സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/History

Schoolwiki സംരംഭത്തിൽ നിന്ന്

കിഴക്കിന്റെ വെനീസായി, തുറമുഖ പട്ടണമായി, ഒരു കാലത്ത് പ്രഭാവത്തോടെ വിളങ്ങി നിന്നിരുന്ന കയറുൽപ്പന്നങ്ങളുടേയും കായലുകളുടേയും നാടായ ആലപ്പുഴയുടെ പശ്ചാതലത്തിൽ എട്ടുദശകങ്ങളിലേറെ പ്രായമുള്ള വിദ്യാലയമാണ് സെന്റ് ആന്റണീസ് ജി.എച്ച്.എസ്. ഈ വിദ്യാലയത്തിന്റെ ഉത്ഭവവും, വളർച്ചയും, സി.എം.സി സന്യാസിനി സമൂഹത്തിന്റെ ഉത്ഭവ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ജനങ്ങളുടെ ആദ്ധാത്മികവും, ഭൗതികവുമായ ഉന്നമനം ലക്ഷ്യമാക്കി ദീർഘവീക്ഷണത്തോടെ അനേകം കാര്യങ്ങൾ നടപ്പിൽ വരുത്തിയ ഒരു പുണ്യ പുരുഷനാണ് വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ. അദ്ദേഹം തന്റെ അധികാര സീമയിൽപ്പെട്ട എല്ലാ പള്ളിയോടും ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കാൻ കല്പന പുറപ്പെടുവിച്ചു. ജാതിമത ഭേദമെന്യേ എല്ലാ പൈതങ്ങൾക്കും വിദ്യ അഭ്യസിക്കുവാൻ സൗകര്യം ലഭ്യമാകണം എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഈ വിദ്യാലയങ്ങൾ പിന്നീട് പള്ളിക്കൂടം എന്ന ഓമനപ്പേരിൽ അറിയപ്പെട്ടു തുടങ്ങി. സമുന്നതരായ സ്വാമി വിവേകാനന്ദനും , ശ്രീനാരായണ ഗുരുവും സമൂഹത്തിൽ നടപ്പാക്കിയ മാറ്റങ്ങൾക്കു വളരെക്കാലം മുമ്പു തന്നെ അയിത്തോച്ചാടനം നടപ്പാക്കി നാനാ ജാതിമത വിഭാഗത്തിൽപ്പെട്ട കുട്ടികളേയും ഒരേ മേൽക്കൂരയ്ക്കുള്ളിൽ ഇരുത്തി വിദ്യാധനം സുഗമമാക്കി തീർത്ത പുണ്യ പുരുഷനാണദ്ദേഹം. പഴവങ്ങാടി ഇടവകാംഗങ്ങളുടേയും ബഹു . വൈദികരുടേയും പരിശ്രമഫലമായി 1918–ൽ ഒരു സന്യാസ ഭവനവും അതേ വർഷം തന്നെ പള്ളികോമ്പൌണ്ടിലുണ്ടായിരുന്ന കെട്ടിടത്തിൽ മൂന്ന് ക്ലാസ് വരെയുള്ള വിദ്യാലയവും ആരംഭിക്കുകയും ചെയ്തു. വി. അന്തോനീസിന്റെ പ്രത്യേക മദ്ധ്യസ്ഥതയാൽ മൂന്ന് ക്ലാസിനും അംഗീകാരം കിട്ടി. 1934 മെയ് 18 ന് നാലാം ക്ലാസും 1935 – ൽ 5ഉം, 6 ഉം, ക്ലാസുകളും ആരംഭിച്ചു. ഇവിടെ തുടങ്ങുന്നു ഇന്നത്തെ സെന്റ് ആന്റണീസിന്റെ തനതായ ചരിത്രം. 1937 – ൽ ഏഴാം ക്ലാസ് ആരംഭിച്ചു. അങ്ങനെ സെന്റ് ആന്റണീസ് എൽ.പി. സ്കൂൾ ഒരു മിഡിൽ സ്കൂളായി ഉയർന്നു. അ‍ഞ്ചാംക്ലാസ്ആരംഭിച്ചപ്പോൾ സി. മേരി ലൂർദ് സ്കൂളിന്റെ പ്രഥമാദ്ധ്യാപികയായി. 1947 മെയ് പത്തൊന്പതാം തീയതി സെന്റ് ആന്റണീസ് , ഇംഗ്ളീഷ് മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. ഇപ്രകാരം 7-5-1948 ലെ 2755 നാലാം നമ്പർ സർക്കാർ ഓർഡർ അനുസരിച്ച് സെന്റ് ആന്റണീസ് `ഒരു പൂർണ്ണ ഇംഗ്ളീഷ് മിഡിൽ സ്കൂളായിത്തീരുകയും തുടർന്ന് 1952- ജൂൺ മാസത്തിൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.അന്നത്തെ മിഡിൽ സ്കൂൾ കെട്ടിടത്തിന് കിഴക്കു വശത്തുണ്ടായിരുന്ന സ്ഥലത്ത് രണ്ടു നിലയിലുള്ള കെട്ടിടം പണിതാണ് സ്കൂൾ ആരംഭിച്ചത്.കെട്ടിടം പണിക്കാവശ്യമായ ചെലവുകൾ വഹിച്ചത് സന്യാസിനിമാരുടെ പത്രമേനിയും , ചങ്ങനാശ്ശേരി പ്രൊവിൻഷ്യൽ ഹൗസിൽ നിന്നും , നല്ലവരായ നാട്ടുകാരിൽ നിന്നും ലഭിച്ച സംഭാവനയും ഉൾപ്പെടുത്തിക്കൊണ്ടാണ് 1951 – ൽ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിൽ ഈ വിദ്യാലയം ഉൾപ്പെട്ടത്. സാധാരണക്കാരായ പാവപ്പെട്ട വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ അനുദിനാവശ്യങ്ങളും മെയിന്റൈൻസും നടത്തിക്കൊണ്ടുപോകുവാൻ കാലാകാലങ്ങളിലുള്ള മാനേജർമാരും പി . റ്റി . എ യും താത്പര്യം പുലർത്തുനതുകൊണ്ടാണ് വിദ്യാലയത്തിന്റെ ശ്രേയസ്സ് നിലനിർത്തിക്കൊണ്ടുപോകുവാൻ സാധിക്കുന്നത്. പി . റ്റി . എ യും വിദ്യാർത്ഥികളുടെ എല്ലാവിധവളർച്ചയ്കും ആവശ്യ മായ സഹായം ചെയ്യുവാൻ വളരെ ശ്രദ്ധാലുക്കളാണ് .