സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/അതിജീവിക്കാം ഒരുമിച്ച്...

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം ഒരുമിച്ച്...

ഇന്നത്തെ സാമൂഹികാവസ്ഥ അവശ്യം രൂക്ഷമായി വരികയാണ്. നിപയുടെ മടങ്ങിവരവിനുശേഷം കൊറോണ എന്ന കോവിഡ് 19 ചൈനയിലെ വുഹാനിൽനിന്ന് യാത്ര ആരംഭിച്ച് ഇപ്പോൾ നമ്മളെയും നമ്മുടെ രാജ്യത്തെയും മാത്രമല്ല, ഭൂഗോളത്തെ തന്നെ വിഴുങ്ങുന്ന അവസ്ഥയിൽ വളർച്ച പ്രാപിക്കുക. മരുന്നില്ലാത്ത ഈ മഹാമാരിക്കെതിരെ, ഇതിന്റെ സമൂഹവ്യാപനം തടയാൻ, നാം ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ രാജ്യത്തെ മുഴുവൻ ജനങ്ങളെയും അണിനിരത്തിക്കൊണ്ട് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യു ആയിരുന്നു വൈറസിന്റെ പ്രതിരോധത്തിനായുള്ള പ്രഥമ ചുവടുവെയ്പ്പ്. രണ്ടാം ലോകമഹായുദ്ധത്തിൽ ഉണ്ടായിരുന്നതിനേക്കാൾ രൂക്ഷമായ പരിതസ്ഥിതിയാണ് രാജ്യത്തിൽ എന്ന് ഒരിക്കൽ പ്രധാനമന്ത്രി പറയുകയുണ്ടായി. അത് വാസ്തവമാണുതാനും. ജനങ്ങളുടെ ജീവനും സുരക്ഷിതത്വത്തിനും ഭീഷണിയായിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെ നാം ഓരോരുത്തരും തന്നാലാവും വിധം പ്രതിരോധിക്കണം.

പൊതുഗതാഗതം മുതൽ നിർമാണമേഖല വരെ നിശ്ചലമായ അവസ്ഥ ഉണ്ടായി. കോടിക്കണക്കിന് മനുഷ്യരുടെ പ്രതിസന്ധിയിലായ അവസ്ഥയും വന്നുചേർന്നു. എന്നാൽ സാമൂഹിക പരിതസ്ഥിതി മനസ്സിലാക്കിയ ഭരണാധികാരികൾ എല്ലാ വിഭാഗക്കാർക്കും അർഹമായ സാമ്പത്തിക പിന്തുണ ഉറപ്പുവരുത്തുകയുണ്ടായി. ഇത് തികച്ചും അഭിനന്ദനാർഹം തന്നെ. രോഗികൾക്കും രാജ്യത്തിനും വേണ്ടി സുരക്ഷയ്ക്കായി യത്‌നിച്ച ആരോഗ്യപ്രവർത്തകരെയും ഈ അവസരത്തിൽ നാം ഓർക്കണം.

പരിശ്രമം അത്യധികമായിരുന്നെങ്കിലും സ്ഥിതി കൂടുതൽ രൂക്ഷമായി. ഇത്ര ഭയങ്കരമായ മഹാമാരിയാണ് നമ്മുടെ രാഷ്ട്രത്തെ, ലോകത്തെ ഗ്രസിക്കുന്നത് എന്ന വാസ്തവം അതിശയോക്തി കലർത്തി നാം ചിന്തിക്കുന്നു. സർക്കാർ കർശനമായി നിയമങ്ങൾ പുറപ്പെടുവിച്ചുവെങ്കിലും സുരക്ഷക്കുവേണ്ടിയാണ് ഇവയൊക്കെ എന്ന ബോധമുണ്ടാകാതെ നിയമലംഘനം നടത്തിയിരുന്നു ചിലർ. ശാസ്ത്ര-സാങ്കേതിക സഹായത്തോടെ രോഗലക്ഷണങ്ങൾ കണ്ടെത്തുകയും കള്ളം പറഞ്ഞു പുറത്തുപോകാൻ ശ്രമിക്കുന്നവരെയും നിയമലംഘനം നടത്തുന്നവരെയും ശിക്ഷിക്കാൻ വേണ്ട സംവിധാനങ്ങൾ നടപ്പിൽ വരുത്തുകയുണ്ടായി. എന്തിനു പറയുന്നു! രോഗലക്ഷണങ്ങൾ മറച്ചുവെച്ച്‌ സമ്പർക്കം വഴി മറ്റുള്ളവർക്കും അത് പകർന്നുകൊടുത്തവരും ഉണ്ടായിരുന്നു. വിദേശികൾ വരെ വരുന്ന അവസ്ഥയുണ്ടായി. എന്നാലും കർശനനിയമങ്ങൾ സമൂഹത്തെ ഒരുവിധം രക്ഷിച്ചു.

കഠിനമായ പരിശ്രമങ്ങൾക്കും കർശന നിയന്ത്രണങ്ങൾക്കും ശേഷം അനുകൂലമായ പരിതസ്ഥിതി വന്നുതുടങ്ങി. കേരളത്തിൽ രോഗം ഭേദമായവരുടെ എണ്ണം കൂടിവന്നു. തികച്ചും ആശ്വാസകരമായ വാർത്തയായിരുന്നു അത്. എന്നാൽ രാജ്യത്തിന്, ലോകത്തിന് പ്രതികൂലമായ അവസ്ഥയാണുണ്ടായത്. നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ടായ കർശനനിയമങ്ങൾ നമ്മുടെ കൊറോണ പ്രതിരോധത്തിനായുള്ള മരുന്നായിരുന്നു. ആ മരുന്ന് ഫലം കണ്ടു എന്ന് വേണം പറയാൻ. കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും ആരോഗ്യപ്രവർത്തകരും വഹിച്ച പങ്ക് അത്ര നിസ്സാരമല്ല.രോഗികളുടെ ഏറ്റക്കുറച്ചിലുകൾ നമുക്ക് ചുറ്റും അരങ്ങേറിക്കൊണ്ടിരിക്കുന്നു.ജനതാ കർഫ്യൂവും തുടർന്നുണ്ടായ 21 ദിവസത്തെ ലോക്ക് ഡൗണും ഇന്ത്യയിൽ കൊറോണ വ്യാപനത്തെ വലിയൊരു അളവിൽ തടഞ്ഞുനിർത്താൻ ഉപകരിച്ചു. കർശനമായ ഓരോ ചുവടുവെപ്പുകളുമായി കൊറോണ എന്ന മാരകമായ വൈറസിനെ തടഞ്ഞുനിർത്തി എന്ന് ആത്മവിശ്വാസത്തോടെ നമുക്ക് പറയാൻ കഴിയും. എന്നാലും ലോക്ക് ഡൗൺ ഡൌൺ ഇപ്പോൾ നിർത്തി വെച്ചാൽ ഉണ്ടാകുന്ന ഭയങ്കര സ്ഥിതിയെ ഭയപ്പെട്ടു പ്രധാനമന്ത്രി മെയ് 3 വരെ ലോക്ക് ഡൗൺ അഥവാ സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു. എന്നാൽ ഏപ്രിൽ 20നു ശേഷം അൽപം ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുവിധം മാറിവരുന്ന കൊറോണയുടെ വീണ്ടുമുള്ള വ്യാപനം തടയാൻ വേണ്ടിയാണ് മെയ് 3 വരെ സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചത്. അല്ലാത്തപക്ഷം ലോക്ക് ഡൗൺ പൂർണമായി നിരോധിച്ചാൽ വീണ്ടും അതിഭീകരമായ വിനാശകാരിയെ വരുത്തുന്ന അവസ്ഥ ഉണ്ടാകാം.

സാമൂഹിക ഇടപെടൽ കുറച്ചു കൊണ്ടും കർശന നിയമങ്ങൾ അനുസരിച്ചുകൊണ്ടും മാത്രമേ കൊറോണ വൈറസ് വ്യാപനം നമുക്ക് ഒരു വിധം തടയാനാകൂ എന്നതിൻറെ ഉദാഹരണമാണ് ഇക്കഴിഞ്ഞ കാലമത്രയും നാം കണ്ടത്. രാജ്യങ്ങളുടെ, സംസ്ഥാനങ്ങളുടെ ഭരണാധികാരികൾ, ആരോഗ്യപ്രവർത്തകർ, രാജ്യത്തിലെ പൗരന്മാരായ നമ്മൾ ഏകകണ്ഠമായ അഭിപ്രായത്തോടെ ഒരുമിച്ചു ഒത്തു ചേർന്നാൽ മാത്രമേ കൊറോണ വൈറസ് വ്യാപനം തടയാൻ ആകൂ. നമുക്ക് ഒറ്റക്കെട്ടായി പരിശ്രമിക്കാം... കൊറോണ തോൽക്കട്ടെ നാം നമ്മുടെ നാടും ജയിക്കട്ടെ...

വൃന്ദ ടി ദാസ്
9 B സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം