സെന്റ് .തോമസ്.എച്ച് .എസ്.കേളകം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


2020-21 വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ

*വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടവ.

കോവിഡ് ബോധവൽക്കരണം.

കൊറോണ വൈറസ് അനിയന്ത്രിതമായി പടരുകയും അത് നമ്മുടെ ഗ്രാമങ്ങളിൽ അടക്കം എത്തിപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഞങ്ങൾ ആദ്യം ചെയ്ത പ്രവർത്തനം കൊവിഡ്19 പിടിപെടാതിരിക്കാൻ കുട്ടികൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് അവരെ ബോധവൽക്കരിക്കുക എന്നതായിരുന്നു. അതിനായി ഏപ്രിൽ ആദ്യം തന്നെ പുതിയ ക്ലാസ് ഡിവിഷനുകൾ തിരിച്ചു ക്ലാസ് ടീച്ചറെയും വിഷയം പഠിപ്പിക്കേണ്ട അധ്യാപകരെയും തീരുമാനിച്ചു. ഓരോ ക്ലാസിലും ഓരോ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. കുട്ടികളെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സജ്ജരാക്കിയ ശേഷം അവരുടെ സഹകരണത്തോടെ നിർമ്മിച്ച ''കൊറോണയ്ക്കെതിരെ ജാഗ്രതയോടെ നാം'' എന്ന വീഡിയോ വഴി ജാഗ്രത സന്ദേശം മുഴുവൻ കുട്ടികളിലും എത്തിച്ചു.(വീഡിയോ 1)

സാന്ത്വനത്തിന്റെയും ജാഗ്രതയുടെയും വൈറസ്.

ഏപ്രിൽ 15ന് ''ഭയമല്ല ജാഗ്രതയാണ് വേണ്ടത്'' എന്ന സന്ദേശവുമായി സാന്ത്വനത്തിന്റെയും ജാഗ്രതയുടെയും വൈറസിനെ സൃഷ്ടിച്ചുകൊണ്ട് ഒൻപതാം തരം വിദ്യാർത്ഥിനി കുമാരി കീർത്തന പി എസ് തയ്യാറാക്കിയ വീഡിയോ കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ശ്രദ്ധ പിടിച്ചുപറ്റി.(വീഡിയോ 2) പ്രാദേശിക ചാനലുകൾ ആ സന്ദേശം കൂടുതൽ ആളുകളിൽ എത്തിക്കുന്നതിന് മുൻകൈ എടുക്കുകയും ചെയ്തു.(വീഡിയോ 3)

ഓൺലൈൻ ക്ലാസ്സിന് തുടക്കം.

കൊറോണ വ്യാപനത്തെ തുടർന്ന് ലോക് ഡൗൺ ആയിരുന്നെങ്കിലും വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ സഹപ്രവർത്തകരുമായി കൂടിയാലോചിച്ച് ഏപ്രിൽ 20 മുതൽ 9, 10 ക്ലാസുകളിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് ആരംഭിച്ചു. ഒരു ദിവസം ഒരു മണിക്കൂർ വീതമുള്ള രണ്ട് ക്ലാസുകളായാണ് തുടങ്ങിയത്. വൈകുന്നേരങ്ങളിൽ ആയിരുന്നു ഓൺലൈൻ ക്ലാസ്. അതിന് കാരണം ഞങ്ങളുടെ പല രക്ഷിതാക്കളും പണിക്കും മറ്റും പുറത്ത് പോകുന്നവരും വീട്ടിൽ ഒരു ഫോൺ മാത്രം ഉള്ളവരുമാണ്. ഏപ്രിൽ 20ന് ആരംഭിച്ച ഓൺലൈൻ ക്ലാസ് അനുഭവങ്ങൾ കുട്ടികളും രക്ഷിതാക്കളും പങ്കുവെച്ചത് ഒരു വീഡിയോ ആക്കി മെയ് നാലിന് പ്രസിദ്ധീകരിച്ചു. യൂട്യൂബിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലുമായി അത് കുട്ടികളിൽ എത്തിച്ചു.(വീഡിയോ 4)

ആതുര സേവകർക്ക് ആദരവ്.

കൊറോണക്കാലത്ത് ഈശ്വര രൂപം പൂണ്ട് രോഗികൾക്കിടയിൽ ജീവിച്ചത് നഴ്സുമാരും ഡോക്ടർമാരും ആയിരുന്നല്ലോ. ഈ സ്കൂളിലെ കുട്ടികൾ അവരവരുടെ വീടുകളിലും സമീപത്തുമുള്ള ആതുര സേവകരെ വീട്ടിലെത്തി ആദരിച്ചു.(ചിത്രം 2) ഒപ്പം ആതുര സേവകരോട് ആദരവ് അർപ്പിക്കുന്ന വീഡിയോ തയ്യാറാക്കി 2020 മെയ് 12ന് മുഴുവൻ കുട്ടികളിലും എത്തിച്ചു.(വീഡിയോ 5)

art work


ക്രാഫ്റ്റ് കലാമേള.

എട്ടാം തരത്തിലേക്ക് പ്രവേശനം നേടാൻ സാധ്യതയുള്ള കുട്ടികളെ ഉൾപ്പെടുത്തി മെയ് ഒന്നുമുതൽ വാട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ച് പൊതുവിജ്ഞാന പ്രശ്നോത്തരി നടത്തിവന്നു. 45ദിവസം തുടർച്ചയായി നടത്തി. മെയ് അവസാന വാരം അവർക്കായി ക്രാഫ്റ്റ്-ആർട്ട്- കലാമേള ഓൺലൈനായി സംഘടിപ്പിച്ചു. എൺപതോളം കുട്ടികൾ അവരുടെ ബോട്ടിൽ ആർട്ട്, പേപ്പർ ക്രാഫ്റ്റ് മുതലായവ ഫോട്ടോയെടുത്ത് ഷെയർ ചെയ്തു. മികച്ച വർക്കുകൾ ഉൾപ്പെടുത്തി വീഡിയോ നിർമ്മിച്ച് യൂട്യൂബിലും വാട്സ്ആപ്പ് വഴിയും മുഴുവൻ കുട്ടികളിലും രക്ഷകർത്താക്കളിലും എത്തിക്കുവാനും നവാഗതർക്ക് പ്രോത്സാഹനം നൽകാനും ഇതുവഴി സാധിച്ചു.(വീഡിയോ 6)


പ്രവേശനോത്സവം.

ജൂൺ 15ന് ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസ് ആരംഭിക്കുന്നതിന് മുമ്പ് ജൂൺ 12ന് എട്ടാംതരം കുട്ടികളുടെ പ്രവേശനോത്സവം ഓൺലൈനായി സംഘടിപ്പിച്ചു. അന്ന് ഞാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നൽകിയ സന്ദേശം അനുബന്ധമായി കൊടുക്കുന്നു. (അനുബന്ധം 1)

നാളേക്കായി മരം നട്ട്...

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കുട്ടികൾ അവരവരുടെ വീടുകളിൽ നാളെക്കായി മരം നട്ടു.

അവയുടെ ഫോട്ടോ അടങ്ങിയ വീഡിയോആൽബം യൂട്യൂബിലും വാട്സാപ്പിലും

പ്രകാശിപ്പിച്ച് അവർക്ക് പ്രോത്സാഹനം നൽകി.

ENVIONMENT DAY
SHADE FOR FUTURE


വായനക്കൂട്ടം.

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കൂടാതെ, സ്കൂൾ ലൈബ്രറിയുടെ ഭാഗമായി പ്രവർത്തിക്കുന്ന 'വായനക്കൂട്ടം' അംഗങ്ങൾക്ക് വീടുകളിൽ പുസ്തകം എത്തിച്ച് നൽകി. ഒഴിവുവേളകൾ പ്രയോജനപ്പെടുത്താൻ ഇത് കുട്ടികളെ സഹായിച്ചു.(ചിത്രം 4) 'വായനക്കൂട്ടം' - 'സെൽഫ് ലൈബ്രേറിയൻ സിസ്റ്റം' പ്രവർത്തനം അനുബന്ധമായി ചേർക്കുന്നു.(അനുബന്ധം 2)

ദിവസ വിശേഷം.

'ദിവസ വിശേഷം' എന്ന നിലയിൽ ഓരോ ദിവസത്തെയും പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രങ്ങളും കുറിപ്പുകളും എല്ലാ ദിവസവും രാവിലെ മുഴുവൻ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും കൊടുത്ത് കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിച്ചു വരുന്നു.(ചിത്രം 5)

ഓൺലൈൻ കോച്ചിംഗ്.

കോവിഡ് കാലത്ത് കുട്ടികൾക്ക് വീട്ടിൽ അധികസമയം ലഭിച്ചതിനാൽ അവർക്ക് NMMS (22 കുട്ടികൾ) NTSE (15 കുട്ടികൾ) തുടങ്ങിയ മത്സര പരീക്ഷകൾക്ക് പരിശീലനം നൽകി. ആദ്യകാലത്ത് ഓൺലൈനായും പിന്നീട് സ്കൂളിൽ എത്തിച്ചും പരിശീലനം കൊടുത്തു. ഈ ഏപ്രിൽ മാസം മുതൽ സിവിൽ സർവീസ് കോച്ചിംഗും സ്കൂളിൽ ആരംഭിക്കുകയാണ്.

INSPIRE AWARD WINNER
KEVIN JIMMY

ഇൻസ്പയർ അവാർഡ്.

ഇൻസ്പയർ അവാർഡിന് കുട്ടികളെപങ്കെടുപ്പിക്കുന്നതിന് മുന്നോടിയായി സ്കൂളിൽ ഐഡിയ കോമ്പറ്റീഷൻ നടത്തി. തെരഞ്ഞെടുത്ത 5 കുട്ടികളുടെ ആശയങ്ങൾ ഇൻസ്പയർ അവാർഡിന് സമർപ്പിച്ചു. എട്ടാം ക്ലാസിലെ കെവിൻ ജിമ്മി എന്ന കുട്ടി ഇൻസ്പയർ അവാർഡിന് അർഹനായി.(ചിത്രം 6)

അധ്യാപകരുമായി ബന്ധപ്പെട്ടവ.

അദ്ധ്യാപകർക്ക് ഏകദിന ശില്പശാല

മെയ് അവസാന വാരം നടന്ന രണ്ടാംഘട്ട എസ്എസ്എൽസി പരീക്ഷയ്ക്ക് ശേഷം അധ്യാപകർക്ക് ഒരു ഏകദിന ശില്പശാല സംഘടിപ്പിച്ചു. 'കോവിഡ് കാല വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ആസൂത്രണം' എന്നതായിരുന്നു വിഷയം. കുട്ടികളോടും രക്ഷിതാക്കളോടും വളരെ അടുത്തിടപഴകുക, ഓൺലൈൻ പ്ലാറ്റ്ഫോമിൽ അവരുമായി നിരന്തരം ബന്ധപ്പെടുക, ഫോളോ ക്ലാസ് കൃത്യമായും സമയബന്ധിതമായും നടത്തുക, അതുവഴി രക്ഷിതാക്കളുടെ വിശ്വാസം ആർജിക്കുക തുടങ്ങിയവ ചർച്ച ചെയ്യുകയും ആവശ്യമായ പ്രചോദനം നൽകുകയും ചെയ്തു. തുടർന്ന് ഫിസിക്കലി രണ്ടും ഓൺലൈനിൽ വാട്സാപ്പിലൂടെ നിരന്തരവും ചർച്ചയും വിലയിരുത്തലും നടത്തി മുന്നോട്ടു പോയി.

2020 ഏപ്രിൽ 20ന് ആരംഭിച്ച ഓൺലൈൻ ക്ലാസ് ജൂൺ 15 മുതൽ ഫസ്റ്റ് ബെൽ ക്ളാസും അതിൻെറഫോളോ ക്ലാസ്സുമായി ഇന്നും ഒരു കുറവും ഇല്ലാതെ സമയബന്ധിതമായി നടത്തിവരുന്നു. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നവരുടെ ഹാജർ രേഖപ്പെടുത്തുക, കുട്ടികൾ എഴുതി പോസ്റ്റ് ചെയ്യുന്ന വർക്കുകൾ വിലയിരുത്തുക, തുടർച്ചയായി ഹാജരാകാത്ത കുട്ടികളെ ഫോണിൽ ബന്ധപ്പെടുക, പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളുടെ ഭവനം സന്ദർശിക്കുക തുടങ്ങിയ കാര്യങ്ങൾ ക്ലാസ് അധ്യാപകർ കൃത്യമായി ചെയ്തു വരുന്നു. ഇത്തരം കാര്യങ്ങൾ സീനിയർ ടീച്ചറും എസ് ആർ ജി കൺവീനറും സ്റ്റാഫ് സെക്രട്ടറിയും തമ്മിൽ കൂടിയാലോചിച്ച് തീരുമാനങ്ങൾ എടുക്കുകയാണ് ചെയ്യുന്നത്. സഹപ്രവർത്തകർക്ക് ഞാൻ ഒരിക്കൽ നൽകിയ നിർദ്ദേശങ്ങൾ അടങ്ങിയ കുറിപ്പ് അനുബന്ധമായി ചേർക്കുന്നു.(അനുബന്ധം 3)

പരിശീലനപരിപാടി

രക്ഷാകർത്തൃശാക്തീകരണപരിപാടിയുടെ മുന്നോടിയായി മുഴുവൻ അധ്യാപകർക്കും എസ് ആർ ജി കൺവീനറുടെ നേതൃത്വത്തിൽ പരിശീലനം നൽകി. തുടർന്ന് ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിലാണ് രക്ഷിതാക്കൾക്ക് ഓൺലൈനായി ശക്തീകരണപരിപാടി സംഘടിപ്പിച്ചത്.

ICT Training

Kannur DIET ന്റെ നേതൃത്വത്തിൽ ആരംഭിച്ച ഐസിടി ട്രെയിനിംഗിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ അധ്യാപകർക്കും രണ്ടുദിവസത്തെ കമ്പ്യൂട്ടർ പരിശീലനം നൽകി. SITC യും IT expert ഉം ചേർന്നാണ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകിയത്.

