സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/പ്രകൃതി എന്ന അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി എന്ന അമ്മ
ഭൂമിയെന്ന മാതാവിനെ നിന്ദിച്ചവരുടെ ചരിത്രമായി നാളെകൾ നമ്മുടെയൊക്കെ ജീവിതങ്ങളെ രേഖപ്പെടുത്താതിരിക്കണമെങ്കിൽ സർവരും ഭൂമിയുടെ അവകാശികൾ എന്ന സത്യത്തെയുൾക്കൊണ്ട്, വസുധൈവകുടുംബ സങ്കൽപ്പത്തിന്റെ നന്മയിലും, ശക്തിയിലും വിശ്വസിച്ചു മാറ്റത്തിന്റെ ശങ്കൊലികൾ മുഴക്കണം.

പൂവുകളും, പുഴുക്കളും, മലകളും തരുതലകളും കോടാനുകോടി ജീവജാലങ്ങളുമൊക്കെയടങ്ങുന്ന ഭൂമിയെന്ന ഈ പറുദീസയെ തീർത്ത ദൈവം, ഇന്ന് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പൂമുഖപ്പടിയിൽ ഏകനായിരുന്നു ഭൂമിയെ നോക്കി നെടുവീർപ്പെടുന്നുണ്ടാവും. കാരണം പ്രാപഞ്ചിക നിയമങ്ങളെ, പ്രപഞ്ചഗതിയുടെ താളക്രമങ്ങളെ, പ്രബഞ്ചസൃഷ്ട്ടാവിന്റെ സകൽപ്പങ്ങളെയൊക്കെ തകർത്തെറിഞ്ഞു കൊണ്ട്, കുടം തുറന്നുവിട്ട ഭൂതത്തെപോലെ, നിയത്രണമില്ലാതെ കുതിച്ചുപായുന്ന മനുഷ്യസ്വാര്ഥതയുടെ കടന്നാക്രമണങ്ങളിൽ ഈ ജീവിഗോളവും അതിലെ ചരാചരങ്ങളും ഇന്ന് നിലനിൽപ്പിനായി കേഴുകയാണ്.മഞ്ഞുരുകിയൊലിക്കുന്ന ആർട്ടിക് മുതൽ ആന്റിസ് വരെ, ആമസോൺ മഴക്കാടുകൾ മുതൽ ആൻഡമാൻ ദ്വീപ് സമൂഹങ്ങൾ വരെ, മലിനമായ വായുവിനെയും, വിഷമയമായിമാറിയ കുടിനീരിനെയും, പച്ചപ്പിന്റെ നെഞ്ചിൽ പടുത്തുയർത്തപ്പെടുന്ന കോൺക്രീറ്റ് സൗധങ്ങളെയും നോക്കി നിശബ്ദമായി നിലവിളിച്ചുകൊണ്ടിരിക്കുകയാണ്. എന്തായിരിക്കണം മനുഷ്യന് പ്രകൃതിയോട് ഉണ്ടായിരിക്കേണ്ട സമീപനം? ഈ നൂറ്റാണ്ടിന്റെ മക്കൾ

ഒരായിരം തവണ അവനവനോട് തന്നെ ചോദിക്കേണ്ട ചോദ്യമാണിത്." കീഴടക്കുന്നുപോലും        മനുജൻ പ്രക്രതിയെ കീഴടക്കാതെ,  സ്വയമങ്ങു കീഴടങ്ങാതെ അവളെ സ്നേഹത്തിനാൽ സേവിച്ചു വശയാക്കി അരിയ സഖിയാക്കി വരിച്ചു പാലിക്കുകിൽ നാം ഭുജിക്കില്ലേ നിത്യമാ വരദയോടൊത്തു ദാമ്പത്യ സുഖം പോലെ കായ് മുറ്റുമൊരു സുഖം " 

