ഗവ. എൽ.പി.എസ്. ചാങ്ങ/അക്ഷരവൃക്ഷം/അങ്ങനെ ഒരു ലോക്ക് ഡൗൺ കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അങ്ങനെ ഒരു ലോക്ക് ഡൗൺ കാലത്ത്
കൂട്ടുകാരേ ഈ കൊറോണക്കാലത്ത് എന്റെ വീട്ടിലെത്തിയ രണ്ട് കുഞ്ഞതിഥികളെക്കുറിച്ച് നിങ്ങളോട് പറയാനായി ഞാൻ എത്ര നാളായി കാത്തിരിക്കുന്നു എന്നറിയാമോ ?ലോക്ക് ഡൗൺ അവധി മുതൽ എന്റെ വീട്ടുപരിസരത്തൊക്കെ ഞാൻ കേൾക്കാറുണ്ടായിരുന്ന വല്ലാത്തൊരു കരച്ചിൽ,അതന്വേഷിച്ചായിരുന്നു പിന്നെ എന്റെ ദിവസങ്ങൾ.അങ്ങനെ ഒരു നാൾ ഞാൻ എന്റെ ബൈനാക്കുലാർ വച്ച് നോക്കി നടന്നപ്പോൾ അതാ എന്റെ നെല്ലിമരത്തിൽ രണ്ട് പക്ഷികൾ.ഞാൻ അമ്മയെ വിളിച്ചു.അമ്മയാ പറഞ്ഞത് അത് വേഴാമ്പലാണെന്ന്.ഞങ്ങൾക്ക് ഒത്തിരി സന്തോഷമായി.എന്നും വരാറുണ്ട് എന്റെ വീട്ടിൽ,ആ ചുവന്ന നെല്ലിക്ക കഴിക്കാൻ.അതും കൊക്കിൽ പിടിച്ചുകൊണ്ടുള്ള ഇരിപ്പ് കാണാനെന്ത് ഭംഗിയാണെന്നോ! നീണ്ട കൊക്കും ,നീണ്ട വാലും ആകെ കൂടി ഒരു ഭംഗി.ഞാനതുങ്ങളെയും നോക്കി നടക്കും.(പുറത്തെങ്ങും പോകില്ല കേട്ടോ ,വീടിന് ചുറ്റുമുള്ള പറമ്പിൽ മാത്രം എന്ത് ചെയ്യാം ലോക്ക് ഡൗൺ അല്ലേ ).ചെവിയിൽ മുഴങ്ങുന്ന ശബ്ദമാണവയ്ക്ക്.അവ ഇണക്കിളികളായിരിക്കും,പറന്നുല്ലസിച്ച് നടക്കുന്ന അവയെ കാണുമ്പോൾ എനിക്കസൂയ തോന്നും.ഈ കൊറോണയും ലോക്ക് ഡൗണും അവയെ ബാധിക്കുന്ന കാര്യങ്ങളല്ലല്ലോ.പിന്നെ ഏറ്റവും സന്തോഷമുള്ള മറ്റൊരു കാര്യം കൂടിയുണ്ട് .ഈ വേഴാമ്പൽ എനിക്കൊരു നെല്ലിക്ക അടർത്തിയിട്ടു തന്നു.കള്ളമല്ല ....പക്ഷെ പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല.കൂട്ടുകാരേ, നിങ്ങൾ വിശ്വസിക്കുമല്ലോ അല്ലേ. നെല്ലിക്ക കാലം കഴിയുമ്പോൾ വേഴാമ്പൽ എന്നെ വിട്ടുപോകുമോ എന്ന വിഷമത്തിലാണ് ഞാൻ.
ആര്യൻതേജസ്വി.പി .എച്ച്
3 A ഗവ.എൽ.പി.എസ്.ചാങ്ങ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