സെന്റ് ജോൺസ് സി യു പി എസ് മേലൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
19:36, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ansythenan (സംവാദം | സംഭാവനകൾ) (അവലംബം തദ്ദേശസ്വയംഭരണ വെബ്സൈറ്റ് Archived 2016-01-31 at the Wayback Machine. മേലൂർ പൊതു വിവരങ്ങൾ. മേലൂർ ഗ്രാമപഞ്ചായത്ത് വികസനരേഖയിൽ നിന്ന്)

മേലൂർ

കേരളത്തിലെ തൃശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിൽ ചാലക്കുടി ബ്ലോക്ക് അതിർത്തിയിൽ പെടുന്ന ഒരു ഗ്രാമമാണ്‌ .കാടുകുറ്റിക്ക് കിഴക്കായി ചാലക്കുടിപ്പുഴക്കു തീരത്തായാണ്‌ മേലൂർഗ്രാമം. കറുകുറ്റി(എറണാകുളം ജില്ല), കൊരട്ടി, കാടുകുറ്റി എന്നീ പഞ്ചായത്തുകളും ചാലക്കുടിപുഴയും പുഴയുടെ മറുഭാഗത്തായി ചാലക്കുടി നഗരസഭയും പരിയാരവും മേലൂരുമായി അതിർത്തി പങ്കിടുന്നു. 2306 ഹെക്ടർ(23.06 ചതുരശ്ര കി.മീ)ആണ് വിസ്തീർണ്ണം.

ഭൂപ്രകൃതി

പഞ്ചായത്തിലെ കുന്നപ്പിള്ളി, അടിച്ചിലി, പുഷ്പഗിരി, കുവ്വക്കാട്ടുകുന്ന് എന്നിവ ചെറിയ കുന്നുകളോടു കൂടിയ ഉയർന്ന പ്രദേശങ്ങളാണ്. പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലേക്കും എത്തിച്ചേരുന്നതിനു ആവശ്യമായ റോഡുകൾ ഉണ്ട്.

കാർഷിക വിളകൾ

നേന്ത്രവാഴകൃഷിക്ക് വളരെ പ്രസിദ്ധമായിരുന്നു മേലൂർ[അവലംബം ആവശ്യമാണ്]. നെല്ല്, വാഴ, തെങ്ങ്,മരച്ചീനി എന്നിവയാണു പ്രധാന കാർഷികവിളകൾ.അടുത്ത കാലത്തായി ചില പ്രദേശങ്ങളിൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുടെ സഹായത്തോടെ കാബേജ്, കാരറ്റ് എന്നിവയും കൃഷി ചെയ്യുന്നുണ്ട്.

ആരാധനാലയങ്ങൾ

നിരവധി ക്ഷേത്രങ്ങളും ക്രിസ്ത്യൻ പള്ളികളും ഇവിടെയുണ്ട്.

ക്ഷേത്രങ്ങൾ

  • മേലൂർ കാലടി ശിവക്ഷേത്രം

മേലൂരിലെ പ്രധാന ഹൈന്ദവ ആരാധനാകേന്ദ്രമാണ് പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗമായ കാലടിയിൽ, ചാലക്കുടിപ്പുഴയുടെ കരയിൽ സ്ഥിതിചെയ്യുന്ന മേലൂർ കാലടി ശിവക്ഷേത്രം. കിരാതമൂർത്തിഭാവത്തിൽ പരമശിവൻ മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്കും സ്ഥാനമുണ്ട്.

  • പൂലാനി ശ്രീസുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രം

ശ്രീസുബ്രഹ്മണ്യസ്വാമി പ്രധാന പ്രതിഷ്ഠയായിട്ടുള്ള മേലൂർ പൂലാനി ശ്രീസുബ്രഹ്മണ്യ മഹാക്ഷേത്രം എന്ന പേരിൽ അറിയപ്പെടുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മേലൂർ ഗ്രാമപഞ്ചായത്തിലെ പൂലാനിയിലാണ്. മേലൂർ പഞ്ചായത്ത് അതിർത്തിക്കുള്ളിലെ ഏക സുബ്രഹ്മണ്യക്ഷേത്രം ഇതാണ്. ശ്രീനാരായണഗുരു നൽകിയ ഒരു വെള്ളിവേൽ ആയിരുന്നു ആദ്യ പ്രതിഷ്ഠ.ഇപ്പൊൾ ബിംബപ്രതിഷ്ഠയാണ്. എല്ലാ മലയാളമാസവും ഷഷ്ഠി നാളിൽ ഷഷ്ഠിവ്രതം ആചരിക്കുന്നതിന്റെ ഭാഗമായി ധാരാളം സ്ത്രീകൾ എത്തി ഭജന നടത്തി വരുന്നു. ഫെബ്രുവരിയിലെ ആദ്യ ശനിയാഴ്ച പൂരവും കാവടിയാട്ടവും വരത്തക്കവിധത്തിൽ ആണ് മഹോത്സവം ആഘോഷിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള കാവടിയാട്ടം വളരെ പ്രസിദ്ധമാണ്. മേലൂരിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കാവടി സംഘങ്ങൾ അന്നേ ദിവസം നാനാജാതി മതസ്ഥരായ ആളുകളുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.കാവടിയാട്ടം കൂടാതെ ആനപ്പൂരം, വിവിധ കലാപരിപാടികൾ,എന്നിവയടക്കം ഏഴ് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് സാധാരണയായി ഉണ്ടാകാറുള്ളത്.

  • എടത്രക്കാവ് ഭഗവതി ക്ഷേത്രം,
  • കുന്നപ്പിള്ളി ദേവരാജഗിരി ക്ഷേത്രം,
  • വിഷ്ണുപുരം ശ്രീനരസിംഹമൂർത്തിക്ഷേത്രം,
  • മുക്കാൽവട്ടി തിരുനാരായണപുരം ക്ഷേത്രം,
  • ഉദയപുരം മഹാമൃത്യുഞ്ജയ ക്ഷേത്രം
  • ശ്രീപുരം ശിവപാർവ്വതീ ക്ഷേത്രം

ക്യസ്ത്യൻ പള്ളികൾ

  • മേലൂർ സെന്റ് ജോസഫ്സ് ചർച്ച്
  • പുഷ്പഗിരി ഫാത്തിമ മാത പള്ളി
  • സാൻജോനഗർ സെൻ്റ്.ജോസഫ് ചർച്ച്
  • ശാന്തിപുരം സെന്റ് തോമസ് ചർച്ച്

കുറുപ്പം സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്

പുഷ്പഗിരി ഫാത്തിമ മാത പള്ളിക്കു കീഴിൽ വരുന്ന ഒരു കുരിശുപള്ളിയാണു ഇത്.എല്ലാ വർഷവും ജനുവരി മാസത്തിലും തിരുന്നാൾ ആഘോഷങ്ങൾ നടത്തി വരുന്നു. തിരുഹൃദയ കുന്നുപള്ളി. എല്ലാ മാസവും നവംബർ മാസത്തിൽ ഈശോയുടെ തിരു ഹൃദയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷിക്കുന്നു.

പ്രസിദ്ധരായ വ്യക്തികൾ

കേംബ്രിഡ്ജിലെ ഇൻറർനാഷണൽ ബയോഗ്രാഫിക്കൽ സെൻററിൻറെ 1974ൽ മെൻ ഓഫ് അച്ചീവ്മെൻറ് ബഹുമതിക്ക് അർഹനായ സാഹിത്യകാരൻ പി. തോമസ് നെറ്റിക്കാടൻ മേലൂർകാരനാണ്‌. മലയാളത്തിലും ഇഗ്ലീഷിലുമായി നിരവധി ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ശാകുന്തളം മലയാള ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയ പണ്ഡിതശ്രേഷ്ഠൻ ഗുരു കാലടി എന്നറിയപ്പെട്ടിരുന്ന കാലടി രാമൻ നമ്പ്യാർ, പ്രസിദ്ധ മദ്ദളവിദ്വാൻ ചാലക്കുടി നാരായണൻ നമ്പീശൻ, പുരോഗമന സാഹിത്യകാരനായ സി.ആർ. പരമേശ്വരൻ എന്നിവരും മേലൂർ നിവാസികളാണ്. പുതുതലമുറയിലെ ചിത്രകാരന്മാരായ ദാമോദരൻ നമ്പിടി, ജോഷി മേലൂർ, ജിബു കുന്നപ്പിള്ളി, സുരേഷ് മുട്ടത്തി എന്നിവർ നിരവധി ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

സ്ഥാപനങ്ങൾ

ഒരു ഹയർ സെക്കണ്ടറി സ്കൂൾ ഉൾപ്പെടെ പത്തു എയ്ഡഡ് വിദ്യാലയങ്ങൾ ഈ ഗ്രാമത്തിലുണ്ട്.കൂടാതെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്.

  • മേലൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്, മേലൂർ
  • മേലൂർ ഗ്രൂപ്പ് വില്ലേജ് ഓഫീസ്,മേലൂർ
  • പ്രാഥമിക ആരോഗ്യ കേന്ദ്രം, പൂലാനി

അവലംബം

  • തദ്ദേശസ്വയംഭരണ വെബ്സൈറ്റ് Archived 2016-01-31 at the Wayback Machine. മേലൂർ പൊതു വിവരങ്ങൾ.

മേലൂർ ഗ്രാമപഞ്ചായത്ത് വികസനരേഖയിൽ നിന്ന്