മലയാള കവിതയുടെ ശ്രീ ആയിരുന്ന വയിലോപ്പള്ളി ശ്രീധരമേനോൻ കുറിച്ച വരികളാണിത്. ചൂഷകന്റെ ആസക്തി നിറഞ്ഞ കണ്ണുകളോടെയല്ല, സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും വിശ്വസ്തതയുടെയും വെളിച്ചം നിറഞ്ഞ കണ്ണുകളോടെയാണ് നാം പ്രക്രതിയെ സമീപിക്കേണ്ടത് എന്നു ഈ വരികൾ നമ്മെ ഓർമ്മിപ്പിക്കുന്നു. പരിസ്ഥിതിയുടെ സന്തുലിനാവസ്ഥ നിലനിർത്തുന്നതിനാവശ്യമായ വനസമ്പത്തിന്റെ പകുതിപോലും ഇന്ന് ഭാരതത്തിൽ ഇല്ല എന്ന് നാം ഓർക്കുക.

ഒരു നൂറ്റാണ്ടു മുൻപ് കേരളത്തിന്റെ പകുതിയോളം വനവിസ്തൃതിയുടെ ഭാഗമായിരുന്നെങ്കിൽ ഇന്നതിന്റെ അളവ് പതിനഞ്ചു ശതമാനത്തിൽ താഴെ ആയി മാറിയിരിക്കുന്നു. മരങ്ങളെയും, പുഴകളെയും, മലകളെയും ഒക്കെ ആൽമീയതയുടെ കരുത്തുറ്റ കവചങ്ങളിലാക്കി പവിത്രതയോടെ സംരക്ഷിച്ചു പരിപാലിച്ചു പോന്നിരുന്ന ഒരു പാരമ്പര്യം നമ്മുക്ക് ഉണ്ടായിരുന്നു. പുഴയോരത്തിന്റെ കുളിരും, ഗിരിനിരകളുടെ ആവുന്നത്യവും ഒരുപോലെ ഉള്ളിൽ പേറുന്നവയാണല്ലോ നമ്മുടെ തീർത്ഥാടന കേന്ദ്രങ്ങൾ മിക്കതും
              "യത്തേ ഭൂമേ 
              വിഗനാമി ക്ഷിപ്രം      
              തദപി രേഹത്തു 
              മാതേ മർമ്മ 
              വിമൃഗ്വരി മാതേ 
              ഹൃദയമർപ്പിപം "

എന്ന്‌ അധർവേദത്തിലൂടെ ഭുമിയോടർത്തന നടത്തിയിരുന്ന ഭാരതീയ സംസ്‌കൃതിയുടെ വർത്തമാനകാലസ്ഥിതി എത്ര ഭയാനകമാണ്. അന്ധതയാർന്ന വികസന ജോരത്തിന്റെ പാഴ്‍ജ്വാലകളിലേക്കു ഭൂമിയുടെ ഹരിത കഞ്ചുകങ്ങൾ വലിച്ചെറിഞ്ഞു കണ്ണഞ്ചിപ്പിക്കുന്ന നാഗരികതയിൽ നാമിന്നു നീന്തിത്തുടിക്കുന്നു. ആഡംബര ഹോട്ടലുകളിലെ ശീതികരിക്കപ്പെട്ട മുറികളിലിരുന്നു ജലക്ഷാമത്തെക്കുറിച്ചും, ആഗോളതാപനത്തെക്കുറിച്ചും, എന്ടോസള്ഫാന് നിരോധനത്തെക്കുറിച്ചുമൊക്കെ എത്ര ചർച്ച ചെയ്തിട്ടും മതിയാവാതെ വീണ്ടും പഠിച്ചു തീരുമാനിക്കാൻ വീണ്ടും അന്വേക്ഷണ കംമീഷനുകളേ നിയമിച്ചു കൊണ്ടിരിക്കുന്നു. എണ്ണമറ്റ വ്യവസായ ശാലകളും, വാഹനങ്ങളും നിമിത്തം രോഗാതുരമായ ഒരു ജീവഗോളമായി ഭൂമി മാറിക്കൊണ്ടിരിക്കുന്നു. മണ്ണ് കച്ചോടം മാരകച്ചവടം, വെള്ളക്കച്ചവടം, മണൽകൊള്ളകൾ, പാറപൊട്ടിക്കൽ എന്നിങ്ങനെ പ്രപഞ്ച വിധാതാവ് സൂക്ഷിക്കാനായി നമ്മെ ഏൽപ്പിച്ച സകലതിനെയും ആർത്തിയോടെ വിറ്റു തുലച്ച പണവുമായി നിത്യനാശത്തിന്റെ പടുകുഴിയിലേക്ക് കുതിക്കുകയാണ് ഇന്നത്തെ സമൂഹം. ചിപ്കോ പ്രസ്ഥാനത്തിലൂടെ സുന്ദർലാൽ ബഹുഗുണയും, Dr, വന്ദന ശിവയും, നർമദ ബജാവോ ആന്ദോളനിലൂടെ മേധാപട്കറും, പ്ലാച്ചിമട സമരത്തിലൂടെ മയിലമ്മയും, അരുന്ധതി റോയിയും ഒക്കെ 'മാനിഷാദകളെ ' വീണ്ടും പ്രധിധ്വനിപ്പിക്കുന്നുണ്ടെങ്കിലും ആഗോളകുത്തക കമ്പനികളുടെ അട്ടഹാസങ്ങൾക്കിടയിൽ അത്തരം നിലവിളികൾ മുങ്ങിപോവുന്നു.2009 -ഇൽ ഡെന്മാർക്കിലെ കോപ്പൻ ഹേഗനിൽ നടന്ന ഉച്ചകോടിയിൽ, ഹരിതാപമായ ഒരു ഭൂമിയെ സൃഷ്ടിക്കാൻ 115 രാജ്യങ്ങൾ ചേർന്ന് നടത്തിയ ചർച്ചകൾ ശക്തമായ തീരുമാനങ്ങൾ എടുക്കാനാവാതെ പിരിഞ്ഞത് നിരാശാജനകമാണെന്നു പറയാതെ വയ്യ.

         ഫോസിൽ ഫ്യൂൽ കുറക്കുന്നതിലൂടെ, കാർബൺ കുറഞ്ഞ, പച്ചപ്പാർന്ന ശുദ്ധമായ ഒരു ലോകത്തെ വീണ്ടെടുക്കാം എന്ന തീരുമാനത്തെ പൂർണ്ണമായും പിന്തുണക്കാൻ വികിസിതരാജ്യങ്ങൾ തയാറായില്ലെന്നതും ശ്രദ്ധേയമാണ്. അതിഭയാനകമായ വിധത്തിലാണ് ഹരിത ഗൃഹവാതകങ്ങൾ ഇക്കഴിഞ്ഞ 50 വർഷങ്ങളോളമായി കാർബൺഡൈഓക്സൈഡിനെ പുറംതള്ളികൊണ്ടിരിക്കുന്നതു. 1750-നു ശേഷം മനുഷ്യൻ്റെ ഇടപെടൽ കൊണ്ട് മാത്രമാണ് ഇത്രയും മാരകമായ വിധത്തിൽ താപനില ഉയർന്നതെന്നും നാം ഓർക്കുക. ഇവകൂടാതെ ജനിതക മാറ്റം വരുത്തിയ അന്തക വിത്തുകളുടെ ഉപയോഗവും, രാസവള വിഷകൂട്ടുകൾ നിറഞ്ഞ കാർഷിക സംസ്കാരവും, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരവും വലിയ പ്രതിസന്ധിയാണ് നമ്മുടെ പരിസ്ഥിതിക്ക് സൃഷ്ടിക്കുന്നതെന്ന് പറയേണ്ടതില്ലല്ലോ.
മലയാളത്തിന്റെ പ്രിയ കവി ഒ ൻ വി "സൗരയുഥത്തിൽ വിടർന്നൊരു കല്യാണ സൗഗന്ധികം "എന്ന് വിശേഷിപ്പിച്ച ഈ ഭൂമിയുടെ സംരക്ഷണത്തിനായി നമുക്കൊരുമിച്ചു പ്രവർത്തിക്കാം "ആഗോളമായി ചിന്തിച് പ്രാദേശികമായി നമ്മൾ പരിസ്ഥിതി സംരക്ഷണ രംഗത്ത് ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു "എന്ന ജോർജ് പെർകിൻസ് മാർഷിന്റെ വാക്കുകൾ നിങ്ങളെ ഓർമിപ്പിക്കുന്നു.
അ‍ഷിത ബിനീഷ്
8A സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം