"ഗവ എച്ച് എസ് എസ് അഞ്ചേരി/അധ്യാപക സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (അധ്യാപക സൃഷ്ടികൾ എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/അധ്യാപക സൃഷ്ടികൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി) |
(വ്യത്യാസം ഇല്ല)
|
14:29, 31 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ എച്ച് എസ് എസ് അഞ്ചേരി
ആമ്പൽപ്പൂവിൽ പാദമൂന്നിനിന്നു കന്നി നിലാവ്
ആമ്പൽപ്പൂവിൽ പാദമൂന്നിനിന്നു കന്നി നിലാവ് പി.കുഞ്ഞിരാമൻ നായർ ധനം.എൻ.പി
വൈലോപ്പിള്ളി സ്മാരകസമിതി ഹൈസ്കൂൾ അധ്യാപകർക്കായി കവി/കവിതാ പരിചയ/വിശകലന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു.അതിൽ പങ്കെടുത്തതിന്റെ പശ്ചാത്തലത്തിൽ പി.കുഞ്ഞിരാമൻനായരെക്കുറിച്ചുള്ള പി.പി.രാമചന്ദ്രന്റെ ക്ലാസ്സിനെ ഒന്നു പുനരവതരണം ചെയ്യാനുള്ള ശ്രമമാണ്.പിയെ കുറിച്ച് പി.പി. പറഞ്ഞ കാര്യങ്ങളെ ഒരു ക്ലാസ്സായി വിലയിരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.അതൊരു യാത്രയായി കാണാം.കവിയും അധ്യാപകനുമായ പി.പിയിലൂടെ മറ്റൊരു കവിയും അധ്യാപകനുമായ പിയിലേക്ക് തിരിച്ചൊരു നടത്തം.പൂക്കളാലും പടർപ്പുകളാലും നിറഞ്ഞ ഒരു ഉൾനാടൻ വഴി. പൂക്കൾ സൗന്ദര്യവും സൗരഭ്യവും ഒന്നിച്ചേകിയപ്പോൾ പടർപ്പുകളുടെ ദുർഗ്രാഹ്യത ചിന്തിപ്പിച്ചു. ഭ്രമകല്പനകളാൽ പ്രകൃതിയെ ആവേശിച്ച പി എന്ന കോമാരത്തെ തിരിച്ചറിയാനാണ് ഈ യാത്ര സഹായിച്ചത്. മുടിയിൽ ഗംഗയും മടിയിൽ പാർവ്വതിയും ഇരിക്കുന്ന പരമദയനീയനായ ശിവനെപ്പോലെയാണത്രേ ഒരേ സമയം കവിയും അധ്യാപകനുമായിരിക്കുക. പി.കുഞ്ഞിരാമൻനായർ എന്ന കവിക്ക് മുൻമാതൃകകളോ,പിൻഗാമികളോ ഇല്ല. school of poetry ഇല്ല എന്നു ചുരുക്കം.പി.യെക്കുറിച്ച് പറഞ്ഞപ്പോൾ പി.പി സൂചിപ്പിച്ചത് പൂതപ്പാട്ടിലെ ഉണ്ണിയെ പ്രകൃതിയോടടുപ്പിച്ച പൂതത്തെപ്പോലെയാണ് പി.എന്നത്രേ."എഴുത്താണിയും ഓലയും ദൂരെയെറിഞ്ഞ് പൂമരച്ചോട്ടിലിരുന്ന് പൂമാല കോർക്കാം എന്നുണ്ണിയോട് പറഞ്ഞ പൂതം".പൂതം ഇവിടെ ഭൂതകാലമോ,പഞ്ചഭൂതമോ ആകാം.ഇവിടെ പിയ്ക്ക് പഞ്ചഭൂതങ്ങളടങ്ങിയ പ്രകൃതി അംബയായിരുന്നു.
കവികളെ പൊതുവെ സാമാന്യപ്രതിഭകളായും വിശേഷ പ്രതിഭകളായും തിരിക്കാമെന്ന് പി.പി. ഇവിടെയാണ് പിയെ എങ്ങനെ,എവിടെ അടയാളപ്പെടുത്താമെന്ന് അമ്പരന്നിരുന്ന ഞങ്ങളെ പി.പി. അതിശയിപ്പിച്ചത്. കാരണം,സാമാന്യ പ്രതിഭാശാലികൾ തങ്ങൾ ജീവിക്കുന്ന കാലത്തിന്റെ എല്ലാ അവസ്ഥകളെയും സൂക്ഷ്മമായി ഉൾക്കൊള്ളുകയും സംവദിക്കുകയും ചെയ്യുന്നു. കാലത്തിനോടൊപ്പം സഞ്ചരിക്കുന്ന കാലദാസൻമാർ.നമ്മൾ ആവശ്യപ്പെടുന്ന തരം social responsibility യുള്ള സാമാന്യ കവിത്വം.ഇതിനെ കുറച്ചുകാണുകയല്ല കാലത്തിനാവശ്യം,ഇത്തരം കവികളും കവിതകളും തന്നെയാണ് മാറ്റത്തിന്റെ പ്രകമ്പനങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നവ. വിശേഷപ്രതിഭകളാവട്ടെ,കാലത്തിന്റെ വിശകലനാത്മകത-സംവേദനതലങ്ങൾക്കപ്പുറത്ത് സ്വകീയമായ ചില വെളിപാടുകളാൽ നിറഞ്ഞവരാകുന്നു-അവരുടെ കവിതകളും. അങ്ങനെ പ്രകൃത്യംബയുമായി ഇഴുകിച്ചേർന്ന് ആത്മദർശനമായ,വെളിപാടുകൾ വിളിച്ചു പറഞ്ഞ ഒരു കോമരത്തെ - ദൈവപ്രതിനിധിപോലെ - പ്പോലെ പി.യുടെ കവിതകളെ വായിക്കാം.
സാമാന്യപ്രതിഭാശാലികളുടെ ശില്പങ്ങൾ സമഗ്രവും വസ്തുനിഷ്ഠവും വ്യാഖ്യാനാത്മകവുമാണ്.ഒരു സാധാരണ തളപ്പ് - മാനദണ്ഡം ഉപയോഗിച്ച് അളക്കുകയോ,കയറുകയോ ആവാം.എന്നാൽ വിശേഷ പ്രതിഭകളുടേതാകുമ്പോൾ ശിഥിലവും നിഗൂഢവും പൊരുത്തക്കേടുകൾ നിറഞ്ഞതും വ്യാഖ്യാനത്തിന് നിരവധി പ്രതിസന്ധികൾ നേരിടുന്നതുമാണ്.അതായത് സാധാരണ മാനദണ്ഡം ഉപയോഗിച്ച് ഇക്കൂട്ടരെ അളക്കാനോ,കയറനോ ആവില്ലെന്ന് പി.പി. പി.പിയുടെ സ്വന്തം ശൈലിയിൽ പറഞ്ഞാൽ പിയ്ക്ക് തളപ്പ് വേറെ വേണം. പി ജീവിച്ചിരുന്ന കാലം,ആഗോളതലത്തിലും ആഭ്യന്തര തലത്തിലും അനേകമനേകം മാറ്റങ്ങളുടെ കാലമായിരുന്നു. എന്നാൽ പിയെ അതൊന്നും ബാധിച്ചതേയില്ല.ലോകമഹായുദ്ധം, സ്വാതന്ത്ര്യ സമരം -ലബ്ധി, ഐക്യകേരള രൂപീകരണം എന്നിങ്ങനെ ഒരു മലയാളിയെ അകവും പുറവും ഒരു പോലെ ബാധിക്കുന്ന കാര്യങ്ങൾ.അതിനൊക്കെ പുറം തിരിഞ്ഞുനിന്ന്, പിണങ്ങിയ കുട്ടിയെപ്പോലെ സഹ്യാദ്രിയെയും,മലനാടിന്റെ പച്ചപ്പിനെയും ഒറ്റയ്ക്കലഞ്ഞ്,അറിഞ്ഞും അനുഭവിച്ചും തീർത്ത കവി (അലഞ്ഞു തിരിയുന്ന കവിത - റഫീക്ക് അഹമ്മദ് പിയെ കുറിച്ച് )വ്യക്തി ജീവിതത്തിലെ വ്യഥകളോ,പരിഭവങ്ങളോ ,പ്രതിസന്ധികളോ പോലും വിഷയമാക്കാൻ ശ്രമിച്ചിട്ടില്ല.ഉണ്ടെങ്കിൽ ത്തന്നെ അംഗുലീപരിചിതം
സൗന്ദര്യ പൂജ എന്ന കവിതയിൽ മലയാള ഋതുപരിണാമങ്ങളെ മാനുഷികാവസ്ഥയിൽ കണ്ട്,മനുഷ്യത്വം,ദേവത്വം,മാതൃത്വം എന്നിങ്ങനെയൊരു യാത്ര. ശ്ലഥബിംബങ്ങളും അപൂർണ്ണതയും കാണാവുന്നതാണ്.ചിങ്ങപ്പൂനിലാവും ദുഃഖവും ഇഴചേർന്ന് കിടക്കുമ്പോൾ കന്നികന്യകയുടെ ലാവണ്യവും പൊലിമയും ദേവത്വത്തിലേയ്ക്ക് കവിയുടെ ചിന്തകളെ നയിക്കുന്നു.ഇരുട്ടിന്റെ മഹിഷാസുര സൈന്യത്തോട് മാറിപ്പോവാനും, അർക്കചക്രമുദ്രയണിഞ്ഞവൾ വരികയായി എന്നും പ്രഭാതത്തെ കവി ദേവത്വത്തിലുടെ കാണുന്നു. പിയുടെ ഉള്ളിൽ ഒരു മാതൃദേവതാ സങ്കല്പം പ്രകൃതിയുമായി ഇടചേർന്ന് കിടക്കുന്നുണ്ട്.പശ്ചാത്തപമോ ,പാപബോധമോ ആയി അത് പലപ്പോഴും മിന്നിമായുന്നു കവിതയിൽ.അമ്മയിൽ നിന്നും വേറിട്ട് നിന്നാലും,അമ്മയിൽ ത്തന്നെ ചുറ്റിത്തിരിയുന്ന മനസ്സ് .. തന്റെ രക്ഷകയും ശിക്ഷകയും പ്രകൃതിതന്നെയാണെന്ന ബോധം.
മലയാളത്തിന്റെ ധൂർത്തപുത്രനാണ് പി.കുഞ്ഞിരാമൻനായർ. സ്വതവേ കവികൾ,വാക്കുകൾ സൂക്ഷമതയോടെ,മുറുക്കി വെയ്ക്കന്നവരാണ്. എങ്കിലെ സ്പർശമാത്രയിൽ ധ്വനിക്കുകയും ഗാമക പ്രയോഗങ്ങൾ സാധ്യമാവുകയും ചെയ്യൂ.പിശുക്ക് എന്ന് വിളിക്കരുതിതിനെ.പിശുക്ക് നാണയങ്ങൾക്കാണ് ബാധകം.പി പക്ഷെ പദങ്ങളിലും വിശേഷണങ്ങളിലും ധൂർത്തപുത്രനാണ്.അനേകം വിശേഷണങ്ങളുടെ/സുന്ദരപദങ്ങളുടെ അകമ്പടിയോടെ മാത്രമേ ഒരു വിശേഷ്യം പിയ്ക്കുള്ളൂ. കവികളുടെ വാക് പ്രയോഗത്തിലെ സൂക്ഷ്തമയ്ക്ക് പി.പി ഉദാഹരിച്ച കഥ സംഘകാല കവിയായിരുന്ന ചീത്തലൈ ചാത്തനാരുടെയാണ്.ഇതിലെ ചീത്തലൈ എന്നത് ചാത്തനാർക്ക് രാജാവിൽ നിന്നും ലഭിച്ച ബഹുമതിയാണ്.എഴുത്താണിയുപയോഗിച്ച് രചന നിർവഹിക്കുമ്പോൾ,വാക്കിനായി ചിന്തിച്ച്, ചിന്തിനാരായം തലയിലുരസി ഒരു വ്രണം രൂപപ്പെടുത്തുക.അതൊരിക്കലും ഉണങ്ങാനിടക്കൊടുക്കാതെ വാക്കിനായി അദ്ദഹം വീണ്ടും ചിന്തച്ചുരസി. അങ്ങനെ വാക് ചിന്തയിൽ ചീഞ്ഞതലയായി മാറിയ ചാത്തനാർ ചീത്തലൈ ചാത്തനാർ ആയി.
എന്നാൽ പിയ്ക്കു മലനാടിന്റെ സർഗ്ഗസൗന്ദര്യം പോലെയായിരുന്നു പദങ്ങളും കവിതയും.വ്യവസ്ഥയോടുള്ള കലമ്പുകൾ ഒരു വ്യവസ്ഥിതിയെയും അംഗീകരിക്കുവാൻ കഴിയാത്ത ഒഴുക്കായിരുന്നു അദ്ദേഹം. മറ്റു കവികൾ ചിന്താസരണിയിൽ തന്റേതായി നേടിക്കൊണ്ടിരുന്നപ്പോൾ പി.അലഞ്ഞു തിരിഞ്ഞ് തേടിക്കൊണ്ടേയിരുന്നു. അശാന്തിയുടെ സഞ്ചാരങ്ങൾ ജഡത്വമായിരുന്നില്ല പി. കവിത. ചലനാത്മകം/ചൈതന്യം.[ഡി.വിനയന്ദ്രൻ-സമസ്ത കേരളം പി.ഒ. പിയെ ക്കുറിച്ച്] സൗന്ദര്യ പൂജ എന്ന കവിത പി അവതരിപ്പിച്ച്ത് എറണാകുളത്ത് വെച്ച് സമസ്തസാഹിത്യ പരിഷത്ത് യോഗത്തിലാണ്. ഒരു വിജയദശമി ദിവസം യാദൃച്ഛികമാകാം. പിയുടെ അനുഭവങ്ങളെ വെളിപാടുകളെ അനുഭവിക്കുവാനേ സാധിക്കൂ.വ്യവഛേദിച്ച് പഠിക്കുവാനാവില്ല. പ്രഥമമായി അറിയേണ്ടത് അനുഭവിക്കുവാനാണ് കവിത വ്യാഖ്യാനിക്കുവനല്ല -രണ്ടാമതേ വ്യാഖ്യാനം വരൂ. ആദ്യം പിയെ അനുഭവിക്കാനും ആസ്വദിക്കുവാനും കഴിയുക.അവിടെയാണ് പി. എന്ന കവിയുടെ ഒച്ച വേറിട്ടു കേൾക്കുന്നത്..........കവിതയാവുന്നതും.
ധനം എൻ.പി
പെണ്ണെത്താ ഇടങ്ങൾ
പ്രപഞ്ചത്തിന്റെ അടിസ്ഥാന ശിലകളാണ് സ്ത്രീയും പുരുഷനും. പരസ്പര പൂരകങ്ങളായി വർത്തിക്കേണ്ടവർ. ശിവശക്തികൾ പോലെ സമന്വയിച്ച് നിൽക്കേണ്ടവർ. ഇതിൽ ഒന്ന് മറ്റൊന്നിനു മേൽ ആധിപത്യം ചെലുത്തുന്നത് തകർച്ചയ്ക്കിടയാക്കും ; കുടുംബത്തിലായാലും സമൂഹത്തിലായാലും.. പക്ഷേ പുരുഷകേന്ദ്രിതമായ ഒരു വ്യവസ്ഥയിൽ സ്വത്വം നഷ്ടപ്പെട്ട് , വിധേയപ്പെട്ട് , മർദ്ദനങ്ങൾക്കും പീഡനങ്ങൾക്കും ഇരയായി സ്വയം നഷ്ടപ്പെട്ട് ഇല്ലാതാകുന്ന സ്ത്രീ സമൂഹത്തെയാണ് ലോകത്തെല്ലായിടത്തും കാണാനാകുന്നത്.
നിത്യജീവിതത്തിൽ സ്ത്രീ കടന്നുപോകുന്ന വഴികളിലെല്ലാം പുരുഷാധിപത്യ മനോഭാവം നിലനിൽക്കുന്നത് കാണാം. പുരുഷ കേന്ദ്രിതമായ ഒരു മനോഘടന സമൂഹത്തിൽ നിലകൊള്ളന്നതിനും , സ്ത്രീ എന്നാൽ ഇങ്ങനെയൊക്കെയാണ് , ഇങ്ങനെ മാത്രമേ ആകാവൂ എന്ന ചില കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിനും ഇത് കാരണമാകുന്നു. സമൂഹത്തിലെ പല മണ്ഡലങ്ങളിൽ നിന്നും സ്ത്രീ അകറ്റി നിർത്തപ്പെടുന്നു. ഇത്തരം ചില അവസ്ഥകൾ പരിശോധിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. സ്ത്രീക്കും പുരുഷനും വെവ്വേറെ നീതികളാണിവിടെ. കുടുംബത്തിലും തൊഴിലിടങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലുമെല്ലാം ഈ നീതികേട് കാണാം.
കുടുംബത്തിൽ പുരുഷനാണ് കേന്ദ്രം. സ്ത്രീ ഭർത്താവിന്റേയും കുഞ്ഞുങ്ങളുടേയും ശ്രേയസ്സിനു വേണ്ടി പ്രവർത്തിക്കുന്നവൾ മാത്രം. ത്യാഗത്തിന്റേയും സഹനത്തിന്റേയും വഴികൾ അവൾക്കു സ്വന്തം എന്നതായിരിക്കാം ഇതിനു കാരണം. ഒരു പക്ഷേ സ്ത്രീക്കു മാത്രമേ ഇതിനു സാധിക്കൂ എന്നും വരാം. എങ്കിലും സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബത്തിൽ സഹജീവനത്തിന്റെ പരസ്പരാശ്രയത്വം പലപ്പോഴും കാണാനാവുന്നില്ല. പകരം സമൂഹത്തിലെ മാന്യതയുടേയും കപടാഭിമാനത്തിന്റേയും പിറകിൽ വീർപ്പുമുട്ടലനുഭവിച്ച് നിശ്ശബ്ദയായി മാറുന്ന സ്ത്രീകളെയാണ് കണ്ടെത്തുന്നത്.
സ്ത്രീപുരുഷന്മാർക്കിടയിലെ ഈ വേർതിരിവ് ആചാരാനുഷ്ഠാനങ്ങളിലും കാണാം. വരേണ്യവർഗ്ഗക്കാർ , അവർക്കിടയിലെ ദളിത് ആയാണ് സ്ത്രീയെ കണ്ടിരുന്നത്. സ്ത്രീത്വത്തെ ആദർശവൽക്കരിക്കുന്നതിന്റെ ഭാഗമായി കുളിച്ച് തൊഴലും വ്രതങ്ങളുമെല്ലാം അവളുടെ ദിനചര്യയുടെ ഭാഗമാക്കിയപ്പോഴും , ക്ഷേത്രങ്ങളിലെ സ്വത്ത് സംബന്ധിക്കുന്ന അധികാര മേഖലകളിൽ നിന്നും ; പൂജാദി കർമ്മങ്ങളിൽ നിന്നും അവൾ ഒഴിവാക്കപ്പെടുന്നുണ്ട്.
ശ്രേഷ്ഠനായ ആൺകുഞ്ഞിന് ജന്മം നൽകാനാണ് സ്ത്രീകൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നും ആൺകുഞ്ഞിന് ജന്മം നൽകുമ്പോഴാണ് മാതൃത്വം പൂർണ്ണമാകുന്നതും അച്ഛന് അമരത്വം ലഭിക്കുന്നതും എന്നും ഉള്ള ചിന്തകൾ മനുവിന്റെ കാലത്ത് മാത്രമല്ല ഇക്കാലത്തും നിലനിൽക്കുന്നുണ്ട്. തന്മൂലം ഭ്രൂണാവസ്ഥയിൽത്തന്നെ വിവേചനത്തിന്റെ മൂള്ളുകൾ പെൺകുഞ്ഞുങ്ങളെ കൊല്ലുന്നു. കുഞ്ഞ് പിറന്ന് നാമകരണം അടക്കമുള്ള ചടങ്ങുകളിലും കാണാം ഈ വിവേചനം. പല സമുദായങ്ങളിലും നാമകരണം നടത്തുന്നതിള്ള അവകാശം പുരുഷന്മാർക്കു മാത്രമാണ്. തമിഴ് ബ്രാഹ്മണർക്കിടയിൽ ആൺകുഞ്ഞിന്റെ പേരിടൽ കർമ്മം നടത്തുന്നത് ഹോമകുണ്ഡത്തിന് മുന്നിൽ വച്ചാണെങ്കിൽ പെൺകുഞ്ഞിന്റേത് നിലവിളക്കിന്റെ മുമ്പിലാണ്. മന്ത്രോച്ചാരണത്തിന്റെ അകമ്പടി കൂടുതൽ ആൺകുഞ്ഞുങ്ങൾക്കാണ്. ആൺകുട്ടി വേദത്തിന്റെ അധികാരി ആണെന്നുള്ള കാഴ്ചപ്പാടാണത്രെ ഇതിനു കാരണം. അതുപോലെ നാമകരണത്തിന് ആൺകുഞ്ഞിനെ മുറത്തിൽ കിടത്തി കൈമാറുമ്പോൾ പെൺകുഞ്ഞിനെ വെറും നിലത്താണ് കിടത്തുന്നത്. "ക്ഷമയാ ധരിത്രി" (ഭൂമിയോളം ക്ഷമിക്കേണ്ടവൾ) എന്ന സങ്കൽപ്പമാണത്രേ ഇതിനു പിന്നിൽ . അതുപോലെ എല്ലാ ബ്രാഹ്മണ സമുദായത്തിലും ഉപനയനം പോലുള്ള ചടങ്ങുകൾ ആൺകുട്ടികൾക്കു മാത്രമാണ്.
സ്ത്രീകൾ മാറ്റിനിർത്തപ്പെടുന്ന മേഖലകൾ ഇനിയുമുണ്ട്. മരണാനന്തരകർമ്മങ്ങൾ ചെയ്യാൻ ലോകത്തൊരിടത്തും സ്ത്രീയെ അനുവദിച്ചിരുന്നില്ല. സ്ത്രീകളുടെ മനസ്സിന്റെ ശക്തികുറവാണ് ഇതിന് കാരണമായി പറയുന്നതെങ്കിലും അധികാരത്തിന്റെ പിന്തുടർച്ചാവകാശം സ്ഥാപിക്കുന്നതിന്റെ ഭാഗമാണിതെന്നും കരുതാം. ചരിത്രം പരിശോധിച്ചാൽ ആര്യന്മാരുടെ വരവോടുകൂടിയാണ് സ്ത്രീ ഇങ്ങനെ പാർശ്വവൽക്കരിക്കുപ്പെട്ട് തുടങ്ങിയതെന്നു കാണാം. ദ്രാവിഡർക്കിടയിൽ സ്ത്രീക്ക് താരതമ്യേനബഹുമാന്യസ്ഥാനം ലഭിച്ചിരുന്നു. കൊറ്റവെ പോലുള്ള അമ്മ ദൈവങ്ങൾക്കായിരുന്നു ശക്തി. ആ ശക്തി അവിടത്തെ സ്ത്രീകളിലും ഉണ്ടായിരുന്നു. ബഹു ഭർത്തൃത്വം പോലും നിലനിന്നിരുന്നതായി കാണാം. ആര്യവൽക്കരണം ഇതിൽ വലിയ മാറ്റങ്ങൾ വരുത്തി.
" പിതാ രക്ഷതി കൗമാരേ ഭർത്തോരക്ഷതി യൗവ്വനേ പുത്രോ രക്ഷതി വാർദ്ധക്യേ ന : സ്ത്രീ സ്വാതന്ത്ര്യമർഹതേ " എന്ന് മനുസ്മൃതി പറയുന്നു.പിതൃദായക്രമത്തിന്റേയും സ്വകാര്യസ്വത്തിന്റേയും ആവിർഭാവത്തോടെ പിതൃപരമ്പരയുടെ ശുദ്ധിയും , സ്വത്തിന്റെ അവകാശവും ഉറപ്പിക്കുന്നതിന് വേണ്ടി സ്ത്രൈണ ലൈംഗികതയെ നിയന്ത്രിയ്ക്കേണ്ടി വന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.സമൂഹത്തിലെ സാന്മാർഗ്ഗിക നില മെച്ചപ്പെടുത്താനായെങ്കിലും സ്ത്രീകൾക്ക് മാത്രമേ ഇത് ബാധകമാക്കിയുള്ളു. ഈ കാലത്ത് മാതൃത്വം ആദർശവൽക്കരണത്തിനും ഉദാത്തവത്ക്കരണത്തിനും വിധേയമായി . പെൺകുഞ്ഞ് പ്രായപൂർത്തിയാകുന്നതു മുതൽ അനുഷ്ഠാനങ്ങളുടെ നിര തന്നെ അനുശാസിക്കപ്പെട്ടു. ഗർഭ സംബന്ധമായും അനുഷ്ഠാനങ്ങൾ ആവിഷ്ക്കരിക്കപ്പെട്ടു. ഇതെല്ലാം ആൺകുട്ടികളുടെ സുരക്ഷിതമായ പിറവി ഉറപ്പാക്കുന്നതിനായിരുന്നു.
സ്ത്രീകൾക്ക് ഉൽപ്പാദന വിഭവങ്ങളുടെ മേലുള്ള അധികാരം നിയന്ത്രിക്കപ്പെട്ടപ്പോൾ അതിലുടെ കൈവരുന്ന സമ്പത്തിന്റെ മേൽക്കോയ്മ പുരുഷനിലായി. സ്ത്രീകളെ നിയന്ത്രിക്കാനുള്ള അധികാരത്തിലൂടെ നിയമപരമായ മേൽക്കോയ്മയും അവർ നേടി.അങ്ങനെ സ്ത്രീകളെ അവർ തങ്ങളുടെ താഴെ നിർത്തി. പ്രത്യുൽപ്പാദനവും ഗാർഹികജോലിയുമായി സ്ത്രീകൾ വീട്ടിൽ ഒതുങ്ങിക്കൂടി. അതാകട്ടെ ഒരിക്കലും തൊഴിലായി കണക്കായിരുന്നില്ല. സ്ത്രീകൾ ഗാർഹിക അനുഷ്ഠാനങ്ങളുടെ ഭാഗമായിരുന്നുവെങ്കിലും പ്രാധാന്യമുളള പലതിൽ നിന്നും അവർ ഒഴിവാക്കപ്പെട്ടു. ഭർത്താവിന്റേയോ മക്കളുടേയോ സഹോദരന്മാരുടേയോ ശ്രേയസ്സിനു വേണ്ടിയുള്ള ഉപവാസം മാത്രമാണ് സ്വന്തം നിലയിൽ അനുഷ്ഠിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നത്.
പുരുഷാധിപത്യ ഘടന സ്ത്രീകൾക്കുമേൽ അടിച്ചേൽപ്പിച്ച നിയന്ത്രണങ്ങൾക്ക് ആധാരമായിത്തീർന്നത് സ്ത്രീകളുടെ മൊത്തത്തിലുള്ള കീഴായ്മ തന്നെയായിരുന്നുവെന്ന് പ്രശസ്ത ചരിത്ര പണ്ഢിത ഉമാ ചക്രവർത്തി അഭിപ്രായപ്പെടുന്നു. പാതിവ്രത്യത്തിന്റെ മറവിൽ എല്ലാ കീഴായ്മയും മറക്കപ്പെട്ടു എന്നവർ വിലയിരുത്തുന്നു. എന്തായാലും സ്ത്രീകൾ ഈ വ്യവസ്ഥയെ അംഗീകരിക്കുകയും അത് വൈശിഷ്ഠ്യത്തിന്റെ അടയാളമായി ഉൾക്കൊള്ളുകയും പ്രതികരണശേഷി നഷ്ടപ്പെടുത്തുകയും ചെയ്തപ്പോൾ ആത്യന്തികമായി അവൾക്ക് മേൽ സാമൂഹ്യനിയന്ത്രണങ്ങൾ വന്ന് ചേരുകയുമായിരുന്നു.
ഉയർന്ന വർഗ്ഗക്കാരുടെ ഇടയിൽ നിന്ന് വ്യത്യസ്തമായ രീതിയിലുള്ള പ്രശ്നങ്ങളാണ് ദളിത് വിഭാഗത്തിലെ സ്ത്രീകൾ നേരിട്ടിരുന്നത്. ദളിത് ജാതികൾക്കത്ത് സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ തോത് വളരെ കുറവായിരുന്നെന്ന് ദളിത് ചിന്തകർ അഭിപ്രായപ്പെടുന്നുണ്ട്. അവിടെ സ്ത്രീകളുടെ മേൽ പാതിവ്രത്യത്തിന്റെ ഭാരമില്ല എന്നതാണ് ഇതിന് കാരണമായി പറയുന്നത്. അവരുടെ അസ്ത്വിത്വത്തിന്റെ കേന്ദ്രതത്ത്വമായി പ്രവർത്തിച്ചിരുന്നത് കായികാധ്വാനമാണ്. സ്ത്രീയും പുരുഷനും അത് തുല്യമായി പങ്കിട്ടുരുന്നു. സ്ത്രീകൾ പീഢയനുഭവിച്ചിരുന്നത് കൂടുതലും ഉയർന്ന വർഗ്ഗക്കാരിൽ നിന്നായിരുന്നു.കുടുംബത്തിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നല്ല , പലപ്പോഴും കുടുംബപ്രശ്നങ്ങളിൽ സ്ത്രീ ഇടപെടുകയും പ്രതികരിക്കുന്നതായും കാണാം.
ഭൂമിയുമായി മല്ലിട്ട് ജീവിക്കുന്നവരും , പാതിവ്രത്യത്തിന്റേയോ , ആദർശത്തിന്റേയോ മഹനീയ മാതൃകകളായി ആരോപിക്കപ്പെടാത്തവരുമായതുകൊണ്ടാകാം ഇന്നും അടിസ്ഥാന വർഗ്ഗത്തിൽപ്പെടുന്നവരെന്നു കരുതുന്നവരാണ് സമൂഹത്തിൽ പ്രതികരണശേഷിയോടെ നിലകൊള്ളുന്നത്. അവരുടെ കരുത്തും പ്രവർത്തനരീതികളും അംഗീകരിക്കേണ്ടതു തന്നെ. നമ്മുടെ നാട്ടിലെ കുടുംബശ്രീകൾ പോലുള്ള പദ്ധതികൾ വിജയിച്ചത് അതുകൊണ്ടു തന്നെയാണ്. പലയിടത്തും മഹനീയമായ പ്രവർത്തന മാതൃകകൾ കാഴ്ചവക്കാൻ അവർക്കു സാധിച്ചിട്ടുണ്ട്.
സ്ത്രീകൾ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം വൈധവ്യമാണ്. സതി പോലുള്ള ഹീന ആചാരങ്ങൾ നിലനിന്നിരുന്നുവെന്ന് ഓർക്കുന്നത് തന്നെ ലജ്ജാകരമാണ്. വൈധവ്യമെന്നത് ഈ കാലം വരെയും സാമൂഹികമായ മരണം തന്നെയായിരുന്നു. ഭർത്താവില്ലാത്തവൾക്ക് യാതൊരു സാമൂഹിക അസ്തിത്വവുമില്ല , അവളുടെ അസ്തിത്വം ഭർത്താവിനെ ആശ്രയിച്ച് മാത്രം നിലനിൽക്കുന്നതുമാണ്. ഈ അവസ്ഥയിൽ നിന്നും നാം ഏറെ മുന്നോട്ട് പോയിട്ടുണ്ടെങ്കിലും പുരുഷമേൽക്കോയ്മയുടെ ചരടുകളാൽ നിയന്ത്രിക്കപ്പെട്ടതാണ് ഇന്നും സ്ത്രീ ജീവിതം.
കൗമാരത്തിലേക്ക് കടക്കുന്നതോടെ നാം പെൺകുട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങും. നാം വളർന്നു വരുന്ന സമൂഹം നമ്മെ അതിനു പ്രേരിപ്പിക്കുന്നു. ആൺകുട്ടികൾക്ക് തുറന്ന സ്ലതന്ത്ര ഇടങ്ങൾ ലഭിക്കുമ്പോൾ പെൺകുട്ടികളുടെ ഇടങ്ങൾ ചെറുതാണ്. നിയന്ത്രണങ്ങൾ പൊട്ടിച്ച് അവൾ കടന്നാലോ പലപ്പോഴും അപകടത്തിലേക്കായിരിക്കും ചെന്ന് ചാടുക. പെൺകുട്ടികൾ ഒരുമിച്ചൊന്ന് ഉറക്കെ ആർപ്പുവിളിച്ചാൽ അത് ഉടനടി നിയന്ത്രിക്കപ്പെടുന്നു.സ്ത്രീകൾക്ക് പ്രാധാന്യമുള്ള ഉത്സവങ്ങളും , വിനോദങ്ങളുമെല്ലാം ഉണ്ടെങ്കിലും അതെല്ലാം അകത്തളങ്ങളിൽ ഒതുങ്ങുന്നവയായിരുന്നു. ഉത്സങ്ങളും ആഘോഷങ്ങളും അവൾക്കു വെച്ചു വിളമ്പലിന്റെ ആഘോഷങ്ങളാണ്.പുറം കാഴ്ചകളിൽ അഭിരമിക്കാനുള്ള സ്വാതന്ത്ര്യം പുരുഷനാണ്. കുളിച്ച് തൊഴുത് അമ്പലത്തിൽ പോകുന്ന സ്ത്രീക്ക് അമ്പലക്കമ്മിറ്റിയിൽ ഇടമില്ല. കുർബാനക്ക് ഭക്തിപൂർവ്വം പങ്കെടുക്കുന്ന അമ്മമാർക്ക് പെരുന്നാൾ കമ്മിറ്റിയിൽ സ്ഥാനമില്ല.വീട്ടിൽ ബന്ധുക്കൾ വരുന്നവർ അകത്തെ അമ്മയെ വിശ്വിസിച്ചാണല്ലോ. പിന്നെ പള്ളിക്കകം തൂത്തു വൃത്തിയാക്കുക, കഴുകുക എന്നീ മഹനീയ പുണ്യ പ്രവർത്തികൾ അവൾ ചെയ്യുന്നു. പണം , പദവി .പൊതുവേദി എന്നിവയിലൊന്നും സ്ത്രീ വേണ്ട തന്നെ.സ്തീക്ക് പലപ്പോഴും വികാരപ്രകടന സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നു. ഒന്നുറക്കെ ചിരിക്കാനുള്ള അവകാശം പോലുമില്ല. - മുൻകെട്ടിൽ നടക്കുന്നത് മൂന്നാം കെട്ടിലുള്ളവർ അറിയേണ്ടതില്ല - എന്നാണല്ലോ.
പുരുഷനേക്കാൾ വൈകാരിക നിയന്ത്രണത്തോടെ സമാധാന അന്തരീക്ഷം ജീവിതത്തിൽ നിലനിർത്താൻ സാധിക്കുന്നത് സ്ത്രീക്കാണ്. ശാരീരിക അധ്വാനം സ്ത്രീയേക്കാൾ സാധ്യമാകുന്നത് പുരുഷനുമാണ്. സ്ത്രീയുടെ കുറവുകൾ പുരുഷന്റെ ശക്തിയും പുരുഷന്റെ കുറവുകൾ സ്ത്രീയുടെ ശക്തിയുമാണ്. ഈയർത്ഥത്തിലാണ് പരസ്പരാശ്രയത്വത്തിന്റെ പ്രസക്തി. കൊടുങ്ങല്ലൂരിന്റെ സമാധാനം അമ്മമാരുടെ നിരന്തര പരിശ്രമമാണല്ലോ. സ്ത്രീപുരുഷന്മാർ പരസ്പരപൂരകങ്ങളായി നിൽക്കേണ്ടതാണ്. ഈ സന്ദേശമാണ് നാം കുട്ടികളിലേക്ക് എത്തിക്കേണ്ടത്. സഹാനുവർത്തിത്വത്തിന്റെ ഈ പാഠം കുട്ടികളിൽ വളർത്തിയെടുക്കണം. പെൺകുട്ടികളുടെ കാര്യത്തിൽ നാം അധ്യാപകർ കുറെക്കൂടി ശ്രദ്ധ ചെലുത്തണമെന്ന് എനിക്കു തോന്നുന്നു. മാന്യതയുടെ കപട മൂടുപടമണിഞ്ഞ് പ്രതികരണ ശേഷി നഷ്ടപ്പെട്ട അവസ്ഥയിൽ നിന്നും അവളെ ഉയർത്തിക്കൊണ്ടുവരണം.
