ഉപയോക്താവ്:ഗവ:എൽ.പി.എസ്.അയ്യൻകോയിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപയോക്താവ്:41302 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തേവലക്കര ഗ്രാമത്തിലെ തെക്കുഭാഗത്തായി അയ്യൻകോയിക്കൽ ക്ഷേത്രത്തിന്റെ തിരുമുമ്പിൽ അഷ്ടമുടിക്കായലിന്റെ ഓരം ചേർന്ന് നിൽക്കുന്ന ഒരു വിദ്യാലയമാണിത്. അന്വേഷണത്തിൽ നൂറ് വർഷത്തിലധികം കഥ പറയുന്ന വിദ്യാലയം. ഈ പ്രദേശത്തെ ഒരു ജനതയെ ആകെ അന്ധകാരത്തിൽ നിന്ന് മോചിപ്പിച് അക്ഷര ലോകത്തിന്റെ പ്രഭാപൂരം വാരിവിതറിയ തേവലക്കര പഞ്ചായത്തിലെ ഒരു വിദ്യാലയ മുത്തശ്ശി. പ്രൈമറിയിലേക്കും പിന്നെ ഹൈസ്കൂൾ തലത്തിലേക്കും ഈ വിദ്യാലയം വളർന്നപ്പോൾ കുട്ടികളുടെ എണ്ണം കൂടുകയും സ്ഥല സൗകര്യക്കുറവ് അനുഭവപ്പെടുകയും ചെയ്തു. ഇത് ബോധ്യപ്പെട്ടു ഈ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ ഒത്തുകൂടി ഈ വിദ്യാലയം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചു. തിരുവിതാംകൂർ ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള പയ്യംകുളം ബാവയുടെ ജന്മഭൂമി ആയിരുന്ന പയ്യംകുളം പുരയിടം ഇതിനായി കണ്ടെത്തി. ജനങ്ങളുടെ കൂട്ടായ്മയും അദ്ധ്വാനവും ഒരുമിച്ചു ചേർന്നപ്പോൾ ലക്ഷ്യം പൂർത്തിയായി. സർക്കാർ രേഖയിൽ അയ്യൻകോയിക്കൽ എൽ പി എസ്സ് ആയി അറിയുമ്പോഴും ഈ പ്രദേശത്തുകാർക്ക് ഈ വിദ്യാലയം ഇപ്പോഴും പയ്യൻകുളം സ്കൂൾ ആയി നിലകൊള്ളുന്നു. 1994 ലാണ് പുതിയ സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചത്. പുത്തൻസങ്കേതം, കോയിവിള, പാലയ്ക്കൽ, തെക്കുംഭാഗം പഞ്ചായത്തിന്റെ വടക്കുംഭാഗം തുടങ്ങി അഞ്ചോളം വാർഡുകളിൽ നിന്നും 300ൽ അധികം കുട്ടികളിവിടെ പഠിക്കുന്നു. സ്കൂളിന്റെ സർവ്വോന്മുഖമായ വളർച്ചക്ക് വിവിധ ക്ലബ്ബുകളുടെയും നാട്ടുകാരുടെയും എസ്സ്. എസ്സ്. ജി യുടെയും സഹായങ്ങൾ എപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു. പാഠ്യ പാഠ്യേതര മേഖലകളിലെ മികവുറ്റ പ്രവർത്തനങ്ങളിലൂടെ ചവറ സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാകുവാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഭൗതിക സാഹചര്യങ്ങളെ മെച്ചപ്പെടുത്തി വിദ്യാലയം ശിശുസൗഹൃദമാക്കി എന്നുള്ളത് ഈ വിദ്യാലയത്തെ സംബന്ധിസിച്ചിടത്തോളം എടുത്ത് പറയേണ്ട ഒരു കാര്യമാണ്. വ്യക്തിത്വ വികസനത്തിന് ഉതകും വിധത്തിൽ കുട്ടികളിലുള്ള ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിൽ ഈ വിദ്യാലയം ശ്രദ്ധിക്കാറുണ്ട്. ഭൗതിക സാഹചര്യങ്ങളെ ഇനിയും വർധിപ്പിച്ച് കുട്ടികൾക്ക് മാനസികോല്ലാസം പ്രദാനം ചെയ്യുന്ന വിധത്തിൽ അക്കാദമിക പ്രവർത്തനങ്ങളെ സമന്വയിപ്പിക്കുന്ന ഒരു പ്രവർത്തനശൈലിയാണ് ഇവിടെ ഉള്ളത്. വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ച്ചപ്പാടോടെ തന്നെ എല്ലാ അർത്ഥത്തിലും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ്‌ ഈ വിദ്യാലയത്തിന്റെ ലക്ഷ്യം.