സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കീടനാശിനികൾ ഉയർത്തുന്ന ഭീഷണികൾ

Schoolwiki സംരംഭത്തിൽ നിന്ന്
കീടനാശിനികൾ ഉയർത്തുന്ന ഭീഷണികൾ

മനുഷ്യൻറെ പ്രാഥമിക ആവശ്യങ്ങളാണ് ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവ. ഇപ്പോൾ കീടനാശിനികളും ഇതേപോലെ ഒരാവശ്യഘടകമായി തീർന്നിരിക്കുന്നു. മാറിയ കാലാവസ്ഥയും പ്രകൃതിയുടെ അസന്തുലിതാവസ്ഥയും മറ്റുമാകാം പ്രകൃതിയിൽ കീടങ്ങൾ വർധിക്കുന്നതിന് ഇടയായത്. ഇപ്പോൾ ഇവ വൻവിപത്താണ് വരുത്തിവെയ്ക്കുന്നത്.

കീടനാശിനികൾ ഉപയോഗിക്കുമ്പോൾ അതിന്റെ വരുംവരായ്കകൾ ആരും ചിന്തിക്കാറില്ല. കശുമാവിൻ തോട്ടങ്ങളിലും മറ്റും ഹെലികോപ്റ്റർ വഴി തളിച്ചുകൊണ്ടിരുന്ന എൻഡോസൾഫാൻ എന്ന കീടനാശിനി ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്തു. ഇന്നും ചത്തുജീവിച്ചുകൊണ്ടിരിക്കുന്നവർ ഒരുപാടാണ്. ഗർഭസ്ഥ ശിശുക്കൾക്കുപോലും രക്ഷയില്ലാത്ത അവസ്ഥയാണ്. ഇതെല്ലം കണ്ട് മനുഷ്യമനസ് മരവിച്ചിരിക്കുകയാണ്. പക്ഷെ കീടനാശിനികൾ പ്രയോഗിക്കാതെ ഭക്ഷ്യവിളകളെ സംരക്ഷിക്കാനും പ്രയാസമാണ്. മണ്ണും വെള്ളവും ഇതുമൂലം മലിനപ്പെടുന്നു. മഴ പെയ്യുമ്പോൾ പാടങ്ങളിൽ അടിച്ചിരിക്കുന്ന കീടനാശിനികൾ കിണറുകളിലും കുളങ്ങളിലും അരിച്ചിറങ്ങുകയാണ്. തന്മൂലം കുടിവെള്ളവും വിഷമയമാവുന്നു. അന്തരീക്ഷത്തിൽ അടങ്ങിയ വിഷമയമുള്ള വായു ശ്വസിക്കുമ്പോൾ ശ്വാസകോശസംബന്ധമായ രോഗങ്ങൾ വരുന്നു. കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെടുന്നു.

ഇന്ന് മനുഷ്യർ ഉപയോഗിക്കുന്ന എല്ലാ ഭക്ഷ്യവസ്തുക്കളും വിഷമയമുള്ളതാണ്. കർഷകർ പകലന്തിയോളം മണ്ണിനോട് മല്ലടിച്ച് ഉണ്ടാക്കുന്ന ഭക്ഷ്യവിളകൾ കീടങ്ങൾ നശിപ്പിക്കുമ്പോൾ സ്വാഭാവികമായും അവർ കീടനാശിനികൾ ഉപയോഗിക്കും. നെല്ലിനെ ബാധിക്കുന്ന ചാഴി, തണ്ടുതുരപ്പൻ പുഴു, ഓലചുരുട്ടി പുഴു എന്നിവയെ നശിപ്പിക്കാൻ ഉഗ്രവിഷമുള്ള കീടനാശിനികൾ തന്നെ വേണം. പുറം നാടുകളിൽ നിന്നും വരുന്ന പഴവർഗ്ഗങ്ങൾ, ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവ കീടനാശിനിയിൽ മുക്കി ആഴ്ചകളോളം വെച്ചിട്ടാണ് പാക്ക് ചെയ്യുന്നത് തന്നെ. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ ചീഞ്ഞു പോകേണ്ട ഇവ ആഴ്ചകളോളം ചിലപ്പോൾ മാസങ്ങളോളം ഫ്രഷ് ആയിരിക്കുന്നത് നമുക്ക് കാണാം.

ഇപ്പോൾ ജൈവവളത്തിനുള്ള പ്രാധാന്യമേറികൊണ്ടിരിക്കുന്നു. കീടനാശിനി വിമുക്തമായ പച്ചക്കറികൾക്കും പ്രാധാന്യം വന്നു. ജൈവവളപ്രയോഗം രാസവളപ്രയോഗത്തിനെതിരെ വികസിച്ചു വരുന്നുണ്ട്. ഓരോരുത്തരും അവനവന് വേണ്ട പച്ചക്കറികൾ കീടനാശിനി വിമുക്തമാക്കി ഉണ്ടാക്കിയെടുക്കുക. മനുഷ്യൻറെ ജീവിതരീതിയിൽ സുഖലോലുപതയിലും ഉപഭോഗത്തിലും വന്ന മാറ്റങ്ങൾ പ്രകൃതിയെ തന്നെ കോപിഷ്ഠയാക്കുന്നു. അത് പല രീതിയിൽ മനുഷ്യനുതന്നെ തിരിച്ചു വരുന്നു. ഇപ്പോൾ മനുഷ്യർ ശ്രദ്ധ വച്ചില്ലെങ്കിൽ ചിന്താ ശേഷി നശിച്ച കാര്യപ്രാപ്തി ഇല്ലാത്ത ഒരു തലമുറ ആയിരിക്കും ഉണ്ടാവുക.

ഫാത്തിമ നെസ്രിൻ
9 D സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം