സിസ്റ്റർ എലിസബത്ത് ജോയൽ സി. എസ്. ഐ. ഇ. എം. എച്ച്. എസ്. എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം അനുഭവക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
അനുഭവകുറുപ്പ്

ഓരോ വേനലവധിയും മധുരമുള്ള അനുഭവങ്ങളാണ്. വർഷാവസാന പരീക്ഷ അവസാനിക്കുമ്പോൾ അമ്മമ്മയുടെ വീട്ടിലേക്ക് അല്ലെങ്കിൽ അച്ഛനൊപ്പം അവധിക്കാലം ആഘോഷിക്കാൻ വിദേശത്തേക്ക്. അമ്മാമ്മയുടെ വീടിനു പിന്നിലെ വയലും തോടും എല്ലാം ടെറസ്സിൽ നിന്നുള്ള വെറും കാഴ്ചകൾ ആണ്. ഒരിക്കൽപോലും തോട്ടുമീൻ പിടിക്കാനോ പട്ടം പറത്താനോ ഞാൻ പോയിട്ടില്ല. വർണ്ണ പട്ടം ആകാശത്തേക്ക് പറക്കുന്നത് നോക്കി നിന്നിട്ടുണ്ട്. കുട്ടികൾ തോട്ടിൽ നിന്നും മാനത്തുകണ്ണികളെ പ്ലാസ്റ്റിക് കവറിലാക്കി പോകുന്നത് കണ്ടിട്ടുണ്ട്. കവറിനുള്ളിൽ ഇത്തിരി വെള്ളത്തിൽ അതിപ്പോൾ ആകാശം കാണുന്നുണ്ടോ എന്ന് എനിക്ക് സംശയം ആയിരുന്നു.


അച്ഛനോടൊപ്പം ഉള്ള അവധിക്കാലം വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങൾ അടച്ചിട്ട മുറിക്കുള്ളിൽ ആയിരിക്കും. ജനാലയ്ക്ക് അപ്പുറത്ത് ഇത്തിരി ആകാശം കാണാൻ കഴിയും. ചിലപ്പോഴൊക്കെ താഴെ നിന്നും ഉച്ചത്തിൽ ആരോ സംസാരിക്കുന്നത് കേൾക്കാം. അതെനിക്ക് മനസ്സിലാകാത്ത മറ്റെന്തോ ഭാഷയാണ്. ഓരോ വെള്ളിയാഴ്ചയും പുതിയ പുറം കാഴ്ചകളിലേക്ക് പൊയ്ക്കൊണ്ടിരിക്കും. നിറങ്ങളും വെളിച്ചവും നിറഞ്ഞ കാഴ്ചകൾ….


ഇന്നിപ്പോൾ അനുഭവം മറ്റൊന്നാണ്. അടച്ചിട്ട അവധിക്കാലം! പൊള്ളുന്ന വെയിലിൽ മരച്ചില്ലയിൽ നിന്നും ഒരു കുരുവികുഞ്ഞു വീണു പിടഞ്ഞു. മറ്റു കിളികളുടെ ശബ്ദം കേൾക്കാൻ ആയില്ല. കൂട്ടത്തോടെ പറക്കുന്ന പക്ഷികളെയും കാണാനില്ല. ഒരുപക്ഷേ ഇത് അവയ്ക്ക് അടച്ചിട്ട കോവിഡ് കാലമായിരിക്കും. പ്രളയത്തിന്റെ സങ്കടങ്ങൾ അവസാനിക്കുംമുമ്പ് വീണ്ടുമൊരു ദുരന്തം. പ്രകൃതിയോട് മനുഷ്യൻ ചെയ്യുന്ന ക്രൂരതകൾക്ക് കിട്ടുന്ന തിരിച്ചടി തന്നെയാണ് ഇതൊക്കെ. ചൈനയിലെ വുഹാങ് സിറ്റിയിലെ മാംസ ചന്തയിൽ നിന്നും എത്തി എന്ന് പറയുന്ന കോവിഡ് ഇപ്പോൾ ഓരോ മനുഷ്യനെയും ഭയപ്പെടുത്തുന്നു. അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡത്തിലും പടർന്നു പിടിച്ചു മനുഷ്യരുടെ ജീവൻ എടുത്തു.

ഈ രോഗം ആദ്യം കണ്ടെത്തിയത് വുഹാനിലെ മാംസക്കച്ചവടം നടത്തുന്ന സ്ഥലത്തെ ഒരു വ്യക്തിയിൽ ആണ്. ഈ മാംസ ചന്തയിൽ കോഴി, പന്നി, പാമ്പ്, ഈനാംപേച്ചി തുടങ്ങിയവയുടെ കച്ചവടമാണ് നടക്കുന്നത്. ജീവനോടെ യും കൂട്ടത്തോടെ യും ആണ് ഇവിടെ ജീവികളെ കൊണ്ടുവരുന്നത്. ആവശ്യക്കാർക്ക് അപ്പോൾ തന്നെ മുഴുവനായും കൊന്ന് അല്ലെങ്കിൽ പകുതി കൊന്നാണ് നൽകുന്നത്. അവയുടെ നിലവിളിക്കും ചോര മണത്തിനും ഒരു വിലയും ഇല്ലാതാകുന്നു. മനുഷ്യന്റെ തീൻമേശയിൽ എത്താൻ വേണ്ടി ജീവിക്കുന്ന ജന്തുക്കൾ.


ഇത് ലോകത്തിനു മുഴുവൻ ഒരു പാഠമാണ്. ഓരോ വീടിന്റെ ഗേറ്റും ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. അതുപോലെ സംസ്ഥാനങ്ങൾ അതിർത്തി തീർക്കുകയും , രാജ്യങ്ങൾ നിയന്ത്രണം വയ്ക്കുകയും ചെയ്തു. റോഡ് ഗതാഗതം, കട, വിമാനം, ഓഫീസ് എല്ലാം അടച്ചുപൂട്ടി. വ്യക്തി ശുചിത്വത്തിനും സാമൂഹിക അകലത്തിലും പ്രാധാന്യം നൽകി. ഓരോരുത്തരും സ്വന്തം വീടുകളിൽ ആണ്. ജാതി മത വ്യത്യാസമില്ലാതെ പാവപ്പെട്ടവനും പണക്കാരനും എന്ന വ്യത്യാസമില്ലാതെ കൊറോണ എല്ലാവരെയും ഒരുപോലെ ഭയപ്പെടുത്തുന്നു.അങ്ങനെ മനുഷ്യർ എല്ലാരും ഒരുപോലെ ആയി തീർന്നിരിക്കുന്നു.


കൊറോണക്കെതിരെ വാക്സിനേഷൻ കണ്ടെത്താൻ ശാസ്ത്രലോകം ഉറക്കം ഒഴിയുമ്പോൾ എല്ലാ ബുദ്ധിമുട്ടും സഹിച്ച് നമുക്ക് കാവൽ നിൽക്കുകയാണ് നമ്മുടെ പോലീസും ആരോഗ്യ പ്രവർത്തകരും. ഇനി വരുന്ന അവധിക്കാലങ്ങളിൽ ആകാശത്തേക്ക് നമുക്ക് വർണ്ണ പട്ടങ്ങൾ പറത്താൻ സാധിക്കണം. അടഞ്ഞുകിടക്കുന്ന ഈ അവധിക്കാലത്ത് ഓർത്തെടുക്കാൻ നല്ലതൊന്നും ഇല്ലാതായിരിക്കുന്നു. വിമാനസർവീസ് ഇല്ലാതായിരിക്കുന്നത് കാരണം അച്ഛനും കടലിനക്കരെ കൊറോണ ഭീതിയിൽ മുറിക്കുള്ളിൽ കഴിയുകയാണ്. എല്ലാ രാജ്യക്കാരും സ്വാതന്ത്ര്യമായി ജീവിച്ച അവിടെയും അടഞ്ഞു കിടക്കുന്നു. രാജ്യങ്ങൾ പോലും ഇപ്പോൾ ഒരുപോലെ ആയി തീർന്നിരിക്കുന്നു. എല്ലാപേർക്കും കൊറോണ സമ്മാനിച്ചത് അടഞ്ഞു കിടക്കുന്ന അവധിക്കാലം ആണ്.



അർജുൻ എസ് കുമാർ
8 A സി.എസ്.ഐ.ഇ.എം.എച്ച്.എസ്.എസ്.
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം