സെന്റ് മേരീസ് എച്ച്. എസ്സ്. കക്കാടംപൊയിൽ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ ഭീകര യാത്രകൾ

അതിജീവനത്തിന്റെ ഭീകര യാത്രകൾ

കാലാഹിനാ പരിഗ്രസ്തമാം ലോകവും
ആലോലചേതസാ ഭോഗങ്ങൾ തേടുന്നു

എഴുത്തച്ഛന്റെ ഈ വരികൾ ഇന്നുനാം ഓർത്ത് എടുക്കേണ്ടിയിരിക്കുന്നു.കാലത്തിനൊപ്പം പരക്കം പായുന്ന ജനങ്ങൾ തനിക്ക് ചുറ്റും ഉള്ളവരെ കാണാതെ തന്റെയും തന്റെ കുടുംബത്തിന്റെയും സുഖത്തിനു വേണ്ടി മാത്രം നടന്നവർക്കായി ഒരു തിരിഞ്ഞുനോട്ടത്തിന്റെ സമയം.ഒരു നിയന്ത്രണവും ഇല്ലാതെ ഓടിക്കൊണ്ടിരുന്ന ലോകത്തെ ദൈവം പൂട്ടിയിട്ട നാളുകൾ.
                ചൈനയിലെ പട്ടണമായ വുഹാനിൽ  രൂപമെടുത്തതായി പറയപ്പെടുന്ന  ഒരു കൊച്ചു വൈറസ് ലോകം മുഴുവൻ വിറങ്ങലടിപ്പിച്ച് അനേകായിരങ്ങളുടെ  ജീവൻ കവർന്നെടുത്തപ്പോൾ ലോകം അതിനെ മഹാമാരി എന്ന് വിളിച്ചു. ശാസ്ത്ര ലോകം അതിന് കൊറോണ വൈറസ് അഥവാ കോവിഡ് -19 എന്ന പേര് നല്കി. ലോകത്തെ വിറങ്ങലിപ്പിച്ച് കൊണ്ട് വൈറസ് എല്ലായിടത്തേയ്ക്കും വ്യാപിച്ചു. ലോകത്തിലെ മിക്ക രാജ്യങ്ങളെയും വൈറസ് ഭീതിയിലാഴ്ത്തി. തങ്ങളുടെ രാജ്യത്ത് നിന്ന് മറ്റ് രാജ്യങ്ങളിലേയ്ക്ക് പകരാതിരിക്കാൻ ലോക രാജ്യങ്ങൾ ശ്രദ്ധിച്ചപ്പോഴും അവർ പോലുമറിയാതെ പലരിലൂടെയും വ്യത്യസ്ത സാഹചര്യങ്ങളിലൂടെയും വൈറസ് ലോകത്താകെ പടർന്നു. ലോകാരോഗ്യസംഘടനയുടെയും ആരോഗ്യ പ്രവർത്തകരുടെയും സംയോജിതമായ ഇടപെടലുകൾ ഒരു പരിധിവരെ ലോകത്തിന് കൈത്താങ്ങായി മാറിയിരിക്കുന്നു.                                                                                                         
                       അധികം വൈകാതെ തന്നെ "വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല" എന്ന മട്ടിൽ കേരളത്തിലേയ്ക്കും തുടർന്ന് ഇന്ത്യയിലേയ്ക്കും എത്തി കൊറോണ എന്ന വില്ലൻ. ആദ്യഘട്ടത്തിൽ വൈറസിന്റെ വ്യാപനം തടയാൻ ആയെങ്കിലും രണ്ടാം ഘട്ടത്തിൽ ലോകം മുഴുവൻ മഹാമാരി കാർന്ന് തിന്നപ്പോൾ കേരളത്തിലും രോഗബാധിതരുടെ എണ്ണം ക്രമേണ വർദ്ധിച്ചു. എന്നാൽ നമ്മുടെ സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനം അത്ഭുതാവഹമായ മാറ്റങ്ങൾ വരുത്തി, ഏറ്റവും കുറഞ്ഞ മരണനിരക്കോടെ  രോഗം  നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതിൽ ലോക രാഷ്ട്രങ്ങളെല്ലാം നമ്മുടെ കൊച്ചു കേരളത്തെ വാനോളം പുകഴ്ത്തി. സാക്ഷര കേരളത്തിന്റെ കനത്ത ജാഗ്രതയും പൂട്ടിയിടലും സാമൂഹ്യ അകലം പാലിക്കലും ജനങ്ങളെ ഒരു പരിധിവരെ രക്ഷിച്ചു. "നാളെയുടെ നന്മയക്കായ് സാമൂഹ്യ അകലം പാലിക്കൂ" എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ച് ആരോഗ്യ പ്രവർത്തകരും നിയമപാലകരും, നാളെയുടെ ഉയിർപ്പിനായി തങ്ങളുടെ നന്മയക്കായ് എല്ലാ സഹകരണവും നല്കിയ ജനങ്ങൾ, കർശന നിയന്ത്രണത്തിലൂടെ പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്ത ഭരണകർത്താക്കൾ  എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് ഇന്നത്തെ രീതിയിൽ കേരളത്തിന് എത്തിച്ചേരാൻ ആയത്.
                      
                    വിദേശ രാജ്യങ്ങളിൽ അനേകായിരങ്ങളുടെ ജീവൻ കൊറോണയിൽ  പൊലിഞ്ഞു കൊണ്ടിരിക്കുന്നു. സമ്പന്ന രാജ്യങ്ങൾ പോലും ഓരോ നിമിഷവും തകർച്ചയിലേയ്ക്ക്  നീങ്ങിക്കൊണ്ടിരിക്കുന്നു. എന്ത് ചെയ്യണം എന്നറിയാതെ ഭരണകൂടങ്ങൾ പകച്ചു നില്ക്കുന്നു. നാളെ ഞാനും ഈ സെന്റ് മേരീസ് ഹൈസ്കൂൾ വൈറസിന് ഇരയാകുമോ എന്ന ഭയത്തോടെ ലോകം ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു. നമ്മൾ പോലും അറിയാതെ ഓരോരുത്തരും രോഗവാഹകരും രോഗികളുമായിത്തീരുന്നു. ഹസ്തദാനം നടത്തി സ്നേഹം പ്രകടിപ്പിച്ചിരുന്നവർ പകരമായി കൂപ്പുകൈയ്യോടെ നമസ്കാരം ചൊല്ലിത്തുടങ്ങിയിരിക്കുന്നു.                                         
               
     
               ഇന്ന് ലോകം ചിന്തിക്കുന്നത് ഒന്ന് മാത്രം , ദൈവമേ ഞാൻ കാരണം മറ്റൊരാളിലേയ്ക്ക് ഈ രോഗം പകരാൻ ഇടയാക്കരുതേ. നമ്മുടെ ചുറ്റുപാടിലേയ്ക്ക് ഒരു നിമിഷം പോലും തിരിഞ്ഞു നോക്കാത്ത പലരും ഇന്ന് ലോകത്തിലെ എല്ലാ രാജ്യത്തിന്റെയും തൽസമയ വിവരങ്ങൾക്കായി കാതോർത്തിരിക്കുന്നു. പല രാജ്യങ്ങളിലായി കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ ഉറ്റവർക്കായി അനേകായിരങ്ങൾ പ്രാർത്ഥനയോടെ കാതോർക്കുന്നു. സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും കാണാതെ കണ്ണടയ്ക്കേണ്ടി വരുമെന്ന ചിന്ത പലരിലും വെല്ലുവിളിയായി നിലനില്ക്കുന്നു. അനേകായിരങ്ങളുടെ സങ്കടങ്ങൾ ലോകത്തിന്റെ സങ്കടമായി മാറിക്കൊണ്ടിരിക്കുന്നു. സ്വന്തം കുടുംബാംഗങ്ങളെ  രോഗാവസ്ഥയിസെന്റ് മേരീസ് ഹൈസ്കൂൾ ലോ മരണശേഷമോ പോലും ഒന്നു കാണാൻ കഴിയാതെ വീർപ്പുമുട്ടുന്ന ആയിരങ്ങൾ, ഒരാളും വൈറസ് മൂലം ഇനിയും മരണപ്പെടരുത് എന്ന് പ്രാർത്ഥിക്കുന്ന മറ്റു ചിലർ, വൈറസ് മൂലം കനത്ത വേദന അനുഭവിക്കേണ്ടി വരുന്നവരെ ശുശ്രൂഷിക്കാൻ ഊണും ഉറക്കവും ഉപേക്ഷിച്ച് വീട്ടിൽ നിന്നും ദിവസങ്ങളോളം മാറി നില്ക്കുന്ന ആരോഗ്യ പ്രവർത്തകർ, സഹായഹസ്തവുമായെത്തുന്ന വിവിധ മത - രാഷ്ട്രീയ -സാമൂഹ്യ രംഗത്തെ നേതാക്കളും ജീവിതത്തിലെ വിവിധ തുറകളിൽപ്പെട്ടവരും,തങ്ങളാൽ കഴിയുന്ന വിധം മറ്റുള്ള രാജ്യങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന സമ്പന്ന രാജ്യങ്ങൾ ഇവയെല്ലാം കൊറോണ അതിജീവനത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ്.
                                                                                                     
                   ഇല്ല, ഈ പരിശ്രമം ഒന്നും വെറുതെ ആകില്ല. നാളെയുടെ ശുഭവാർത്തയ്ക്കായി ലോകം കാത്തിരിക്കുന്നു. നമ്മുടെ കാത്തിരിപ്പും പ്രവർത്തനവും ഒരിക്കലും വ്രഥാവിലാവില്ല. നാളെയുടെ പുത്തൻ ഉണർവിനായി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം. അതെ, കൊറോണ വൈറസിനെ നമ്മൾ അതിജീവിയ്ക്കും. വസൂരി, മലമ്പനി, കുഷ്ഠം തുടങ്ങിയ പകർച്ചവ്യാധികളെ തുരത്തി ഓടിച്ച നാട് കൊറോണ എന്ന മഹാമാരിയെയും തരത്തി ഓടിക്കും. ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത വിധം വൈറസിന്റെ ഓരോ ജീനിനെയും നാം കൊന്നൊടുക്കും. നമുക്കൊരുമിച്ച് ഇതിനായി കൈ കോർത്ത് പരിശ്രമിക്കാം. ഈ ഭീകര യാത്രകളെ വർണ്ണ ചിറകുകളുള്ള ഭയമില്ലാത്ത ഒരു കൊച്ചു സ്വപ്നമായി, നാളെയുടെ നന്മയ്ക്കായി വാർത്തെടുക്കാം. അതിജീവനത്തിന്റെ, സമർപ്പണത്തിന്റെ, സഹകരണത്തിന്റെ, ഒരുമയുടെ ദിനങ്ങളായി നമുക്കിവയെ മാറ്റാമെന്ന് പ്രത്യാശിക്കാം.
അൽഫോൻസ വി.സജി
സെന്റ് മേരീസ് എച്ച്. എസ്സ്. കക്കാടംപൊയിൽ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം