വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ/അക്ഷരവൃക്ഷം/ഒരു ലോക്ക്ഡൌൺ അപാരത

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക്ക്ഡൗൺ അപാരത
       അതിജീവനത്തിന്റെ നാൾവഴികളും പെയ്തൊഴിയുന്ന കണ്ണീർ മഴയും കടന്ന് ഗോഡ്സ് ഓൺ കൺട്രി ഇന്ന് മുന്നേറി കൊണ്ടിരിക്കുന്നു. ലോകത്തിലെ തന്നെ വമ്പൻ സമ്പന്ന രാഷ്ട്രങ്ങൾ തകർന്നടിയാൻ തുടങ്ങിയിരിക്കുമ്പോൾ ഇന്ത്യയുടെ തേജസ്സും നെഞ്ചോടണച്ചു അറബിക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും പശ്ചിമഘട്ടത്തിന്റെയും മാറിടത്തിൽ പറ്റിചേർന്ന് നാം covid 19 എന്ന മഹാമാരിക്കെതിരെ ചെറുത്തുനിൽപ് തുടരുകയാണ്.ക്ഷണിക്കാതെ നമ്മുടെ അടുക്കലേക്കു വന്ന ആ അഥിതി ഇന്ന് പല രാഷ്ട്രങ്ങളെയും അടക്കി ഭരിക്കാൻ തുടങ്ങിയിരിക്കുന്നു.സഹനത്തിന്റെ പര്യായമായ യേശുക്രിസ്തുവിന്റെ ഉയർത്തെഴുന്നേല്പ് തിരുനാളും പൊൻപുലരി തുറക്കുമായിരുന്ന ഒരു വിഷുക്കാലവും ഈ കൊറോണ ചൂടിൽ നമ്മെ ഏശാതെ പോയിരിക്കുന്നു. വർഷത്തിൽ ഒരിക്കൽ കിട്ടുന്ന കൈനീട്ടമെന്ന ചടങ്ങും വെള്ളത്തിലായി. 
      പരീക്ഷ ചൂടിൽ നിന്നു അല്പമൊന്നകലെ യായി ആശ്വസിച്ച നാം വിദ്യാർത്ഥികൾ ഇന്ന് കൊറോണയുടെ ചൂടിൽ വീട്ടിലിരുന്നു വേര് മുളച്ചു. "പാപി ചെല്ലുന്നിടം പാതാളം "തന്നെ. ആരാണ് പാപി എന്നാലോചിച്ചു തല പുകയ്ക്കേണ്ട. കാരണം പഴഞ്ചൊല്ലിൽ പതിരില്ല. പുറത്തല്പം ശുദ്ധവായു പരക്കാൻ തുടങ്ങിയപ്പോൾ അതനുഭവിക്കാനാകാതെ കൂട്ടിൽ അകപെട്ടെന്നു പറഞ്ഞാൽ മതിയല്ലോ.. തൃശൂർ പൂരം ഇത്തവണ മുടങ്ങിയെങ്കിലും സോഷ്യൽ മീഡിയകളിൽ ട്രോളൻമാരുടെ പൂരം ഉന്നതങ്ങളിലെത്തി.ടി വി തുറന്നാൽ അവിടത്തെയും ഇവിടത്തെയും കൊറോണ വാർത്തകൾ.ഹ്യൂമർ സെൻസിന്റെ ഭാഗത്തു ഡ്രോൺകളുടെ വിളയാട്ടം കളം നിറക്കുന്നുണ്ട്.ജനപ്രിയ പരമ്പരകൾ നിലച്ചതോടെ  അൽപ്പമൊന്നാശ്വാസമായി. ഇല്ലെങ്കിൽ സന്ധ്യയാകുമ്പോൾ തുടങ്ങുന്ന കരച്ചിൽ മേള ഒരു ഒന്നൊന്നര മണിക്കൂർ കൊട്ടികേറുന്നതാണ്.മാനത്തെ പക്ഷികളൊക്കെ പുറത്തിരുന്നു നമ്മെ നോക്കി കൊഞ്ഞനം കുത്തുന്നതായി തോന്നുന്നു.എല്ലാം കർമ ഫലം... !
     പറമ്പിലെ എല്ലാ വസ്തുക്കളുടെയും രുചി അറിയാൻ തുടങ്ങിയിരിക്കുന്നു.അമ്മയുടെ നേതൃത്വത്തിൽ ഉള്ള സ്ക്വാഡ്(ഞങ്ങൾ തന്നെ )പറമ്പിലിറങ്ങും.സൈഡിൽ ഉള്ള ചേമ്പും മുകളിൽ ഇരുന്ന് വിശ്രമിക്കുന്ന ചക്കയും ഞങ്ങളെ കണ്ടാൽ ഒന്ന് വിറക്കും.ഒരു വെട്ട്... !ഒരു തട്ട്... !പിന്നെ എല്ലാ പ്രോസസ്സിംഗ് കഴിഞ്ഞു സംഭവം പ്ളേറ്റിൽ എത്തും.ആരോഗ്യ പ്രവർത്തകരും കൊറോണയും തമ്മിലുള്ള യുദ്ധം പൊടി പൊടിക്കുമ്പോൾ ഞാനും വീട്ടുകാരും ചക്കയോടും മാങ്ങയോടും എന്ന് വേണ്ടാ പറമ്പിലുള്ള എല്ലാ ചെടിയോടും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. 
