സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/വൃത്തിയാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയാക്കാം

കേരളം - ദൈവത്തിന്റെ സ്വന്തം നാട്. നാം ഓരോരുത്തരും അഭിമാനിക്കുന്ന സ്വന്തം ഇടം. വലിയ വൃത്തിയുള്ളവരാണ് കേരളീയർ. എന്നാൽ അവരുടെ വീടിനുപുറത്ത്, തെരുവിൽ, റോഡിൽ, പുഴയോരത്ത്, ജലാശയങ്ങളിൽ, ബസ്സ്റ്റാന്റിനുള്ളിൽ, റെയിൽവേ സ്റ്റേഷനുകളിൽ എവിടേയും മാലിന്യക്കൂമ്പാരങ്ങൾ. സ്വന്തം വീട്ടിലെ, കടകളിലെ, ഫാക്ടറികളിലെ മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലേയ്ക്ക് വലിച്ചെറിയുന്ന നമ്മൾ രണ്ടുനേരം കുളിച്ച് വൃത്തിയായി വസ്ത്രം ധരിച്ചാൽ വൃത്തിയുണ്ടാകുമോ? ഇല്ല. അതുകൊണ്ട് വീടുകൾ മാത്രം വൃത്തിയായാൽപോരാ, മറിച്ച് സ്കൂളുകളും റോഡുകളും പൊതുസ്ഥലങ്ങളും വൃത്തിയാകണം.

നമ്മൾ ജീവിക്കുന്ന നമ്മുടെ ചുറ്റുപാടാണ് പരിസ്ഥിതി. നാം ഉൾപ്പെടുന്ന എല്ലാ ജീവജാലങ്ങളുടെയും ജീവനും നിലനിൽപ്പും പരിസ്ഥിതിയെ ആശ്രയിച്ചാണ് മുമ്പോട്ടുപോകുന്നത്. ചെടികളും പക്ഷികളും മൃഗങ്ങളും മനുഷ്യരും എല്ലാം അതിൽ ഉൾപ്പെടൂന്നു. അടുക്കളമാലിന്യങ്ങൾ, പാഴ്വസ്തുക്കൾ എല്ലാം നമ്മൾ വലിച്ചെറിയുമ്പോൾ അതിൽ വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെരുകുകയും അതിന്റെ ഫലമായി പല രോഗങ്ങളും പകരുകയും ചെയ്യുന്നു. വ്യക്തിശുചിത്വത്തോടൊപ്പം പരിസരശുചിത്വവും നമ്മൾ പാലിക്കണം.

ശരീരം വൃത്തിയാക്കുന്നതുപോലെ സ്വന്തം വീടും നമ്മുടെ പരിസരവും വൃത്തിയാക്കുന്ന ശീലം ചെറുപ്പം മുതൽ വളർത്തിയെടുക്കണം. ശീലിച്ച് ശീലിച്ച് അത് സ്വഭാവത്തിന്റെ, സംസ്കാരത്തിന്റെ ഭാഗമാകും. വീട് മാത്രമല്ല, നാടും നമ്മുടെ സ്വന്തമാണ്.

അർച്ചന റെജി
4 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം