"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/പരിസ്ഥിതി ക്ലബ്ബ്-17/വായന:പ്രളയദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
25010spwhs (സംവാദം | സംഭാവനകൾ) ('{{PHSSchoolFrame/Pages}} {{prettyurl|S.P.W.H.S Thaikkattukara}} ==മഹാപ്രളയം== മഹാപ്രളയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (added Category:2018ലെ പ്രളയം using HotCat) |
||
വരി 96: | വരി 96: | ||
*കേരളത്തിലെ ഡാമുകൾ ഒരുമിച്ച് തുറന്നതുകൊണ്ടാണ് വെള്ളപ്പൊക്കമുണ്ടായതെന്നും അതല്ല അതിശക്തമായ മഴ തുടർച്ചയായി പെയ്തതാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയതെന്നും ഉള്ള വിവാദവും ഉയർന്നിരുന്നു. | *കേരളത്തിലെ ഡാമുകൾ ഒരുമിച്ച് തുറന്നതുകൊണ്ടാണ് വെള്ളപ്പൊക്കമുണ്ടായതെന്നും അതല്ല അതിശക്തമായ മഴ തുടർച്ചയായി പെയ്തതാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയതെന്നും ഉള്ള വിവാദവും ഉയർന്നിരുന്നു. | ||
എഴുത്തിന് കടപ്പാട്:'''രാജേഷ് വെമ്പായം''' | എഴുത്തിന് കടപ്പാട്:'''രാജേഷ് വെമ്പായം''' | ||
[[വർഗ്ഗം:2018ലെ പ്രളയം]] |
15:50, 16 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മഹാപ്രളയം
മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കികളഞ്ഞ വർഷമായിരുന്നു 2018. 1924ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. അതിശക്തമായ മഴയെത്തുടർന്ന് മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർധിപ്പിച്ചു. ചരിത്രത്തിലാദ്യമായി 54 അണക്കെട്ടുകളിൽ 35 എണ്ണവും തുറന്നുവിടേണ്ടിവന്നു. 26 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകൾ ഒരുമിച്ചു തുറന്നത്. കനത്ത മഴയിലും പ്രളയത്തിലും ഉരുൾപൊട്ടലിലും ഏകദേശം 483 പേർ മരിച്ചതായാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. 14 പേരെ കാണാതായി. കാലവർഷം ശക്തമായ ഓഗസ്റ്റ് 21 ന് 3,91,494 ലക്ഷം കുടുംബങ്ങളിൽ നിന്നായി 14,50,707 ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ജിവിക്കേണ്ട അവസ്ഥയിലെത്തി. കേരളത്തിലെ 14 ജില്ലകളിലും അതീവ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പ്രാഥമിക വിലയിരുത്തൽ പ്രകാരം ഏകദേശം 40,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിന് സം സംഭവിച്ചത്.
ദുരന്തകാരണം
ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് ദുരന്തം സംഭവിച്ചത്. അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നുവിട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന ആരോപണങ്ങൾ കേന്ദ്ര ജല കമ്മീഷൻ തന്നെ തള്ളിയിരുന്നു. യഥാർത്ഥത്തിൽ ഡാമുകളിലേക്ക് ഒഴുകിയെത്തിയതിൽ ഒരു ഭാഗം മാത്രമാണ് പുറത്തേക്ക് തുറന്ന് വിട്ടത്. ഒരു ഭാഗം ജലം ഡാമിൽ തന്നെ പിടിച്ചു നിർത്തുകയും അത്രത്തോളം പ്രളയത്തിന്റെ രൂക്ഷത കുറയ്ക്കാനും സഹായകരമായി എന്നാണ് കേന്ദ്ര ജല കമ്മീഷന്റെ കണ്ടെത്തൽ. അന്തർ സംസ്ഥാന അണക്കെട്ടുകളുടെ ഏകോപനമില്ലായ്മ, ഒട്ടനവധി മേഘവിസ്ഫോടനങ്ങൾ, അന്തരീക്ഷത്തിലെ ന്യൂനമർദം എന്നിവയും ഈ പ്രളയത്തിന്റെ കാരണങ്ങളിൽ ചിലതുമാത്രമാണ്. നിലയ്ക്കാതെ പെയ്ത മഴവെള്ളത്തെ ഉൾക്കൊള്ളുവാൻ 41 നദികൾക്കോ അതിലെ 54 ജലസംഭരണികൾക്കോ സാധിച്ചില്ല. ശാന്തസമുദ്രത്തിൽ രൂപപ്പെട്ട ഷൻഷൻ, യാഗി എന്നീ ചുഴലിക്കാറ്റുകളും കേരളത്തിലെ കനത്തമഴയെ സ്വാധീനിച്ചിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. ഇടുക്കിയിൽ ജലനിരപ്പ് ഉയർന്നിട്ടും ഷട്ടറുകൾ തുറക്കാൻ വൈകിയതാണ് പെരിയാറിന്റെ തീരങ്ങളെയും കൊച്ചി നഗരത്തിന്റെ ഭാഗങ്ങളെയും പൂർണമായി ജലത്തിനടിയിലാക്കിയത് എന്നാരോപണമുണ്ട്. തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള അപ്പർ ഷോളയാർ, പറമ്പിക്കുളം ഡാമുകളിലെ ഷട്ടർ തുറക്കുന്ന വിവരം യഥാസമയം കേരളം അറിയാതെ പോയതും വെള്ളപ്പൊക്കത്തിന്റെ ആഘാതം കൂടാൻ മറ്റൊരു കാരണമായി. ഡാം തുറക്കുന്നതിന് ഏതാനും മണിക്കൂർ മുൻപു മാത്രമാണു തമിഴ്‌നാട് വിവരം പുറത്തുവിട്ടത്. ബാണാസുരസാഗർ അണക്കെട്ട് മണ്ണ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അതിനാൽ പരമാവധി ജലനിരപ്പിൽ നിന്നും ഒട്ടും തന്നെ ജലം ഡാമിൽ നിർത്താൻ സാധ്യമല്ല. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് 2018 ജൂലൈ 15ന് ഡാം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു. വെള്ളം തുറന്നു വിട്ടപ്പോൾ ജലം കുത്തിയൊഴുകി വീടുകൾ തകർന്നും മറ്റും ദുരിതത്തിലായത് വയനാട്ടിലെ ഏഴ് പഞ്ചായത്തിൽ ഉള്ളവരാണ്.
മഴക്കെടുതികൾ
- 483 പേർ മരിച്ചു. കാണാതായവർ 14. പതിനാല് ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു
- വയനാട്ടിൽ മഴയും മണ്ണിടിച്ചിലും വ്യാപകമായ നാശനഷ്ടം വിതച്ചു, ചുരം ഇടിഞ്ഞ് യാത്ര തടസ്സപ്പെട്ടു
- ആഗസ്റ്റ് 28 വരെ നാലു ലക്ഷത്തോളം പക്ഷികളുടെയും 18,532 ചെറിയ മൃഗങ്ങളുടെയും 3,766 വലിയ മൃഗങ്ങളുടെയും ജഡങ്ങൾ സംസ്കരിച്ചു
- വ്യവസായ, വാണിജ്യ മേഖലകളിലെ നഷ്ടം ഏകദേശം 10,000 കോടി രൂപയോളം വരുമെന്നാണ് പ്രാഥമിക നിഗമനം
- നിരവധി റോഡുകൾ വെള്ളത്തിനടിയിലാവുകയും ഒലിച്ചുപോവുകയും ചെയ്തു. ഒട്ടേറെ പാലങ്ങൾ തകർന്നു
- നെടുമ്പാശ്ശേരി വിമാനത്താവളം രണ്ടാഴ്ചയോളം അടച്ചിടേണ്ടി വന്നു
- റോഡ് ഗതാഗതം സ്തംഭിച്ചതും കൊച്ചിയിലേക്കുള്ള വിമാന സർവീസുകൾ മുടങ്ങിയതുംമൂലം വൻതോതിൽ ഹോട്ടൽ മുറികളുടെ ബുക്കിങ് റദ്ദാക്കപ്പെട്ടു
- മൂന്നാർ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും തീർത്തും നിർജ്ജീവമായി
- കേരള ടൂറിസത്തിന്റെ വിപണനത്തിൽ വലിയ പങ്കുള്ള ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി പോലും മാറ്റിവയ്ക്കേണ്ടിവന്നു
- പ്രളയം മൂലം സിനിമകളുടെ റിലീസിംഗ് മാറ്റിവയ്ക്കേണ്ടിവന്നു. ഇതുമൂലം 30 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ഫിലിം ചേമ്പർ ചൂണ്ടിക്കാട്ടുന്നത്
- പച്ചക്കറി, വാഴ, നെല്ല്, കപ്പ, നാണ്യവിളകൾ തുടങ്ങി എല്ലാ വിളകളും നശിച്ചു
- കതിരണിഞ്ഞ ഏക്കർകണക്കിന് വയലേലകൾ കുത്തിയൊഴുകിയെത്തിയ മലവെള്ളത്തിൽ മുങ്ങിപ്പോയി
- കുട്ടനാട്ടിലും അപ്പർ കുട്ടനാടൻ മേഖലയിലും മാത്രം ഏകദേശം 10,495 ഹെക്ടർ പ്രദേശത്തെ നെൽകൃഷി നശിച്ചു
- വിലയിടിവുകൊണ്ടു നട്ടംതിരിഞ്ഞിരുന്ന കർഷകർക്ക് ഇരട്ടപ്രഹരമായി അതിവൃഷ്ടി
- തോട്ടം മേഖലയിലെ ആകെ നഷ്ടം 800 കോടിയിലധികമാണ്. 48,000 ഹെക്ടർ തോട്ടങ്ങളെയെങ്കിലും പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ
- റബർ തോട്ടങ്ങൾക്കു മാത്രം ഏകദേശം 500 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി
- വൈദ്യുതി വിതരണ സംവിധാനം താറുമാറായി. 25 ലക്ഷം ആളുകളുടെ വൈദ്യുതി കണക്ഷൻ നഷ്ടപ്പെട്ടു
- 28 സബ് സ്റ്റേഷനുകളും 5 ഉത്പാദന നിലയങ്ങളും പ്രവർത്തനം നിർത്തിവച്ചു
- പുറമെ 5 ചെറുകിട വൈദ്യുതി നിലയങ്ങൾ വെള്ളം കയറി തകർന്നു.
പ്രളയം വിവിധ ജില്ലകളിൽ
തിരുവനന്തപുരം-ജില്ലയിൽ കരമനയാർ കര കവിഞ്ഞൊഴുകിയതിനെത്തുടർന്ന് ജഗതി, കിള്ളിപ്പാലം, അട്ടക്കുളങ്ങര തുടങ്ങിയ സ്ഥലങ്ങളും, തിരുവനന്തപുരം ജില്ലയിലെ മറ്റ് ഒറ്റപെട്ട സ്ഥലങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായില്ല.
കൊല്ലം-ജില്ലയിലെ 44 വില്ലേജുകൾ പ്രളയബാധിതമായി പ്രഖ്യാപിച്ചിരുന്നു. 94 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 4193 കുടുംബങ്ങളിലെ 14142 പേരെ മാറ്റി പാർപ്പിച്ചു. മൺറോതുരുത്തിലും കല്ലടയാറ്റിലും തുടർച്ചയായി മൂന്നു ദിവസത്തോളം ജലനിരപ്പ് ഉയർന്നു. കിടപ്രം, പെരുങ്ങാലം, പട്ടംതുരുത്ത്, കൺട്രാംകാണി ഭാഗങ്ങളിൽ നിന്ന് മുഴുവൻ കുടുംബങ്ങളേയും ഒഴിപ്പിച്ചു. ആയിരത്തിലധികം കുടുംബങ്ങൾക്ക് ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടേണ്ടി വന്നു.
പത്തനംതിട്ട-ജില്ലയിൽ പ്രളയം ഏറെ ബാധിച്ചത് റാന്നി, ചെങ്ങന്നൂർ പാണ്ടനാട്, ആറന്മുള, പന്തളം, നിരണം, തേവേരി, ഇരതോട്, കടപ്രമാന്നാർ മേഖലകളിലാണ്. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ട കണക്കുകൾപ്രകാരം 14നു വൈകിട്ടു നാലിനു കക്കി - ആനത്തോട് അണക്കെട്ടിൽനിന്നു സെക്കൻഡിൽ 85,300 ലീറ്ററും പമ്പ അണക്കെട്ടിൽനിന്നു സെക്കൻഡിൽ 47,000 ലിറ്റർ ജലവുമാണു പുറത്തുവിട്ടത്. രാത്രിയായതോടെ രണ്ട് അണക്കെട്ടുകളുടെയും ഷട്ടറുകൾ കൂടുതൽ ഉയർത്തി. രാത്രി 10നു രണ്ടിടത്തുനിന്നുമായി സെക്കൻഡിൽ 4.68 ലക്ഷം ലിറ്റർ ജലം പുറത്തേക്ക് ഒഴുക്കി. രാത്രി ഒന്നിന് ഇത് ആറര ലക്ഷവും പുലർച്ചെ ആറോടെ സെക്കൻഡിൽ 9.39 ലക്ഷം ലിറ്ററുമായി ഉയർന്നു. ഡാമുകൾ തുറന്നു വിട്ടതിനാൽ ആറന്മുള , ഇടയാറന്മുള, റാന്നിയും ചുറ്റുവട്ട പ്രദേശങ്ങളൂം ദിവസങ്ങളോളം വെള്ളത്തിന്റെ അടിയിലായി. പമ്പ, മണിമല സംഗമമായ തിരുവല്ല പുളിക്കീഴും പമ്പ, അച്ചൻകോവിൽ സംഗമമായ വീയപുരവും വെള്ളത്തിൽ മുങ്ങി. തിരുവല്ല - കായങ്കുളം റോഡിൽ കടപ്ര മുതൽ മണിപ്പുഴവരെ ശക്തമായ നീഴൊഴുക്കിൽ ഗതാഗതം മുടങ്ങി. അച്ചൻകോവിൽ നദി കരകവിഞ്ഞു ഒഴുകിയതിനാൽ പന്തളം നഗരം പൂർണമായി വെള്ളത്തിലായി. ദിവസങ്ങളോളം എം.സി. റോഡ് വഴിയുള്ള ഗതാഗതം സ്തംഭിച്ചു. ആറൻമുളയും മറ്റും പരിസര പ്രദേശത്തുമായി നിരവധിപേർ വീടുകളിൽ കുടുങ്ങി. ഹെലികോപ്റ്റർ മാർഗമാണ് നിരവധിപേരെ രക്ഷപെടുത്തിയത്. ജില്ലയിൽ 106 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിരുന്നു. 2,331 കുടുംബങ്ങളിലെ 8,788 പേരെ മാറ്റി പാർപ്പിച്ചു. ചെങ്ങന്നൂരിലെ ആകെയുള്ള നാലുലക്ഷം പേരിൽ 1,60,000 പേരെ പ്രളയം ബാധിച്ചു. പമ്പ നദി കരകവിഞ്ഞ് ഒഴുകിയതിനാൽ ശബരിമല തീർത്ഥാടനം പൂർണമായി നിർത്തിവച്ചു. സന്നിധാനത്തേക്ക് ത്രിവേണിയിൽനിന്ന് അയ്യപ്പന്മാർ നടന്നുപൊയ്ക്കൊണ്ടിരുന്ന വഴിയിലേക്ക് പമ്പയാർ വഴിമാറിയൊഴുകി. ശബരിമല പമ്പാതീരവും ത്രിവേണീ സംഗമവും പൂർണമായും വെള്ളത്തിനടിയിലായി.
ആലപ്പുഴ-കായലുകളും തോടുകളും കരകവിഞ്ഞൊഴുകി നഗരത്തിലേക്കു വെള്ളം കയറി. എഎസ് കനാൽ കവിഞ്ഞ് ആലപ്പുഴയിലേക്കു വെള്ളം കയറി. വേമ്പനാട് കായലിലെ എല്ലാ ബോട്ടുകളും രക്ഷാ പ്രവർത്തനത്തിനായി പിടിച്ചെടുക്കാൻ മന്ത്രി ജി. സുധാകരൻ നിർദേശം നൽകി. ബോട്ടുകൾ നൽകാത്ത ചിലരുടെ ലൈസൻസ് റദ്ദാക്കി. 30 ബോട്ടുകൾ കളക്ടർ പിടിച്ചെടുത്തു. 700 ഓളം ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 50,754 കുടുംബങ്ങളിൽ നിന്നു 2,10,119 പേരാണു ക്യാംപുകളിൽ കഴിയുന്നത്. അമ്പലപ്പുഴയിൽ 150 ക്യാംപുകളിലായി 16854 കുടുംബങ്ങളിലെ 60860 പേരും ചേർത്തലയിൽ 60 ക്യാംപുകളിലായി 2900 കുടുംബങ്ങളിലെ 31552 പേരുമാണു കഴിയുന്നത്. മാവേലിക്കരയിൽ 148 ക്യാംപുകളിൽ 15200 കുടുംബങ്ങളിലെ 52,465 പേരും കാർത്തികപ്പള്ളിയിൽ 320 ക്യാംപുകളിലായി 15800 കുടുംബങ്ങളിലെ 65242 പേരും കഴിയുന്നു. ആലപ്പുഴ ബീച്ചിനുസമീപം കനാലിനെയും കടലിനെയും ബന്ധിപ്പിക്കുന്ന പൊഴി മുറിക്കാൻ കളക്ടർ നിർദേശം നൽകി. ചേർത്തല താലൂക്കിലുൾപ്പെടെ കായലോര പ്രദേശങ്ങളിൽ വെള്ളം കയറി. ചെങ്ങന്നൂർ, പാണ്ടനാട് , ഇടനാട് എന്നീ പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. തിരുവൻവണ്ടൂർ, വാഴാർ, മംഗലം എന്നിവടങ്ങളിലും ജനജീവിതം ദുസഹമായി. കുട്ടനാട്ടിലെ സ്ഥിതി അതീവഗുരുതുതരമായി. കുട്ടനാടിന്റെ പ്രളയ ബാധിത മേഖലകളിൽനിന്നു വലിയ അളവിൽ ആളുകളെ ഒഴിപ്പിച്ചു.
കോട്ടയം-ജില്ലയുടെ കിഴക്കൻമേഖലകളായ പാല, ഈരാറ്റുപേട്ട, തീക്കോയി, ഏന്തയാർ, മുണ്ടക്കയം, എരുമേലി, മണിമല ഭാഗങ്ങളിൽ ശക്തമായ മഴയും ഉരുൾപൊട്ടലും മൂലം മീനച്ചിൽ നദിയും മണിമലയാറും കരകവിഞ്ഞ് ക്രമാതീതമായ വെള്ളപ്പൊക്കം ഉണ്ടായി. അതേസമയംതന്നെ ഈ വെള്ളം ജില്ലയുടെ പടിഞ്ഞാറൻ ഭാഗങ്ങളായ വൈക്കം, തലയോലപറമ്പ്, നീണ്ടൂർ, കല്ലറ, ആർപ്പൂക്കര, അയ്മനം, കുമരകം, തിരുവാർപ്പ്, കോട്ടയം നഗരത്തിന്റെ പടിഞ്ഞാറൻ വാർഡുകൾ, ചിങ്ങവനം, കുറിച്ചി, ചങ്ങനാശ്ശേരി, പായിപ്പാട് എന്നിവിടങ്ങളിൽ ആഴ്ചകൾ നീണ്ടുനിന്ന അതി തീവ്രമായ വെള്ളപ്പൊക്കം ഉണ്ടാക്കി. 450ൽ അധികം ദുരിതാശ്വാസ ക്യാമ്പുകളിലായി അറുപതിനായിരത്തിൽപരം ആളുകൾക്ക് കഴിയേണ്ടിവന്നു.
