"വി.എച്ച്.എസ്.എസ്. ഇരുമ്പനം/ കുട്ടികളുടെ രചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
== മറക്കാനാകാത്ത ഒരു പഠനയാത്ര ==
ഈ അധ്യയനവര്‍ഷത്തെ പഠനയാത്ര നടത്തിയത് കൊടൈക്കനാല്‍, മധുരെ, കന്യാകുമാരി, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലേക്കാണ്.  ഡിസംബര്‍ 12,13,14,15 എന്നീ തിയതികളില്‍ നടത്തിയ യാത്രയില്‍  45 വിദ്യാര്‍ത്ഥികളും 5 അധ്യാപകരും പങ്കെടുത്തു. തോമസ് സാര്‍, ജോര്‍ജ്ജ് സാര്‍, വിജി സാര്‍, സുജയ ടീച്ചര്‍, ലീന ടീച്ചര്‍ എന്നിവരായിരുന്നു പഠനയാത്ര നയിച്ചത്.  12-12-2010 ഞായറാഴ്ച്ച സന്ധ്യക്ക്  8 മണിയോടെ സംഘം സ്ക്കൂളില്‍‌‌ നിന്ന് പുറപ്പെട്ടു. കോട്ടയം, കുമളി, തേനി വഴി കൊടൈക്കനാലിലേക്കാണ് ആദ്യം പോയത്. രാത്രി മുഴുവന്‍ യാത്രയായിരുന്നു. ആദ്യമൊക്കെ പാട്ടിനൊത്ത് നൃത്തം ചെയ്ത് ആഘോഷമായിട്ടായിരുന്നു യാത്ര. കുറെക്കഴിഞ്ഞ് ക്ഷീണിച്ചപ്പോള്‍ സിനിമയിട്ടു. 'ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍'. പ്രേതവീടിന്റെ കഥയൊക്കെക്കണ്ട് പേടിച്ചരണ്ട്  വളഞ്ഞുപുളഞ്ഞ വഴികളിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഇടക്കൊക്കെ വഴിയില്‍ നല്ല മൂടല്‍മഞ്ഞുണ്ടായിരുന്നു.  സിനിമകണ്ട് ഞങ്ങള്‍ ഉറങ്ങിപ്പോയി. ഇടക്കിടെ ഉണര്‍ന്നപ്പോഴെല്ലാം ഞങ്ങളുടെ സുരക്ഷയെക്കരുതി സാറന്മാര്‍ ഉണര്‍ന്നിരുന്ന്, (ഡ്രൈവര്‍ ഉറങ്ങാതിരിക്കാനായി), ഡ്രൈവറുമായി സംസാരിച്ചിരിക്കുന്നത് കാണാനായി.നേരം വെളുത്ത് 6 മണിയോടെ ഞങ്ങള്‍ കൊടൈക്കനാലില്‍ 'ഡാനീസ് ഇന്‍' എന്ന താമസസ്ഥലത്ത് എത്തി. വണ്ടിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ മഴപോലെ മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു. അവിടെ താമസവും ഭക്ഷണവും എല്ലാം  നേരത്തേതന്നെ ഏര്‍പ്പാടാക്കിയിരുന്നു.  റൂമിലെത്തിയപ്പോള്‍  ഞങ്ങള്‍ക്ക് നല്ല ചുടുളള കാപ്പി തന്നു. അവിടെ ഭയങ്കര തണുപ്പായിരുന്നു. കുളിക്കാനും പല്ലുതേക്കാനും ചൂടുവെള്ളം ലഭ്യമായിരുന്നു. പ്രഭാതകൃത്യങ്ങള്‍ക്കുശഷം ഞങ്ങള്‍ ഡ്രസ്സുമാറി  ഭക്ഷണത്തിനായി ഹോട്ടലിലേക്ക്  പുറപ്പെട്ടു.  നല്ല ചൂടുള്ള ഇഡ്ഡലിയും സമ്പാറും  ചട്ണിയും കൂടെ വടയും. നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട് എല്ലാവരും മൂക്കുമുട്ടെ കഴിച്ചു.  ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ 'ഗുണാകേവ് ' കാണാന്‍ പോയി. കുറച്ച് കാത്തുനില്‍ക്കേണ്ടി വന്നു, അവിടേക്ക് കടക്കുവാന്‍. കമലാഹാസന്റെ ഗുണാ എന്ന സിനിമ പിടിച്ച സ്ഥലമാണത്. പാറകളുടെയിടയില്‍ വലിയ വിടവുകള്‍! ഒരു ഭാഗം വലിയ ഗര്‍ത്തം!  അപകടങ്ങളുണ്ടാവാറുള്ളതുകൊണ്ട് വിള്ളലുകള്‍ ബലമുള്ള കമ്പി വലകൊണ്ട് അടച്ചിരിക്കുന്നു. വലിയ ഉയരത്തില്‍ കമ്പി വേലിയും ഉണ്ടാക്കിയിരിക്കുന്നു....അദ്ധ്യാപകര്‍ ഞങ്ങള്‍ക്ക് എല്ലാം പറഞ്ഞ് തന്നു. അവിടെ നിന്നും ഞങ്ങള്‍ 'പില്ലര്‍ റോക്ക്സ്'' കാണാന്‍ പോയി.  വളരെ മനോഹരമായ കാഴ്ചയായിരുന്നു അത്! നല്ല കോടമഞ്ഞുണ്ടായിരുന്നതുകൊണ്ട്  ഇടക്കൊക്കെ മാത്രമേ റോക്ക് കാണാന്‍ പറ്റിയുള്ളു.  അവിടെ നിന്നും പുറത്ത് വന്ന ഞങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ കുറച്ച് സമയം കിട്ടി. പലരും കൊടൈക്കനാലിലെ സ്പെഷ്യല്‍ ഐറ്റമായ 'ഹോം മെയ്ഡ് ചോക്കലേറ്റ്' വാങ്ങി.  ഇതിനിടെ ഒരു കുട്ടിയുടെ കയ്യില്‍ നിന്നും കുരങ്ങ് ചോക്കലേറ്റ് പിടിച്ചുപറിച്ചുകൊണ്ട് പോയത് കൗതുകകരമായി. ഒരു ചേട്ടന്റെ കയ്യില്‍ കുരങ്ങ് മാന്തകയും ചെയ്തു.  തുടര്‍ന്ന് ഞങ്ങള്‍ 'സൂയിസയിഡ് പോയിന്റ് 'കാണാന്‍ പോയി. കനത്ത കോടമഞ്ഞ് അവിടെയും പാരയായി.  താഴേക്ക് നോക്കിയപ്പോള്‍ വെറും മഞ്ഞ് മാത്രം. അവിയെയും സാധനങ്ങള്‍ വാങ്ങാന്‍ കുറച്ചുസമയം കിട്ടിയത് എല്ലാവരും ഉപയോഗപ്പെടുത്തി. അതുകഴിഞ്ഞ് ഞങ്ങള്‍ പോയത് 'കോക്കേഴ്സ് വാക്ക് 'കാണാനാണ്.  അതൊരു നീണ്ട നടപ്പാതയാണ്. തുടക്കത്തില്‍ ഒരു വ്യൂ ടവര്‍. അവിടെ ഒരു വലിയ ടെലസ്ക്കോപ്പ്. അതിലൂടെ നോക്കിയാല്‍ വളരെ ദൂരെയുള്ള കാഴ്ചകള്‍ തൊട്ടു മുന്നില്‍ കാണാം. കോക്കേഴ്സ് വാക്കിന്റെ ഒരു വശം അഗാധമായ താഴ്വരയാണ് .  അവിടെയും കോടമഞ്ഞുണ്ടായിരുന്നു.  ഇടക്ക് മഞ്ഞ് നീങ്ങിയപ്പോള്‍ കണ്ട പ്രകൃതി ദൃശ്യങ്ങള്‍ മനം കവരുന്നതായിരുന്നു.  മരം കോച്ചുന്ന തണുപ്പ് ആസ്വദിച്ചുകൊണ്ട് ഞങ്ങള്‍ താഴേക്ക് നടന്ന് നീങ്ങി.  പിന്നെ ഞങ്ങള്‍ ഉച്ചഭക്ഷണത്തിനായി  ഡാനീസ് റെസ്റ്റോറന്റിലേക്ക് തിരിച്ചു.  