* രക്ഷിതാക്കളുമായി ബന്ധപ്പെട്ടവ.

വീട്ടിലേക്ക്
KOODUM THEDI

'കൂടുംതേടി'- ഭവന സന്ദർശന പദ്ധതി.

കൂടുംതേടി ഭവന സന്ദർശന പദ്ധതിയിലൂടെ വീടുകളിൽ ആയിരിക്കുന്ന ഞങ്ങളുടെ കുട്ടികളെ തേടി അവരുടെ വീടുകളിലേക്ക് പോയി. കൊറോണ സൃഷ്ടിച്ച അപ്രതീക്ഷിത സാഹചര്യത്തിൽ വീടുകളിൽ ആയിപ്പോയ കുഞ്ഞുങ്ങൾക്ക് മാനസിക പിന്തുണ നൽകുക, കുട്ടികൾ മുഴുവൻ സമയവും വീടുകളിൽ ആയിരിക്കുമ്പോൾ മാതാപിതാക്കൾ അനുഭവിക്കുന്ന മാനസിക സംഘർഷം കുറയ്ക്കുക, ഓൺലൈൻ പഠനത്തിലെ പോരായ്മകൾ പരിഹരിക്കുക, സ്കൂളിൽ പഠിക്കുന്ന ഓരോ കുട്ടിയെക്കുറിച്ചും ആഴത്തിൽ പഠനം നടത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കിയത്. രണ്ട് അധ്യാപകരും ഒരു പിടിഎ പ്രതിനിധിയും ചേർന്ന ടീമാണ് കുട്ടികളുടെ വീടുകൾ സന്ദർശിച്ചത്. തികച്ചും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഭവന സന്ദർശനം നടത്തിയത്. കുട്ടികളെ തേടി അധ്യാപകർ വീടുകളിൽ എത്തിയപ്പോൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

  • VEETTIL
    ആൽബർട്ടിൻെറ വീട്ടിൽ

(ചിത്രം 7-1, 7-2, 7-3, 7-4)

സ്മാർട്ട് ഫോൺ/ടിവി ചലഞ്ച്.

ജൂൺ ആദ്യവാരം ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസ്സ് വിക്ടേഴ്സ് ചാനലിലൂടെ പ്രക്ഷേപണം തുടങ്ങിയതോടുകൂടി ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ പറ്റാത്തവിധം നിർധനരായ, വീട്ടിൽ ടിവി പോലുമില്ലാത്ത കുട്ടികളെ സഹായിക്കുന്നതിനായി ഒരു സ്മാർട്ട്ഫോൺ ടിവി ചലഞ്ച് പ്രഖ്യാപിക്കുകയുണ്ടായി. പിന്നാക്കവിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഞ്ചായത്തും മറ്റും കോളനികൾ കേന്ദ്രീകരിച്ച് ടിവിയിൽ ക്ലാസ് കാണുന്നതിനുള്ള സൗകര്യം ഒരുക്കിയപ്പോൾ ഞങ്ങൾ സ്കൂളിലെ സാധാരണക്കാരായ നിർധന കുട്ടികൾക്ക് പഴയതും പുതിയതുമായ ടിവിയും മൊബൈലും കണ്ടെത്തി കൊടുത്തു. ഈ യജ്ഞത്തിൽ രക്ഷിതാക്കളുടെ പങ്ക് വളരെ വലുതായിരുന്നു. ഏതാണ്ട് 15 കുട്ടികളെ ഇത്തരത്തിൽ സഹായിക്കാൻ സാധിച്ചു.(ചിത്രം 8-1,8-2,8-3)

രക്ഷിതാക്കളേ, സ്മാർട്ടാകൂ... ജാഗ്രതപാലിക്കൂ...

കൊറോണ വ്യാപനത്തോടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എല്ലാം ഓൺലൈൻ ആകുകയും മുഴുവൻ കുട്ടികളുടെയും കൈയിലേയ്ക്ക് സ്മാർട്ട് ഫോൺ എത്തിച്ചേരുകയും ചെയ്ത സാഹചര്യത്തിൽ രക്ഷിതാക്കൾ വളരെയേറെ ജാഗ്രത പാലിക്കേണ്ട സാഹചര്യമുണ്ടായി. ജൂലൈ 15ന് ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസ്സ് തുടങ്ങി ഒരു മാസം പൂർത്തിയായ ദിവസം 'സ്മാർട്ട്ഫോണിൻെറ ഉപയോഗം രക്ഷിതാക്കൾ സൂക്ഷിക്കാൻ...' എന്ന വിഷയത്തിൽ ഒരു ലഘുസന്ദേശം വാട്സാപ്പിലൂടെ രക്ഷിതാക്കൾക്ക് നല്കുകയുണ്ടായി. അത് പ്രാദേശിക മാധ്യമങ്ങൾ ഏറ്റെടുക്കുകയും വാർത്തയാക്കുകയും ചെയ്തിരുന്നു. ആ കുറിപ്പ് അനുബന്ധമായി നൽകിയിട്ടുണ്ട്.(അനുബന്ധം 4)(ചിത്രം 9)

രക്ഷാകർത്തൃശാക്തീകരണപരിപാടി.