ഇടുക്കി-ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401 അടി പിന്നിട്ടതോടെ ഷട്ടറുകൾ ഒന്നൊന്നായി തുറന്നു. ചെറുതോണി, മുല്ലപ്പെരിയാർ ഡാമുകൾ കനത്ത മഴയെത്തുടർന്ന് തുറന്നുവിട്ടതോടെ ചെറുതോണി നഗരം വെള്ളത്തിനടിയിലാകുകയും കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം ജില്ലയിലെ പല സ്ഥലങ്ങളും ഒറ്റപ്പെടുകയും ചെയ്തു. ഹൈറേഞ്ച് മേഖല പൂർണമായും ഒറ്റപ്പെട്ടു. മൂന്നാറിൽ നിരവധി സഞ്ചാരികൾ കുടുങ്ങി. കടുത്ത പ്രളയത്തിൽ ജില്ലയിൽ ഗതാഗത യോഗ്യമായ പാതകളുടെ എണ്ണം നാമമാത്രമായി ചുരുങ്ങി. 92 പാതകളും മൂന്നു പാലങ്ങളും തകർന്നടിഞ്ഞതിനാൽ ജില്ലയുടെ പുറത്തേയ്ക്കുള്ള വഴികൾ അടഞ്ഞു.
എറണാകുളം-ഇടമലയാർ അണക്കെട്ടിന്റെ പൂർണ്ണ സംഭരണശേഷിയായ169.5 മീറ്ററിനും മുകളിൽ അണക്കെട്ടിലെ ജലനിരപ്പ് എത്തിയതോടെ ആഗസ്റ്റ് 9 നു വെളുപ്പിന് അഞ്ച് മണിയ്ക്ക് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതോടെ പെരിയാർ കര കവിഞ്ഞൊഴുകി. ഇതോടൊപ്പം അടുത്ത ദിവസങ്ങളിൽ ക്രമാതീതമായി ജലനിരപ്പ‌് ഉയർന്നതിനെ തുടർന്ന‌് ചെറുതോണി അണക്കെട്ടിലെ ഷട്ടറുകളും ഓരോന്നായി തുറക്കുകയും ഇതോടൊപ്പം ഇടുക്കി അണക്കെട്ടിലേയ്ക്കു മുല്ലപ്പെറിയാറിലെ അധിക ജലം എത്തുകയും ചെയ്തതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായിത്തീർന്നു. ജില്ലയിലെ അനേകം താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു. പുഴയുടെ തീരപ്രദേശങ്ങളിലനുഭവപ്പെട്ട കനത്ത മഴയാൽ ജലനിരപ്പ് ഉയർന്നുനിന്ന അതേ സമയത്താണ് അണക്കെട്ടുകൾ തുറന്നു വിട്ടത്. ഇതോടൊപ്പം ഇടമലയാർ, ഭൂതത്താൻ കെട്ട് അണക്കെട്ടുകളിലെ ജലവും കൂടിച്ചേർന്നപ്പോൾ ആലുവാ മണപ്പുറം മുങ്ങിപ്പോകുകയും സമീപ പ്രദേശങ്ങളാകെ ജലനിരപ്പ് ഉയരുകയും തീരപ്രദേശം പൂർണ്ണമായി ജലത്തിനടിയിലാകുകയും ചെയ്തു. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് കോതമംഗലം, കുന്നത്തുനാട്, കണയന്നൂർ, ആലുവ, കാലടി, അങ്കമാലി, അത്താണി, പെരുമ്പാവൂർ, മുപ്പത്തടം, ഏലൂർക്കര, ചിറ്റാറ്റുകര പ്രദേശങ്ങളെയാണ്. ആലുവ, ഏലൂർ, നോർത്ത് പറവൂർ എന്നിവിടങ്ങളിൽ ഭവനങ്ങളുടെ രണ്ടാം നിലകളിൽവരെ പ്രളയ ജലം ഉയർന്നിരുന്നു. പെരിയാർ കരകവിഞ്ഞ് ഒഴുകിപ്പരന്നതോടെ ആലുവയിൽ ദേശീയ പാത വെള്ളത്തിനടിയിലായിരുന്നു. എംസി റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിലച്ചു. അതിനു മുമ്പുതന്നെ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചുപൂട്ടിയിരുന്നു.
തൃശ്ശൂർ-ആദ്യ നാളിൽ കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചപ്പോൾ തൃശൂരും തിരുവനന്തപുരവും കോഴിക്കോടും അലർട്ട് പ്രഖ്യാപിച്ചിരുന്നില്ല. പിന്നീട് ചാലക്കുടിപ്പുഴ കരകവിഞ്ഞൊഴുകിയതാണ് തൃശൂർ ജില്ലയുടെ തെക്കുഭാഗത്തെ ദുരിതത്തിലാഴ്ത്തിയത്. പെരിയാറിനൊപ്പം ചാലക്കുടിപ്പുഴയും കരകവിഞ്ഞൊഴുകിയതോടെ ഇരുനദികളുടെയും സംഗമസ്ഥാനത്താണ് വെള്ളപ്പൊക്കം ഏറ്റവുമധികം നീണ്ടുനിന്നത്. ചാലക്കുടിപ്പുഴയുടെ മുകൾഭാഗത്തുള്ള എല്ലാ അണക്കെട്ടുകളും തുറന്നുവിട്ടതാണ് പുഴ കരകവിയാൻ കാരണമായത്. അണക്കെട്ടുകളിൽ ഏറ്റവും താഴെയുള്ള പെരിങ്ങൽകുത്ത് അണക്കെട്ടിൽനിന്ന് വെള്ളം ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകുന്നതിന് പകരം അണക്കെട്ട് തന്നെ കവിഞ്ഞൊഴുകുകയായിരുന്നു. ചാലക്കുടി പട്ടണവും സമീപത്തുള്ള നിരവധി ഗ്രാമങ്ങളും ഇതിലൂടെ പൂർണമായും വെള്ളത്തിനടിയിലായി. ദേശീയപാതയും റെയിൽപ്പാതയും മറ്റ് റോഡുകളും വെള്ളം കയറി തടസപ്പെട്ടതോടെ ചാലക്കുടി പട്ടണവും മറ്റ് പല ഗ്രാമങ്ങളും ദിവസങ്ങളോളം ഒറ്റപ്പെട്ടു.
പാലക്കാട്-നദികൾ കരകവിഞ്ഞൊഴുകി ശേഖരിപുരം,കൽപ്പാത്തി, കഞ്ചിക്കോട്, പുതുപരിയാരം, മാട്ടുമന്ത തുടങ്ങി ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. 21 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ തുടങ്ങിയത്. 2025 പേരെ വിവധ ക്യാമ്പുകളിലായി മാറ്റി പാർപ്പിച്ചു. നെല്ലിയാമ്പതി പൂർണമായും ഒറ്റപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥരും തോട്ടം തൊഴിലാളികളും ഉൾപ്പെടെ നിരവധിപ്പേർ കുടുങ്ങി. ഗതാഗതം പൂർണമായും തടസപ്പെട്ടു. പോത്തുണ്ടി ഡാമിൽ നിന്നും നെല്ലിയാമ്പതി എത്തുന്നത് വരെയുള്ള വഴിയിൽ 74 സ്ഥലങ്ങളിലായി വലിയ മരങ്ങൾ വീണ് റോഡ് തകർന്നു. പതിനാല് ഇടങ്ങളിൽ മണ്ണ് ഇടിഞ്ഞു ഉരുൾപൊട്ടി. ഹെലികോപ്റ്റർ മാർഗമല്ലാതെ അവിടേക്ക് എത്തിപ്പെടാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട തോട്ടം തൊഴിലാളികളെ സഹായിക്കാൻ വ്യോമസേന രംഗത്തിറങ്ങി. വൈദ്യസഹായം ആവശ്യമുള്ളവരെ ഹെലികോപ്റ്ററുകളിൽ പാലക്കാട്ടെത്തിച്ചു. നെന്മാറ മുതൽ നെല്ലിയാമ്പതി വരെ ഉരുൾപൊട്ടലിൽ പതിനഞ്ച് കിലോമീറ്റർ റോഡ് തകർന്നു. ചെറുനെല്ലി ആദിവാസി കോളനിക്ക് സമീപമുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ നെല്ലിയാമ്പതിയിലേക്കെത്തുന്ന രണ്ട് പാലങ്ങളും റോഡും പൂർണമായും തകർന്നു.
മലപ്പുറം-ഇതര ജില്ലകളെ അപേക്ഷിച്ച് വെള്ളപ്പൊക്കതോത് കുറവായിരുന്നെങ്കിലും ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് മരണ സംഖ്യ വർധിച്ചു. മെയ് 29 മുതൽ ഓഗസ്ത് 24 വരെ 48 പേർ മരണപ്പെട്ടതായാണ് കണക്ക്. 12 ലക്ഷത്തിലധികം പേരെ ജില്ലയിൽ ഈ പ്രളയം നേരിട്ട് ബാധിച്ചു. രണ്ട് ദിവസത്തോളം ടൗൺ വെള്ളം മൂടി. കുന്തിപ്പുഴയും അതിന്റെ കൈവഴികളും തോടുകളും കര കവിഞ്ഞു ഒഴുകിയതു മൂലം പുഴക്ക് ഇരുവശവുമുള്ള ഒട്ടനേകം വീടുകൾ വെള്ളത്തിനടിയിലായി. മലയോര മേഖലകളിൽ നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉരുൾ പൊട്ടൽ എന്നിവമൂലം നിരവധി വീടുകൾക്കും റോഡുകൾക്കും കൃഷിയിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലുക്കുകളിലാണ് കൂടുതൽ മണ്ണിടിച്ചിലുണ്ടായത്. 540 വീടുകൾ പുർണമായും 4241 വീടുകൾ ഭാഗികമായും തകർന്നു. 191 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഓഗസ്റ്റ് 9 നു നിലമ്പൂർ ആഢ്യൻപാറ വെള്ളച്ചാട്ടത്തിനുസമീപം എരുമമുണ്ടയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ 5 പേർ അടക്കം 6 പേർ മരിച്ചു. ഓഗസ്റ്റ് 15 നു മണ്ണിടിഞ്ഞു കൊണ്ടോട്ടി പൂച്ചാലിൽ ഒരു കുടുംബത്തിലെ 3 പേരും കൊണ്ടോട്ടി പെരിങ്ങാവിൽ ഒരു കുടുംബത്തിലെ 5 പേർ അടക്കം 9 പേരും മരിച്ചു. ഊർങ്ങാട്ടിരി വെറ്റിലപ്പാറ നെല്ലിയായി ആദിവാസി കോളനിയിൽ ഉരുൾ പൊട്ടി ഒരു കുടുംബത്തിലെ 4 പേർ അടക്കം 7 പേർ മരിച്ചു.
കോഴിക്കോട്-മലയോര മേഖലയിൽ വ്യാപകമായും ആനക്കാംപൊയിലിലും നായാട്ടുപൊയിലിലും വനത്തിനുള്ളിൽ ഉരുൾപൊട്ടി. പുല്ലൂരാംപാറ ഇലന്തുകടവിൽ പുഴ ഗതിമാറിയൊഴുകി. മറിപ്പുഴയും ഇരുവഞ്ഞിപ്പുഴയും കര കവിഞ്ഞൊഴുകി. കൂടരഞ്ഞി പഞ്ചായത്തിലെ കല്പിനിയിൽ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപെട്ട് അച്ഛനും മകനും മരിച്ചു. പുല്ലൂരാംപാറ–തിരുവമ്പാടി റോഡിലും തിരുവമ്പാടി കോഴിക്കോട് റോഡിലും വെള്ളപ്പൊക്കത്തെതുടർന്ന് ഗതാഗതം തടസപ്പെട്ടു. കുറ്റ്യാടിപ്പുഴയിൽ ആറടിയോളം വെള്ളമുയർന്നു. കുറ്റ്യാടി ടൗണിലെ കടകളിൽ വെള്ളം കയറി. ശക്തമായ മലവെള്ളപാച്ചിലിൽ മലയോരത്താകെ രൂക്ഷമായ വെള്ളം പൊക്കമായിരുന്നു. തിരുവമ്പാടി അങ്ങാടിയിൽ വെള്ളം കയറി. സംസ്ഥാന പാതയിൽ അഗസ്ത്യൻ മുഴിയിൽ വെള്ളം കയറി. ദേശീയപാതയിൽ നെല്ലാങ്കണ്ടി, വാവാട് സെന്റർ, താഴെ പടനിലം, വെണ്ണക്കാട് എന്നിവിടങ്ങളിൽ പൂനൂർ പുഴയിൽ നിന്ന് വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ജില്ലയിൽ 500 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.
വയനാട്-ഇടമുറിയാതെ പെയ്ത മഴ പതിനായിരക്കണക്കിന് കുടുംബങ്ങളെ ദുരിതത്തിലാക്കി. കോട്ടത്തറ അങ്ങാടിക്ക് തൊട്ടരികിലൂടെ ഒഴുകുന്ന ചെറുപുഴയിൽ നിന്നുള്ള വെള്ളം കോട്ടത്തറ-പിണങ്ങോട് റോഡ് തുടങ്ങുന്നയിടവും സമീപത്തെ നിരവധി കടകളും തകർത്തു. കോട്ടത്തറ പഞ്ചായത്തിലെ 3, 4, 5 വാർഡുകളൊഴികെ മറ്റ് 10 വാർഡുകളും വെള്ളത്താൽ ചുറ്റപ്പെട്ടു. വലിയകുന്ന്, കുളക്കിമട്ടംകുന്ന്, ചേലാകുനിക്കുന്ന്, മാങ്കോട്ട്കുന്ന്, പുതിയേടത്ത്കുന്ന്, കല്ലട്ടി, പുതുശ്ശേരിക്കുന്ന്, കുറുമണി, പൊയിൽ, കള്ളംപടി, ഈരംകൊല്ലി, പാലപ്പൊയിൽ, കരിഞ്ഞകുന്ന്, പടവെട്ടി, ചെമ്പന്നൂർ എന്നീ ജനവാസകേന്ദ്രങ്ങൾ ഏറെക്കുറെ ഒറ്റപ്പെട്ടു. മൈലാടി-വെണ്ണിയോട് റോഡ്, വെണ്ണിയോട്-കോട്ടത്തറ റോഡ്, വെണ്ണിയോട്-മെച്ചന റോഡ് എന്നിവ വെള്ളത്തിനടിയിലായി. ജില്ലയിലെ 126 ദുരിതാശ്വാസ ക്യാമ്പുകളിൽ 3768 കുടുംബങ്ങളിൽ നിന്നായി 13,916 പേർ കഴിഞ്ഞു.
കണ്ണൂർ-ഉരുൾപൊട്ടലിലും മഴക്കെടുതിയിലും 74 വീടുകൾ പൂർണമായും രണ്ടായിരത്തോളം വീടുകൾ ഭാഗികമായും തകർന്നു. 635 ഹെക്ടറിൽ കൃഷിനാശമുണ്ടായി. മലയോര മേഖലയിൽ 198 കുടുംബങ്ങളിലായി 633 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിൽ മുന്നൂറോളം വീടുകളിൽ വെള്ളം കയറി. അയ്യങ്കുന്ന്, നുച്യാട്, വയത്തൂർ, ചാവശ്ശേരി, കോളാരി, വിളമന, കേളകം, ആറളം, ഇരിക്കൂർ, കൊട്ടിയൂർ, എരിവേശ്ശി, ചെങ്ങളായി, ഉളിക്കൽ വില്ലേജുകളിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ഇരിട്ടി താലൂക്കിലെ അടക്കാത്തോട്, ശാന്തിഗിരി, കൈലാസപ്പടി മേഖലകളിൽ ഭൂമിയിലും കെട്ടിടങ്ങളിലും വിള്ളലുകൾ ഉണ്ടായി.
കാസർകോട്-ജില്ലയിൽ വെള്ളപ്പൊക്കത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായില്ല.
രക്ഷകരായി മത്സ്യത്തൊഴിലാളികൾ
പത്തനംതിട്ട, എറണാകുളം ജില്ലകളിലെ അതിരൂക്ഷമായ പ്രളയക്കെടുതിയിൽ നിരവധി ജീവനുകൾ രക്ഷിച്ചത് കൊല്ലം ജില്ലയിലെ വാടിയിലേയും നീണ്ടകരയിലേയും തിരുവനന്തപുരത്തെ വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളിലേയും എറണാകുളം മുനമ്പത്തേയും മത്സ്യബന്ധന ബോട്ടുകളും അവയിലെ തൊഴിലാളികളുമാണ്. 94 മത്സ്യബന്ധന ബോട്ടുകളാണ് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നും രക്ഷാ പ്രവർത്തന ദൗത്യങ്ങൾക്ക് പത്തനംതിട്ടയിൽ എത്തിച്ചത്. മീൻപിടുത്തത്തിന് ഉപയോഗിക്കുന്ന ചെറുവള്ളങ്ങൾ മുതൽ വലിയ ബോട്ടുകൾ വരെയുള്ളവയാണ് പ്രളയസമയത്ത് മൂന്നു ദിവസങ്ങളിലായി രാവും പകലുമില്ലാതെ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്. മലപ്പുറം വേങ്ങരയിൽ നിന്നുള്ള ഒരു ദൃശ്യം ദേശീയ മാധ്യമങ്ങളുടേയടക്കം ശ്രദ്ധയാകർഷിച്ചു. മുതലമാട് പ്രായമേറിയ സ്ത്രീകളെയടക്കം ബോട്ടിൽ കയറ്റാൻ തന്റെ മുതുക്ക് ചവിട്ടുപടിയാക്കി നൽകിയ താനൂരിലെ മത്സ്യത്തൊഴിലാളി ജയ്‌സലാണ് വീഡിയോയിലെ താരം. രക്ഷാപ്രവർത്തനത്തിനിടയിൽ ബോട്ടിൽ കയറാൻ കഴിയാതിരുന്ന സ്ത്രീകൾക്കാണ് ഇദ്ദേഹം തന്റെ മുതുക് ചവിട്ടുപടിയാക്കി നൽകിയത്.
ആർമിയുടെ സേനാംഗങ്ങൾ ആവശ്യത്തിന് എത്തിയിരുന്നെങ്കിലും ഇവർ കൊണ്ടുവന്ന പരിമിതമായ ബോട്ടുകൾ മാത്രം ഉപയോഗിച്ച് രക്ഷാപ്രവർത്തനം സാധ്യമായിരുന്നില്ല. തുടർന്ന് വാടി കടപ്പുറത്തു നിന്നും നീണ്ടകരയിൽ നിന്നും തിരുവനന്തപുരത്തു നിന്നും കണ്ണുരിൽ നിന്നും എത്തിച്ച വള്ളങ്ങളും ബോട്ടുകളും രംഗത്തിറങ്ങിയതോടെയാണ് രക്ഷാപ്രവർത്തനം കാര്യക്ഷമമായത്. ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നുണ്ടായിരുന്നെങ്കിലും അഞ്ച് പേരെ മാത്രമാണ് ഒരു ഹെലികോപ്ടറിൽ ഒരു സമയം മാറ്റുവാൻ കഴിഞ്ഞത്. ഈ സമയത്ത് വലിയ മത്സ്യബന്ധന ബോട്ടുകളിൽ ഒരുസമയം 60 പേരെ വരെ രക്ഷപ്പെടുത്തുവാൻ കഴിഞ്ഞു. വലിയ ബോട്ടുകൾക്ക് അടുക്കുവാൻ കഴിയാത്ത സ്ഥലങ്ങളിൽ ചെറിയ വള്ളങ്ങൾ വിന്യസിപ്പിച്ചും ഇത് രണ്ടും സാധ്യമല്ലാത്ത സ്ഥലങ്ങളിൽ സ്പീഡ് ബോട്ടുകൾ ഉപയോഗിച്ചുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിനായി എത്തിച്ച ഒരു മത്സ്യബന്ധന ബോട്ട് പൂർണമായി തകരുകയും ആറു ബോട്ടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
രക്ഷാപ്രവർത്തനത്തിലേർപ്പെട്ട മത്സ്യതൊഴിലാളികളെ കേരളത്തിന്റെ സൈന്യം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചു. രക്ഷാ പ്രവർത്തനത്തിനിടയിൽ തകർന്നുപോയ ബോട്ടുകളുടെ കേടുപാടുകൾ സർക്കാർ മേൽനോട്ടത്തിൽ തന്നെ തീർത്തുകൊടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നറിയിച്ചു. ദുരിതാശ്വാസ പ്രദേശത്ത് രക്ഷാ പ്രവർത്തനത്തിനായി എങ്ങനെയാണോ ബോട്ടുകളെ എത്തിച്ചത്, അതേ തരത്തിൽ തന്നെ അത് മടക്കിയെത്തിക്കണമെന്ന് നിർദ്ദേശവും നൽകി. രക്ഷാപ്രവർത്തനത്തിലെ ഏകോപനം കൈയടി നേടി
മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാരുടെയും ഭരണ സംവിധാനങ്ങളുടെയും കേന്ദ്ര സേനകളുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും മൽസ്യ തൊഴിലാളികളുടെയും സോഷ്യൽ മീഡിയയുടെയും സഹായത്തോടെ രക്ഷാ പ്രവർത്തങ്ങൾ ഏകോപിച്ചു ദുരന്തത്തെ നേരിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോലും അഭിനന്ദനം നേടി.
ഫയർഫോഴ്സ്-14 ജില്ലകളിലെയും സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സൈന്യവും ദേശീയ ദുരന്ത പ്രതികരണ സേനയും രക്ഷാപ്രവർത്തനത്തിനെത്തുന്നതിന് മുമ്പേതന്നെ പ്രളയരക്ഷാദൗത്യമാരംഭിച്ച അഗ്നി-രക്ഷാ സേന 1.20 ലക്ഷം ആൾക്കാരെയാണ് രക്ഷപ്പെടുത്തിയത്. രണ്ടായിരത്തോളം പേരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്. വിയ്യൂരിലെ പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിലായിരുന്ന നാനൂറോളം പേരും രക്ഷാപ്രവർത്തനത്തിന് നിയോഗക്കപ്പട്ടു. മോട്ടോർ ഘടിപ്പിച്ച റബ്ബർ ഡിങ്കികളുപയോഗിച്ചാണ് സേനാംഗങ്ങൾ പ്രധാനമായും രക്ഷാപ്രവർത്തനം നടത്തിയത്. കേരളത്തിന്റെത് കൂടാതെ തമിഴ്നാട് , ഒഡീഷ എന്നിവിടങ്ങളിലെ ഫയർ ഫോഴ്സും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
സൈന്യം-പൊലീസ് സേനയ്ക്കും അഗ്നി-രക്ഷാ സേനയ്ക്കും നാട്ടുകാർക്കും മത്സ്യത്തൊഴിലാളികൾക്കുമൊപ്പംചേർന്ന് വിവിധ സേനാവിഭാഗങ്ങളുടെ സൈനികർ രക്ഷാ പ്രവർത്തനത്തിൽ ഭാഗഭാക്കായി. അടിയന്തര സാഹചര്യം മുൻനിറുത്തി വ്യോമസേനയുടെ തിരുവനന്തപുരത്തേയും നാവികസേനയുടെ കൊച്ചിയിലേയും വിമാനത്താവളങ്ങൾ രക്ഷാ പ്രവർത്തനത്തിന് ഉടനടി തുറന്നു കൊടുക്കാൻ നിർദേശം നൽകിയതായി കേന്ദ്ര പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കിയിരുന്നു. എല്ലാ സൈനിക വിഭാഗങ്ങളിൽനിന്നായും തീരസംരക്ഷണ സേനയിൽനിന്നുമായി വലിയൊരു സംവിധാനം കേരളത്തിൽ പ്രവർത്തിച്ചു. അതുപോലെതന്നെ തീര സംരക്ഷണ സേനയുടെ 42 ടീമുകൾ, 2 ഹെലിക്കോപ്ടറുകൾ, 2 കപ്പലുകൾ എന്നിവ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. എഞ്ചിനീയറിംഗ് ടാസ്ക് ഫോർസ് അവരുടെ 10 ടീമുകളിലെ 790 സൈനികരെ രക്ഷാപ്രവർത്തനത്തിനു വിന്യസിപ്പിച്ചിരുന്നു.
വ്യോമസേന(ഓപ്പറേഷൻ കരുണ)
നിരവധി ഹെലികോപ്ടറുകളാണ് വ്യോമസേന വിന്യസിച്ചത്. വ്യോമസേനയുടെ 10 എംഐ-17, വി5 ഹെലികോപ്റ്ററുകളും 10 ലൈറ്റ് ഹെലികോപ്റ്ററുകളും 3 ചേതക്/ ചീറ്റ ഹെലികോപ്റ്ററുകളുമാണ് രക്ഷാ ദൗത്യത്തിനിറങ്ങിയത്. ഓരോ സി 17, സി 130 വിമാനങ്ങളും രണ്ട് ഐഎൽ-76 വിമാനങ്ങളും ഏഴു എഎൻ-32 വിമാനങ്ങളും ദൗത്യത്തിലുണ്ടായിരുന്നു. കേരളത്തിലുടനീളം സംസ്ഥാന പൊലീസ് സേനയ്ക്കും അഗ്നി-രക്ഷാ സേനയ്ക്കും നാട്ടുകാർക്കും മത്സ്യത്തൊഴിലാളികൾക്കുമൊപ്പംചേർന്ന് വിവിധ സേനാവിഭാഗങ്ങളുടെ സൈനികർ രക്ഷാ പ്രവർത്തനത്തിൽ ഭാഗഭാക്കായി. വ്യോമസേന അവരുടെ 500 മോട്ടോർബോട്ട്, 90 ചെറു വിമാനങ്ങൾ എന്നിവ ഉപയോഗപ്പെടുത്തി. പാലക്കാട് ജില്ലയിലെ ദേശീയ പാതയിൽ പ്രളയത്തിൽ ഒലിച്ചുപോയ പാലം എഞ്ചിനീയറിംഗ് ടാസ്ക് ഫോർസ് അതിവേഗത്തിൽ പുനസ്ഥാപിക്കുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. സേനാവിഭാഗങ്ങൾക്കൊപ്പം മത്സ്യത്തൊഴിലാളികളും വിവിധ സന്നദ്ധ സംഘടനകളും മുൻകയ്യെടുത്തു പ്രവർത്തിച്ചത് ദുരന്തത്തിന്റെ ആഘാതം കുറയ്ക്കുന്നതിനു കാരണമായി.
കരസേന(ഓപ്പറേഷൻ സഹയോഗ്)
ഓപ്പറേഷൻ സഹയോഗ് എന്ന പേരിൽ കേരള സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും സൈന്യം നിരവധി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. കാലാവസ്ഥാ പ്രശ്നങ്ങളും ദൂര സ്ഥലങ്ങളിൽനിന്നു് വേഗത്തിൽ എത്തിച്ചേരുന്നതിനുള്ള അസൗകര്യമൊക്കെയായി ഉദ്ദേശിച്ച സമയത്തും ആൾബലവും എത്തിക്കുന്നതിനു നേരിയ പ്രശ്നങ്ങൾ ഉണ്ടായി എന്നതൊഴിച്ചാൽ മികച്ച രീതിയിലുള്ള സഹകരണം സൈനിക വിഭാഗങ്ങളുടെ പക്ഷത്തുനിന്നു ലഭിച്ചിരുന്നു. കരസേന കേരളത്തിലെ പ്രളയബാധിതമായ ഏതാനും ഇടങ്ങളിൽ 13 താൽക്കാലിക പാലങ്ങൾ നിർമ്മിച്ചിരുന്നു.
