സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അക്കാദമിക് പ്രവർത്തനങ്ങൾ (മുൻ വർഷങ്ങൾ)

1. പഠ്യേതര പ്രവർത്തനങ്ങൾ

1. ക്ലാസ്സ് പി.ടി.എ

2. പ്രി-പ്രൈമറി ക്ലാസ്സ് പി.ടി.എ

3. പ്രവർത്തനാധിഷ്ഠിത ക്ലാസ്സ്മുറികൾ

4. അറിഞ്ഞ് കഴിക്കാം

2. പഠനാനുബന്ധ പ്രവർത്തനങ്ങൾ

1.പ്രവേശനോത്സവം ഉദ്ഘാടനം

ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. കോവിഡ് മഹാമാരിക്കാലത്ത് വിദ്യാലയങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോയ കളിചിരികൾക്ക് തിരികൊളുത്താനുള്ള ദിനം. കേരളത്തിലെ വിദ്യാലയങ്ങൾ അതിന്റെ പൂർണശോഭയോടെ ഇന്ന് കുട്ടികൾക്കായി തുറക്കുന്നു. നാളുകളായുള്ള കാത്തിരിപ്പ് സഫലമാകുന്നതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. മാത്രവുമല്ല മട്ടന്നൂർ ഉപജില്ലാതല പ്രവേശനോത്സവം കൂടി നമ്മുടെ വിദ്യാലയത്തിൽ വെച്ചാണ് നടക്കുന്നത്. കുട്ടികളെ സ്വീകരിക്കാനായി വിദ്യാലയം അണിഞ്ഞൊരുങ്ങിയിരുന്നു. കുരുത്തോലകളും മറ്റ് ചമയങ്ങളുമണിഞ്ഞ് കുരുന്നുമക്കളെ കാത്തിരിക്കുകയായിരുന്നു വിദ്യാലയം. അക്ഷരത്തൊപ്പികളും വർണബലൂണുകളും സമ്മാനപ്പൊതികളും അവരെ കാത്തിരിപ്പുണ്ടായിരുന്നു.

             രാവിലെ 10 മണിക്ക് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കേരളത്തിലെ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നത് തത്സമയം കാണിക്കാനുള്ള സജ്ജീകരണങ്ങൾ നടത്തിയിരുന്നതിനാൽ ഓഡിറ്റോറിയത്തിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കളുടേയും നാട്ടുകാരുടെയും അധ്യാപകരുടെയും തിരക്കായിരുന്നു. സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം ഉപജില്ലാ തല പ്രവേശനോത്സവചടങ്ങുകൾ ഉത്സവാന്തരീക്ഷത്തിൽ ആരംഭിച്ചു. ശതാബ്ദി നിറവിന്റെ സ്മരണയിൽ നൂറ് മണ‍ചെരാതുകളിൽ ദീപം തെളിയിച്ചതിനു ശേഷം അക്ഷര കിരീടമണിഞ്ഞ കുരുന്നുകൾ പൂത്താലവുമായി വേദിയിലെത്തി. കുട്ടികളെ പ്രിയങ്കരിയായ ടീച്ചറമ്മ സ്വീകരിച്ചു.

        പ്രാർത്ഥനക്ക് ശേഷം സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ.എം.പി ശശിധരന്റെ‍ സ്വാഗതഭാഷണത്തോടെ ഔപചാരിക ചടങ്ങുകൾ ആരംഭിച്ചു. നഗരസഭാധ്യക്ഷ ശ്രീമതി അനിതാവേണുവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വെച്ച് മട്ടന്നൂരിന്റെ പ്രിയ നിയമസഭാ സമാജിക ശ്രീമതി കെ.കെ. ശൈലജ ടീച്ചർ ഉപജില്ലാതല പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.

  വിദ്യാലയത്തെ മാതൃകാ വിദ്യാലയമാക്കാനുള്ള പ്രവർത്തനങ്ങൾ തരംഗം പദ്ധതിയിലൂടെ നിറവേറ്റുമെന്ന ടീച്ചറുടെ പ്രഖ്യാപനം ഹർഷാരവങ്ങളോടെ സ്വീകരിക്കപ്പെട്ടു. വിദ്യാലയത്തിലെ അവധിക്കാല ക്യാമ്പ്- കനവിലെ സ്മരണകളിൽ മികച്ചവയ്ക്കുള്ള സമ്മാനം ശ്രീമതി ശൈലജ ടീച്ചർ നിർവ്വഹിച്ചു. പ്രയാഗ്, നേത്ര, നഫ്നാസ് എന്നിവരാണ് സമ്മാനം ഏറ്റുവാങ്ങിയത്.

പുതുതായി പ്രവേശനം നേടിയ കുട്ടികൾക്കുള്ള സമ്മാനക്കിറ്റുകളുടെ വിതരണം ഇരിട്ടി ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും വിദ്യാലയത്തിലെ പി.ടി.എ കമ്മറ്റി അംഗവുമായ ശ്രീ.എം രതീഷ് നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ശ്രീമതി പി വി ധനലക്ഷ്മി, ശ്രീ.കെ വി.ജയചന്ദ്രൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. വി ബാബു, സമഗ്രശിക്ഷ ബി.പി.സി ശ്രീ. പികെ ജയതിലകൻ, എസ്.എം.സി ചെയർമാൻ ശ്രീ. എ കെ ശ്രീധരൻ, പി.ടി.എ പ്രസിഡണ്ട് ശ്രീ. സി യശോനാഥ്, എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി അജിന എന്നിവർ പ്രവേശനോത്സവ ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചു. വിദ്യാർത്ഥി സംഘടനയാ എസ്.എഫ്. ഐ കുട്ടികൾക്കായി നൽകിയ പഠനോപകരണങ്ങൾ വേദിയിൽ വെച്ച് ഹെഡ്മാസ്റ്റർ ഏറ്റു വാങ്ങി.

സ്റ്റാഫ് സിക്രട്ടറി ശ്രീമതി റീത്ത ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് വിവിധ ക്ലാസുകളിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളെ അധ്യാപകർ ക്ലാസുകളിലേക്ക് നയിച്ചു. എല്ലാവർക്കും മധുരവും നൽകി. ഉച്ചക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും പാല്പായസവും പ്രവേശനോത്സവച്ചടങ്ങിന് മാറ്റു കൂട്ടി. ക്ലാസുകളിലെ തിരക്കുകളിലേക്ക് കുട്ടികൾ മാറാൻ തുടങ്ങിയ സന്തോഷത്തോടെ വിദ്യാലയംപ്രവർത്തനങ്ങൾ സമാരംഭിച്ചു.


 

3. തനത് പ്രവർത്തനങ്ങൾ

4.ദിനാചരണങ്ങൾ

1. ലോക പരിസ്ഥിതി ദിനം 2022

 


ഇന്ന് ലോക പരിസ്ഥിതി ദിനമാണ്. പരിസ്ഥിതി നാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന ഇക്കാലത്ത് ഓരോ പരിസ്ഥിതി ദിനവും ഓരോർമപ്പെടുത്തലാണ്. നമുക്ക് പാർക്കാൻ മറ്റൊരിടമില്ല എന്ന ഓർമ്മപ്പെടുത്തൽ. ഒരു ദിനത്തിൽ മാത്രം ആചരിക്കേണ്ട ഒന്നല്ല പരിസ്ഥിതി ദിനം. പാരിസ്ഥിതിക പ്രശ്‌നങ്ങൾ നിരവധിയാണ് ഇന്ന് കണ്ടുവരുന്നത്. മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, ജൈവ വൈവിധ്യനാശം എന്നിങ്ങനെ പല വെല്ലുവിളികളും ഇന്ന് നമ്മുടെ പരിസ്ഥിതിക്ക് മുന്നിലുണ്ട്. പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം വരുത്താനും, കർമപരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് നമ്മൾ പരിസ്ഥിതി ദിനം ആചരിച്ചുവരുന്നത്. ആരോഗ്യകരമായ ഒരു ആവാസ വ്യവസ്ഥയുണ്ടെങ്കിൽ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും ജൈവവൈവിധ്യത്തിന്റെ തകർച്ച തടയാനും നമുക്ക് കഴിയൂ. കുറച്ച് മരങ്ങൾ നട്ടത് കൊണ്ടോ പ്രതിജ്ഞ ചൊല്ലിയത് കൊണ്ടോ മാത്രം ഒതുങ്ങുന്നതല്ല ഇന്നേ ദിവസത്തെ കടമ. ഭൂമിയാകെ നേരിടുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ കണ്ടെത്തി അതിന് പരിഹാര മാർഗം കണ്ടെത്തുകയുമാണ് വേണ്ടത്. ഭൂമിയിലെ ഓരോ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് ഈ പ്രകൃതി. നമ്മൾ കഴിക്കുന്ന ഭക്ഷണം മുതൽ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, നമ്മുടെ ഗ്രഹത്തെ വാസയോഗ്യമാക്കുന്ന കാലാവസ്ഥ എന്നിവയെല്ലാം പ്രകൃതിയിൽ നിന്നാണ് ലഭിക്കുന്നത്.