Kannur DIET ഉം ജില്ലാ വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച രക്ഷാകർത്തൃശാക്തീകരണ പരിപാടി വൻ വിജയത്തോടെ സ്കൂളിൽ നടത്താനായി സാധിച്ചു. ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഓരോ ക്ലാസിലും പഠിപ്പിക്കുന്ന മുഴുവൻ അദ്ധ്യാപകരുടെയും സഹകരണത്തോടെ 16 ഡിവിഷനുകളിലും രക്ഷാകർത്തൃ ശക്തീകരണ പരിപാടി സംഘടിപ്പിച്ചു. കോവിഡ് കാലത്ത് വീട്ടിൽ ആയിരിക്കുന്ന കുട്ടികളോട് രക്ഷിതാക്കളുടെ പെരുമാറ്റം എങ്ങനെ ആയിരിക്കണം, അവർ അനുഭവിക്കുന്ന പ്രതിസന്ധികൾ, പ്രശ്നങ്ങൾ, പരിഹാരങ്ങൾ എന്നിവയായിരുന്നു ശാക്തീകരണ പരിപാടിയുടെ മൊഡ്യൂൾ. 450 ലധികം രക്ഷിതാക്കൾ രക്ഷാകർത്തൃശാക്തീകരണ പരിപാടിയിൽ പങ്കെടുത്തു. ഇത് ജില്ലയിലെതന്നെ മികച്ച എണ്ണമാണ്.

കോവിഡ് ജാഗ്രത കൈവിടല്ലേ...

കേരളത്തിൽ കോവിഡ് വ്യാപനം കൂടുകയും മലയാളികൾ ജാഗ്രതക്കുറവ് കാണിച്ചു തുടങ്ങുകയും ചെയ്ത സമയത്താണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായത്. ഈ കാലത്ത് കുട്ടികളെയും രക്ഷകർത്താക്കളേയും ബോധവൽക്കരിക്കുന്നതിന് ഒരു സന്ദേശം എഴുതി വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ക്ലാസ് അധ്യാപകർ വഴി രക്ഷകർത്താക്കളിൽ എത്തിക്കുകയുണ്ടായി. അത് രക്ഷകർത്താക്കളുടെ ഇടയിൽ നന്നായി ചർച്ച ചെയ്യപ്പെട്ടു. ആ സന്ദേശം അനുബന്ധമായി നൽകിയിട്ടുണ്ട്.(അനുബന്ധം 5)

II പിന്തുണാസംവിധാനങ്ങൾ/സമിതികൾ.

കോവിഡുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി തിരഞ്ഞെടുത്തത് ഈ സ്കൂളാണ്. ആ സന്ദർഭത്തിൽ അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ചെയ്തു കൊടുത്തു. മാത്രമല്ല, രണ്ട് തവണ ആന്റിജൻ ടെസ്റ്റ് സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി. രണ്ടുതവണയും ആവശ്യമായ എല്ലാ പിന്തുണയും പഞ്ചായത്തിനും ആരോഗ്യ വകുപ്പ് പ്രവർത്തകർക്കും നൽകിയിട്ടുണ്ട്. കോവിഡിൻറെ പശ്ചാത്തലത്തിൽ സ്കൂളിൽ 'സ്കൂൾ കോവിഡ് സെൽ' രൂപീകരിച്ചു. പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, സാംസ്കാരിക സംഘടനാ പ്രതിനിധികൾ എന്നിവരെ ഉൾക്കൊള്ളിച്ചാണ് കോവിഡ് സെൽ രൂപീകരിച്ചത്. കോവിഡ് സെല്ലിന്റെ നിർദ്ദേശാനുസരണം സ്കൂൾ പരിസരം വൃത്തിയാക്കി. കുട്ടികൾ സ്കൂളിൽ എത്തിയതോടുകൂടി മുഴുവൻ ക്ലാസ് മുറികളും ക്ലോറിനൈസ് ചെയ്തു. കുട്ടികൾ സ്കൂളിൽ ഉള്ളപ്പോൾ എല്ലാ ദിവസവും ഒന്നിലധികം തവണ ക്ലാസ് റൂമിന്റെ പ്രധാന ഭാഗങ്ങൾ ക്ലോറിനൈസ് ചെയ്തു. ആവശ്യമായ ഹാൻഡ് വാഷും സാനിറ്റൈസറും കുട്ടികൾക്ക് ലഭ്യമാക്കി.

കോവിഡ് കാലത്ത് പഞ്ചായത്ത് ആരംഭിച്ച് നടപ്പാക്കിയ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സ്കൂൾ മാനേജ്മെന്റ് ആവശ്യമായ സഹകരണം നൽകി.(ചത്രം 10) സ്കൂളിലെ സ്കൗട്ട്സ് & ഗൈഡസ്, റെഡ് ക്രോസ് കുട്ടികളുടെ നേതൃത്വത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ലേക്ക് ആവശ്യമായ മാസ്കുകൾ, സാനിറ്റൈസർ മുതലായവ നൽകി. NSS കുട്ടികൾ ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ ശേഖരിച്ച് നിർധനരായ കുട്ടികൾക്ക് വിതരണം ചെയ്തു.

PTA യോഗങ്ങൾ പലതവണ ചേരുകയും ആവശ്യമായ തീരുമാനങ്ങളെടുത്ത് നടപ്പാക്കുകയും ചെയ്തു. PTA യുടെ സഹകരണത്തോടെ ജനുവരി ഒന്നു മുതൽ സ്കൂളിലെത്തിയ കുട്ടികൾക്ക് 'ഉണർവ് 2021’ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.(ചിത്രം 11). പാരമ്പര്യ ചികിത്സാരംഗത്തെ സമഗ്ര സംഭാവനകൾക്ക് സംസ്ഥാന സർക്കാരിൻെറ ഈ വർഷത്ത ഫോക് ലോർ അവാർഡ് ജേതാവും പൂർവ്വവിദ്യാർത്ഥിയും രക്ഷിതാവുമായ ശ്രീ പവിത്രൻ ഗുരുക്കളെ അദ്ദേഹത്തിൻെറ വീട്ടിലെത്തി ആദരിച്ചു.(ചിത്രം 12).

SRG യുടെ നേതൃത്വത്തിൽ രക്ഷാകർത്തൃശാക്തീകരണ പരിപാടി നടത്തി. ഫസ്റ്റ് ബെൽ ക്ലാസിനെ തുടർന്നുള്ള ഫോളോ അപ്പ് ക്ലാസുകൾക്ക് നേതൃത്വം കൊടുത്തത് എസ് ആർ ജി ആണ്. കൂടാതെ ലോക മാനസികാരോഗ്യ ദിനത്തിൽ എസ് ആർ ജി യുടെ നേതൃത്വത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. മനോജ് കുമാർ ടി കുട്ടികൾക്കും രക്ഷിതാക്കൾക്കും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ മോട്ടിവേഷൻ ക്ലാസ് നൽകി.

III സ്കൂൾ ഭരണം/ക്ഷേമപ്രവർത്തനങ്ങൾ.

കോവിഡ് 19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ കുട്ടികളിലും രക്ഷിതാക്കളിലും അവബോധം സൃഷ്ടിക്കാനായി നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. കോവിഡ് പ്രതിരോധ പോസ്റ്റർ രചനാ മത്സരങ്ങൾ, കോവിഡ് ജാഗ്രത സന്ദേശം, പലതരം വീഡിയോകളുടെ നിർമ്മാണം തുടങ്ങിയവ അവയിൽപ്പെടുന്നു.

കോവിഡ് ഡ്യൂട്ടി ലഭിച്ച അധ്യാപകർ അവരുടെ ചുമതല കൃത്യമായും നിർവഹിച്ചിട്ടുണ്ട്.

കുട്ടികളിലെ സർഗ്ഗശേഷി വളർത്തുന്നതിന് ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. പോസ്റ്റർ രചന, ഫോട്ടോഗ്രാഫി, വായനാശീലം പ്രോത്സാഹിപ്പിക്കൽ, വാർത്താ അവതരണം, ഗാനാലാപനമത്സരം, പൂക്കള മത്സരം, സ്റ്റാർ നിർമ്മാണ മത്സരം തുടങ്ങി നിരവധിയായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. മത്സരവിജയികളെ പ്രഖ്യാപിച്ച പോസ്റ്ററുകൾ അനുബന്ധമായി കൊടുത്തിട്ടുണ്ട്.(മത്സരഫലങ്ങൾ). കൂടാതെ, ലോകമാനസികാരോഗ്യ ദിനത്തിൽ സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസും രക്ഷാകർത്തൃശാക്തീകരണ പരിപാടിയും രക്ഷിതാക്കളുടെയും കുട്ടികളുടെയും മാനസികസംഘർഷം കുറയ്ക്കുന്നതിന് സഹായകമായി. ജനുവരി മാസത്തിൽ കുട്ടികൾ സ്കൂളിൽ എത്തുന്നതിന് മുന്നോടിയായി നടത്തിയ ക്ലാസ് പി ടി എ യും ജനുവരി 15 മുതൽ പൂർണ്ണമായും മൊബൈൽ ഉപയോഗം നിർത്തിയതും(പത്തിലെ കുട്ടികൾക്ക്) രക്ഷിതാക്കൾക്ക് മാനസിക സംഘർഷം കുറയ്ക്കുന്നതിന് സഹായകമായി.(ചിത്രം 13)

2021 ജനുവരി ഒന്നിന് കുട്ടികൾ സ്കൂളിൽ എത്തുന്നതിന് മുന്നോടിയായി പിടിഎ യോഗവും സ്റ്റാഫ് കൗൺസിലും ചേർന്നു. ആവശ്യമായ ആലോചനകൾക്ക് ശേഷം ക്ലാസ് പിടിഎ ഫിസിക്കൽ ആയി പല സമയങ്ങളിൽ വിളിച്ചുചേർത്തു. കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും കുട്ടികളെ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയും മറ്റ് പ്രധാനപ്പെട്ട കാര്യങ്ങളും രക്ഷിതാക്കളെ അറിയിച്ചു. സർക്കാരിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാണ് കുട്ടികളെ സ്കൂളിൽ വിളിച്ചു വരുത്തിയതും ക്ലാസ് സംഘടിപ്പിച്ചതും. സ്കൂൾ പരിസരം പൂർണമായും ശുചിയാക്കി. ക്ലാസ് മുറികൾ ഫയർ ആൻഡ് & റെസ്ക്യൂ ഫോഴ്സിന്റെ സഹായത്തോടെ ക്ലോറിനൈസ് ചെയ്തു. ആവശ്യമുള്ള മുഴുവൻ കുട്ടികൾക്കും മാസ്ക് വിതരണം ചെയ്തു. സ്കൂളിലേക്ക് വരുമ്പോഴും സ്കൂളിൽനിന്ന് പോകുമ്പോഴും അധ്യാപകരുടെ കർശനമായ നിരീക്ഷണം കുട്ടികൾക്ക് ഉണ്ടായിരുന്നു.

സ്കൂളിൻെറ പരിസരപ്രദേശത്തെ10 ഭാഗങ്ങളായി വിഭജിച്ചു. ഓരോ ഭാഗത്തെയും ചുമതല രണ്ടുവീതം അധ്യാപകർക്കും ഒരു പിടിഎ എക്സിക്യൂട്ടീവ് അംഗത്തിനും നൽകി. ആ പ്രദേശത്ത് ഒരു കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്താൽ ആ വിവരം ആ പ്രദേശത്തെ കുട്ടികളുടെ വീടുകളിലും സ്കൂളിലും അറിയീക്കുക, ജാഗ്രതാനിർദ്ദേശം കൊടുക്കുക, സ്കൂളിലേക്ക് വരുന്ന കുട്ടികളെ ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങൾ ആ ഗ്രൂപ്പിൻെറ ചുമതലയാണ്. അത് കൃത്യമായി ചെയ്ത് വരുന്നു.

ഫീൽഡ് സർവ്വേ

ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ ആയിരിക്കുന്ന കുട്ടികളെ കൂടുതൽ അടുത്ത് അറിയുന്നതിന് ഫീൽഡ് സർവേ നടത്തി. സർവ്വേ നടത്തുന്നതിന് ആവശ്യമായ ചോദ്യാവലി തയ്യാറാക്കി. ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു. അവ ക്രോഡീകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നു. ഈ വിവരശേഖരണത്തിൻെറ അടിസ്ഥാനത്തിലാണ് കുട്ടികൾക്ക് ടിവിയും മൊബൈൽഫോണും നൽകിയത്. മാത്രമല്ല വളരെ നിർധനരായ കുട്ടികൾക്ക് ഭക്ഷ്യ കിറ്റും എത്തിക്കുന്നതിന് ഈ സർവ്വേ വഴി സാധിച്ചിട്ടുണ്ട്. തയ്യാറാക്കിയ ചോദ്യാവലിയും അവയുടെ ക്രോഡീകരണവും അനുബന്ധമായി ചേർത്തിട്ടുണ്ട്.

( സർവ്വേ-Profoma2-ചോദ്യാവലി, പട്ടിക 1-ക്രോഡീകരണം, ചിത്രം ).

IV മറ്റ് നൂതന ആശയങ്ങൾ/വേറിട്ട പ്രവർത്തനങ്ങൾ

വാർത്താ ചാനൽ.

