എ.എം.എൽ.പി.എസ്. വില്ലൂർ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
പ്രമുഖർ വിവിധ പരിപാടികൾക്ക് സ്കൂളിൽ എത്തിയപ്പോൾ എഴുതിയത്
മധുപാൽ
പവിത്രൻ തീക്കുനി
മജീഷ് കാര്യാട്
കബീർ ചാവശ്ശേരി ( റിപ്പോർട്ടർ മാതൃഭൂമി)
എന്തൊരു ചേലാണ്,ഈ ഫോട്ടോക്ക്!ഈ മനുഷ്യൻ ഇവിടെ ജീവിക്കുകയാണ്, പണിയെടുക്കുകയല്ല..!നാട്ടിലെ എയ്ഡഡ് LP സ്ക്കൂളാണ് AMLP സ്ക്കൂൾ വില്ലൂരിലെ പ്രധാനധ്യാപകനും കുട്ടികളുമൊത്ത് വായന വാരത്തിൽ എടുത്ത ഫോട്ടോകളാണിത്. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളും ഓരോ പുസ്തകവുമായി വിദ്യാലയ മുറ്റത്ത് അണിനിരന്നു.
കേരളത്തിലെ ആദ്യ നോവലായ 'ഇന്ദുലേഖ' ഉൾപ്പെടെ ഏറ്റവും പുതിയ പുസ്തകമായ 'രാത്രി 12 ന് ശേഷം' എന്ന നോവൽ കുട്ടികളെ പരിചയപ്പെടുത്തിയാണ് വായനയുടെ പൂക്കാലത്തിന് തുടക്കം കുറിച്ചത്. ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ ഈ വർഷം നടക്കുന്നത്.
വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കൊണ്ട് സംഭവബഹുലമാണ് ഈ സ്ക്കൂളിലെ ഒരോ അക്കാദമിക വർഷങ്ങളും. ഒരോ വിശേഷ ദിവസങ്ങളും കൃത്യമായി ആസൂത്രണം ചെയ്ത് പരിപാടികൾ സംഘടിപ്പിക്കുകയും അതിൻ്റെ സന്ദേശങ്ങൾ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും നാട്ടിലും പ്രചരിപ്പിക്കുകയും ചെയ്യുന്നു.
പ്രധാനധ്യാപകൻ സിദിൻ മാഷ് കോഴികോട് പേരാമ്പ്ര കായണ്ണ സ്വദേശിയാണ്. വിദ്യാഭ്യാസ, നവോത്ഥാന, ശാസ്ത്ര സാഹിത്യ രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന അധ്യാപകൻ കൂടിയാണിദ്ദേഹം. അദ്ദേഹം ഇവിടെ ജീവിക്കുകയാണ് പണിയെടുക്കുകയല്ല.
വില്ലൂർ സ്കൂളിലെ മാഷേ...! കുട്ടികളെ...! അധ്യാപക-അനധ്യാപക സുഹൃത്തുക്കളെ നിങ്ങൾ സധൈര്യം തുടരുക.ഏറെ ഇഷ്ടം
സി.കെ

മനോജ്കുമാർ പെരിന്തൽമണ്ണ
ഒരു അധ്യയനവർഷംകൂടി വന്നെത്തുകയാണ്. മാതൃകയാക്കേണ്ടുന്ന പ്രവർത്തനങ്ങളാണ് ചില പൊതുവിദ്യാലയങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. കൃത്യമായ കാഴ്ചപ്പാടും ധാരണയും ആർജ്ജവവുമുള്ള വിദ്യാലയ നേതൃത്വത്തിന് അധ്യാപക രക്ഷാകർതൃ സമിതിയെ വേണ്ടവിധം കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിയുകയും രക്ഷിതാക്കളെ കൂടെനിർത്താനാവുകയും ചെയ്താൽ എന്തും സാധ്യമാണെന്ന് ഇങ്ങനെയുള്ള വിദ്യാലയങ്ങൾ അടയാളപ്പെടുത്തുന്നു.
മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയിലെ വില്ലൂർ എഎൽപി സ്കൂൾ കഴിഞ്ഞ വർഷം നടത്തിയ 'വിജയത്തിളക്കം' പരിപാടിയുടെ ഭാഗമായി ശ്രദ്ധേയമായ ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. ഈ വിദ്യാലയത്തിലെ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകളിലെ എല്ലാ കുട്ടികളും മലയാളവും ഇംഗ്ലീഷും വായിക്കുന്നതിന് പ്രാപ്തരായിരിക്കുന്നു എന്നതായിരുന്നു അത്. ഇത് സമൂഹത്തെ ബോധ്യപ്പെടുത്താനായി ബിപിസി, രണ്ടു ട്രെയിനർമാർ, ക്ലബ്ബ് പ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവരെ വിദ്യാലയത്തിൽ വിളിച്ചു ചേർത്തു. ബിപിസി സ്വന്തം ഇഷ്ടപ്രകാരം കുട്ടികളെ വിളിക്കുകയും ഇഷ്ടമുള്ള വായനക്കാർഡ് എടുത്തുകൊടുക്കുകയും അത് കുട്ടികൾ വായിക്കുകയും ചെയ്തു. ഇംഗ്ലീഷിലും മലയാളത്തിലും ഇത്തരത്തിൽ കുട്ടികളുടെ വായനാശേഷി പ്രകടിപ്പിക്കുയുണ്ടായി.
സ്കൂളിൽ കഴിഞ്ഞ ദിവസം നടന്ന വിദ്യാഭ്യാസ സെമാനാറിൽ മറ്റൊരു പദ്ധതി പ്രധാനാധ്യാപകൻ ശ്രീ. സിദിൻ പ്രഖ്യാപിച്ചു- '2025-26 അധ്യയന വർഷം അവസാനമാകുമ്പോഴേക്കും തന്റെ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ഇംഗ്ലീഷ് സംസാരിക്കാൻ പ്രാപ്തരാക്കും. കുട്ടികൾ നേടിയ ഈ ശേഷി എംഎൽഎ അടക്കമുള്ള ജനപ്രധിനികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ പൊതുവേദിയിൽ പ്രകടിപ്പിക്കും. അങ്ങനെ മലയാളം മീഡിയത്തിലെ കുട്ടികൾക്കും ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുവാൻ സാധിക്കും എന്ന് ബോധ്യപ്പെടുത്തുകയും വിദ്യാലയത്തിൽ പൂർണ്ണമായും മലയാളം മീഡിയം മാത്രമാക്കി മാറ്റുകയുമാണ് ലക്ഷ്യം.' ഇംഗ്ലീഷ് പഠിക്കുവാൻ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആവശ്യമില്ല എന്ന് ഒരു വിദ്യാലയം പ്രഖ്യാപിക്കാൻ പോകുന്നു എന്നർത്ഥം.
'നിങ്ങളുടെ കുഞ്ഞുങ്ങളെ ഞങ്ങളുടെ വിദ്യാലയത്തിലേക്ക് അയക്കൂ, യൂണിഫോം സൗജന്യമായി നൽകും ബസ് യാത്ര സൗജന്യം നൽകും പഠനോപകരണങ്ങൾ സൗജന്യമായി നൽകും എന്തിനേറെ, വീട്ടിലെ ചെലവു വരെ ഞങ്ങൾ നടത്തും' എന്നൊക്കെ കേവല കമ്പോള തന്ത്രം പ്രയോഗിക്കുന്ന വിദ്യാലയങ്ങൾ വില്ലൂർ എഎൽപി സ്കൂളിനെയും ഇതുപോലുള്ള മറ്റു വിദ്യാലയങ്ങളെയും മാതൃകയാക്കേണ്ടിയിരിക്കുന്നു. കുട്ടികളെ വിദ്യാലയത്തിലേക്ക് അയയ്ക്കുന്ന രക്ഷിതാക്കളും സമൂഹവും പ്രീതിക്ഷിക്കുന്നത് അവർക്കുണ്ടാകുന്ന അക്കാദമിക നേട്ടത്തെയാണ്; അതായിരിക്കണം ഒരു വിദ്യാലയം നൽകുന്ന വാഗ്ദാനവും. മറ്റു സൗജന്യങ്ങളൊക്കെ ഏതെങ്കിലും സന്നദ്ധ സംഘടനകൾക്കും നൽകാവുന്നതേയുള്ളൂ!
-മനോജ്കുമാർ പെരിന്തൽമണ്ണ 13 മെയ് 2025

കെ. കെ. നാസർ ചെയർമാൻ, കോട്ടക്കൽ നഗരസഭ
പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ മാനസിക ഉല്ലാസവും സന്തോഷവും ആത്മവിശ്വാസവും ഉറപ്പാക്കുന്ന ഒരു മാതൃകാപരമായ വിദ്യാഭ്യാസ ദർശനമാണ് എ.എം.എൽ.പി സ്കൂൾ, വില്ലൂരിലെ “ഹാപ്പിനസ് വിദ്യാലയം” എന്ന ആശയം. ഈ പ്രഖ്യാപന പരിപാടിയിൽ പങ്കെടുത്തത് ഏറെ ഹൃദ്യമായി.
കുട്ടികൾക്ക് ഭയമില്ലാതെ പഠിക്കാനും, അവരുടെ കഴിവുകളും സർഗ്ഗാത്മകതയും സ്വതന്ത്രമായി പ്രകടിപ്പിക്കാനും, വ്യക്തിത്വ വികസനത്തിന് അനുകൂലമായ ആഹ്ലാദകരവും സൗഹൃദപരവുമായ പഠനാന്തരീക്ഷം സൃഷ്ടിക്കുകയെന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഓരോ കുട്ടിയെയും മനസ്സിലാക്കി, പഠനത്തെ ആനന്ദകരമായ അനുഭവമാക്കുന്ന ഈ സമീപനം അഭിനന്ദനാർഹമാണ്.
അധ്യാപകരുടെയും സ്കൂൾ മാനേജ്മെന്റിന്റെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായാണ് ഈ പദ്ധതി യാഥാർത്ഥ്യമായത്. പരിപാടിയുടെ ഭാഗമായി അക്കാദമിക്, കലാ, കായിക മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആദരിക്കുന്ന ചടങ്ങും, അഡ്മിഷൻ ഡേയും, കുട്ടികളുടെ കലാപരമായ കഴിവുകൾക്ക് പുതിയ വേദിയൊരുക്കുന്ന സ്കൂൾ ബാൻഡ് സെറ്റിന്റെ ഉദ്ഘാടനവും ഏറെ മനോഹരമായി നടന്നുവൈസ് ചെയർപേഴ്സൺ റംല ടീച്ചർ,സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സുലൈമാൻ പാറമ്മൽ, ഷഹാന ഷഫീർ, കൗൺസിലർമാരായ സി. കെ. ഇർഷാദ്, സുബൈദ കറുമണ്ണിൽ, ഇബ്രാഹീം കുട്ടി (കോട്ടക്കൽ), ഹാജറ ആശ തസ്‌നി, സജ്‌ന ടീച്ചർ, സാബിറ ടീച്ചർ (ഒതുക്കുങ്ങൽ) എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി വിദ്യാഭ്യാസ രംഗത്ത് പുതിയ ദിശ തുറക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എല്ലാ അധ്യാപകർക്കും സ്കൂൾ മാനേജ്മെന്റിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
കെ. കെ. നാസർ
ചെയർമാൻ, കോട്ടക്കൽ നഗരസഭ