സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം/അക്ഷരവൃക്ഷം/മൗന നൊമ്പരം

മൗന നൊമ്പരം

തിങ്ങിക്കൂടിയ ഇലകൾക്കും മരങ്ങൾക്കും ഇടയിലൂടെ സൂര്യൻ എത്തിനോക്കുന്നു. എന്ത് മനോഹരമാണ് ആ കാഴ്ച കാണാൻ. നേരം വെളുത്തു തുടങ്ങിയിരിക്കുന്നു. മഞ്ഞു മൂടിയ ഇടനാഴികളിലൂടെ ആരൊക്കെയോ എന്റെ അടുത്തേയ്ക്ക് വരുന്നത് ഞാൻ അറിയുന്നു. അവരുടെ കൈകളിൽ മഴുവും കയറും മറ്റു സാധനങ്ങളും ഉണ്ട്. അവർ എന്നിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം എന്റെ ഹൃദയമിടിപ്പും വര്ധിക്കുന്നു. അവരെന്റെ അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു. അടുത്തെത്തിയ ഉടനെ തന്നെ അവരിലൊരാൾ എന്റെ ശരീരത്തിലേക്ക് വലിഞ്ഞു കയറി. കയ്യിൽ ഒരു കയറുമായി. അവർ അവരുടെ ജോലി തുടങ്ങി കഴിഞ്ഞിരിക്കുന്നു. ആയുധധാരികളായ അവർ എന്നെ വെട്ടാൻ ഒരുങ്ങുന്നു. എന്റെ ശിഖരങ്ങൾ എല്ലാം വെട്ടി മാറ്റി. അവസാനം ഒരു കരുണയും കൂടാതെ എന്നെ അവർ മുഴുവനായും വെട്ടി. ഞാൻ നിലംപതിച്ചു. കൂടാതെ അവർ എന്നെ ഒരു വലിയ വണ്ടിയിൽ കയറ്റി. മരങ്ങളാൽ തിങ്ങിനിറഞ്ഞ എപ്പോഴു കിളികളുടെ മധുരമായ ഗാനങ്ങൾ കേൾക്കുന്ന ആ സ്വർഗത്തിൽ നിന്നും ഇവർ എന്നെ ഏതു നരകത്തിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ഞാൻ ആ വണ്ടിയിൽ കിടന്ന് ആലോചിച്ചു. കുറച്ചു ദൂരം സഞ്ചരിച്ചതിനു ശേഷം ഞങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തി ചേർന്നു. വളരെ അലക്ഷ്യമായി അവർ എന്നെ എടുത്ത് ഒരു സ്ഥലത്ത് ഇട്ടു. അവിടെ എന്നെ പോലെ തന്നെ ഒരുപാട് പേരുണ്ടായിരുന്നു. ചിലർ എന്നിൽ നിന്നും അൽപ്പം വ്യത്യസ്തരായവരും. ദിവസങ്ങൾക്കകം തന്നെ എന്നെ മറ്റൊരു കൂട്ടം ആളുകൾ വന്ന് എന്റെ ശരീരത്തിൽ വീണ്ടും മുറിവുകൾ വരുത്തുന്നു. വളരെ വലുപ്പം ഏറിയ യന്ത്രങ്ങൾ അവർ എന്റെ ശരീരത്തിലൂടെ കയറ്റി ഇറക്കി. ഒടുവിൽ ഞാൻ മറ്റൊരാളായി മാറി. എന്റെ ശരീരാകൃതിയെല്ലാം മാറി. ഒരുപക്ഷെ ഇപ്പോൾ എന്നെ കണ്ടാൽ എന്റെ സുഹൃത്തുക്കൾ പോലും തിരിച്ചറിയില്ല എന്ന അവസ്ഥയായിലായി ഞാൻ. അവസാന മിനുക്കു പണികൾക്കൊടുവിൽ എന്നെ വീണ്ടും ഒരു വലിയ വണ്ടിയിൽ കയറ്റി മറ്റൊരു സ്ഥലത്തെത്തിച്ചു. വളരെ തിരക്കേറിയ സ്ഥലത്താണ് അവർ എന്നെ എത്തിച്ചത്. ചില്ലുകൾ കൊണ്ടു മൂടിയ ഒരു മുറിയിൽ അവർ എന്നെ ഭദ്രമായി കൊണ്ടുവച്ചു. എന്നെ വിൽക്കുവാനാണത്രെ അവിടെ വെച്ചിരിക്കുന്നത്. ആഴ്ചകൾക്കകം തന്നെ എന്നെ ഒരാൾ വാങ്ങി. പതിവുപോലെ വണ്ടിയിൽ കയറ്റി എന്നെ വീട്ടിലേക്ക് കൊണ്ടുപോയി. അൽപ്പം വലിയ ഒരു വീട്. ഞാൻ അവിടെ എത്തി. വീട്ടിലുള്ള എല്ലാവരും എന്നെ വലിയ സന്തോഷത്തോടെ തന്നെ നോക്കി. അന്നു മുതൽ ഞാൻ അവരിൽ ഒരാളായി. ഞാനും ആ കുടുമ്പത്തിലെ അംഗമായി മാറി. അങ്ങനെയിരിക്കെ രണ്ടു മൂന്നു ദിവസങ്ങൾക്ക് ശേഷം പതിവിലും വ്യത്യസ്തമായി വീട്ടുമുറ്റത്തു ഒരാൾക്കൂട്ടം. ആശുപത്രിയിൽ നിന്നും ഒരു ആംബുലൻസ് വീട്ടുമുറ്റത്ത്. ആളുകൾ കൂടി കൂടി വന്നു. എന്നെ അവർ വീടിന്റെ ഉമ്മറത്തു കൊണ്ടിട്ടു. ആംബുലൻസിൽ നിന്നും ഒരു ചേതനയറ്റ ശരീരം എന്റെ മേൽ വെച്ചു. ഞാൻ സൂക്ഷിച്ചു നോക്കി. എവിടെയോ കണ്ട മുഖം. അൽപ സമയത്തിനകം തന്നെ ഞാൻ ആളെ മനസ്സിലാക്കി. എന്നെ ചില്ലു കൂട്ടിൽ നിന്നും മോചിപ്പിച്ച് ഈ വീട്ടിലെ അംഗമാക്കിയ വ്യക്തി. ഞാൻ തകർന്നു പോയി. എന്റെ ഹൃദയത്തിലെന്തോ ഇടിച്ചതുപോലെ. ഈ ശരീരം ദഹിപ്പിക്കുന്നതോടൊപ്പം ഞാനും ചിതലരിച്ചു പോയിരുന്നെങ്കിൽ എന്ന് ഞാൻ വ്യാകുലതയോടെ പ്രാർത്ഥിച്ചു പോകുന്നു.............

ഐഷ ഷെറിൻ വി പി
10 B സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