   'ഒൺലി വൺ എർത്ത്' അഥവാ 'ഒരേയൊരു ഭൂമി' എന്നതാണ് 2022ലെ പരിസ്ഥിതി ദിന സന്ദേശം.

      1972 ൽ സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ ചേർന്ന ആദ്യ സമ്മേളനത്തിന്റെ അതേ സന്ദേശം തന്നെയാണ് ഇത്തവണത്തേതും എന്നത് പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. വസുധൈവ കുടുംബകം എന്ന സങ്കല്പനം യാഥാർത്ഥ്യമാക്കിക്കൊണ്ട് ഈ ഭൂമിയെ ഒരേയൊരു ഭൂമിയെ വരും തലമുറകൾക്ക് വേണ്ടി കൂടി നമുക്ക് കാത്ത് രക്ഷിക്കാം.

      വിദ്യാലയത്തിലെ പരിസ്ഥിതി ദിനം ജൂൺ 6 നാണ് ആഘോഷിച്ചത്. പ്രത്യേക അസംബ്ലി ചേർന്ന് ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ, ശ്രീജിത്ത് മാഷ് സംസാരിച്ചു. ശ്രീമതി പ്രമീള ടീച്ചർ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൃക്ഷത്തൈ നടീൽ, പോസ്റ്റർ രചന, ക്വിസ്, ഇലയറിവ് മത്സരങ്ങളും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

2. ജൂൺ 7 - ലോക ഭക്ഷ്യ സുരക്ഷാ ദിനം

ആരോഗ്യം നിലനിർത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് പോഷകഗുണമുള്ള സമീകൃതാഹാരം. എന്നാൽ പലപ്പോഴും ആഹാരം തന്നെ വില്ലനാകുന്നത് നാം കാണുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഓരോ വർഷവും 60 കോടിയിലധികം‍ ഭക്ഷണവുമായി ബന്ധപ്പെട്ട രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വൃത്തിഹീനമായ ഭക്ഷണത്തിൽ നിന്ന് ഉണ്ടാകുന്ന രോഗങ്ങൾ സമൂഹത്തിലെ ഏറ്റവും ദുർബലരായ ആളുകളെയും കുട്ടികളെയും സ്ത്രീകളെയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും കൂടുതലായി ബാധിക്കുന്നു.

  ഭക്ഷ്യവസ്തുക്കളിൽ നിന്നുണ്ടാകുന്ന രോഗങ്ങൾ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും ഒഴിവാക്കുന്നതിനും ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായാണ് എല്ലാ വർഷവും ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായിആചരിക്കുന്നത്. സുരക്ഷിതമല്ലാത്ത ഭക്ഷണവുമായി ബന്ധപ്പെട്ട ആരോഗ്യ അപകട സാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ദൈനംദിന ജീവിതത്തിൽ ശുചിത്വത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും കൂടിയാണ്ഈ ദിനം ആചരിക്കുന്നത്.

     ''സുരക്ഷിതമായ ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം''   എന്നതാണ് 2022ലെ ലോക ഭക്ഷ്യാ സുരക്ഷാ ദിനത്തിന്റെ പ്രമേയം (theme). സുരക്ഷിതമായ ഭക്ഷണമാണ് മനുഷ്യന്റെ മെച്ചപ്പെട്ട ആരോഗ്യത്തിന്റെ താക്കോൽ എന്നാണ് ലോകാരോഗ്യ സംഘടന (world health organisation) ഈ പ്രമേയം കൊണ്ട് വ്യക്തമാക്കുന്നത്.

2018 ലാണ് ഐക്യരാഷ്ട്ര സഭ ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കാൻ തുടങ്ങിയത്. ലോകാരോഗ്യ സംഘടനയുടെയും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക ഓർഗനൈസേഷന്റെയും സംയുക്ത ശ്രമത്തിന്റെ ഭാഗമാണിത്.

ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ ലക്ഷ്യങ്ങൾ:

1. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മാർഗ്ഗനിർദേശങ്ങൾ നൽകുക, ഭക്ഷണത്തിലൂടെ ബാധിക്കുന്ന രോഗങ്ങൾ തടയുക

2. എല്ലാ മേഖലകളിലും മെച്ചപ്പെട്ട ഭക്ഷ്യ സുരക്ഷയ്ക്കായി സഹകരണപരമായ സമീപനങ്ങൾ സ്വീകരിക്കുക

3. പകർച്ചവ്യാധികൾ നന്നായി കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികൾ വികസിപ്പിക്കുകയും സ്‌പോൺസർ ചെയ്യുകയും ചെയ്യുക. ഭക്ഷ്യവിഷബാധ മൂലമുള്ള മരണം തടയുക

മലിനമായ ഭക്ഷണത്തിലും വെള്ളത്തിലുമുള്ള പരാന്നഭോജികൾ, വൈറസുകൾ, ബാക്ടീരിയകൾ എന്നിവ മൂലമാണ് ഭക്ഷ്യവിഷബാധകൾ ഉണ്ടാകുന്നത്. വിളവെടുപ്പ്, സംസ്‌കരണം, സംഭരണം മുതൽ ഉപഭോക്താവിന്റെ കൈകളിൽ എത്തുന്നതിനു മുമ്പ് വരെ ഭക്ഷണത്തിന്റെ ശുചിത്വം കൃത്യമായി പാലിക്കണം. വൃത്തിയുള്ള ഭക്ഷണം ആളുകൾ കഴിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താനുള്ള അവസരം കൂടിയാണ് ലോക ഭക്ഷ്യസുരക്ഷാ ദിനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

  ഭക്ഷ്യസുരക്ഷാദിനവുമായി ബന്ധപ്പെട്ട് ജൂൺ 7 ന് ഉച്ചക്ക് ശേഷം 2 മണിക്ക് മട്ടന്നൂർ മേഖലാതല ഭക്ഷ്യസുരക്ഷാ വിഭാഗം മേധാവി ശ്രീമതി ഷോണിമ കുട്ടികൾക്കായി ക്ലാസ് നടത്തി. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ, ആഹാരത്തിലെ മായം ചേർക്കല‍, സുരക്ഷിത ഭക്ഷണം തുടങ്ങിയ മേഖലകളിൽ വിശദമായി സംസാരിച്ച ക്ലാസ് ആകർഷകമായിരുന്നു. ചടങ്ങിൽ ഹെഡ്മാസ്റ്റർ സ്വാഗതമാശംസിച്ചു. പി.ടി.എ പ്രസിഡണ്ട് അധ്യക്ഷനായിരുന്നു. സ്റ്റാഫ് സിക്രട്ടറി ശ്രീമതി റീത്ത നന്ദി പ്രകാശിപ്പിച്ചു.

അക്കാദമിക് പ്രവർത്തനങ്ങൾ (2023-24)

1. പഠ്യേതര പ്രവർത്തനങ്ങൾ

2. പഠനാനുബന്ധ പ്രവർത്തനങ്ങൾ

3. തനത് പ്രവർത്തനങ്ങൾ

4.ദിനാചരണങ്ങൾ