    അവധിക്കാലത്തു ചെത്തിനടക്കണമെന്ന് വിചാരിച്ചിരുന്നതാ....ഇന്ന് വെറുതെയെങ്കിലും ഒന്ന് പുറത്തിറങ്ങി നടക്കാൻ പറ്റിയാൽ മതിയായിരുന്നു.നാടോടിക്കാറ്റിൽ ശ്രീനിവാസൻ പറയുന്നത് പോലെ "എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ.. ".ആ സമയം എപ്പോഴാണെന്ന് അറിയാൻ വല്ല വഴിയുമുണ്ടായാൽ മതി.വെറുതെ ഇരുന്ന് ഭക്ഷിക്കാനാകുന്നത് ഈ ലോക്ക്ഡൌൺ കാലത്തെ മേന്മയാണ്. മാവേലിയുടെ രൂപസാദൃശ്യത്തോളം എത്തിയില്ലെങ്കിലും ഒരു കുട്ടി തടിയൻ ആകാനുള്ള പനിയൊക്കെ ഞാൻ നടത്തുന്നുണ്ട്.ക്ലോക്കിനും കലണ്ടറിനും പഴയ ഡിമാൻഡ് ഒന്നും ഇല്ല.ഇന്ന് എല്ലാം സൂര്യനെ അടിസ്ഥാനമാക്കിയാണ് നീങ്ങുന്നത്.സൂര്യൻ ഉച്ചിയിലെത്തിയാൽ എഴുന്നേൽക്കാറായെന്നും സൂര്യൻ ഉദിക്കാറായാൽ ഉറങ്ങാറായി എന്നുമാണർത്ഥം.

   തൽസ്ഥിതി ഇങ്ങിനെയൊക്കെ ആണെങ്കിലും ഈ ലോക്ക്ഡൌൺ  എനിക്ക് കുറച്ചെങ്കിലും ഒരു വ്യത്യസ്ത അനുഭവം തരാതിരുന്നില്ല.ഏകദേശം രണ്ടു മാസം മുഴുവൻ ഞാൻ വീട്ടുകാരുമൊപ്പം ചെലവഴിച്ചു.രാത്രി അവരുമൊത്തുള്ള ചീട്ടുകളിയും കവടി കളിയും എന്റെ പബ്‌ജിയെക്കാൾ ലഹരി തരുന്നത് ആയിരുന്നു. ഞങ്ങളുടെ ഇടയിലുള്ള കൊച്ചു കൊച്ചു സന്തോഷങ്ങളും പിണക്കങ്ങളും ആസ്വദിക്കുന്നതിൽ ഞാൻ സംതൃപ്തൻ ആണ്. അതുപോലെ ഫാസ്റ്റ്ഫുഡും ജങ്ക്ഫുഡും സ്വിഗ്ഗി ചേട്ടന്മാരുടെ നീട്ടിവിളിയും എനിക്കിന്ന് അന്യമാണ്. ഈ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ ഞാൻ സംതൃപ്തി കണ്ടെത്തുന്നുണ്ട്. വീട്ടുകാരുമൊത്തുള്ള ഈ ലോക്ക്ഡൌൺ ഞാൻ എന്റെ കൂടപ്പിറപ്പുകൾക്ക് വേണ്ടി പ്രാർത്ഥിക്കാനും വീട്ടുകാരോടൊത്തു ചേർന്ന് എന്റെ ജീവിതത്തിലെ ഒരു സുവർണ ഏട് തീർക്കാനും ഉപയോഗിക്കുമെന്നതിനു കാവിലമ്മയാണേ സത്യം. 
     ലോക്ക്ഡൗണിൽ വീട്ടിൽ മടുപ്പിന്റെ അത്യുന്നതങ്ങളിൽ ഇരിക്കുമ്പോഴും, നമുക്ക് വേണ്ടി ആ മഹാമാരിക്കെതിരെ ചെറുത്തുനിൽപ്പ്  നടത്തുന്ന സന്നദ്ധപ്രവർത്തകരെ ഒരിക്കലും മറക്കാൻ ആകില്ല.വറ്റാത്ത കാരുണ്യത്തിന്റെ ഉറവകളും സേവനസന്നദ്ധതയുടെ മറഞ്ഞിരിക്കുന്ന മുഖങ്ങളും എനിക്കിന്ന് കാണാം. അവർക്കു വേണ്ടി എന്റെ ഒരു BIG SALUTE.നാട് മുഴുവൻ നിയന്ത്രണങ്ങൾ ഉറപ്പ് വരുത്തുന്ന പോലീസ്കാരും സ്വന്തം ജീവൻ പോലും വക വയ്ക്കാതെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരും ലാഭം നോക്കാതെ ഭക്ഷണവിതരണം നടത്തുന്ന സന്നദ്ധപ്രവർത്തകരും അടക്കം നീളുന്ന കണ്ണികളെ ഇന്നലെ വന്ന കൊറോണക്ക് എളുപ്പം മുറിക്കാനാകില്ല. നാം അതിജീവിക്കും. കാരണം ഇത് ഏരിയ വേറെയാണ്. ദൈവത്തിന്റെ സ്വന്തം നാട്... 
അനന്തകൃഷ്ണൻ
11 A വിവേകോദയം ബോയ് ഹയർ സെക്കൻഡറി സ്കൂൾ, തൃശ്ശൂർ
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം