സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം/അക്ഷരവൃക്ഷം/ഇതും ഒരു പ്രകൃതി ദുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
ഇതും ഒരു പ്രകൃതി ദുരന്തം

കാടും, മലയും, പുഴയും, കടലും പക്ഷിമൃഗാദികളും നിറഞ്ഞ സമ്പന്നമായ നമ്മുടെ പ്രകൃതി. മനുഷ്യന് ദൈവം നൽകിയ ഏറ്റവും വലിയ സമ്മാനം. ഒരു പ്രത്യുപകാരവും ദൈവം നമ്മോട് ചോദിച്ചില്ല. ആവശ്യപ്പെട്ടത് എല്ലാം സംരക്ഷിച്ച് ആസ്വദിക്കാൻ വേണ്ടി മാത്രം. ഒരു മനുഷ്യശരീരത്തെ മുഴുവൻ ഈ പ്രകൃതി സുഖലോലമാക്കുന്നു. അവന്റെ കണ്ണിന് കുളിർമയേകാൻ അതിമനോഹരമായ പ്രകൃതിക്കാഴ്ചകൾ. അവന്റെ കേൾവിയെ ആസ്വാദ്യമുള്ളതാക്കാൻ മധുരിതമായ പ്രകൃതി ശബ്ദങ്ങൾ. അവന്റെ ഹൃദയത്തെ ആശ്വസിപ്പിക്കാനും സന്തോഷിപ്പിക്കാനും വിശാലമായ സമുദ്രം. അവന്റെ കാൽപാദങ്ങൾ പോലും ചവിട്ടി നിൽക്കാൻ പച്ച പരവതാനി വിരിച്ച തണുത്ത മണ്ണ്. എന്നിട്ടും മനുഷ്യന് പ്രകൃതിയോട് വൈരാഗ്യമാണ്. അവനെ സന്തോഷിപ്പിക്കുകയും ദുഃഖത്തിൽ ആശ്വസിപ്പിക്കുകയൂം ചെയ്ത പ്രകൃതിയോട് അവൻ കാണിക്കുന്നത് കണ്ണില്ലാ ക്രൂരത. മരങ്ങൾ വെട്ടിയും, കുന്നുകൾ ഇടിച്ചും, പുഴകൾ നികത്തിയും സമുദ്രം മലിനപ്പെടുത്തിയും അവന്റെ ക്രൂരതകളുടെ പട്ടിക നീളുന്നു. എന്നിട്ടും പ്രകൃതി നമ്മളെ നോവിച്ചില്ല. കാരണം ദൈവം പ്രകൃതിയെ സൃഷ്ടിച്ചത് മനുഷ്യനെ നോവിക്കാനല്ല സന്തോഷിപ്പിക്കാനാണ്.

          എന്നാൽ സഹിക്കാതെ വന്നപ്പോൾ ദൈവത്തിന് പോലും താങ്ങാതെ വന്നപ്പോൾ പ്രകൃതി മനുഷ്യരെ ഉപദേശിച്ചു തുടങ്ങി. അതിന് നമ്മളിട്ട പേര്  'പ്രകൃതി ദുരന്തം '.ഓരോ ദുരന്തങ്ങളിലൂടെയും പ്രകൃതി നമ്മെ ഉദ്ബോധിപ്പിക്കുകയാണ്, 'ഇനിയെങ്കിലും എന്നോട് ഇത് അരുതേ ' എന്നൊരു വലിയ മുന്നറിയിപ്പ്. പ്രളയവും, സുനാമിയും, വരൾച്ചയും തുടങ്ങി വലുതും ചെറുതുമായ ഒരുപാട് ദുരന്തങ്ങൾ കൊണ്ട് പ്രകൃതി നമ്മെ പരീക്ഷിച്ചു. മനുഷ്യൻ നന്നാവുമെന്ന് വിചാരിച്ച ദൈവത്തിന് പോലും തെറ്റി. വീണ്ടും അവൻ പ്രകൃതിയെ ഉപദ്രവിച്ച്  തുടങ്ങി. അവന്റെ നിക്ഷിപ്ത താൽപര്യങ്ങൾക്കായി അവൻ പ്രകൃതിയെ ചൂഷണം ചെയ്തു. എന്നിട്ടും എല്ലാം സഹിച്ച്‌ പ്രകൃതി നമുക്ക് വീണ്ടും അഭയവും ആശ്വാസവും നൽകി. എന്നാൽ മനുഷ്യന്റെ ക്രൂരതകൾക്ക് അറുതി വന്നില്ല. പ്രകൃതിയുടെ പരീക്ഷണങ്ങൾ തുടർന്ന്കൊണ്ടേ ഇരുന്നു. 
