കാപ്പാട് മദ്രസ എൽ പി സ്കൂൾ/ഡിജിറ്റൽ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

ലോകം മുഴുവൻ നിശ്ചലമാക്കുന്ന അവസ്ഥയിലേക്ക് കോവിഡ്- 19 നമ്മെ എത്തിച്ചു കൊണ്ടിരിക്കുന്നു. ഈ മഹാമാരി വിതയ്ക്കുന്ന തകർച്ചയിൽ നീണ്ടുനിൽക്കുന്ന പ്രതിസന്ധി നേരിടുന്ന മേഖലയാണ് വിദ്യാഭ്യാസരംഗം. നീണ്ടകാലത്തെ അടച്ചിടലിന് വിധേയമാക്കപ്പെട്ടിരിക്കുന്ന ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ അതിജീവന തന്ത്രങ്ങൾ മെനയുകയാണ് . ഓൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തി ഓരോ വിദ്യാർത്ഥിയെയും പഠനപ്രക്രിയയിൽ ചേർത്തു നിർത്തുകയാണ് ഇന്ന് നാം. അതോടൊപ്പം കുട്ടികളുടെ മാനസികോല്ലാസത്തിനും ഏറെ പ്രാധാന്യം നൽകേണ്ടതാണ് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് മാനസി കോല്ലാസം ഉറപ്പിക്കുന്നതിനായി ഓൺലൈനായി തന്നെ പല പരിപാടികളും കാപ്പാട് മദ്രസ എൽപി സ്കൂൾ നടത്തിപ്പോരുന്നു. ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന നാടൻ പൂക്കളെ കണ്ടെത്താനും അവയെക്കുറിച്ച് മനസ്സിലാക്കാനും പൂക്കളിലെ വൈവിധ്യം തിരിച്ചറിയാനും ഈ ഓണക്കാലം കാപ്പാട് മദ്രസ എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കായി അവസരമൊരുക്കി . പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ അവർക്കിഷ്ടപ്പെട്ട ഒരു നാടൻ പൂവിനോടൊപ്പം ഈ ഓണക്കാലത്ത് കൂട്ടുകൂടുകയാണ് .അത് "നാട്ടു പൂക്കളോടൊപ്പം" എന്ന ഒരു ഡിജിറ്റൽ മാഗസിന് പിറവി നൽകിയിരിക്കുന്നു.

മാഗസിൻ വായിക്കാം










കോവിഡ് 19 എന്ന മഹാമാരിയാൽ നമ്മുടെ വിദ്യാലയങ്ങൾ 2020 മാർച്ച് 10ന് അടയ്ക്കേണ്ടി വരികയായിരുന്നു. തുടർന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്ന സമയത്ത് വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന് ഗവൺമെന്റ് നടപ്പിലാക്കിയ പദ്ധതിയായിരുന്നു അക്ഷരവൃക്ഷം. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി കുട്ടികൾ തയ്യാറാക്കിയ കഥ, കവിത, ലേഖനം എന്നിവ സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ്  ചെയ്തിട്ടുണ്ടായിരുന്നു. ഈ മഹത്തായ പദ്ധതിയിൽ നമ്മുടെ വിദ്യാലയത്തിനും ഭാഗമാകാൻ കഴിഞ്ഞു. നമ്മുടെ വിദ്യാലയത്തിലെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 57 വിദ്യാർത്ഥികൾ ഈ പദ്ധതിയിലൂടെ അവരുടെ സർഗ്ഗശേഷി പ്രകടിപ്പിച്ചു. അവരുടെ സൃഷ്ടികൾ എന്നന്നേക്കും നിലനിർത്താനും കോവിഡ് കാല പ്രവർത്തനങ്ങൾ ഒരു ഓർമ്മയായി സൂക്ഷിക്കാനും ഉതകുന്ന വിധത്തിൽ ഒരു മാഗസിനായി മാറ്റി.