മാന്യത എന്നത് കേവലം ആപേക്ഷികമാണെന്നും സന്ദർഭാനുസരണമുള്ള ബൗദ്ധിക പ്രവൃത്തികളാണ് സ്ത്രീയെ മുന്നോട്ടു നയിക്കേണ്ടതെന്നുമുള്ള അവബോധം അവളിൽ ഊട്ടി ഉറപ്പിക്കണം , ശാരീരികമായോ മാനസികമായോ ചൂഷണത്തിനായി വഴങ്ങാതെ തന്റേടത്തോടെ സ്ത്രൈണഭാവം സൂക്ഷിക്കാൻ............... പ്രസീത മലയാളം അധ്യാപിക ഗവൺമെന്റ് :ഹൈസ്ക്കൂൾ .അഞ്ചേരി
അമ്മത്തൊട്ടിൽ - ഒരു വായന
(റഫീക്ക് അഹമ്മദ് കവിത മാതൃഭൂമി- ലക്കം -33) ധനം എൻ.പി
വാക്കുകൾക്ക് നവജീവനും ഭാവവും കൈവരുന്നത് അതിൽ തീവ്ര വികാരം ഉൾച്ചേരുമ്പോഴാണ്.അപ്പോഴവ പരിമിതമായ അർത്ഥത്തെപ്പിളർന്ന്,ഉയരുന്നു.നമ്മിൽ നീറിപടർന്ന് ചുട്ടുപൊള്ളിയ്ക്കുന്നവയായും ചിലത് മാറുന്നു.
കഴിഞ്ഞ ലക്കം മാത്രഭൂമി ആഴ്ചപ്പതിപ്പിൽ വന്ന റഫീക്ക് അഹമ്മദിന്റെ 'അമ്മത്തൊട്ടിൽ'എന്ന കവിത സമൂഹത്തെയാകമാനം ആഴത്തിലാഴ്ത്തുന്ന ഒരു ഉൾക്കണ്ണായി മാറി.അതുവരെ പിള്ളകൾക്ക് അഭയമായിക്കരുതിയ 'അമ്മത്തൊട്ടിൽ' എന്ന വാക്കിന്റെ വ്യാപ്തി ഉൾത്തളത്തിലെ ചോദ്യചിഹ്നമായും ശൂന്യതയായും ഉയർന്നു.
ഒന്നുമേ ചോദിയ്ക്കാതെ, അനങ്ങാതെ പണിപ്പെട്ട് കണ്ണുകളടച്ച് തുറന്ന് പിൻസീറ്റിലിരിക്കുന്ന അമ്മ.പാടയും പീളയുംകെട്ടി,തളർന്ന കണ്ണുകൾ എന്തൊക്കെയോ പറയുന്ന പോലെ.നീരറ്റ കൈവള്ളികൾ ചുള്ളികളായി തന്നെത്തന്നെപൂണർന്നിരിക്കുന്നു.മകൻ എത്ര നേരേയിരുത്തിയിട്ടും അമ്മ നേരെയാവുന്നില്ല. തന്നിലൂടെ ഉയിർപ്പിറവി കൊണ്ടവന് താൻ അന്യയും അധീനയും ആയതറിയുന്നില്ല.മകന്റെ പുതിയനാഗരിക ജീവിത സാഹചര്യങ്ങളുടെ ചതുരങ്ങളിൽ ഒതുങ്ങി'നേരെയിരിക്കാൻ'അമ്മയ്ക്കാവുന്നില്ല.തനിയ്ക്കനുസരിച്ച് അമ്മയെ നേരെയിരുത്തുന്ന മകൻ.
ആളൊഴിഞ്ഞ തെരുവീഥികളിൽ,ഭാരമൊഴിയ്ക്കുവാൻ ആധി പൂണ്ട മകന്റെ കാർ ഓടുന്നു.ഒരു 'പെരുംമാളിനു'മുന്നിൽ ഇറക്കാൻ ശ്രമിക്കുമ്പോൾ 'പെറ്റുകിടക്കുന്ന'ഒരു'തെരവുപട്ടി'ഊറ്റത്തോടെ കുരച്ചു ചാടുന്നു.പെരുതായി പെരുകുന്ന മാളുകൾ ആണിന്നത്തെ പെരുമാളുകൾ. ഉപഭോഗസംസ്കരത്തിന്റെ കാട്ടിക്കൂട്ടലുകളുടെ ആകാശപ്പൊക്കങ്ങൾക്കു നേരെ ചാടിക്കുതിക്കുന്ന മനുഷ്യൻ.അവനെ നോക്കി നെട്ടനെ,നിൽക്കുന്ന 'ഉലകുടയപെരുമാളുകൾ' ചാടിക്കുരച്ച തെരുവു പട്ടിയുടെ മുന്നിൽ നിന്ന വിശ്വമാനവൻ (global സംസ്കാരികൻ)ചന്ദ്രനെ തൊട്ട്, വിദ്യയാലും വിജ്ഞാനത്താലും സമ്പന്നൻ 'തെരുവിനെയും പട്ടിയെയും' ഒരുപോലെ പുച്ഛിക്കുന്ന ധൈഷണികൻ .ജൈവചോദനയുടെ വീര്യമറിയാത്ത നയതന്ത്രജ്ഞൻ.ഈ തെരുവു പട്ടിയുടെ കുരയ്ക്കു മുന്നിൽ വിശ്വത്തോളമുയർന്ന അവന്റെ തല താഴുന്നു.ഇതിന്മേൽ ശക്തമായിന്നത്തെ മനുഷ്യന്റെ പരാജയം അടയാളപ്പെടുത്താനാവില്ല.
“ഇപ്പെരുംമാളിന്റെ (ഇപ്പെരുമാളിന്റെ? ) തൊട്ടടുത്തായിട്ടിറക്കിയാലെന്നോർത്തു പെറ്റുകിടക്കും തെരുവുപട്ടിയ്ക്കെന്തൊ രൂറ്റം കുരച്ചത് ചാടിക്കുതിയ്ക്കുന്നു"
ജില്ലാശുപത്രിയ്ക്കടുത്ത് ,ആളുറങ്ങാത്ത ഒരേയൊരു രാക്കട.അതിനു പിന്നിൽആളൊഴിഞ്ഞ ഇടത്തിനു് ഇരുളിന്റെ കനം.മനുഷ്യനിൽ കനം ഒഴിവുമാണ്.ഇവിടെ മകന്റെ മനസ്സ് ഒഴിവു തേടുമ്പോൾ കനക്കുന്നു.ആശുപത്രിപ്പടികളിൽ തട്ടിത്തടഞ്ഞ മനസ്സിലവൻ താങ്ങായ ഒരു ചുമലും പനിയുടെ ചൂടും തളർച്ചയും,സൂചിയുടെ തളയ്ക്കും വേദന യോടൊപ്പം അറിഞ്ഞു.
'രണ്ടുമൂന്നാളുകളുണ്ടെങ്കിലും,പിന്നി- ലുണ്ട് ഒഴിവുകനത്തൊരിരുളിടം.'
വെട്ടമില്ലാത്ത, ആളില്ലാവഴികൾ താണ്ടുന്നു പിന്നെയും.ബാല്യം ഏകാന്തമായി കണ്ണുപൊത്തിക്കളിച്ചയിടം.ഇതാ ഇവിടെ , ഇവിടെ എന്നു് പറഞ്ഞ് വട്ടം കറക്കിയിടത്ത് കരഞ്ഞു കുതറിയോടിയ കുട്ടി.പുറത്തമ്മ കാവലായ് നിന്നു.ഒരു പിച്ചലിന്നും എരിയുന്നു.വളർച്ചയിൽ വാത്സല്യത്തിന് മധുരം മാത്രമല്ല എരിവിന്റെ പിച്ചും തളയുന്ന സൂചിയുമുണ്ടല്ലോ.ഇറക്കുവാൻ ആയില്ല അവിടെയും.....
ദേവലയങ്ങളിൽ,പരാതികൾശല്യപ്പെടുത്തലുകൾക്കിടയിൽകരിന്തിയാളുന്നു.അശാന്തിയുടെ അസ്വസ്ഥത രക്ഷകനെയും പിടികൂടുന്ന അവസ്ഥ.ഇടറുന്ന ചിന്തകളിൽ വണ്ടി മുന്നോട്ട്........ തണുപ്പിലുറഞ്ഞ്,ചില്ലുകൾ ഉയർത്തുമ്പോൾ ഉള്ളിൽ ചൂടും മണവും പരക്കുന്നു.തന്നെപ്പൊതിഞ്ഞ കരിമ്പടവും അമ്മച്ചൂടും.കാച്ചെണ്ണയുടെയും ഓലക്കൊടികളുടെയും ഗന്ധം ഉഴിയുന്നു മനസ്സിനെ. ആ ഗന്ധത്തിലയാൾ മനം തുറക്കുന്നു.തനിക്കമ്മയെ എവിടെയും നടതള്ളനാവില്ലെന്ന അയാൾ തിരിച്ചറിയുന്നു.ഒന്നിനും കൊള്ളരുതാത്തവനെന്ന പഴി വീടകം മൊഴിഞ്ഞാലും,അയാൾക്കാവില്ലെന്നു നിശ്ചയം.തലപെരുത്തയാൾ തിരിഞ്ഞു നോക്കുമ്പോൾ.
“മെല്ലെത്തിരിഞ്ഞൊന്നു നോക്കി,പിറകിലെ സീറ്റിലുണ്ടമ്മ വലത്തോട്ടു പൂർണ്ണമായ് ചാഞ്ഞ് ,മടങ്ങി മയങ്ങിക്കിടക്കുന്നു. പീളയടിഞ്ഞ് നിറം പോയ കണ്ണുക- ളെന്തേയടയ്ക്കാതെ വെച്ചമ്മ നിർദ്ദയം?
'അമ്മ നിർദ്ദയം കണ്ണുകളടയ്ക്കാതെ' പോയെന്നയാൾ അറിയുന്നു.തന്നെ സംരക്ഷിക്കാനിനിയും കണ്ണുകൾ നൽകിയും,കണ്ണായനിന്നെ കാത്തു നിർത്തുന്ന ഒരമ്മ.ഈ കൊച്ചു കവിതയിൽ ഒരു ലകം മുഴുവനും ഉണ്ട്.ഭാഷയോ,സംസ്കാരമോ,പ്രകൃതിയോ ഒക്കെ എവിടെയിറക്കേണ്ടൂ എന്ന് വ്യഥിതനാകുന്ന മാനവനും ആകാം.എങ്കിലും ഈ കവിതയുണർത്തിയ പ്രഥമ ചിന്തയും വികാരവും പ്രശ്നവും പൊക്കിൾക്കൊടിയിലൂടെ ഈട്ടിയ അമ്മയെ ഉപേക്ഷിക്കുവാനൊരു തൊട്ടിൽപ്പഴുത് തേടുന്ന മനുഷ്യൻ തന്നെയാണ്.അതിനെയൊന്നു പൊള്ളിച്ചു ഈ തീപ്പൊരി.
പരീക്ഷയെഴുതുന്നവർ
ഇവരെഴുതുന്നൂ പരീക്ഷകൾ,
കടലാസിൽ
ജീവിതപ്പരീക്ഷകളേറെ കടന്നവർ
തഴക്കം വന്നവർ
പുകയടുപ്പിനു മുമ്പിൽ
പുകയും നെഞ്ചകം കണ്ടവർ
തെറിയുടെ താരാട്ട് കേട്ടുറങ്ങിയോർ
വ്യാധികൾ നിസ്സംഗരാക്കിയവർ
അച്ഛൻ കൊരുക്കുമമ്പുകളിൽ
പിടയുമമ്മയെ കണ്ടവർ
വീണ്ടെടുത്തവർ
അമ്മ ചേക്കേറും പുതുകൂട്ടിലിടം
കിട്ടാതെ കുഴങ്ങുവോർ
തനിയ്ക്ക് താൻ മാത്രം തുണയായവർ
രണ്ടാനമ്മ നൽകും വാക്കിൻ കയ്പ്
ചുണ്ടിലൊളിപ്പിച്ച് വച്ചവർ
പാതി തളർന്നോരച്ഛന്റെ ഭാഗ
മഭിനയിച്ചു തളർന്നവർ
ജീവിത വഴിയിലിടയ്ക്കൊക്കെ
വഴിതെറ്റി നടന്നവർ
പൊലിപ്പിക്കും കാഴ്ചകളിൽ
മനസ്സുടക്കി നിന്നവർ
ജീവിതമേ പരീക്ഷയാകും
ഇവർക്കത്രേ ഈ കടലാസ്സു പരീക്ഷ
ഇവിടെ ഞാനാര് ?
ഞാനോ അധ്യാപിക ?
ഇതോ അധ്യാപനം ?
പ്രസീദ . പി .മാരാർ
കിനാത്തുരുത്തുകൾ
എൻ.പി ധനം .(മാധ്യമം Online )
ഏകാന്തമായ ഉച്ചവെയിലുകൾ താണ്ടിയും പെരുമഴയിൽ കുതിർന്നും ചന്ദനനിറത്തിലെ കുനുകുനാ വരകളും ഒരു നീലാകാശം നിറയെ കുഞ്ഞുറുമ്പുകളുമായി ആരെങ്കിലും നിങ്ങളെ തേടി വരാറുണ്ടോ? പാതിമുറിഞ്ഞ കിനാവുകളിലേക്ക് വിരൽ നീട്ടിക്കൊണ്ട് ഒരു സൈക്കിൾ ബെൽ. എന്തൊക്കെയോ കൊണ്ടുവന്നിരുന്നു അവ. കത്തുകൾ യഥാർത്ഥത്തിൽ ഓരോരുത്തരുടെയും നഗ്നതയാണ്. മറ്റൊരാൾ അറിഞ്ഞാൽ നാണക്കേട് പോലെ ഒന്ന്. എത്രയോ ആവർത്തി മണത്തും വായിച്ചും ഹൃദയത്തിൽ സൂക്ഷിച്ച കത്തുകൾ. ഇന്ന് ഞാൻ ‘മാരകപ്രണയം’ പോൽ കാക്കുന്ന ഫോണിനേക്കാൾ സ്വപ്നവും ജീവനും നിറഞ്ഞവ.
രണ്ടുപേർക്കിടയിലെ കിനാവിൻറെ നേർത്ത ഇഴകളാണ് കത്തുകൾ. ജീവിതത്തിൽ ഏറ്റവും മനോഹരമായത് സൗഹൃദമാണ്. പ്രണയികൾക്കിടയിൽ പോലും . അവിടെ മറകളില്ലാതെ ഊർന്നു വീഴാനാവുന്നു... അക്ഷരയുറുമ്പുകൾ പെറുക്കിയെടുത്ത്, വിതറി നമ്മൾ നമ്മളിലേയ്ക്ക് നിലാവായ് പൂക്കും. കത്തുകൾ ആരുടെയാണ്? എഴുതുന്നവൻറെയോ? വായിക്കുന്നവൻറെയോ? എനിക്കതിലേതും സംശയമില്ല. അത് വായിക്കുന്നവൻറെ തന്നെയാണ്. എഴുതുന്നവൻ തൻറെ ഉയിരും ഉണ്മയും ചേർത്ത് പണിയുന്ന സൗധങ്ങളാണ് അവ.
കുഞ്ഞുനാൾ മുതൽ വീട്ടിലേക്ക് വരുന്ന കത്തുകൾ കാത്തിരിക്കും. എന്തിനെന്നറയില്ല. അച്ഛനായിരുന്നു കത്തുകളുടെ ഉടമ. ബോംബെയിൽ നിന്നും മഹാനഗരവിശേഷങ്ങളും കലമ്പലും സ്നേഹവുമായി രാജിമന്നി എഴുതിയിരുന്ന നീണ്ട കത്തുകളെ അച്ഛൻ മഹാഭാരതം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ചിത്രവേലകൾ നിറഞ്ഞ ഹരിമണിയുടെ കത്ത്, നല്ല ഇംഗ്ലീഷിൽ ഏട്ടാന്യന്മാരെഴുതിയിരുന്ന കത്ത്. ഇതെല്ലാം ഫയലിൽ അച്ഛൻ സൂക്ഷിച്ചു. ആർക്കും വായിക്കാനോ തൊടാനോ തരാതെ. കത്തുകള്�കത്തുകൾക്ക് ആത്മാവുണ്ടെന്ന് തോന്നിയതങ്ങനെയാണ്. വായിക്കുന്നവൻറെ ചെവിയിൽ സ്വകാര്യമായി പറയുന്നുണ്ടാവണം എന്ന് തോന്നിയിരുന്നു. എനിക്കായി കത്തുകൾ വരുന്നത് കാത്തിരുന്നു. കോളജ് കാലം മുതൽ എൻറെ മേൽവിലാസത്തിൽ കത്തുകൾ വരാൻതുടങ്ങി. എത്രയോ ഇടങ്ങൾ താണ്ടി മണങ്ങൾ ചേർത്ത് മേഘസന്ദേശം പോലെ അവയോരോന്നും വന്നു. എത്രയെത്ര ഋതുക്കളാണ് അവയിൽ ഞാനറിഞ്ഞത്? ആമ്പല്ലൂരിൽ വേനൽവാകകൾ ജ്വലിച്ചുനിന്ന നേരങ്ങളിൽ, പെരുംമഴയിൽ മണലിപ്പുഴ കലങ്ങിയൊഴുകിയപ്പോൾ, വൃശ്ചികക്കാറ്റിൽ തനുവും മനവും തരളിതമാവുന്ന വേളകളിൽ കാറ്റ് പോലെ മഴ പോലെ വെയിൽത്തിളക്കം പോലെ അവ വന്നു. എനിക്കായി മാത്രം അകം നിറച്ചെഴുതിയ വിശേഷങ്ങൾ .
അക്കാലത്ത് ‘പെൻ ഫ്രണ്ട്സ്’ എന്നൊരു ചാറ്റ് ബോക്സ് ഉണ്ടായിരുന്നു. എനിക്കതിലിടം ഉണ്ടായിരുന്നില്ല. എൻറെയൊരു കൂട്ടുകാരിക്ക് ബംഗാളിലെ ബേലൂർമഠത്തിൽ നിന്ന് ബംഗാളിലെ കാണാക്കാഴ്ചകളും രീതികളും സുരോജിത്ത് അയച്ചിരുന്നു. പിന്നീടെപ്പോഴൊ, കുത്തൊഴുക്കുകളിൽ ആ സൗഹൃദം മാഞ്ഞ്പോയി... അത് ഞങ്ങളുടെ ബി എ കാലം.പണ്ട്, ഞങ്ങളുടെ ബി.എ കാലം കത്തെഴുത്തുകളാൽ സമ്പന്നമായിരുന്നു. കേരളവർമയുടെ തട്ടകത്തിൽ പ്രണയിക്കാൻ കഴിഞ്ഞില്ലെന്ന സങ്കടം ഉണ്ടെങ്കിലും സൗഹൃദം സമൃദ്ധമായിരുന്നു... അന്നൊരിക്കൽ എൻറെ കൂട്ടുകാരി അനിത എഴുതി... ‘ശിവൻ ഉമയെ സ്നേഹിക്കുന്നതിനേക്കാൾ, കണ്ണൻ രാധയെ സ്നേഹിക്കുന്നതിനേക്കാൾ, നളൻ ദമയന്തിയെ സ്നേഹിക്കുന്നതിനേക്കാൾ ഞാൻ നിന്നെ സ്നേഹിക്കുന്നു’ ഞെട്ടിയൊന്നുമില്ല. ഒക്കെത്തിൻറെയും സ്വഭാവം കണക്കും, ഇത്തിരി വെടക്കും ആണല്ലോ... അതിന് താഴെയുള്ള വരി എൻറെ ഖൽബ് തകർത്തു .... ‘കമലദളം കണ്ടെടോ. അതിലെ ഡയലോഗാ ഇത്. ആരോടെങ്കിലും പറയാൻ വീർപ്പുമുട്ടി...അതാ എഴുതിയത്ന്ന്..’ അങ്ങനെ പ്രണയവും വിരഹവും കലർന്ന സൗഹൃദങ്ങൾ
പുന്നയൂർക്കുളവും മുണ്ടത്തിക്കോടും പരിയാരവും അനന്തപുരിയും നിറഞ്ഞ എഴുത്തുകൾ. വായിച്ച പുസ്തകങ്ങൾ, കണ്ട സിനിമകൾ, കേട്ട പാട്ടുകൾ, പൂത്തുലഞ്ഞ മരങ്ങൾ, എന്തിന് ഉള്ളിലൂറിയതെന്തും അതിൽ ഉണ്ടായിരുന്നു. നടന്ന വഴികളിൽ കേട്ട കുയിലിന് നൽകിയ മറുകൂവൽ പോലെ മറുപടികൾ . വരയ്ക്കാൻ അറിയില്ലെങ്കിലും നിറയെ ചിത്രംവരയ്ക്കുമായിരുന്നു ഞാൻ. പേജുകൾക്ക് അനങ്ങാനാവാത്തവിധം വരകളും വരികളും കാണാനാണ് എനിക്കിഷ്ടം. ചിലരുടെ കത്തുകൾ രഹസ്യപ്പൂട്ടുകൾ തുറക്കും പോലെയാണ്. വരികൾക്കിടയിലെവരികളും വരകളും. എഴുതാതെ എഴുതിയതും കാണാതെ കണ്ടതിനെയും ചേർത്ത് പിടിച്ച സ്വപ്നങ്ങൾ. ചെട്ട്യാരുബംഗ്ളാവിന് സമീപത്തെ തപാലാപ്പീസിൽ പോയി കത്തുകൾ അയയ്ക്കുമ്പോൾ തഞ്ചാവൂരിലെ ഏതോ പെൺകൊടിയെന്ന പോൽ നടന്നു. അത്രമേൽ സ്വപ്നാത്മകമായ വരികളനുഭവിച്ചതിൻറെ ഉന്മാദം. കുറച്ചുകൂടി കഴിഞ്ഞപ്പോൾ പോസ്റ്റ് ചെയ്യാതെ കിട്ടിയ കത്തുകൾ. എത്ര സംസാരിച്ചാലും തീരാത്ത ചിലതിനെ വരികളാലൊതുക്കാൻ ശ്രമിച്ചു. കടലിനെ ശംഖിലെന്ന പോൽ. സി.വി. ശ്രീരാമൻറെയും ടി. പത്മനാഭൻറെയും കഥകളിലെ തിരക്കേറിയ ഇടങ്ങളിലെ സൗഹൃദവേളകൾ. ഒരു കപ്പ് കാപ്പിക്കിരുപുറം അതിനപ്പുറം പങ്കിടാൻ നേരമില്ലാത്ത ജീവിതപ്പെരുക്കങ്ങൾ. അതിനിടയിൽ മൂക്കുത്തി തിളങ്ങും പോൽ തിളക്കമേറിയ വരികൾ.
പാരിജാതം തളിർത്തതും അത് മരമായി പൂക്കുന്ന കിനാവുകളും ശലഭങ്ങളും മണങ്ങളും മാത്രം നിറഞ്ഞതായിരുന്നു പല കത്തുകളും. ചിലപ്പോൾ ചോണനുറുമ്പ് പോൽ കടിച്ചും പുളിയുറുമ്പ് പോൽ നീറ്റിയും മറ്റുചിലപ്പോൾ നിരനിരയായി വഴിയോരക്കാഴ്ചകളേകിയും വന്നവ. ചിലത് ചാരമായി. മറ്റു ചിലത് പുമ്പാറ്റകൾ പോൽ പാറി. വേറേ ചിലത് നിറം മങ്ങിയാലും തിളക്കം പോവാതെയെൻറെ കൂടെ. മറ്റുള്ളവർക്ക് വെറും ലിപികളും കടലാസുകളുമായവ എനിക്കെന്തെല്ലാമോ ആയിരുന്നു. കാൽനികതയുടെ മഷിപുരണ്ടവ. എൻറെ ഫോണിലെ സന്ദേശങ്ങളെ ഒറ്റയമർത്തലിൽ മായ്ക്കുമ്പോൾ കണ്ണു നിറയുന്നതെന്തിന്? ആശയങ്ങൾ പൂർണ്ണമാകാതെ കലഹിച്ച് ഉറങ്ങുമ്പോൾ നീറുന്നതെന്തിന്?
ഇനിയെനിക്കായി, സ്വപ്നങ്ങളും വിശേഷങ്ങളും നിറഞ്ഞ കടലാസുകൾ വരില്ലെന്നറിഞ്ഞിട്ടോ? താൻ പോലുമറിയാതെ ഇല പൊഴിക്കുന്ന മരങ്ങൾ പോലെ, ഞാൻ ഏറെ സ്നേഹിക്കുന്ന വരികൾ കൊഴിഞ്ഞു വീഴുമോ? എൻറെ പാതിജീവൻ നിറച്ച വരികളെ കാലം കടലെടുത്തുപോവും മുമ്പ് ഞാനൊന്നുകൂടി മണക്കട്ടെ. ആ നേരങ്ങളെ ഭദ്രമായെന്നുള്ളിൽ നിറയ്ക്കട്ടെ. എൻറെയെന്ന് ആവർത്തിച്ചോതിയ വരികളാണല്ലോ അതെല്ലാം. അതത്രയും എനിക്കായി മാത്രം എൻറെ സൗഹൃദം തന്നതാണല്ലോ
പെൺകൊട്ടകക്കാലങ്ങൾ
"നട്ടപ്പറ വെയിലത്ത് വെള്ളരി നട്ട പാടം ചാടിക്കടന്ന വെയിലിൻറെ ഉത്സാഹവും വരമ്പിൻറെ മണവും ചിരികളുടെ ഉന്മാദവും നിലംതൊടായക്ഷികളുടെ സ്വാതന്ത്രൃവും അകമേ അറിയുന്നു" അധ്യാപികയുടെ സിനിമാക്കാഴ്ചകളുടെ ഓർമ്മകൾ ആമ്പല്ലൂർ തിയേറ്ററിൽ രണ്ടരമണിക്ക് പാട്ട് വെയ്ക്കും. ആ പാട്ടോടെയാണ് കൊട്ടകകൾ ഉണരുക. ആമ്പല്ലൂർ ഒരു പെൺനാടാണെന്ന് തോന്നിയിരുന്നു ആ നേരങ്ങളിൽ. സിനിമ കാണാൻ കൂട്ടമായി കൊട്ടകയിലേയ്ക്ക് പോയിരുന്ന നട്ടുച്ചകൾ.
പാട്ട് വെച്ചാൽ വലിയ കുങ്കുമപ്പൊട്ട് തൊട്ട് സെറ്റ് മുണ്ടുടുത്ത് വിശാലാക്ഷിയമ്മ ഇറങ്ങും…” പോവ് ല്ലേ കുട്ട്യോളേ? ഒരു പെൺപടയും മുഖം മിനുക്കി,മുടി ചീകി പിന്നാലെ….”ദ് ആ മേനോൻറെ പടാത്രേ…യ്ക്കിഷ്ടാ അയാൾടെ പടങ്ങൾ..നല്ല തമാശണ്ടാവും. രസികനാ…ഇതില് നസീറും ലക്ഷ്മിയും ഉണ്ട്….പേര് മറന്നു…ഒരു കുന്ത്രാണ്ടം പേരാണ്…..വേഗം നടക്കെൻറെ പിള്ളേരെ…പാടത്തൂടി പോവാം…”
അങ്ങനെ ഓർമ്മയിൽ ഒരു കൊട്ടകക്കാലം വിരിയുന്നു.വിശാലാക്ഷിയമ്മ ആയിരുന്നു ആദ്യകാലത്ത് ഞങ്ങളെ കൊണ്ടുപോയിരുന്നത്. ഞാൻ കാണുന്ന കാലത്ത് ബാലചന്ദ്രമേനോൻറെ ഫാനായിരുന്നു വിശാലാക്ഷിയമ്മ. അതിസുന്ദരി. പൊൻനിറം. അറുപതുകളിലും അത്യുത്സാഹത്തോടെ ഞങ്ങളുടെ കൂടെ രസിച്ച് വന്നിരുന്നു. അങ്ങനെ എത്രയോ അവധിദിവസങ്ങളിൽ പാടം മുറിച്ച് ബാലചന്ദ്രമേനോൻറെയും ഭരതൻറെയും പത്മരാജൻറെയും സിനിമകൾ കാണാൻ ഓടിക്കയറിയിരുന്നു.