           ലോകത്തെ എല്ലാ മഹാമാരികളും പ്രകൃതിയുടെ പരീക്ഷണം തന്നെയാണ്. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ 'പ്രകൃതി ദുരന്തം'. ഏറ്റവുമൊടുവിൽ 'കോവിഡ് ' എന്ന  മഹാമാരിയിൽ വരെ എത്തിനിൽക്കുന്നു. ഈ മഹാമാരിക്കാലത്ത് നാം ചിന്തിക്കേണ്ട ഏറ്റവും വലിയ കാര്യം. മനുഷ്യന്റെ നഗ്നമായ നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത നിസ്സാരമായ 'വൈറസ് ' നമ്മുടെ ജീവിതമാകെ തകിടം            മറിച്ചിരിക്കുന്നു. പ്രകൃതിയെ വിറ്റു കൊണ്ട് നേടിയ മനുഷ്യസമ്പാദ്യമെല്ലാം നഷ്ടപ്പെടുന്ന കാഴ്ച. മനുഷ്യരെ 'ലോക്ക്ഡൌൺ' ആക്കിക്കൊണ്ട് പ്രകൃതി സ്വതന്ത്രമായി വിഹരിക്കുന്നു.  മനുഷ്യരൊഴികെയുള്ള അതിലെ ജീവജാലങ്ങൾ സന്തോഷത്തോടെ കഴിയുന്നു. മനുഷ്യൻ മലിനമാക്കിയ വായുവും ജലവും എല്ലാം പ്രകൃതി നിശ്ശേഷം വൃത്തിയാക്കുന്നു. പഴയ പ്രൗഢിയിൽ തിരിച്ചു വരാൻ പ്രകൃതി സ്വയം ശ്രമിക്കുന്നു. പക്ഷെ മനുഷ്യരെ വേദനിപ്പിച്ചുകൊണ്ട് അവരെ വീട്ടിലിരുത്തി കൊണ്ട് സന്തോഷിക്കാൻ പ്രകൃതിക്ക് പോലും മടിയാണ്. കാരണം ദൈവം പ്രകൃതിയെ സൃഷ്ടിച്ചത് മനുഷ്യർക്ക് വേണ്ടി മാത്രമാണ്. 
            ഇനിയെങ്കിലും നാം  പ്രകൃതി എന്ന വിശാല സത്യത്തെ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യണം. ഇനിയെങ്കിലും  നാം നിർത്തണം പ്രകൃതിയോടുള്ള ഈ ക്രൂരത. ഈ കോവിഡും ഒരു പ്രകൃതി ദുരന്തം  തന്നെയാണ്. പ്രകൃതി മനുഷ്യന് ബോധവാന്മാരാകാൻ നൽകുന്ന മറ്റൊരു അവസരം. ഇനിയും പ്രകൃതിയോടുള്ള നമ്മുടെ ക്രൂരത തുടർന്നാൽ പ്രകൃതി ഇനിയും അവസരങ്ങൾ  തരും. പക്ഷെ അന്ന് ഈ ഭൂമിയിൽ മനുഷ്യരാശി തന്നെ ഉണ്ടാകുമോ എന്നത് സംശയമാണ്... !!  
സൽമാൻ ഫാരിസ് എസ്
12C സെൻറ് ജോസഫ് എച്ച്.എസ്.എസ് ,തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം