അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

അഞ്ചരക്കണ്ടി: നാടും നാട്ടറിവും

പുഴകളും കുന്നുകളും കാടുകളും വയലുകളും കേരവൃക്ഷങ്ങളുമൊക്കെയായി പ്രകൃതി രമണീയമായ ഗ്രാമങ്ങളെ കൊണ്ട് നിറഞ്ഞ തെയ്യങ്ങളുടെ സ്വന്തം നാട്- കണ്ണൂർ. കണ്ണൂരിൽ നിന്നും ഏകദേശം 16 കിലോ മീറ്റർ തെക്ക് കിഴക്ക് സഞ്ചരിച്ചാൽ അഞ്ചരക്കണ്ടി എന്ന മനോഹര ഗ്രാമത്തിൽ എത്തിച്ചേരാം. ചരിത്രപരമായി വളരെയെറെ പ്രാധാന്യം അർഹിക്കുന്ന ഒരു ഗ്രാമം ആണിത്.

കുരുമുളക് കച്ചവടത്തിന്റെ കേന്ദ്രമായിരുന്ന ഇവിടെ ബ്രിട്ടീഷുകാർ ഇന്ത്യയിലെ തന്നെ ആദ്യത്തെ രജിസ്ടർ ഓഫീസ് സ്ഥാപിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ കറപ്പ തോട്ടം സ്ഥിതി ചെയ്തിരുന്നത് ഇവിടെയാണ്‌. ബ്രൗൺ എന്ന ഇംഗ്ലീഷ്കാരനാണ് ഈ തോട്ടം സ്ഥാപിച്ചത്. തോട്ടത്തിന്റെ നടുവിലായി ബ്രൗൺ ഒരു ബംഗ്ലാവും പണിതു. എസ്റ്റേറ്റിന്റെ ഭരണത്തിനും താമസത്തിനുമായായിരുന്നു ഈ കെട്ടിടത്തിന്റെ നിർമാണം. ഈ എസ്റ്റേറ്റിനോട് അനുബന്ധിച്ച് അദേഹം ഒരു കൂറ്റൻ ബംഗ്ലാവ് അഞ്ചരകണ്ടി പുഴയുടെ തീരത്ത് സ്ഥാപിച്ചു അത് നിർമിച്ചത് ഇംഗ്ലണ്ടിലെ  തെംസ് നദി തീരത്തുള്ള ഒരു ബംഗ്ലാവിന്റെ  മാതൃകയിൽ ആയിരുന്നു. കൂടാതെ അന്നൊക്കെ ധാരാളം ജോലിക്കാർ അവിടെ ജോലി ചെയ്തിരുന്നു. അവർക്ക് ജോലി സമയം മനസിലാക്കാനായി ഒരു വലിയ മണിയും അവിടെ തോട്ടത്തിൽ ഉണ്ടായിരുന്നു. എന്നും രാവിലെയും വൈകുന്നേരവും കൃത്യം 6 മണിക്ക് മണി മുഴങ്ങും. ഒരു ഗ്രാമത്തെ ഉണർത്തിയിരുന്ന ആ മണിയും കാലപ്പഴക്കത്തിൽ നിശ്ചലമായി.

പേര് വന്ന വഴി

ബ്രിട്ടീഷുകാരുടെ കാലത്ത്‌ 'രണ്ടു തറ' എന്ന പേരിലാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. ഇവിടെ സ്ഥിതി ചെയ്തിരുന്ന കറപ്പത്തോട്ടം രണ്ടുതറ എസ്റ്റേറ്റ് എന്നായിരുന്നു അറിയപ്പെട്ടത്.

കറപ്പ തോട്ടത്തിൻറെ ഇരുവശങ്ങളിലായി കിടക്കുന്ന അഞ്ചു കണ്ടി, അരക്കണ്ടി എന്നിങ്ങനെ ചുറ്റളവ്‌ ഉള്ള സ്ഥലം ആയത് കൊണ്ടാണ് ഈ പ്രദേശം അഞ്ചരക്കണ്ടി എന്ന പേരിൽ അറിയപ്പെടുന്നത്.

രണ്ടുതറ എസ്റ്റേറ്റ്
രണ്ടുതറ എസ്റ്റേറ്റ്

സാംസ്കാരികചരിത്രം

അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിന് മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി കലാ-കായിക-സംസ്കാരിക പ്രവർത്തനങ്ങളുടെ, സമ്പന്നമായൊരു പശ്ചാത്തലമുണ്ട്. 18-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തോടുകൂടി ബ്രിട്ടീഷുകാർ പഞ്ചായത്തിൽ ഉറപ്പിച്ച ആധിപത്യം സാമൂഹ്യജീവിതത്തെ തെല്ലൊന്നുമല്ല സ്വാധീനിച്ചത്. മറ്റു സമീപ പ്രദേശങ്ങളിൽ ജന്മി-നാടുവാഴിത്ത വ്യവസ്ഥകൾ സർവ്വവിധ പ്രതാപങ്ങളോടും കൂടി കൊടികുത്തി വാണിരുന്ന അവസരത്തിലും അഞ്ചരക്കണ്ടിയിൽ അതിന്റെ സ്വാധീനം താരതമ്യേന കുറവായിരുന്നു.

തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും മറ്റു ഉച്ച നീചത്വങ്ങളും നിലവിലുണ്ടായിരുന്നങ്കിലും മറ്റു പ്രദേശങ്ങളിലെ പോലെ അത്ര തീവ്രമായിരുന്നില്ല. പഞ്ചായത്തിലെ ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദു, ഇസ്ളാം മതവിഭാഗങ്ങളിൽപ്പെട്ടവരാണ്. ക്രിസ്തുമതവിശ്വാസികളും പഞ്ചായത്തിലെ പ്രബലമതവിഭാഗമാണ്.

വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങളോടുകൂടി ജീവിക്കുന്നവരാണെങ്കിലും ജനങ്ങൾ ഐക്യത്തോടും സൌഹാർദ്ദത്തോടും കൂടി കഴിഞ്ഞുവരുന്നു. ഹിന്ദുമതത്തിൽ നമ്പ്യാർ, വാണിയ, തീയ്യ, മലയ, വണ്ണാൻ, പേട്ടുവർ, കരിമ്പാലൻ, കൊല്ലൻ, തട്ടാൻ, ആശാരി, പുള്ളുവൻ, കണിയാൻ തുടങ്ങിയ വിഭാഗങ്ങളുമുണ്ട്. ജനനം, മരണം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ ആചാരങ്ങളാണ് നിലവിലുള്ളത്. മതപരമായും, ജാതീയമായും ആചാരാനുഷ്ഠാനങ്ങളിൽ വൈജാത്യങ്ങളുണ്ടെങ്കിലും നാനാത്വത്തിൽ ഏകത്വം എന്ന ചൊല്ല് അന്വർഥമാക്കുമാറ് ഇവയെല്ലാം കൂട്ടിയോജിപ്പിക്കുന്ന തനതായ ഒരു സാംസ്കാരികാന്തർധാരയുമുണ്ടെന്നു കാണാം. പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും പുരാതനമായ ധാരാളം ക്ഷേത്രങ്ങളും കാവുകളുമുണ്ട്. കൂടാതെ മുസ്ളിം ജനവിഭാഗത്തിന്റെ ആരാധാനാലയങ്ങളായ പള്ളികളുമുണ്ട്. ക്ഷേത്രങ്ങളിലും, കാവുകളിലും, കെട്ടിയാടിക്കുന്ന മുത്തപ്പൻ, തമ്പുരാട്ടി, കുട്ടിച്ചാത്തൻ, ഗുളികൻ, ഭദ്രകാളി, ചാമുണ്ഡി, ഭൂതം, ഭൈരവൻ, വിഷ്ണു, മൂർത്തി തുടങ്ങിയ തെയ്യങ്ങളും, ശൈവ, വൈഷ്ണവ പ്രതിഷ്ഠകളും അവയുടെ ഐതീഹ്യങ്ങളും വിശ്വാസങ്ങളും ജനമനസിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മതമൈത്രിക്ക് പേരുകേട്ട ആരാധനാലയങ്ങളും പഞ്ചായത്തിലുണ്ട്. മാമ്പ സിയാറത്തുങ്കര പള്ളി മഖാം ആ വിഭാഗത്തിൽപ്പെടുന്ന പ്രധാനപ്പെട്ട ഒരാരാധനാലയമാണ്.

മൺമറഞ്ഞ രാമൻ പെരുവണ്ണാൻ, കുഞ്ഞമ്പു പെരുവണ്ണാൻ, കണ്ണൻ പെരുവണ്ണാൻ, ആണ്ടിപണിക്കർ, കൊട്ടൻ പണിക്കർ എന്നീ പ്രശസ്തരായ തെയ്യം കലാകാരന്മാർ പഞ്ചായത്തിൽ ജീവിച്ചിരുന്നവരാണ്. 'കണ്ണാടിവെളിച്ചം' എന്ന പേരിൽ എ.കെ.ജി.സ്മാരക വായനശാല ഒരു കൈയെഴുത്തുമാസിക പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. പണ്ടുകാലത്ത് പഞ്ചായത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന പ്രശസ്തമായ സാംസ്കാരികസ്ഥാപനങ്ങളായിരുന്നു അമ്പിളി കലാ-സാംസ്കാരിക സമിതി, കുഞ്ഞിക്കൃഷ്ണൻ സ്മാരക കലാസമിതി തുടങ്ങിയവ. മുൻകാലങ്ങളിൽ, മാനസികോല്ലാസത്തിനും കായികശേഷിക്കും ഉപകരിക്കുന്ന ഇട്ടികളി, ഗോട്ടികളി, തലമകളി, കൊത്തങ്കല്ലുകളി, ഞൊണ്ടിക്കളി, സോഡകളി, കബഡികളി, ചട്ടികളി തുടങ്ങിയ കായികവിനോദങ്ങൾ വ്യാപകമായിരുന്നു.

കറപ്പത്തോട്ടം: ചിത്രം ചരിത്രം

1767-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി അഞ്ചരക്കണ്ടിയിൽ 500 ഏക്കർ പ്രദേശത്ത് സുഗന്ധ വ്യഞ്ജനങ്ങൾ കൃഷി ചെയ്യുവാനായി ഒരു എസ്റ്റേറ്റ്‌ സ്ഥാപിച്ചു. ഇവിടെ പ്രധാനമായും കൃഷി ചെയ്തിരുന്നത് ഗ്രാമ്പൂ,  ജാതി, കുരുമുളക്, പിന്നെ സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നറിയപെടുന്ന കറുവപ്പട്ടയും ആയിരുന്നു ഇന്ന് പകഷെ കറുവപ്പട്ട മാത്രമേ ഉള്ളു. കൂടാതെ തെങ്ങും കുറച്ചു റബ്ബറും ഉണ്ട്.  എസ്റ്റേറ്റിന്റെ വിസ്തീർണം 200 ഏക്കർ ആയി ചുരുങ്ങുകയും ചെയ്തു. 1850-ൽ ആണ് ലോർഡ് മർഡോക്ക് ബ്രൌൺ എന്ന സായിപ്പ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായി അഞ്ചരക്കണ്ടിയിൽ എത്തിച്ചേരുകയും  അതിനു ‘രണ്ടുതറ ‘എസ്റ്റേറ്റ്‌' എന്ന പേരിടുകയും ചെയ്തത്. ഇവിടെ നിനും സിനമൺ (കറുവപ്പട്ട) ഓയിൽ സംസ്കരിചെടുക്കുകയും വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ഉണ്ടായി.ഇന്ന് അഞ്ചരക്കണ്ടി മെഡിക്കൽകോളേജ്‌ കോളേജ് സ്ഥിതി ചെയ്യുന്നത് ഈ തോട്ടത്തിലാണ്. കേരളത്തിലെ നദികളിൽ നീളത്തിൽ ഇരുപത്തെട്ടാം സ്ഥാനമുള്ള അഞ്ചരക്കണ്ടിപ്പുഴ ഈ തോട്ടത്തിനു നടുവിലൂടെ ഒഴുകുന്നു.

കക്കോത്ത് കാവ്

കണ്ണൂർ 'തിറകളുടെ നാട്'   എന്ന് പറയുന്നത് തന്നെ എത്ര ശരിയാണ്, ഏതൊക്കെ വിധത്തിലുള്ള തെയ്യ കോലങ്ങൾ,എത്ര എത്ര കാവുകൾ,ആചാരങ്ങൾ,അനുഷ്ടാനങ്ങൾ.ഒരു ഗ്രാമത്തിൻറെ ഭംഗിയും വാസ്തു ശില്പ വിദ്യയും പഴമയുടെ പ്രൌഡിയും ഒത്തു ചേർന്ന കാവുകളും അവയുടെ പരിസരങ്ങളും ഗ്രാമീണതയുടെ പര്യായങ്ങൾ ആണ്.

ടിപ്പു സുൽത്തന്റെ പടയോട്ടത്തിൽ വടക്കേ മലബാറിൽ നശിപ്പിക്കപെടാത്ത അപൂർവ്വം കാവുകളിൽ ഒന്നാണ് ഇത്. ഒരു നാടിനെ സംരക്ഷിക്കുന്ന ഭഗവതി ഉണ്ട്‌ ഇവിടെ എന്ന് വിശ്വസിച്ചുപോരുന്നു. വർഷത്തിൽ മാർച്ച് മാസത്തിൽ ആണ് ഉൽസവം. ഭഗവതിയുടെ തിരുമുടി വളരെ പ്രസിദ്ധമാണ്‌.ഭഗവതിയുടെ അനുഗ്രഹം വാങ്ങിക്കുവാൻ ആയിരങ്ങൾ ഇവിടെ വർഷം തോറും വന്നുപോവുന്നു.

മാമ്പ സിയാറത്തുങ്കര മഖാം

ഉത്തരകേരളത്തിലെങ്ങും പ്രസിദ്ധമായ മാമ്പ സിയാറത്തുങ്കര മഖാം അഞ്ചരക്കണ്ടിയിൽ സ്ഥിതിചെയ്യുന്നു. പിറന്ന മണ്ണിന്റെ മോചനത്തിനായി ഡച്ചുപടയോട് പോരാടുന്നതിനിടയിൽ വീരമൃത്യുവരിച്ച രാജ്യസ്നേഹികളുടെ അന്ത്യവിശ്രമസ്ഥാനമായ സിയാറത്തുങ്കര മഖാമിൽ നടന്നിരുന്ന നേർച്ച ഈ പ്രദേശത്തെ മതമൈത്രിയുടെ ഉത്തമ ദൃഷ്ടാന്തമായിരുന്നു.