സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ നാട്ടിലെ നല്ലവർ
നാട്ടിലെ നല്ലവർ
പഞ്ചവൻ കാട്ടിന്റെ ഒത്ത നടുവിലൂടെ ഒഴുകുന്ന പുഴയുടെ തീരത്തെ ഒരു മരത്തിൽ ആയിരുന്നു ആ രണ്ടു കിളികളും താമസിച്ചിരുന്നത്. വളരെ സന്തോഷത്തോടെ ആയിരുന്നു അവരുടെ ജീവിതം. നാട്ടിലുള്ള തങ്ങളുടെ സുഹൃത്തുക്കൾ പറഞ്ഞു കേട്ടത് അല്ലാതെ മറ്റൊന്നും അവർക്ക് നാടിനെക്കുറിച്ച് അറിവില്ലായിരുന്നു. രണ്ട് കിളികൾക്കും തങ്ങളുടെ കാടായിരുന്നു അവരുടെ ലോകം. തങ്ങളുടെ ജീവിതം ആസ്വദിച്ചു തന്നെ അവർ കഴിച്ചുകൂട്ടി. അങ്ങനെയിരിക്കെ ആ കാട്ടിൽ കടുത്ത വരൾച്ച ഉണ്ടായി. കുളങ്ങളും പുഴകളും എല്ലാം വറ്റി മരങ്ങളിലെ ഇലകൾ എല്ലാം കൊഴിഞ്ഞു. വിശപ്പും ദാഹവും അസഹനീയമായി. മൃഗങ്ങളൊക്കെയും ചത്തൊടുങ്ങി. ചിലരാകട്ടെ നാട്ടിലേക്ക് ചേക്കേറി.
ആ രണ്ടു കിളികളും പരസ്പരം പറഞ്ഞു:
"മിന്നൂ... നമ്മൾ ഇനി എന്തു ചെയ്യും? ഇനി ഇവിടെ നമ്മുടെ കൂടെ ആരുമില്ല. നമ്മളും ഇവിടെ കിടന്നു മരിക്കും."
"മാളൂ... നീ വിഷമിക്കാതിരിക്കൂ. ഞാൻ നിന്നോട് ഒരു കാര്യം പറയാം. നമുക്ക് നാട്ടിലേക്ക് പോയാലോ? അവിടെ നമ്മളെ സ്വീകരിക്കാൻ നമ്മുടെ കൂട്ടുകാർ എല്ലാം കാണും."
"പക്ഷേ, നാട് നമ്മൾ വിചാരിക്കുന്നതുപോലെ അല്ല. അവർ നമ്മളെ കൊല്ലും. കാടുപോലെയല്ല നാട്. അത് വളരെ വലുതാണ്. അവിടെ നിന്നും നമ്മൾ എങ്ങനെ നമ്മുടെ കൂട്ടുകാരെ കണ്ടുപിടിക്കും?"
"ആരെങ്കിലും നമ്മളെ സഹായിക്കും.നല്ലവരും നാട്ടിൽ ഉണ്ടാകും. നമുക്ക് പോകാം."
അങ്ങനെ അവർ രണ്ടുപേരും നാട്ടിലേക്ക് പറന്നു. നാട്ടിലെ കാഴ്ചകൾ കണ്ട് അവർ അതിശയിച്ചുപോയി. കാട്ടിൽ എല്ലായിടത്തും തന്നെ ഏതെങ്കിലുമൊക്കെ ജീവികളെ കണ്ടുകൊണ്ടിരുന്ന അവർ ഒരാളെയും നാട്ടിൽ കണ്ടില്ല.
"മിന്നൂ.. ഇവിടെ ആരും ഇല്ലല്ലോ"
"മാളൂ.. നീ പറഞ്ഞില്ലേ നാട്ടിൽ നിറച്ച് ദുഷ്ടരായ മനുഷ്യന്മാരുണ്ടെന്ന്. എന്നിട്ടെവിടെ?" "ദാ നോക്കൂ മാളൂ.. അത് നമ്മുടെ ചിന്നുതത്ത അല്ലേ?"
അവർ അവിടേക്കു ചെന്നു കാര്യങ്ങളൊക്കെ ചിന്നു തത്തയോടു പറഞ്ഞു. "പക്ഷേ, നാട്ടിലും പ്രശ്നങ്ങളാ.. ഇവിടെ മുഴുവൻ ഇപ്പോൾ അസുഖങ്ങളാ.. മനുഷ്യരൊന്നും നമ്മെ നോക്കുകയും ചെയ്യില്ല. കുറച്ചുദിവസത്തേക്ക് നിങ്ങൾക്ക് എൻറെ കൂടെ താമസിക്കാം." ചിന്നുതത്ത കൂട്ടിലേക്ക് അവരെ കൂട്ടികൊണ്ടുപോയി. രണ്ടുദിവസം അവർ അവിടെ താമസിച്ചു. എന്നാൽ അവർക്ക് അവിടെ നിന്നും പോകേണ്ടിവന്നു. ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി അവർ അലഞ്ഞു നടന്നു. ഒരു മരത്തിൽ ആരോ ഉപേക്ഷിച്ചുപോയ ഒരു കൂട് അവർ കണ്ടു. അവിടെ ചെന്നപ്പോൾ ഒരു വേടൻ തങ്ങൾക്ക് നേരെ അമ്പെയ്യാൻ നോക്കുന്നതായി അവർ കണ്ടു. അവർ അവിടെ നിന്നും രക്ഷപ്പെട്ടു.
പറന്നുപറന്ന് അവർ ഒരു പുഴക്കരയിൽ എത്തി. അതിന്റെ അരികിലുണ്ടായിരുന്ന ഒരു പാറയുടെ പുറത്ത് ഇരുന്നപ്പോൾ കുറേ കുട്ടികൾ അവരെ അവിടെനിന്നും ഓടിച്ചുവിട്ടു. അവർ അവിടെ നിന്നും രക്ഷപ്പെട്ടു.
"മാളൂ.. നീ പറഞ്ഞത് ശരിയാ. മനുഷ്യരൊക്കെ വളരെ ദുഷ്ടന്മാരാ.."
അവർ വീണ്ടും പറന്നു. ഒടുവിൽ ക്ഷീണിച്ചവശരായി അവർ ഒരു മരച്ചുവട്ടിൽ വീണു. അത് ഒരു കർഷകൻറെ വീടിനുമുമ്പിലെ മരമായിരുന്നു. അയാൾ വളരെ നല്ലവനായിരുന്നു. ആ കിളികളെ കണ്ടപ്പോൾ അയാൾക്ക് അവരോട് അനുകമ്പ തോന്നി. അയാൾ അവർക്ക് ഭക്ഷിക്കാൻ ആഹാരം കൊടുത്തു. അവരെ വളർത്താൻ തീരുമാനിച്ചു. നാട്ടിൽ നല്ല മനുഷ്യനും ഉണ്ടല്ലോ എന്നോർത്ത് ആ രണ്ടു കിളികളും ആശ്വസിച്ചു.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