ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കല്ലൂപ്പാറ ചരിത്രവും പുരാവൃത്തങ്ങളും ..
കല്ലൂപ്പാറയുടെ ചരിത്രം മനസിലാക്കണമെങ്കിൽ ആദ്യമായി മൂന്നു രാജ്യങ്ങളുടെ ചരിത്രം ചുരുക്കമായി അറിയേണ്ടതുണ്ട്..
1.വെമ്പലനാട്.
മഹോദയപുരം കേന്ദ്രമായ കുലശേഖര സാമ്രാജ്യത്തിലെ 14 നാടുകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു വെമ്പലനാട്. വേപ്പിൻ പൂവ് ചിഹ്നമാക്കിയതിനാൽ വേമ്പൻ എന്ന് ബിരുദം പേരിനോട് ചേർത്ത പാണ്ഡ്യന്റെ ഭൂമി വേമ്പനാടായെന്ന് പണ്ഡിത പക്ഷം. AD 475 വരെ ദേശം പാണ്ഡ്യാധിപത്യ ത്തിലായിരുന്നുവെന്നും അതിനു ശേഷം കുറെക്കാലം പടിഞ്ഞാറൻ വേമ്പനാട് രവിവർമ്മ കുലശേഖര പെരുമാൾക്ക് അധീനമായിയെന്നും മഹാകവി ഉള്ളൂർ രേഖപ്പെടുത്തിയിരിക്കുന്നു.തെക്ക് പത്തനംതിട്ടയിലെ കൈപ്പട്ടൂർ കടവ് മുതൽ വടക്ക് മുറിഞ്ഞപുഴ വരെയുള്ള ദേശങ്ങൾ ഈ രാജ്യത്തിലുൾപ്പെട്ടിരുന്നു. ഇന്നത്തെ വൈക്കം, മീനച്ചിൽ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, കടുത്തുരുത്തി, വെന്നിമല, മണികണ്ഠപുരം എന്നിവ വെമ്പൊലി നാട്ടിലായിരുന്നു. ചേരമാൻ പെരുമാളുടെ പുത്ര പരമ്പരയിൽ പെടുന്നവരാണ് വെമ്പലനാട്ട് രാജാക്കൻമാരെന്നാണ് വടക്കുംകൂർ രാജ രാജവർമ്മ അഭിപ്രായപ്പെടുന്നത്.വടമതിര എന്ന് കൂടി പേരുള്ള കടുത്തുരുത്തി ഈ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നിരിക്കണം. ഏറ്റവും വലിയ പുരാതന കേരള രാജ്യമായിരുന്നു വെമ്പൊലി നാടെന്നും,50000 ഓളം പോരാളികളുടെ പട ഈ രാജ്യത്തുണ്ടായിരുന്നു വെന്നും കേരള മഹാ ചരിത്രത്തിൽ കുറുപ്പം വീട്ടിൽ ഗോപാലപിള്ള സൂചിപ്പിക്കുന്നു. AD 1008 നും 1018നും ഇടയിൽ മറ്റു പല കേരള രാജ്യങ്ങളും ആക്രമിച്ച ചാലൂക്യാധിപനായിരുന്ന വിക്രമാദിത്യ ത്രിഭുവനമല്ലൻ അക്കാലത്തെ വെമ്പൊലിനാട്ട് രാജാവായിരുന്ന വീര രവിവർമ്മയുടെ സുഹൃത്തായിരുന്നു.AD 1100 ൽ കുലോത്തുംഗ ചോളൻ കുലശേഖര ചക്രവർത്തിയായ ഭാസ്ക്കര രവിവർമ്മനെ പരാജയപ്പെടുത്തുകയും, ആ ആക്രമണ ത്തോട് കൂടി പ്രഭാവം കുറഞ്ഞ മഹോദയപുരത്തിന്റെ മേൽക്കോയ്മയിൽ നിന്നും സ്വാതന്ത്ര്യം നേടിയ നാട്ടുരാജ്യങ്ങളിൽ പലതിലും കൂറു വാഴ്ച ആരംഭിക്കുകയും ചെയ്യ്തു. AD 1100ഓട് കൂടി വെമ്പൊലി നാട് വടക്കുംകൂറെന്നും, തെക്കുംകൂറെന്നും രണ്ടായി പിരിഞ്ഞു...


2.     തെക്കുംകൂർ .
ഇന്നത്തെ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, കോട്ടയം താലൂക്കുകളും, മീനച്ചിൽ താലൂക്കിന്റെ ഒരു ഭാഗം, കോട്ടയം ജില്ലയിലെ ഹൈറേഞ്ച് ഇവ ചേർന്ന പണ്ടത്തെ വെമ്പൊലിനാടിന്റെ തെക്കൻ ഭാഗങ്ങളായിരുന്നു തെക്കുംകൂർ രാജ്യം. ഏ.ഡി 1750 വരെ തിരുവിതാംകൂറിനും കൊച്ചിയ്ക്കും ഇടയിൽ നിലനിന്നിരുന്ന ഒരു സ്വതന്ത്ര രാജ്യമാണിത്.തെക്കുംകൂറിന്റെ തലസ്ഥാനം വെന്നിമല, മണികണ്ഠപുരം, ചങ്ങനാശ്ശേരി, താഴത്തങ്ങാടിതളി എന്നിവിടങ്ങളിൽ മാറിമാറി വന്നു. കാഞ്ഞിരപ്പള്ളിയിലും അവർക്കു ഇടം(കൊട്ടാരം) ഉണ്ടായിരുന്നു.കൊച്ചിയുടെ സാമന്തരായിരുന്നു തെക്കും കൂർ. 1663,1674 എന്നീ വർഷങ്ങളിൽ കൊച്ചിയുടെ അറിവോടെ ഡച്ചുകാർ തെക്കുംകൂറുമായി സന്ധിയുണ്ടാക്കി. തിരുവിതാംകൂർ - കായംകുളം യുദ്ധത്തിൽ കായംകുളത്തെ സഹായിച്ചു എന്ന കാരണം പറഞ്ഞ് 1749 ൽ രാമയ്യൻ തെക്കുംകൂർ പിടിച്ചടക്കി തിരുവിതാംകൂറിൽ ലയിപ്പിച്ചു. അടുത്ത വർഷം കവണാർ വരെയുള്ള പ്രദേശം ശ്രീപദ്മനാഭന് തൃപ്പടി ദാനം നൽകുകയും ചെയ്തു. പിടിച്ചെടുക്കാൻ സഹായിച്ച ചെങ്ങന്നൂരിലെ വഞ്ഞിപ്പുഴ തമ്പുരാന് തെക്കുംകൂറിലെ ചിറക്കടവ്, ചേനപ്പാടി, പെരുവന്താനം പ്രദേശങ്ങൾ മാർത്താണ്ഡവർമ്മ കരമൊഴിവായി നൽകി. .

3.ഇടപ്പള്ളി രാജവംശം..

ഇടപ്പള്ളി രാജവംശത്തിന് ഇളങ്ങള്ളൂർ സ്വരൂപം എന്നും പേരുണ്ട്. കാൽക്കരെ നാട്ടിലെ തൃക്കാക്കര ക്ഷേത്രത്തിൽ പൂജ നടത്തിയിരുന്ന പ്രതാപശാലിയായ ഒരു നമ്പൂതിരി ആയിരുന്നു ഇതിന്റെ സ്ഥാപകൻ. കുലശേഖരരാജ്യത്തിന്റെ പതന(1102) ത്തെ തുടർന്ന് ഇടപ്പള്ളി ആസ്ഥാനമായി നമ്പൂതിരി ഒരു സ്വതന്ത്രരാജ്യം സ്ഥാപിച്ചു. പതിനാലാം നൂറ്റാണ്ടിലേതെന്നു കരുതുന്ന കോകസന്ദേശത്തിൽ തെന്തളിത്തമ്പുരാൻ എന്ന് ഇളങ്ങള്ളൂർ രാജാവിനെ നിശേഷിപ്പിച്ചിരിക്കുന്നതു കാണാം.രാജ്യവിസ്ത്രിതി കുറവയിരുന്നെക്കിലും കേരളത്തെ സ്വതന്ത്രരാജവംശങ്ങളിൽ പ്രധാനപെട്ട സ്ഥാനമായിരുന്നു ഇടപ്പളളിക്കുണ്ടായിരുന്നത്.ഇടപ്പള്ളി രാജാവിന് 71 വലിയ അമ്പലങ്ങളോടുകൂടി 244 ദേവസ്വങ്ങളുണ്ടായിരുന്നു .മൂവാറ്റുപുഴ താലൂക്കിലെ വാഴപ്പിള്ളി, കാർത്തികപ്പള്ളിതാലൂക്കിലെ തൃക്കുന്നപ്പുഴ, തിരുവല്ല താലൂക്കിലെ കല്ലൂപ്പാറ എന്നിവ ഇടപ്പള്ളി സ്വരൂപത്തിൽ ഉൾപ്പെട്ടിരുന്നു.പ1740-ൽ ഡച്ച് ഈസ്റ്റിന്ത്യാകമ്പനിയുമായി ഇടപ്പള്ളി കരാർ ഉണ്ടാക്കിയിരുന്നു. 1500-1530കാലയളവിൽ പോർട്ടുഗീസ് ആക്രമണത്തെ അതിജീവിച്ചു. തിരുവിതാംകൂർസ്ഥാപിച്ച് വേണാട് രാജ്യം വിസ്തൃതമാക്കിയ മാർത്താണ്ഡവർമ്മ രാജാവ് നമ്പൂതിരി ആയതുകൊണ്ട് ഇടപ്പള്ളിയെ ആക്രമിച്ചില്ല. 1820-ൽ ബ്രിട്ടീഷുകാർ ഈ രാജ്യം കൊച്ചിരാജാവിന്റെ സംരക്ഷണയിലാക്കിയിലെങ്കിലും, ഇടപ്പള്ളിത്തമ്പുരാന്റെ പ്രതിഷേധം മൂലം 1825-ൽ തിരുവിതാംകൂർ ഭരണത്തിൽ കീഴിലാക്കി. .

കല്ലൂപ്പാറയുടെ ചരിത്രത്തിലേക്ക്.....
പെരുമ്പ്രനാട്( പെരും പാറ നാട്) എന്നായിരുന്നു കല്ലൂപ്പാറയുടെ ആദ്യനാമമെന്ന് പറയപ്പെടുന്നു.ഇതേ അർത്ഥം വരുന്ന കല്ലും പാറയും നിറഞ്ഞ നാട് എന്ന ധ്വനിയുള്ള കൽ ഊർ പാറ (ഊര്=നാട്) ലോപിച്ചാണ് കല്ലൂപ്പാറ ആയതെന്നു കരുതാം.കൊല്ലവർഷം 776 (AD1601)ലെ കുഴിക്കാട്ടു ഗ്രന്ഥവരിയിൽ(ക്ഷേത്രകർമ്മങ്ങൾ കുറിച്ച രേഖ) കല്ലൂർപാറെ ഭഗവതി ക്ഷേത്രത്തിൽ ഭരണി ശേഷ ചടങ്ങുകൾ എന്ന രേഖ കാണാം. തിരുവല്ല ദേശത്തിന്റെ 25 പകുതികളിൽ (ചെറു പ്രദേശം)ഒന്നായ കല്ലൂപ്പാറ തെക്കുംകൂറിന്റെ രാജ്യാതിർത്തിക്കുള്ളിൽ ആയിരുന്നെങ്കിലും ബ്രാഹ്മണ രാജവംശത്തോടുള്ള ആദരവും ക്ഷേത്രനടത്തിപ്പിൽ അവർക്കുള്ള താൽപ്പര്യവും ഹേതുവായി പ്രമുഖ ദേശദേവതയായി ആരാധിച്ചിരുന്ന മണിമലയാറിന്റെ തീരത്തുള്ള കല്ലൂപ്പാറ ഭഗവതി ക്ഷേത്രം ഉൾക്കൊള്ളുന്ന കല്ലൂപ്പാറപ്രദേശം തെക്കുംകൂർ ‍ രാജാവ് ഇടപ്പള്ളിത്തമ്പുരാന് ദാനമായി നൽകി. അങ്ങനെ കല്ലൂപ്പാറ ഇടപ്പള്ളി സ്വരൂപത്തിന്റെ ഭാഗമായി.കല്ലൂപ്പാറ ഭഗവതിയിൽ അചഞ്ചല ഭക്തിയുണ്ടാകയാൽ ഇടപ്പള്ളിത്തമ്പുരാൻ ക്ഷേത്രത്തിന്റെ എതിർ കരയിൽ രാജവംശത്തിന്റെ പേരിൽ തന്നെയുള്ള ഇളങ്ങള്ളൂർ മഠത്തിൽ വന്നു താമസിക്കുക പതിവായിരുന്നു.(1970 കൾക്കു ശേഷമാണ് ഈ വസ്തുവകകൾ ക്ഷേത്രത്തിനു നൽകാതെ ഇടപ്പള്ളി രാജവംശം വിറ്റത് എന്നത് വിരോധാഭാസമായി തോന്നാം.അനന്തരാവകാശികൾ ഇപ്പോൾ എറണാകുളത്ത് താമസിക്കുന്നു.)അടുത്ത കാലം വരെ മഠത്തോടു ചേർന്നുള്ള കുളിപ്പുര മാളിക നിലവിലുണ്ടായിരുന്നു.അത് ഒരു ചരിത്രത്തിന് മൂക സാക്ഷിയായ ശേഷിപ്പാണെന്ന ബോധമുൾക്കൾക്കൊണ്ട് സംരക്ഷിക്കാൻ ആരും തയ്യാറായില്ല എന്നത് നിർഭാഗ്യകരമായ വസ്തുതയാണ്. തെക്കുംകൂർ രാജ്യത്തിന് കല്ലൂപ്പാറയിൽ ആയോധന കളരി ഉണ്ടായിരുന്നു.തെക്കുംകൂർ സൈന്യം ഇവിടെ പരിശീലനത്തിനെത്തിയിരുന്നു.പിൽക്കാലത്ത് ഇവിടം ഇടപ്പള്ളി രാജ്യത്തിനു കീഴിലായപ്പോഴും കളരി തുടർന്നു. ഇണ്ടം തുരുത്തിൽ നായർകുടുംബത്തിന്റെ അധികാരത്തിനു കീഴിലായിരുന്നു കളരിയും കോട്ടയും.ഇണ്ടം തുരുത്തിൽ ഗുരുക്കൻമാർക്ക് ഇടപ്പള്ളിയുടെ പടനായകസ്ഥാനം ഉണ്ടായിരുന്നു.നിലനിരപ്പിൽ നിന്നും 20അടിയിലേറെ ഉയരത്തിൽ രണ്ടേക്കറോളം വ്യാപിച്ചു കിടന്ന കല്ലൂപ്പാറക്കോട്ട 1990കൾ‍ക്കു ശേഷമാണ് വിൽക്കപ്പെട്ട് നാമാവശേഷമായത്. ഇണ്ടം തുരുത്തിൽ കുടുംബം ഗതകാലപ്രൗഡിയുടെ ഓർമ്മകളായി ഇന്നും കല്ലൂപ്പാറയിൽ നിലനിൽക്കുന്നു..
ഐതിഹ്യം..
കല്ലൂപ്പാറയുടെ സാംസ്കാരിക ചരിത്രം ശ്രീഭഗവതിക്ഷേത്രത്തിൽ നിന്നും തുടങ്ങുന്നു എന്നു കാണാം.1500വർഷത്തിലേറെ പഴക്കം ഈ ക്ഷേത്രത്തിന് കണക്കാക്കപ്പെടുന്നു.ഭദ്രകാളി സങ്കൽപ്പത്തിലുള്ള കണ്ണാടിബിംബവും അപൂർവമായ ശ്രീചക്രവും ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. പരാശക്തിയായ ദേവിയുടെ വരപ്രസാദത്തിനാൽ പരമസാധകനായ ഒരു യോഗിവര്യൻ തനിക്കു ലഭിച്ച ദേവീസാന്നിദ്ധ്യമുള്ള ശ്രീചക്രം ഉപാസനാമൂർത്തിയായി ആരാധിച്ചു വന്നു.എന്നാൽ പടിഞ്ഞാറേക്ക് ഒഴുകുന്ന വിഷനാശിനിയായ ഒരു നദി തിരിഞ്ഞ് കിഴക്കോട്ട് ഒഴുകുന്ന പുണ്യസങ്കേതത്തിൽ ശ്രീചക്രസ്ഥിതയായ തന്നെ കുടിയിരുത്തണമെന്ന് ദേവി സ്വപ്നത്തിൽ അറിയിച്ചതു പ്രകാരം അന്വേഷണ യാത്ര നടത്തിയ യോഗിവര്യൻ യാത്രാമധ്യേ ഇവിടെയെത്തുകയും ഉചിതമെന്നു വരികയാൽ നാട്ടുകാർ നിർമ്മിച്ചു നൽകിയ ആലയത്തിൽ ദേവിയെ കുടിയിരുത്തുകയായിരുന്നത്രേ.(മണിമലയാറിന് വിഷഘ്ന എന്നു പേരുള്ളതായി പറയപ്പെടുന്നു.ക്ഷേത്രത്തിനു മുമ്പിൽ നിന്നു നോക്കിയാൽ നദി കിഴക്കോട്ട് ഒഴുകുന്നതായി കാണപ്പെടുന്നു.)ക്ഷേത്രം ഇന്നു കാണുന്ന രൂപത്തിൽ നിർമ്മിച്ചത് 800വർഷങ്ങൾക്കു മുൻപ് ഇടപ്പള്ളി രാജവംശമായിരുന്നു.ക്ഷേത്ര പാലനത്തിനും നിർമ്മാണത്തിനുമായി ഹിന്ദു സമുദായത്തിലെ മിക്ക അവാന്തരവിഭാഗങ്ങളിലും ജാതിയിലും പെട്ടവരെ രാജാവ് ക്ഷേത്രപരിസരത്തു തന്നെ ഭൂമി നല്കി താമസിപ്പിച്ചു.ഇന്നും അവരുടെ പിൻഗാമികൾ ഇവിടെ താമസിക്കുന്നു. ഹിന്ദു മതത്തിലെ താഴ‍്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം നിഷിദ്ധമായിരുന്ന കാലത്ത് , കുംഭമാസത്തിലെ ഭരണിനാളിൽ ക്ഷേത്രത്തിലെത്തി വടക്കെ ഗോപുരത്തിൽഎഴുന്നള്ളിയിരിക്കുന്ന ഭഗവതിയെ ദർശിക്കുവാൻ എല്ലാ ജാതികൾക്കും ഇടപ്പള്ളി രാജാവ് അനുമതി നൽകിയിരുന്നു. ഇത് മറ്റെങ്ങും കാണുവാൻ കഴിയാത്ത സംസ്‍കാര മേന്മയുടെ ഉത്തമ ഉദാഹരണമാണ്. മകരമാസത്തിലെ ഭരണി നാളിൽ സ്ത്രീകൾക്ക് മാത്രം പ്രാധാന്യമുള്ള ചമയവിളക്കെടുപ്പ് ആചാരവും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. പ്രാചീന കലാരൂപമായ പടയണിക്ക് കല്ലൂപ്പാറ ദേവീക്ഷേത്രം പണ്ടു മുതൽ തന്നെ പ്രസിദ്ധമാണ്. പോരിട്ടിക്കാവ് , കോട്ടാങ്ങൽ എന്നീ ഭഗവതീക്ഷേത്രങ്ങളും കല്ലൂപ്പാറ ക്ഷേത്രവുമായി ആചാരപരമായി ചില ബന്ധങ്ങൾ നിലനിർത്തിയിരുന്നു എന്ന് കരുതപ്പെടുന്നു. .
കല്ലൂപ്പാറ പള്ളി..
മണിമലയാറിന്റെ വടക്കേ കരയിൽ മഠത്തുംഭാഗത്തുള്ള ഇളങ്ങള്ളൂർ മഠത്തിൽ ഇടപ്പള്ളി രാജാവ് താമസിക്കാറുണ്ടായിരുന്നു. ഇതിനോടു ചേർന്നുള്ള കുളപ്പുര മാളികയിൽ വിശ്രമിക്കവേ ഒരിക്കൽ മണിമലയാറ്റിൽ കൂടി കിഴക്ക് പ്രദേശത്തുനിന്ന് പടിഞ്ഞാറുള്ള നിരണം പള്ളിയിലേക്ക് ക്രിസ്ത്യാനികൾ ശവശരീരം സംസ്കരിക്കുവാൻ കൊണ്ടുപോകുന്നത് കാണുവാൻ ഇടയായി. കിഴക്ക് പ്രദേശത്ത് പള്ളികൾ ഇല്ലാത്തതിനാലുള്ള ക്രിസ്ത്യാനികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ രാജാവ് ദേവീക്ഷേത്രത്തിനു പടിഞ്ഞാറു വശത്ത് ദേവിയുടെ മൂലസ്ഥാനമായ ആൽത്തറയോട് ചേർന്നു കിടന്ന താമരശ്ശേരി ഇല്ലപ്പറമ്പ് പള്ളി പണിയുവാൻ ക്രിസ്ത്യാനികൾക്ക് ദാനമായി നൽകി. ഇടപ്പള്ളി രാജാവിന്റെ ഉദാരമനസ്ഥിതി കല്ലൂപ്പാറയിലും സമീപ ദേശങ്ങളിലുമുള്ള ക്രിസ്ത്യാനികളുടെ ഒത്തുചേരലിന് കാരണമായി. കാലപ്പഴക്കത്തെപ്പറ്റി വ്യക്തമായ സൂചനകൾ ഒന്നും തന്നെ ഇല്ലായെങ്കിലും ആർക്കിയോളജി വിഭാഗം പള്ളിയിലെത്തി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടാം സഹസ്രാബ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ നിർമ്മിക്കപ്പെട്ടതാണ് പള്ളി എന്ന് വിലയിരുത്തുകയുണ്ടായി. കൊല്ലവർഷം 515 ആം ആണ്ട് കർക്കടകമാസം 3ന് (എ.ഡി. 1339) ആണ് പള്ളിയുടെ ശിലാപ്രതിഷ്ഠ നടത്തിയതെന്ന് തലമുറകളായി പറഞ്ഞു വരുന്നു. പൂമുഖത്തിലും പള്ളിയുടെ മറ്റു അനുബന്ധത്തിലുമുള്ള ദാരുശില്പങ്ങളും ചുവരിലെ രൂപങ്ങളും ക്ഷേത്രമാതൃകയിൽ നിർമ്മിതമായ കല്ലൂപ്പാറ പള്ളിയുടെ പൗരാണികത വിളിച്ചോതുന്നു. കല്ലൂപ്പാറക്ക് എക്കാലവും അഭിമാനിക്കാൻ വകയുള്ള അവസ്ഥയാണ് നൂറ്റാണ്ടുകളായി പുലർന്നുവരുന്ന മതഃസഹിഷ്ണുത. നൂറ്റാണ്ടുകൾക്ക് മുമ്പ് ബ്രാഹ്മണകുലജാതനായ ഇടപ്പള്ളി രാജാവ് ക്ഷേത്രത്തോടു ചേർന്നു കിടക്കുന്ന സ്ഥലം അന്യമതസ്ഥരായ പ്രജകളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി പള്ളിക്കായി ദാനം ചെയ്തത് മറ്റെങ്ങും കാണുവാൻ കഴിയാത്ത മതഃസഹിഷ്ണുതയുടെ മഹനീയ മാതൃകയാണ്. കല്ലൂപ്പാറയിലെ ക്രിസ്ത്യാനികളും രാജാവിനോടും ക്ഷേത്രത്തോടും അളവറ്റ സ്നേഹബഹുമാനങ്ങൾ കാട്ടിയിരുന്നു. പള്ളിയിൽ വെച്ചു നടക്കുന്ന വിവാഹങ്ങളോടു അനുബന്ധിച്ച് ഇടപ്പള്ളി തമ്പുരാന് തിരുമുൽക്കാഴ്ച വെയ്ക്കുന്ന പതിവ് ഉണ്ടായിരുന്നു. വർഷത്തിലൊരിക്കൽ പള്ളിയിൽ നിന്നും ക്ഷേത്രത്തിലേക്ക് പണക്കിഴി നൽകുന്ന പതിവും പണ്ട് ഉണ്ടായിരുന്നു. ഇന്നും ക്ഷേത്രോൽസവകാലത്ത് കെട്ടുകാഴ്ചകൾ എടുക്കുവാൻ ക്രിസ്ത്യാനികളും മതഭേദമെന്യേ പങ്കുചേരുന്നു. എ.ഡി 1893 ൽ ബ്രിട്ടീഷുകാർ പുറത്തിറക്കിയ 'Memoir of the Survey of the Travancore and Cochin States ’ എന്ന പുസ്തകത്തിന്റെ രണ്ടാം വാല്യത്തിൽ കല്ലൂപ്പാറയിലെ ദേവീക്ഷേത്രത്തെപ്പറ്റിയും വലിയ പള്ളിയെപ്പറ്റിയും ഇളങ്ങള്ളൂർ മഠത്തെപ്പറ്റിയും പരാമർശങ്ങൾ ഉണ്ട്. പള്ളിയുടെ പുറംഭിത്തിയിൽ മറ്റു ദേവാലയങ്ങളിൽ ഒന്നും കാണാൻ കഴിയാത്ത പ്രത്യേകതകളുള്ള കന്യാമറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും അപൂർവ്വ ശില്പവും വിശുദ്ധ പത്രോസ് സ്ലീഹായുടെ ശില്പവും ആനയുടെ തലയും മത്സ്യത്തിന്റെ ഉടലുമുള്ള പ്രത്യേകരൂപവും കാണുവാൻ കഴിയും. ക്രിസ്ത്യൻ വിശ്വാസപ്രകാരം വിശുദ്ധ ദൈവമാതാവിന്റെ പേരിലാണ് കല്ലൂപ്പാറ വലിയ പള്ളി അറിയപ്പെടുന്നത്. കല്ലൂപ്പാറ ശ്രീഭഗവതിയെയും വിശുദ്ധ മാതാവിനെയും ജ്യേഷ്ഠത്തിയും അനുജത്തിയുമായി വിശ്വസിച്ച് ആരാധിക്കുന്ന അനേകം വിശ്വാസികൾ ഈ ഗ്രാമത്തിൽ ഇന്നും ഉണ്ട് എന്നുള്ളത് മതസൗഹാർദത്തിന്റെയും ഏകോദരസഹോദരഭാവത്തിന്റെയും മഹനീയ മാതൃകയാണ്. .
അഞ്ചിലവ് ജംഗ്ഷൻ.
കല്ലൂപ്പാറ ഗ്രാമത്തിന് ഐതിഹ്യപരമായി മറക്കാനാവാത്ത ഒരു സ്ഥലമാണ് അഞ്ചിലവ് ജംഗ്ഷൻ. കാനന വാസകാലത്ത് പാണ്ഡവന്മാർ നട്ടുവളർത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന അഞ്ച് ഇലവു മരങ്ങൾ ഉണ്ടായിരുന്നതിനാലാണ് സ്ഥലത്തിന് ഈ പേരു വന്നത്. ഇതിന്റെ പ്രത്യേകത ഒരേ കാണ്ഡത്തിൽ നിന്ന് വളർന്നു വലുതായ അഞ്ച് ഇലവു മരങ്ങളുടെ ഇലകൾ പരസ്പരം സ്പർശിക്കുന്നില്ല എന്നതായിരുന്നു . എന്നാൽ പിന്നീട് വളർന്നു വലുതായി നിലംപൊത്തുമെന്ന അവസ്ഥയിലായപ്പോൾ പഞ്ചായത്ത് അധികൃതർ ഇവ വെട്ടിമാറ്റി. ആ അഞ്ചിലവ് നിന്ന അതേ സ്ഥാനത്തു തന്നെ പഞ്ചായത്ത് അഞ്ച് ഇലവുംതൈകൾ വെച്ചു പിടിപ്പിച്ച് പ്രാചീനതയെ ഓർമപ്പെടുത്തുവാൻ അവസരമൊരുക്കിയിട്ടുണ്ട്. പുതുശ്ശേരി ഭാഗത്ത് മഹാ ശിലാസംസ്‍കാരത്തിന്റെ തെളിവുകളായ മുനിയറകളും ശവസംസ്കാരത്തിന് ഉപയോഗിച്ചിരുന്ന വലിയ കലങ്ങളും കണ്ടെത്തിയിട്ടുണ്ട്.ഇത് ഒരു പ്രാചീന സംസ്കാരം കല്ലൂപ്പാറയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായിരുന്നു എന്നതിന് തെളിവായി കരുതാം. .

വിദ്യാഭ്യാസം.
ഇടപ്പള്ളി രാജഭരണകാലത്തു തന്നെ പ്രദേശവാസികളെ വിദ്യാഭ്യാസത്തിലേക്ക് നയിക്കുവാൻ ശ്രമിച്ചിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി കല്ലൂപ്പാറ ക്ഷേത്രത്തോട് ചേർന്ന് രാജനിർദ്ദേശപ്രകാരം തുടങ്ങിയ പള്ളിക്കൂടം പിന്നീട് നാട്ടുകാരുടെ ശ്രമഫലമയി എൽ.പി. സ്കൂളായും , യു.പി. സ്കൂളായും , 1984 മുതൽ ഹൈസ്കൂളായും പരിണമിക്കപ്പെട്ടു. കല്ലൂപ്പാറ ഗവൺമെന്റ് എൽ.പി.ജി സ്കൂളും കല്ലൂപ്പാറ ഗവൺമെന്റ് ഹൈസ്കൂളും ക്ഷേത്രത്തോടും പള്ളിയോടും ചേർന്നു തന്നെ നിലകൊള്ളുന്നു. കല്ലൂപ്പാറയിലെ മറ്റു ഹൈസ്കൂളുകൾ പുതുശ്ശേരി എം.ജി.ഡി. ഹൈസ്കൂളും ചെങ്ങരൂർ സെന്റ് തെരേസസ്സ് കോൺവെന്റ് ഹയർസെക്കന്ററി സ്കൂളും ആണ്. ഉന്നത വിദ്യാഭ്യാസ പരിപോഷണത്തിന് എം.എൽ.എ. ആയിരുന്ന ശ്രീ. ടി.എസ്. ജോണിന്റെ ശ്രമഫലമായി ഐ.എച്.ആർ.ഡി. യുടെ കീഴിൽ കല്ലൂപ്പാറ എൻജിനീയറിംഗ് കോളേജും പ്രവർത്തിക്കുന്നു. തുടർന്ന് എം.എൽ. എ. ആയിരുന്ന ശ്രീ. ജോസഫ്. എം. പുതുശ്ശേരിയും ഈ ശാസ്ത്ര-സാങ്കേതിക സ്ഥാപനത്തിന്റെ വികസനത്തിൽ വലിയ പങ്കു വഹിച്ചു. ചെങ്ങരൂരിൽ ബി.എഡ്. കോളേജും എം.എഡ്. കോളേജും പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ നിയോജക മണ്ഡലങ്ങളിൽ ഒന്നായിരുന്നു കല്ലൂപ്പാറ. ഇവിടുന്ന് തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ടി.എസ്. ജോൺ നിയമസഭാ സ്പീക്കർ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. എന്നാൽ 2010 നു ശേഷം നടന്ന നിയോജക മണ്ഡല പുനഃസംഘടനയിൽ കല്ലൂപ്പാറ നിയോജക മണ്ഡലം ഇല്ലാതയാവുകയും ഇവിടം തിരുവല്ല നിയോജകമണ്ഡലത്തിന്റെ ഭാഗമാകുകയും ചെയ്തു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മല്ലപ്പള്ളി താലൂക്കിലെ മല്ലപ്പള്ളി ബ്ലോക്കിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തിനു കീഴിൽ ഉൾപ്പെടുന്ന പ്രദേശമാണ്. .

(കടപ്പാട്: ക്ഷേത്രചരിത്ര ഗവേഷകനായിരുന്ന ശ്രീ. പി. ഉണ്ണിക്കൃഷ്ണൻ നായർ അവർകളോട്- വിവര സംഗ്രഹം- പ്രസന്നകുമാർ വി.ജി. അദ്ധ്യാപകൻ.കല്ലൂപ്പാറ ഗവൺമെന്റ് ഹൈസ്കൂൾ) .