രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
1905ൽ കൊച്ചി മഹാരാജാവ് ശ്രീ രാമവർമ്മയാണ് സ്ക്കൂളിനു തറക്കല്ലിട്ടത്.ഇതൊരു പ്രൈവറ്റ് മാനേജ്മെന്റിന്റെ കീഴിലായിരുന്നു.പിന്നീട് ഏറ്റെടുക്കാനാളില്ലാതെ വന്നപ്പോൾ സ്ക്കൂളിലെ അദ്ധ്യാപകർ തന്നെ സ്ക്കൂളിന്റെ നടത്തിപ്പ് ഏറ്റെടുത്തു.ഇപ്പോൾ അദ്ധ്യാപക മാനേജ്മെന്റിലാണ് സ്ക്കൂളിന്റെ പ്രവർത്തനം നടക്കുന്നത്.ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളുണ്ട് .വിവിധ സമുദായ പ്രതിനിധികൾ സംഭാവന ചെയ്ത സംഖ്യ വിനിയോഗിച്ചാണു സ്ക്കൂൾ കെട്ടിടത്തിന്റെ പണി ആരംഭിച്ചത്.അഴീക്കൽ എ.എസ്.വെങ്കിടേശ്വര ഷേണായി,ചെറായി വലിയ പള്ളി യോഗക്കാർ,അയ്യംബിള്ളി സെന്റ് ജോൺസ് പള്ളി യോഗക്കാർ,ഈഴവ സമുദായം,ധിവര സമാജത്തിനുവേണ്ടി കണക്കാട്ടുശ്ശേരി ശ്രീ കണ്ടൻ കുമാരൻ ബാവ തുടങ്ങിയവരെല്ലാം നല്കിയ പണം കൊണ്ട് സ്ക്കൂളിനു സ്ഥലം വാങ്ങി. ശ്രീ വെങ്കിടേശ്വര ഷേണായിയും സ്ക്കൂളിനു സ്ഥലം സംഭാവന ചെയ്തിട്ടുണ്ട്. എല്ലാ സമുദായക്കാരുടേയും സഹകരണത്തോടെ സ്ഥാപിച്ച ഈ സ്ക്കൂൾ "യൂണിയൻ സ്കൂൾ എന്ന പേരിലാണ് പ്രവർത്തനം ആരംഭിച്ചത്.രജത ജുബിലി ആഘോഷവേളയിലാണ് സ്ഥാപനത്തിനു തറക്കല്ലിട്ട രാജരാജശ്രീ രാമവർമ്മ മഹാരാജാവിന്റെ പേരു കൂടി ചേർത്ത് "രാമവർമ്മ യൂണിയൻ ഹൈസ്ക്കൂൾ" എന്നു പേരിട്ടത്. പരേതനായ ശ്രീ. എൻ.ആർ രാമക്യഷ്ണ അയ്യരായിരുന്നു ദീർഘകാലം ഇവിടെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ടിച്ചത്.സ്ഥാപനം ഹൈസ്ക്കൂളായി ഉയർന്നപ്പോൾ ആദ്യത്തെ ഹെഡ്മാസ്റ്ററായി യശ:ശരീരനായ ശ്രീ. കെ.സി.എബ്രഹാം മാസ്റ്റർ നിയമിതനായി.കെ.പി.സി.സി.പ്രസിഡന്റും ആന്ധ്രാപ്രദേശ് ഗവർണറുമൊക്കെയായ അദ്ദേഹത്തിന്റെ സ്കൂളിലെ സേവന കാലം മുഴുവന് ഹെഡ്മാസ്റ്ററായിട്ടായിരുന്നു.സാമൂഹിക വിപ്ലവകാരിയും മന്ത്രിയുമായിരുന്ന പരേതനായ ശ്രീ സഹോദരൻ അയ്യപ്പനും കുറേക്കാലം ഇവിടെ അധ്യാപകനായിട്ടുണ്ട്.സമുദായ പ്രതിനിധികൾ തെരഞ്ഞെടുത്ത പരേതനായ ശ്രീ.എം.എ.കോരത് 1946 വരെ സ്കൂൾ മാനേജരായിരുന്നു.തുടർന്ന് ഭരണചുമതല അധ്യാപകർക്ക് ലഭിച്ചു.ആ നില ഇപ്പോഴും തുടരുകയാണ്.