"ആർ.സി.യു.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/വിഷുക്കണി - ഒരു നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

00:13, 20 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിഷുക്കണി - ഒരു നൊമ്പരം

"വിഷ്ണു, എന്തുപറ്റി വലിയ സന്തോഷത്തിലാണല്ലോ? " ശബ്ദം കേട്ടിടത്തേക്ക് അവൻ തിരിഞ്ഞു നോക്കി "ഹായ് ആനി ടീച്ചർ, ഗുഡ്മോണിങ് ടീച്ചർ, ടീച്ചർ ഒരു വിശേഷമുണ്ട്. ഇത്തവണ വിഷുവിന് അച്ഛൻ വരുന്നുണ്ട്. പിന്നെ തിരിച്ചു പോകുമ്പോൾ എന്നേം അമ്മയെം കൊണ്ടുപോകും" "കോളടിച്ചല്ലോ, അപ്പോൾ ഇത്തവണത്തെ വെക്കേഷൻ അടിപൊളിയായിരിക്കുമല്ലോ. ശരി ശരി.... ചെല്ലൂ... ക്ലാസിലേക്ക്, ബെല്ലടിക്കാറായി". അവൻ ക്ലാസിലെ ലക്ഷ്യമാക്കി കുതിച്ചു

വിഷ്ണു -അഞ്ചാം തരത്തിൽ പഠിക്കുന്നു. പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും മിടുക്കൻ. അവന്റെ അച്ഛന് ദുബായിലാണ് ജോലി. അമ്മ കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്സാണ്, രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോഴേ വരൂ. വിഷ്ണു അച്ഛച്ഛന്റെയും അമ്മമ്മയുടെയും ഒപ്പമാണ് കഴിയുന്നത്.

ക്ലാസ്സിലെത്തിയതേ, പ്രാർത്ഥനയ്ക്കുള്ള ബെല്ലടിച്ചു. "ഇനി ഇന്റർവെൽ വരെ കാത്തിരിക്കണം, ഇതൊന്നു കൂട്ടുകാരോട് പറയാൻ". ആ രണ്ടു പിരീഡുകൾക്ക് പതിവിലും കൂടുതൽ സമയമെടുത്തതായി അവന് തോന്നി. ആനി ടീച്ചർ കണക്ക് ക്ലാസ്സിൽ അവതരിപ്പിച്ച ഗണിതകളി അവൻ ശ്രദ്ധിച്ചതേയില്ല. ചിന്തകൾ നൂൽ പൊട്ടിയ പട്ടം കണക്കേ പാറിനടന്നു.

ണിം .... ണിം.... ണിം.... മണിയടിച്ചല്ലോ... അവൻ വിളിച്ചുകൂവി. "അപ്പൂ...ടുട്ടൂ..... വിനൂ... ഇചൂ...... വേഗം വന്നേ.. ഒരു കാര്യം പറയാനുണ്ട് ". എന്തോ സംഭവിച്ചതുപോലെ കൂട്ടുകാരെല്ലാരും ഓടിവന്നു. "എന്താടാ.. എന്തുപറ്റി? എന്തിനാ ഇങ്ങനെ വിളിച്ചു കൂവുന്നത്? ". വിഷ്ണു ചിരിച്ചോണ്ട് പറഞ്ഞു. " ടാ... വിഷ്ണു അച്ഛൻ വരും, തിരിച്ചു പോകുമ്പോൾ എന്നേം അമ്മേനേം കൊണ്ടു പോകും. അവധിക്കാലം കഴിഞ്ഞേ വരൂ ". അവന്റെ കയ്യിലടിച്ചുകൊണ്ടു അപ്പു പറഞ്ഞു "അടിപൊളി. നീ ആദ്യമായല്ലേ വിദേശത്തേക്ക് പോകുന്നത്, ഭാഗ്യവാൻ". "പിന്നെ ചെലവുണ്ട്... ", ഒരു കള്ളച്ചിരിയോടെ ടുട്ടു പറഞ്ഞു. " തരാമെടാ, ഞാനീ സ്കൂളൊന്നും മാറാൻ പോണില്ല, തിരിച്ചുവരുമ്പോ കൈനിറയെ മിഠായി കൊണ്ടുവരാം, പോരെ. നിങ്ങൾക്കറിയോ അച്ഛനുമമ്മയും ഒന്നിച്ച് കഴിഞ്ഞ കാലം മറന്നു. നിങ്ങളൊക്കെ എന്ത് ഭാഗ്യവാന്മാരാ, എന്നും അച്ഛനുമമ്മയും കൂടെയില്ലേ? ". " അത് ശരിയാ, കിട്ടണ തല്ലിനും ഒരു കണക്കില്ല, എന്തൊരു ഭാഗ്യം എന്തൊരു ഭാഗ്യം". ഇച്ചുവിന്റെ കൗണ്ടർ.

പെട്ടെന്ന് മൈക്കിലൂടെ ഒരു അനൗൺസ്മെന്റ്. " പ്രിയ കുട്ടികളെ, കൊറോണ എന്നൊരു വൈറസ് ചൈനയിലെ വുഹാൻ നഗരത്തിൽനിന്നും പൊട്ടിപ്പുറപ്പെട്ട് ലോകമെങ്ങും വ്യാപിച്ചിരിക്കുന്നു. ചൈനയിൽ മാത്രം ഈ വൈറസ് ബാധ മൂലം മൂവായിരത്തിലധികം പേർ ഇതിനോടകം മരണമടഞ്ഞു. ഈ സാഹചര്യത്തിൽ നിങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഇന്നുമുതൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നു. വീട്ടിൽ ആയിരിക്കുമ്പോഴും ഒത്തിരി കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കണം. വ്യക്തിശുചിത്വം എപ്പോഴും പാലിക്കണം. ഇടയ്ക്കിടയ്ക്ക് കയ്യും മുഖവും വൃത്തിയായി കഴുകണം. സാനിടൈസർ ഉപയോഗിക്കണം അനാവശ്യമായി പുറത്തിറങ്ങി നടക്കരുത് പുറം രാജ്യങ്ങളിൽ നിന്നും ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ 14 ദിവസത്തേക്ക് അവരുമായി സമ്പർക്കത്തിൽ ഏർപ്പെടരുത്. വ്യഗ്രത വേണ്ട, ജാഗ്രത മതി. അവധിക്കാലം വീട്ടിലിരുന്ന് തന്നെ വേണ്ടവിധത്തിൽ ആസ്വദിക്കാൻ നിങ്ങൾക്കാകട്ടെ എന്ന് ആശംസിക്കുന്നു" ഹെഡ്മിസ്ട്രസ് ബേബി ടീച്ചർ ഇത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും സ്കൂളിൽ ആകെ ആരവം ഉയർന്നു . ദേശീയഗാനം മുഴങ്ങി, കൂട്ട മണിയടിച്ചു, എല്ലാവരും പിരിഞ്ഞു പോയി, സന്തോഷത്തോടെ. പക്ഷേ, വിഷ്ണു മാത്രം അല്പം വിഷമത്തോടെ വീട്ടിലേക്ക് ചെന്നു. " ഉണ്ണി, സ്കൂൾ അടച്ചു അല്ലേ, ടിവിയില് കണ്ടു. പിന്നെ, അമ്മ വിളിച്ചിട്ടുണ്ടായിരുന്നു, രണ്ടു മൂന്ന് ആഴ്ചത്തേക്ക് വരണില്ലത്രേ, ആസ്പത്രിയിലെ കൊറോണ വാർഡിൽ സ്പെഷ്യൽ ഡ്യൂട്ടിയാ, സാരല്യ ഉണ്ണി, നമുക്ക് ചക്കരമാവിലെ ഊഞ്ഞാലു കെട്ടാം. പിന്നെ അച്ഛച്ചന്റെ കൂടെ തോട്ടിൽ പോയി ചൂണ്ടയിടാം ". അമ്മമ്മയുടെ ഈ വാക്കുകൾ ഒന്നും അവനെ തെല്ലും സാന്ത്വനിപ്പിച്ചില്ല.


ദിവസങ്ങൾ കടന്നു പോയി, വിരസമായി തന്നെ. പെട്ടെന്നൊരു ദിവസം പ്രധാനമന്ത്രിയുടെ ലോക് ഡൗൺ പ്രഖ്യാപനവും വന്നു. 21 ദിവസം..... ദൈവമേ.... എന്തൊരു ചതി.... അച്ഛനും അമ്മയും ഇല്ല.... കൂട്ടുകാരുടെ കൂടെ കളിക്കാനും പറ്റില്ല. വിഷ്ണുവിനു കരച്ചിൽ വന്നു. സ്വപ്നം കണ്ടതെല്ലാം പൊട്ടിച്ചിതറി പോയി. അച്ഛച്ചനും അമ്മമ്മയും അവനെ സന്തോഷിപ്പിക്കാൻ പറ്റാവുന്നതെല്ലാം ചെയ്തു. ഒന്നിനും ആ കുരുന്നു മനസ്സിന്റെ നൊമ്പരം മായ്ക്കാനായില്ല. വിഷു പുലരിയായി, കണ്ണനു മുന്നിൽ അമ്മമ്മ ഒരുക്കിവെച്ച കണി കൺകുളിർക്കെ കണ്ടപ്പോൾ വിഷ്ണുവിന്റെ കണ്ണുകൾ തുളുമ്പി. നിറമിഴിയോടെ, മനമുരുകി അവൻ പ്രാർത്ഥിച്ചു, ഭഗവാനേ എന്റെ അച്ഛനേം അമ്മയെം കാക്കണേ, ലോകമെങ്ങും ശാന്തിയും, സമാധാനവും, സൗഖ്യവും നൽകണേ.. നൊമ്പരം ഉള്ളിലൊതുക്കി അവൻ മന്ത്രിച്ചു, അങ്ങനെ ആ വിഷുവും കടന്നുപോയി, ആരവങ്ങളില്ലാതെ, ആഘോഷമില്ലാതെ....

അമൽ സ്വാലിഹ്
7B [[|ആർ. സി. യു. പി. എസ്. കയ്പമംഗലം]]
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