ഭക്ഷണത്തിനുശേഷം ഞങ്ങള്‍ തടാകം കാണാന്‍ പോയി. തടാകത്തിനു ചുറ്റും കറങ്ങാന്‍ ഒരുപാടു ദൂരമുണ്ടായിരുന്നു. മൂന്ന് മണിക്കൂറോളം സമയം മനോഹരമയ കൊടൈക്കനാല്‍ തടാകത്തിനു ചുറ്റും കാഴ്ചകള്‍ കണ്ട് നടന്നു.  തടാകത്തില്‍ കുറേ ബോട്ടുകള്‍ ഉണ്ടായിരുന്നു. കുറേക്കുട്ടികള്‍ പാവകളും കളിപ്പാട്ടങ്ങളും മറ്റും വാങ്ങി. ഞാനും ഒരു പാവയെ വാങ്ങി.  അഞ്ചുമണിയോടെ ഞങ്ങള്‍ തടാകക്കരയില്‍ നിന്നും തിരികെപ്പോന്നു. താമസസ്ഥലത്തെത്തുമ്പോഴേക്കും ശക്തിയായ തണുപ്പ് വ്യാപിച്ചിരുന്നു. ചൂടുവെള്ളത്തില്‍ കുളിച്ചു് ഡ്രസ് മാറി വന്നപ്പോഴക്കും നല്ല ചൂടുള്ള ചപ്പാത്തിയും കോഴികറിയും റെഡിയായിരുന്നു. അതും കഴിച്ച് മൂടിപ്പുതച്ച് കിടന്നുറങ്ങി. കട്ടിയുള്ള കമ്പിളിപ്പുതപ്പിനെ തുളച്ചുകൊണ്ട് ശരീരത്തില്‍ സൂചിമുനകള്‍ പോലെ കുത്തുകയായിരുന്നു, തണുപ്പ്.  ഒരുവിധം നേരം വെളുപ്പിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ. രാവിലെ  7 മണിയോടെ ഞങ്ങള്‍ 'ഡാനീസ് ഇന്നി'നോട് വിട പറഞ്ഞു. റെസ്റ്റോറന്റില്‍ നിന്നും ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് ഞങ്ങള്‍ മധുരയിലേക്ക് തിരിച്ചു. ചെങ്കുത്തായ വഴിയിലൂടെ കൊടൈക്കനാല്‍ ചുരമിറങ്ങിയപ്പോള്‍ എല്ലാവരുടെ മനസ്സിലും ഭയം നിറഞ്ഞിരുന്നു.  പക്ഷെ ചുരത്തിന്റെ ഒരുവശത്തെ അഗാധമായ താഴ്വരയുടെ വന്യ ഭംഗി ഒരിക്കലും മറക്കാന്‍ കഴിയില്ല.  ബസിനുള്ളില്‍ പാട്ടിനൊത്ത് ഡാന്‍സുചെയ്ത്  ഉല്ലസിച്ച് യാത്രചെയ്ത ഞങ്ങള്‍ പന്ത്രണ്ട് മണിയോടെ മധുരയിലെത്തി. അമ്പലത്തിന്റെ സമീപത്തെങ്ങും പാര്‍ക്കിങ്ങ് സൗകര്യമില്ലാതിരുന്നതുകൊണ്ട്  ബസ് രണ്ട് കിലോമീറ്ററോളം മാറ്റിയാണ് പാര്‍ക്ക് ചെയ്തത്.  അതുകൊണ്ട്  അമ്പലത്തിലേക്ക് പൊരിവെയിലത്ത് രണ്ട് കിലോമീറ്ററോളം ദൂരം നടക്കേണ്ടി വന്നു. നാലു വശങ്ങളും ഗോപുരങ്ങളുണ്ട് മധുര ക്ഷേത്രത്തിന്.  കനത്ത പോലീസ് സെക്ക്യൂരിറ്റിയാണ് അവിടെ. അമ്പലത്തിനകത്ത്  നല്ല തിരക്കും ഇരുട്ടും.  ശില്പഭംഗിക്ക് പ്രസിദ്ധമാണ് മധുര ക്ഷേത്രം.  അത് ഞങ്ങള്‍ക്ക് ശരിക്കും ബോധ്യമായി.  ഒരു മണിക്കൂറോളം ക്ഷേത്രത്തിനകത്ത് ചെലവഴിച്ച് ഞങ്ങള്‍ പുറത്തിറങ്ങി, ഭക്ഷണവും കഴിച്ച് രണ്ട് മണിയോടെ കന്യാകുമരിയിലേക്ക് തിരിച്ചു.  നീണ്ട് നിവര്‍ന്നുകിടക്കുന്ന പാടശേഖരങ്ങള്‍ക്കിടയിലൂടെയുള്ള ഹൈവേയിലൂടെയുള്ള യാത്ര രസകരമായിരുന്നു.  സിനിമയും കണ്ടുകൊണ്ടായിരുന്നു യാത്ര. ഇടക്ക്, നാലുമണിയോടെ വഴിയരികിലുള്ള ഒരു ഹോട്ടലില്‍ നിന്ന്  ചായയും കടിയും കഴിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.  കന്യാകുമാരിയിലെത്താറായപ്പോള്‍ ഇരുവശങ്ങളിലും നൂറുകണക്കിന് കാറ്റാടിയന്ത്രങ്ങള്‍ നിറഞ്ഞ കാറ്റാടിപ്പാടങ്ങള്‍ കാണാന്‍ കഴിഞ്ഞു.  തമിഴ് നാടിന്റെ തെക്കന്‍ ഭാഗങ്ങളില്‍ കാറ്റാടികളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയാണ് അധികവും ഉപയോഗിക്കുന്നതെന്ന് സാറന്മാര്‍ പറഞ്ഞുതന്നു.  രാത്രി എട്ടുമണിയോടെ ഞങ്ങള്‍ 'സ്റ്റെല്ലാ മേരീസ്' കോണ്‍വെന്റിലെത്തി.  അവിടെയായിരുന്നു താമസവും ഭക്ഷണവും ബുക്കുചെയ്തിരുന്നത്.  കുളിച്ച് ഭക്ഷണം കഴിച്ച് ഞങ്ങള്‍ കിടന്നുറങ്ങി. ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം ബെഡ്ഡായിരുന്നു.  ഏതോ വലിയ കോണ്‍വെന്റ് സ്കൂളില്‍ നിന്നും എത്തിയ മറ്റൊരു ബാച്ച് കുട്ടികളും അവിടെയുണ്ടായിരുന്നു.  അവര്‍ തറയില്‍ വിരിച്ച് കിടക്കുന്നത് കണ്ടപ്പോഴാണ് ഞങ്ങളുടെ അദ്ധ്യാപകര്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ സൗകര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് മനസ്സിലായത്.  നാലുമണി ആയപ്പോഴേക്കും അദ്ധ്യാപകര്‍ ഞങ്ങളെ വിളിച്ചുണര്‍ത്തി.പെട്ടെന്ന് തയ്യാറായിവന്ന ഞങ്ങള്‍ അഞ്ചുമണിയായപ്പോഴേക്കും സൂര്യോദയം കാണാന്‍ പുറപ്പെട്ടു.  പോകുന്ന വഴിയില്‍ ചായകുടിച്ചു.  കടപ്പുറത്തെത്തുമ്പോഴേക്കും നല്ല തിരക്കായിരുന്നു. സൗകര്യപ്രദമായ ഒരു സ്ഥലത്ത് ഇരുന്ന് ഞങ്ങളും സൂര്യോദയത്തിനായി കാത്തിരുന്നു.  സുനാമിത്തിരകള്‍ വീശിയടിച്ച് നൂറുകണക്കിനാളുകളുടെ ജീവനെടുത്ത സ്ഥലമായിരുന്നു അത് എന്ന് അദ്ധ്യാപകര്‍ ഞങ്ങള്‍ക്ക് പറഞ്ഞുതന്നു.  വഴി വാണിഭക്കാരുടെ തിരക്കായിരുന്നു അവിടെ.  പത്തുരൂപയുടെ സാധനം അമ്പതുരൂപയ്ക്ക് വാങ്ങി കബിളിപ്പിക്കപ്പെട്ട കുട്ടികള്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഏറെയുണ്ടായിരുന്നു.  കുറെ കാത്തിരുന്ന്, ആറേകാലായപ്പോഴേക്കും സൂര്യന്‍ മേഘങ്ങള്‍ക്കിടയിലൂടെ മുഖം കാണിച്ചു. ചക്രവാളത്തില്‍ കുറച്ച് മുകളിലായിട്ടായിരുന്നു സ്ഥാനമെങ്കിലും സൂര്യനെ മുഴുവനായും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു.  ഉദിച്ചുയരുന്ന സൂര്യപ്രകാശത്തില്‍ തെളിഞ്ഞുനിന്ന വിവേകാനന്ദപ്പാറയും അതിനടുത്തായി തലയുയര്‍ത്തി നിന്ന തിരുവള്ളുവരുടെ പ്രതിമയും അതിമനോഹരമായ കാഴ്ചയായിരുന്നു.  കടല്‍ത്തീരത്തുനിന്നും കയറിവന്ന ഞങ്ങള്‍ വിവേകാനന്ദപ്പാറയില്‍ പോകാന്‍ ബോട്ടിന്റെ ടിക്കറ്റ് എടുക്കാന്‍  ക്യൂ നിന്നു. അയ്യപ്പന്മാരുടെ നല്ല തിരക്കായിരുന്നു അവിടെയൊക്കെ. രണ്ട് മണിക്കൂര്‍ സമയത്തോളം ക്യൂ നില്‍ക്കേണ്ടി വന്നു കൗണ്ടര്‍ തുറക്കാന്‍. ഇതിനിടെ നിരവധി കച്ചവടക്കാര്‍ പലപല സാധനങ്ങളുമായി ഞങ്ങളെ സമീപിച്ചു. കുട്ടികള്‍ പലതും വാങ്ങിക്കൂട്ടുന്നുണ്ടായിരുന്നു.  നീണ്ട ക്യൂവിലൂടെ നടന്ന് ഞങ്ങള്‍ ബോട്ടിന് സമീപത്തെത്തി. എല്ലാവര്‍ക്കും ധരിക്കാനായി ലൈഫ് ജാക്കറ്റുകള്‍ ഉണ്ടായിരുന്നു. ഇളകിയാടുന്ന ബോട്ടില്‍ പേടിയോടെ ഞങ്ങള്‍ ഇരുന്നു. വിവേകാനന്ദപ്പാറയിലിറങ്ങി ഞങ്ങള്‍ മുകളിലേക്ക് കയറി. എല്ലായിടവും നല്ല വൃത്തിയായി സംരക്ഷിച്ചിരിക്കുന്നു.  വിവേകാനന്ദ സ്മാരകവും സ്മൃതിമണ്ഡപവും ധ്യാനകേന്ദ്രവും ഞങ്ങള്‍ കയറിക്കണ്ടു. ഒരുമണിക്കൂറിലധികം സമയം അവിടെ ചെലവഴിച്ച് ഞങ്ങള്‍ തിരിച്ച് ബോട്ട് കയറി. തുടര്‍ന്ന് ഞങ്ങള്‍ ഗാന്ധി സ്മാരകം കാണാന്‍ പോയി. ഗാന്ധിജിയുടെ ഭൗതിക ശരീരം വെച്ച സ്ഥാനം ഒരു തറകെട്ടി  സംരക്ഷിച്ചിരിക്കുന്നു. അതിനു മുകളില്‍  രണ്ട് നിലകളിലായി ഉള്ള രണ്ട് ദ്വാരങ്ങളിലൂടെ കടന്നുവരുന്ന പ്രകാശം ഒക്ടോബര്‍ 2-ന് ,11.30  ആകുമ്പോള്‍ ആ പീഢത്തിനു മുകളില്‍ കൃത്യമായി വീഴുമെന്ന് അവിടുത്തെ ഗൈഡ് ഞങ്ങള്‍ക്ക് പറഞ്ഞുതന്നു. ഗാന്ധിജിയുടെ സമര ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ പലതിന്റെയും വലിയ ചിത്രങ്ങള്‍ അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. ഗാന്ധി സ്മൃതിമണ്ഡപത്തിന്റെ തൊട്ടടുത്താണ് 'ത്രിവേണി സംഗമം'.  അറബിക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം, ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ മൂന്ന് കടലുകള്‍ സമ്മേളിക്കുന്ന സ്ഥാനമാണ് ത്രിവേണീസംഗമം. അവിടെയെല്ലാം അയ്യപ്പന്മാരുടെ ഭയങ്കര തിരക്കായിരുന്നു.  അവിടെ നിന്നും ഞങ്ങള്‍ താമസസ്ഥലത്തേക്ക് നടന്നു. പൊരിവെയിലത്തുള്ള ആ യാത്ര ആരും മറക്കില്ല. 10 മണിയോടെ റൂമിലെത്തിയപ്പോഴേക്കും എല്ലാവരും തളര്‍ന്നിരുന്നു. ബ്രേക്ക് ഫാസ്റ്റും കഴിച്ച് ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു. ഒരു മണിക്കൂറോളം യാത്ര ചെയ്ത് ഞങ്ങള്‍ പത്മനാഭപുരം കൊട്ടാരത്തിലെത്തി. പഴയ തിരുവിതാംകൂര്‍ രാജാവിന്റെ ആസ്ഥാനമായിരുന്നു അത്. രാജഭരണത്തിന്റെ ഓര്‍മ്മകളുണര്‍ത്തുന്ന ഒരുപാട് കാഴ്ചകളുണ്ടായിരുന്നു അവിടെ. 'മണിച്ചിത്രത്താഴ് ' എന്ന ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ അവിടുന്നാണ് ചിത്രീകരിച്ചതത്രെ. അവിടെ നിന്നും യാത്ര തുടര്‍ന്ന ഞങ്ങള്‍ ഇടക്ക് വഴിയില്‍ നിന്നും  ഉച്ചഭക്ഷണം കഴിച്ചു.  മൂന്ന് മണിയോടെ ഞങ്ങള്‍ തിരുവനന്തപുരത്തെത്തി.  നേരെ ഞങ്ങള്‍ മൃഗശാലയിലേക്കാണ് പോയത്.  പലതരത്തിലുള്ള പക്ഷികളേയും മൃഗങ്ങളെയും പാമ്പുകളെയും അവിടെ കാണാന്‍ കഴിഞ്ഞു. സമയക്കുറവുകൊണ്ട് തിരക്കിട്ടായിരുന്നു മൃഗശാലയിലെ കാഴ്ചകള്‍ കണ്ടുതീര്‍ത്തത്. അവിടെ നിന്നും കോവളം ബീച്ചിലേക്കാണ് ഞങ്ങള്‍ പോയത് . അവിടെ എത്തുമ്പോഴേക്കും സൂര്യനസ്ഥമിക്കാറായിരുന്നു. ആണ്‍കുട്ടികള്‍ കുറെപ്പേര്‍ കടലിലിറങ്ങി. അധ്യാപകരുടെ മേല്‍നോട്ടത്തിലായിരുന്നു അത്.  അസ്തമയ സൂര്യന്റെ മങ്ങിയ പ്രകാശത്തില്‍ കോവളം ഒരു സുന്ദരിയേപ്പോലെ തിളങ്ങി നിന്നു. മങ്ങിയ പ്രകാശത്തില്‍ ഞങ്ങള്‍ ബീച്ച് മുഴുവനും ചുറ്റിക്കണ്ടു. ബീച്ചില്‍ നിന്നും കയറിയ ഞങ്ങള്‍ കടകളില്‍ കയറി കോവളത്തിന്റെ തനതായ കൗതുക വസ്തുക്കള്‍  വാങ്ങി.  ഒമ്പതുമണിയായപ്പോള്‍ ഞങ്ങള്‍ കോവളത്തുനിന്നും തിരിച്ചു. ഇടക്ക് വലിയൊരു സ്റ്റാര്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു.  പൊറോട്ടയും ചിക്കന്‍ കറിയുമായിരുന്നു വിഭവങ്ങള്‍. തിരിച്ച് വണ്ടിയില്‍ കയറിയ ഞങ്ങള്‍ സിനിമയും കണ്ട് യാത്ര തുടര്‍ന്നു. രാവിലെ നാലു മണിയോടെ ഞങ്ങള്‍ ഇരുമ്പനം സ്ക്കൂളിന്റെ മുന്നില്‍ ബസിറങ്ങി. ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരുപാട് അനുഭവങ്ങള്‍ നല്‍കി 2010-11 വര്‍ഷത്തെ അധ്യയനയാത്ര അങ്ങനെ സമംഗളം പര്യവസാനിച്ചു......................'''.തയ്യാറാക്കിയത് ---- അബിത തോമസ് ,6 സി.'''