സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/ കൊറോണയെന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്ന മഹാമാരി

ലോകമിന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.ശാസ്ത്ര – സാങ്കേതിക തലങ്ങളിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചും ഇനിയും സൃഷ്ടിക്കുവാനുമായി മനുഷ്യൻ പായുകയാണ്. ഇങ്ങനെയുള്ള ഈ സാഹചര്യത്തിൽ തങ്ങളെക്കൊണ്ട് അസാധ്യമായി യാതൊന്നുമില്ല എന്ന് മനുഷ്യൻ വിശ്വസിച്ചിരുന്നു. ഇപ്രകാരം അഹങ്കരിച്ചിരുന്ന മനുഷ്യജീവിതത്തിലേക്ക് മനുഷ്യകുലം ഒന്നടങ്കം നശിപ്പിക്കുവാനുള്ള കരുത്തുമായി അപ്രതീക്ഷിതമായി എത്തിയ അതിഥിയാണ് കോവിഡ് -19. ലോക രാഷ്ട്രങ്ങൾ ഇതിന്റെ ശക്തിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ്.
കൊറോണ എന്ന വൈറസ് പരത്തുന്ന ഈ രോഗത്തിന് ലോകാരോഗ്യ സംഘടനയാണ് കോവിഡ് -19 എന്നു പേരിട്ടത്. ഇതിന്റെ പൂർണ്ണ രൂപം കൊറോണ വൈറസ് ഡിസീസ് -19 എന്നാണ്. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപുറപ്പെട്ട ഈ മഹാമാരി ലോകത്തിലെ വമ്പൻ സാമ്പത്തിക രാജ്യങ്ങളായ യു എസ് , യു കെ തുടങ്ങി മിക്ക രാഷ്ട്രങ്ങളെയും കഠിനമായി ബാധിച്ചിരിക്കുന്നു. തത്ഫലമായി 2020 ജനുവരി 30ന് ലോകാരോഗ്യ സംഘടന, ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.എങ്കിലും കോവി‍ഡ് എന്ന മഹാമാരിയെ പിടിച്ചികെട്ടാൻ മനുഷ്യകുലത്തിനായില്ല . വെറും ആറു കോടി ജനങ്ങൾ മാത്രമുള്ള ഇറ്റലിയിൽ ഇതിനോടകം തന്നെ 10000 ങ്ങൾ മരിച്ചു വീണു. യു .എസ് ന്റെ കാര്യവും വ്യത്യസ്തമല്ല. രോഗികൾ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ലോകത്തിലെന്തിനേയും കീഴടക്കാൻ സാധിക്കുമെന്നു വിശ്വസിച്ചിരുന്ന മനുഷ്യകുലത്തിനു നേരിടേണ്ടി വന്ന ഏറ്റവും വലിയ വിപത്താണ് കൊറോണ. ഏതോ മൃഗത്തിൽ നിന്നും മനുഷ്യനിലേക്കു പടർന്ന രോഗമാണ് കോവിഡ്. മനുഷ്യനിൽ നിന്നും അത് മറ്റുള്ളവരിലേക്ക് സമ്പർക്കത്തിലൂടെ പടരുന്നു. മനുഷ്യരിൽ നിന്നും അത് മൃഗങ്ങളിലേക്ക് പടരില്ല എന്നായിരുന്നു വിശ്വസിച്ചിരുന്നത്. എന്നാൽ അതിനും തിരശ്ശീല വീണു. യു. എസ് ൽ കോവിഡ് ഏറ്റവും രൂക്ഷമായ ന്യൂയോർക്കിലെ ബ്രോൻക്സ് മൃഗശാലയിൽ 4വയസുള്ള നാദിയ എന്ന മലയൻ പെൺ കടുവയ്ക്കും രോഗം സ്ഥിരീകരിച്ചു. മനുഷ്യർ തമ്മിലുള്ള സമ്പർക്കം ഒഴിവാക്കുവാനായി പല രാജ്യങ്ങളിലും സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇതിൽ ദരിദ്ര രാജ്യമായ ഇന്ത്യയുടെ പോരാട്ടങ്ങൾ അതി പ്രശംസനീയമാണ്. 130 കോടിയോളം ജനങ്ങൾ വസിക്കുന്ന ഇന്ത്യയിൽ കോവിഡ്-19 പടർന്നാൽ അതി രൂക്ഷമായിരിക്കുമെന്ന് ആദ്യമേ തന്നെ മനസ്സിലാക്കിയ ഇൻഡ്യ 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു. ജനങ്ങൾ അതിനോട് പൂർണ്ണമായിസഹകരിക്കുന്നു എന്നതും പ്രശംസനീയമാണ്. ജനങ്ങളെ നിയന്ത്രിക്കുന്നതിനായി 24 മണിക്കൂറും പോലീസ് കാവൽ നിൽക്കുന്നു. ഒപ്പം, തങ്ങളുടെ കുടുംബങ്ങളെപ്പറ്റിപ്പോലും ആലോചിക്കാതെ കോവിഡ് ബാധിതർക്കുവേണ്ടി ശുശ്രൂഷ ചെയ്യുകയാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ. ഇതിനിടയിൽ പല ഡോക്ടർമാരും നേഴ്സുമാരും കോവിഡ് രോഗ ബാധിതരായി. ആരോഗ്യ പ്രവർത്തകരെ അനുമോദിക്കുന്നതിനായി മാർച്ച് 22 ന് വൈകുന്നേരം 5 മണിക്ക് ഇന്ത്യയിലെ ജനങ്ങൾ ഒന്നടങ്കം കയ്യടിച്ചും പാത്രങ്ങൾ കൂട്ടിയടിച്ചും മറ്റും അവരെ അഭിനന്ദിച്ചു.
കിരീടമെന്ന് അർത്ഥം വരുന്ന ലാറ്റിൻ പദത്തിൽ നിന്നാണ് കൊറോണ എന്ന വാക്ക് ഉത്ഭവിച്ചത്. ഈ വാക്ക് അർത്ഥമാക്കുന്നതു പോലെ തന്നെ ഇന്ന് ലോക രാജ്യങ്ങളുടെ മേൽ കിരീടം ചാർത്തി മനുഷ്യരെ കൊന്നൊടുക്കുകയാണ് ഈ ചെറിയ വൈറസ്. സ്വന്തം നേത്രങ്ങൾകൊണ്ടു പോലും കാണാൻ സാധിക്കാത്ത കുഞ്ഞൻ വൈറസിനു മുന്നിൽ പകച്ചു നിൽക്കുന്ന ലോക രാഷ്ട്രങ്ങൾക്ക് ഇതിനുള്ള മരുന്ന് കണ്ടുപിടിക്കാൻ ഇതുവരേയും സാധിച്ചിട്ടില്ല എന്നത് നിരാശാജനകമാണ്. അതിനാൽത്തന്നെയും രോഗത്തെയല്ല, രോഗ ലക്ഷണങ്ങളെയാണ് ചികിത്സിക്കുന്നത്. ഇനിയും ഇത് വ്യാപകമാകാതിരിക്കുവാനായി നാം ശ്രദ്ധാലുക്കാളാകേണ്ടതാണ്. ശ്വാസകോശത്തെ ബാധിക്കുന്ന ഈ രോഗം പിടിപെട്ട് പതിനായിരങ്ങൾ മരിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇതിനെ പിടിച്ചുകെട്ടുന്നതിനായി നമുക്ക് ഒന്നായി പ്രവർത്തിക്കാം. നമ്മുടെ അഹങ്കാരങ്ങൾ അവസാനിപ്പിക്കാം. കൊറോണ വൈറസ് മൂലം നമ്മുടെ സമ്പദ് വ്യവസ്ഥ തകർന്നുകൊണ്ടിരിക്കുന്നു. ഇതിനെ തിരിച്ചു പിടിക്കാൻ നാം കരുത്തോടെ പ്രയത്നിച്ചേ മതിയാകൂ. അതിനായി നമുക്ക് പ്രാർത്ഥിക്കാം. ആ പ്രാർത്ഥനയിൽ കോവിഡ് ബാധിതരായവരേയും ആരോഗ്യ പ്രവർത്തകരേയും നമുക്ക് സ്മരിക്കാം. നിപ്പയേയും പ്രളയത്തേയും അതിജീവിച്ചതു പോലെ നമുക്ക് ഇതിനേയും അതിജീവിക്കാനാവും. ഒരു നല്ല നാളേക്കായ് സാമൂഹിക അകലം പാലിക്കാം... കൈകളും മനസ്സും വൃത്തിയാക്കാം.

അന്ന റോസ് തോമസ്സ്
10 ബി സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം