ്രേഷണം കഴിഞ്ഞയുടൻ സ്കൂളിന്റെ പ്രവേശനോത്സവ പ്രവർത്തനങ്ങൾ ആരംഭിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ. ഐ.സതീഷ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. ജയജ്യോതി ടീച്ചർ വിശിഷ്ട അതിഥികൾക്ക് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് അംഗം ശ്രീമതി. മഞ്ചുസ്മിത പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.മുഖ്യസന്ദേശം വാർഡ് മെമ്പർ ശ്രീ.സെയ്ദലി നിർവഹിച്ചു. S S L C യ്ക്ക് ഉന്നതവിജയം നേടിയവരെ അനുമോദിച്ച് കൊണ്ട് പ്രി൯സിപ്പാൾ ശ്രീ.ദേവപ്രദീപ് സാർ സംസാരിച്ചു. അവർക്ക് ട്രോഫി നൽകി ആദരിക്കുകയും ചെയ്തു. നവാഗതരെ ആശംസിച്ചു വാർഡ് മെമ്പർ ശ്രീമതി.സുധാമണി സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ വിനയദിനേഷ് സാറിന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു. തുടർന്ന് എല്ലാ വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും വിഭവ സമൃദ്ധമായ സദ്യ നൽകുകയും ചെയ്തു. തുടർന്ന് ക്ലാസ്സിൽ എത്തിച്ചേർന്ന വിദ്യാർത്ഥികളുമായി ക്ലാസ്സ് അധ്യാപകർ വിശേഷങ്ങൾ പങ്കു വച്ചു.




പരിസ്ഥിതിദിനം ---2024ലോക പരിസ്ഥിതിദിനം വിവിധ പ്രവർത്തനങ്ങളോടെ സമുചിതമായി ആചരിച്ചു. രാവിലെ 9.30 ന് പ്രത്യേക അസംബ്ലി കൂടി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള ക്ലാസ്സ്, പ്രതിജ്ഞ, പരിസ്ഥിതി ഗാനം എന്നിവ അവതരിപ്പിച്ചു. തുടർന്ന് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷതൈകൾ വച്ചു പിടിപ്പിച്ചു. ക്വിസ് മത്സരം. പോസ്റ്റർ രചന, ചിത്ര രചന എന്നിവ സംഘടിപ്പിച്ചു. പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തോട്ടം,പൂന്തോട്ടം എന്നിവ നിർമിച്ചു.