നാവികസേന (ഓപ്പറേഷൻ മദദ്) -നാവിക സേനയുടെ 82 ടീമുകളിലെ ഏകദേശം ആയിരത്തോളം പേർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. നാവിക സേനയുടെ 38 ഹെലിക്കോപ്റ്ററുകളും മറ്റു നിരവധി വാഹനങ്ങളും കേരളത്തിൽ പലയിടങ്ങളിലായി പ്രവർത്തിച്ചിരുന്നു. മോശമായ കാലാവസ്ഥ പലയിടങ്ങളിലും ഹെലികോപ്ടറുകളുടെ പ്രവർത്തനത്തിനും ഇറങ്ങുന്നതിനും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. കൊച്ചിയിൽ സീകിങ് 42 സി ഹെലികോപ്റ്റർ വീടിനു മുകളിലിറക്കി 26 പേരെ രക്ഷിച്ച നാവികസേനയുടെ ക്യാപ്റ്റൻ പി. രാജ്കുമാറിന്റെ സേവനം എടുത്തു പറയേണ്ടതാണ്. പ്രളയജലത്താൽ വലയം ചെയ്യപ്പെട്ട് അശരണരായ കഴിഞ്ഞ ആലുവ ചെങ്ങമനാട്ടുള്ള ഒരു പൂർണഗർഭിണിയേയും മറ്റൊരു വനിതയേയും നാവിക സേനാ കമാൻഡർ വിജയ് വർമയും സംഘവും അതിസാഹസികമായി വീടിനു മുകളിൽ നിന്നു രക്ഷിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം ഒരു വീടിനു മുകളിൽ വെള്ള പെയ്ന്റ് ഉപയോഗിച്ച് ഏതോ അജ്ഞാതനായ വ്യക്തി ആകാശത്തുനിന്നു ദർശിക്കാവുന്ന വലിപ്പത്തിൽ 'താങ്ക്സ്' എന്ന് ഇംഗ്ലിഷിൽ എഴുതിയിട്ടു നന്ദി പ്രകടിപ്പിച്ചതിന്റെ ചിത്രം ഭാരതീയ നാവികസേന തന്നെയാണ് അവരുടെ ട്വിറ്റർ പേജിലൂടെ പുറത്തു വിട്ടത്.
ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്)- എൻഡിആർഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യങ്ങളിലൊന്നാണ് കേരളത്തിൽ നടന്നത്. തൃശ്ശൂരിൽ പതിനഞ്ചും പത്തനംതിട്ടയിൽ പതിമൂന്നും ആലപ്പുഴയിൽ പതിനൊന്നും എറണാകുളത്ത് അഞ്ചും ഇടുക്കിയിൽ നാലും മലപ്പുറത്ത് മൂന്നും വയനാടും കോഴിക്കോടും രണ്ട് വീതം സംഘങ്ങളുമാണ് പ്രവർത്തനം നടത്തിയത്. 24,600 പേരെ ദുരിത ബാധിത പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. ഇതിൽ 535 പേരെ മരണമുഖത്തുനിന്നാണ് രക്ഷിക്കാൻ കഴിഞ്ഞത്. 119 മൃഗങ്ങളെയും സേന സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിച്ചു.
കേരളത്തിന് സഹായപ്രവാഹം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 29 ആഗസ്‌റ്റ് വരെ ഏകദേശം 730 കോടി രൂപയാണു സമാഹരിക്കപ്പെട്ടതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വാഗ്ദാനം ചെയ്ത വ്യക്തികളുടേയും വൻ വ്യവസായികളുടേയും സംഘടനകളുടേയും സ്ഥാപനങ്ങളുടേയും തുക കൂടിയെത്തുമ്പോൾ ഇത് ആയിരം കോടി രൂപക്കും മുകളിൽ കടക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. യു.എ.ഇ. അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽനിന്നും മറ്റു വിദേശ രാജ്യങ്ങളിൽനിന്നും കേരളത്തെ പുനർനിർമ്മിക്കാനുള്ള സഹായഹസ്തം നീണ്ടു. സംസ്ഥാനത്തെ പുനർനിർമ്മിക്കുവാൻ കേരള മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സാലറി ചലഞ്ചിന്[122] പൊതുസമൂഹത്തിൻനിന്നു വളരെ മികച്ച പ്രതികരണമാണുണ്ടായി. പ്രളയത്തിനിടയിലും വിവാദങ്ങൾ
- പ്രളയക്കെടുതിയുടെ സമയത്ത് വനംമന്ത്രി കെ. രാജു ജർമനിയിലേക്ക് പോയത് വിവാദമായി. മൂന്ന് ദിവസത്തെ സന്ദർശനത്തിന് പുറമെ 22 ന് മലയാളി സംഘടനയുടെ ഓണാഘോഷത്തിൽ കൂടി പങ്കെടുക്കാനായിരുന്നു കെ. രാജുവിന്റെ ജർമനി യാത്ര. വിവാദമായതിനെ തുടർന്ന് മന്ത്രിയോട് തിരികെ വരാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.
- പ്രളയം ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. ഇതു സംബന്ധിച്ച ഹർജിയിൽ അതീവ ഗുരുതരമായ ദുരന്തത്തിന്റെ ഗണത്തിൽ പെടുത്തി പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി.
- സൈന്യത്തിനെ രക്ഷാ പ്രവർത്തനത്തിന്റെ പൂർണ ചുമതല സൈന്യത്തിനെ ഏൽപ്പിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെയും മറ്റ് കക്ഷി നേതാക്കളുടെയും ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്ന് മുഖ്യമന്തി പിണറായി വിജയൻ വ്യക്തമാക്കി. ഒരിടത്തും അങ്ങനെ ചെയ്തിട്ടില്ലെന്നും ഭരണം സൈന്യത്തെ ഏൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
- യു.എ.ഇ. വാഗ്ദാനം ചെയ്ത തുകയെ ചൊല്ലിയും വിവാദമുയർന്നു. 700 കോടി വാഗ്ദാനം ചെയ്തതായി നിരവധി പ്രദേശിക, ദേശീയ അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കേന്ദ്ര ഗവൺമെന്റ് വിദേശ സഹായം സ്വീകരിക്കില്ല എന്ന നിലപാടെടുത്തു. തുടർന്ന് യു എ ഇ യുടെ ഇന്ത്യൻ സ്ഥാനപതി കേരളത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നു എന്നും എന്നാൽ തുക പ്രഖ്യാപിച്ചിരുന്നില്ല എന്നും വ്യക്തമാക്കി.
- കേരളത്തിലെ ഡാമുകൾ ഒരുമിച്ച് തുറന്നതുകൊണ്ടാണ് വെള്ളപ്പൊക്കമുണ്ടായതെന്നും അതല്ല അതിശക്തമായ മഴ തുടർച്ചയായി പെയ്തതാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയതെന്നും ഉള്ള വിവാദവും ഉയർന്നിരുന്നു.
എഴുത്തിന് കടപ്പാട്:രാജേഷ് വെമ്പായം