വീടുകളിൽ ആയിരിക്കുന്ന കുട്ടികൾക്ക് ഓരോ ദിവസത്തെയും വാർത്തകൾ അറിയുന്നതിന് 'ന്യൂസ് റീഡേഴ്സ് ക്ലബ്' എന്ന വാർത്താ ചാനൽ ആരംഭിച്ചു. അതത് ദിവസത്തെ വാർത്തകൾ ശേഖരിച്ച് അവതരിപ്പിച്ച് വീഡിയോ ആക്കി ഷെയർ ചെയ്യുന്ന ഒരു മത്സരം നടത്തുകയും വിജയികളെയും വാർത്താ വായനയിൽ താൽപര്യം ഉള്ളവരെയും ഉൾപ്പെടുത്തി ഒരു ക്ലബ്ബ് രൂപീകരിക്കുകയും ചെയ്തു. ഒരു ദിവസം ഒരാൾ എന്ന ക്രമത്തിൽ എല്ലാ ദിവസവും വാർത്തകൾ അവതരിപ്പിച്ചുവരുന്നു. 'ന്യൂസ് റീഡേഴ്സ് ക്ലബ്' അംഗങ്ങൾക്കായി ഒരു ഏകദിന ശില്പശാല നവംബർ മാസത്തിൽ നടത്തുകയുണ്ടായി. 'കേളകം റൗണ്ട് അപ്പ് ന്യൂസ്' വളരെ വിജയകരമായി നടക്കുന്നു. ചില വാർത്താവീഡിയോകൾ മാതൃകയായി കൊടുത്തിട്ടുണ്ട്.(വീഡിയോ 8)

ദിനാചരണങ്ങൾ

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ തീരുമാനിച്ച ലോക്ക്ഡൗൺ കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ സമ്മർദ്ദത്തിലാക്കി. അവരുടെ സമയവും കഴിവുകളും പ്രയോജനപ്പെടുത്തുന്നതിനും അറിവ് വർദ്ധിപ്പിക്കുന്നതിനുമായി ഡിജിറ്റൽ ക്ലാസ്സുകൾക്ക് പുറമേ നിരവധിയായ പ്രവർത്തനങ്ങൾ നടത്താൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടത് ദിനാചരണങ്ങൾ തന്നെയാണ്. സാധാരണ ക്ളാസ് ഉള്ളപ്പോൾ വളരെ ലളിതമായി നടത്തുന്ന ദിനാചരണങ്ങൾ പോലും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വളരെ വിപുലമായും വിജയകരമായും നടത്താൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അധ്യയനവർഷത്തെ ഒട്ടുമിക്ക ദിനാചരണങ്ങളും വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്. അവയിൽ ചിലത് മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. പരിസ്ഥിതി ദിനം, വായനാദിനം, ലഹരിവിരുദ്ധദിനം, ചാന്ദ്രദിനം, പ്രേംചന്ദ് ജയന്തി, സ്വാതന്ത്ര്യ ദിനം, ഓണാഘോഷം, കേരള പിറവി ദിനം, അദ്ധ്യാപക ദിനം, ഓസോൺ ദിനം, ഗാന്ധിജയന്തി ദിനം, ലോക മാനസികാരോഗ്യ ദിനം, ശ്രീനാരായണഗുരു സമാധിദിനം, ശിശുദിനം, ഹിന്ദി ദിനാചരണം, ഗണിത ദിനം, ക്രിസ്തുമസ് ദിനാചരണം, റിപ്പബ്ലിക് ദിനാചരണം തുടങ്ങി ഏറ്റവും ഒടുവിൽ മാതൃഭാഷാദിനം വരെ സ്കൂളിൽ ആചരിക്കുകയുണ്ടായി. എല്ലാ ദിനാചരണങ്ങളും അനുബന്ധിച്ച് കുട്ടികൾക്ക് വിവിധങ്ങളായ മത്സരങ്ങളും വിശിഷ്ടാതിഥികളെ ഉൾക്കൊള്ളിച്ചുള്ള ഓൺലൈൻ ദിനാചരണ പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയികളായ ജനപ്രതിനിധികളെയും കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും ആദരിക്കുന്ന 'ആദരം 2021’ ഫെബ്രുവരി എട്ടാം തീയതി നടന്നു. ജനപ്രതിനിധികൾക്ക് സ്കൂളിന്റെ ഉപഹാരം നൽകി.(ചിത്രം 14) മാത്രമല്ല, പഞ്ചായത്തിൽ നടപ്പാക്കാവുന്ന നിരവധി പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങളും നൽകുകയുണ്ടായി. അവയും അനുബന്ധമായി ചേർക്കുന്നു.(അനുബന്ധം 6) മിക്ക ദിനാചരണങ്ങളുടേയും വീഡിയോകൾ അനുബന്ധമായി നൽകിയിട്ടുണ്ട്.(വീഡിയോ 9).

ഈ കാലവും കടന്നുപോകും. എല്ലാവർക്കും നന്മ ഭവിക്കട്ടെ.