“ശ്രീരാമ”യാണ് ആമ്പല്ലൂരിലെ കൊട്ടകക്കാരണവർ. ജങ്ഷനിൽ തന്നെ. വരമ്പത്ത് ചാടിക്കുതിച്ച കാലുകൾക്കെന്തൊരുത്സാഹമായിരുന്നു. പാട്ടുകളുടെ ഓളത്തിലലിഞ്ഞും ചറപറാന്ന് കഥകൾ പറഞ്ഞും പെൺകുട്ടികൾ. ആ കൂട്ടത്തിൽ നിന്നാണ് തിരക്കഥയും സംവിധാനവും അറിഞ്ഞത്. ശ്രീരാമ തിയേറ്ററിൽ ബാൽക്കണി ഉണ്ടായിരുന്നില്ല. ”ബോക്സ്”എന്ന ഒരു കൂടായിരുന്നു.അവിടെ ഇരുന്ന് സിനിമ കണ്ട ഓർമ്മ ഇല്ല. ഇടവേളകളിൽ ചായയും കടലയും വിൽക്കാൻ ആളുകൾ വന്നിരുന്നു. ഭരതൻ ചിത്രങ്ങളിലെ മിഴിവും സത്യൻ അന്തിക്കാടിൻറെ തമാശയും ജീവിതവും ആയ സമയങ്ങളിൽ വിശാലാക്ഷിയമ്മ അധികം വരാതെയായി. എന്നാൽ, ഞങ്ങൾ പെൺപട കൊട്ടകയാത്രകൾ തുടർന്നു.
പത്മരാജൻറെ ”നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ”ഇറങ്ങിയത് എൻറെ ഹൈസ്കൂൾ കാലത്താണ്. അന്ന് പ്രണയത്തിൻറെ അഭൗമഭംഗിക്ക് പാകമല്ല ഞാൻ എന്ന ബോധത്തിൽ. പക്ഷേ ഈ സിനിമയിലെ പ്രണയകുറിപ്പുകൾ എന്നെ വല്ലാതെ സ്വാധീനിച്ചു. ഇത്രയും ഉദാത്തവും ഹരിതാഭവുമായ പ്രണയസന്ദേശം മറ്റെവിടെയും അതുവരെയും ഞാൻകണ്ടതില്ല. സോളമൻറെ മാതളനാരകം പൂവിടുന്ന പുലരികൾ.കോൺവെന്റിൽ ബൈബിൾ വച്ചിരുന്നു. പഴയനിയമം തപ്പി ഉത്തമഗീതം വായിച്ചത് എത്രയോതവണ. എന്നും ബൈബിൾ വായിച്ചിട്ടും ഈ പെങ്കൊച്ച് നന്നാവുന്നില്ലല്ലോ എന്ന് കന്യാസ്ത്രീകൾ കരുതിക്കാണും. ഓരോ തവണയും ഇത്രയേറേ ഹരിതമോ പ്രണയംഎന്ന് ചിന്തിച്ചുപോയി.അരവിന്ദൻറെ സിനിമകളോട് ഞങ്ങൾക്ക് പ്രത്യേകകമ്പം ആയിരുന്നു. ഞങ്ങളുടെ സ്വന്തം സി വി ശ്രീരാമൻ കഥകളുടെ അനുകൽപ്പനങ്ങളായ “ചിദംബര”വും “വാസ്തുഹാര”യും. സ്മിതാപാട്ടീലിൻറെയും മാട്ടുപ്പെട്ടിയുടെയും സൗന്ദര്യം മാത്രമല്ല ചിദംബരം ഒരുവലിയ രഹസ്യം ഒളിപ്പിച്ച അനുഭവം: അത് ഇന്നും വെളിപ്പെടാത്ത ഒന്നത്രേ. ‘ശ്രീലക്ഷ്മി’യാണ് രണ്ടാമത്തെ തിയേറ്റർ. കൂടുതൽ സിനിമകൾ കണ്ടതവിടെ. അതിനടുത്ത് ‘ശ്രീഭവൻ’ ഹോട്ടലിലെ മസാലദോശ പുകഴ് കൊണ്ടകാലം. വല്ലപ്പഴും കയറിയിരുന്നു.
‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമയിലെ ‘മഞ്ഞമന്ദാരമേ’ എന്നത് പൊതുവേ മൺതാരങ്ങളായ മന്ദാരങ്ങളോട് ഇഷ്ടം കൂട്ടി. തുള്ളിയുറഞ്ഞു ഞാൻ കാവാകെ തീണ്ടുമ്പോൾ എന്ന് ഭരതൻ എഴുതിയപ്പോൾ സ്വയം ഒരു കാവായിമാറി ‘ആരണ്യകം ‘ കണ്ടപ്പോൾ ആത്മാവിൽ മുട്ടിവിളിച്ചത് എന്നെയല്ലേ എന്നും. അല്ലെങ്കിലും സിനിമാഗാനങ്ങൾ നമ്മളോരുത്തരുടെയും ആണല്ലോ. ഞാൻ ജനിക്കും മുമ്പ് വയലാർ എഴുതിയത് വരെ എനിക്കുവേണ്ടിയത്രേ.സംഘട്ടനങ്ങൾ, നൃത്തരംഗങ്ങൾ, ഉദ്വേഗഭരിതമായ കഥ എന്നൊക്കെ കേട്ട് ഓടിപ്പോയ് നോട്ടീസ് എടുക്കും…”ശേഷം വെള്ളിത്തിരയിൽ” എന്നച്ചടിച്ച കടലാസുകളിൽ എന്തൊക്കെയോ ഒളിപ്പിച്ച് വെച്ചിട്ടുണ്ട് എന്നായിരുന്നു വിചാരം.
കൗമാരത്തിൻറെ ഒരു വലിയ തട്ടകമായിരുന്നു ആ കൊട്ടകക്കാലം. കറൻറ് ഇടയ്ക്കിടെ പോവുകയും ആളുകൾ കൂവിയും സ്ക്രീനിലേയ്ക്ക് ടോർച്ചടിക്കുകയും ചെയ്തിരുന്ന നേരങ്ങൾ. കറൻറ് വരാതെ പാതിയിറങ്ങിയ ഒന്നോ രണ്ടോ സിനിമകൾ. ആമ്പല്ലൂരിൽ പെൺമണം അധികം ഏൽക്കാത്ത ഒരേയൊരു കൊട്ടക ‘ജോളി’ യായിരുന്നു. വെണ്ടോരിലേയ്ക്ക് കേറും ഇടവഴിയിൽ. ആൺകാമനകളുടെ സ്വപ്നഭൂമിക. പെണ്ണുടൽ നീറഞ്ഞ തിരശ്ശീല. ആകെ ‘തണ്ണീർ തണ്ണീർ’ കാണാനാണ് അങ്ങോട്ട് പോയത്. ഇന്ന് കൊട്ടകകൾ രൂപം മാറി. സിനിമകൾ മാറിവരുന്നു. ചർച്ചകളും തർക്കങ്ങളും നടക്കുന്നു.എങ്കിലും ഒരു നഷ്ടമെന്നുള്ളിൽ ഊറുന്നു. ആമ്പല്ലൂർ വടക്കുമുറിയിലെ പെൺകാഴ്ചകളോളം അതെത്തുന്നില്ല.വിശാലാക്ഷിയമ്മയും മറ്റു പലരും വിസ്മൃതിയിലേയ്ക്കാണ്ടു. എന്നിട്ടും ആ നട്ടപ്പറ വെയിലത്ത് വെള്ളരി നട്ട പാടം ചാടിക്കടന്ന വെയിലിൻറെ ഉത്സാഹവും വരമ്പിൻറെ മണവും ചിരികളുടെ ഉന്മാദവും നിലംതൊടായക്ഷികളുടെ സ്വാതന്ത്രൃവും അകമേ അറിയുന്നു. ഒരു കാലമാകെ തിരശ്ശീല വിടർത്തുന്നു. ഏതോ മഹാരഹസ്യം ഈ മയിൽപ്പീലിയിൽ ഉണ്ടെന്ന് കരുതിയ ബാല്യം പോലെ എന്തൊക്കെയോ ആ തിരശ്ശീലകൾ എനിക്ക് ബാക്കിവെച്ചിട്ടുണ്ട് എൻ.പി. ധനം
പ്രമാണം:Dhanam.pdf പഴയ ടെക്സ്റ്റ് ബുക്കിലെ ഇരുചിറകുകളും ഒരുമയിലെങ്ങനെ യൂണിറ്റുമായി ബന്ധപ്പെട്ട് തയ്യാറാക്കിയത്