മാതാ എച്ച് എസ് മണ്ണംപേട്ട/പൂർവ വിദ്യാർത്ഥി സംഘടന

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഒ.എസ്.എ മീറ്റിങ്ങ് 2023

12/08/2023 ശനിയാഴ്ച 11 മണിക്ക് മാത ഹൈസ്കൂൾ മണ്ണംപേട്ടയിൽ വച്ച് പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ഒരു യോഗം ചേർന്നു. പൂർവ്വവിദ്യാർത്ഥി സംഘടന കുറച്ചു കൂടി ഊർജസ്വലമാക്കുക, പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക, ഒരിക്കൽ കൂടി ഒത്തുചേരുക തുടങ്ങിയ ലക്ഷ്യങ്ങളുമായി നടത്തിയ യോഗം വളരെയധികം സജീവവും വിജയകരവും ആയിരുന്നു. മൗന പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ സ്കൂളിനോടുള്ള സ്നേഹം കൊണ്ടും വൈകാരികമായി അടുപ്പം കൊണ്ടും സ്കൂളിൽ എത്തിച്ചേർന്ന എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ഓ എസ് എ പ്രസിഡൻറ് ശ്രീ രവി ഇ കെ, പിടിഎ പ്രസിഡണ്ട് ശ്രീ ഫ്രാൻസിസ് പി കെ എന്നിവർ സ്വാഗതം ആശംസിച്ചു. ശ്രീ തോമസ് മാസ്റ്റർ എത്തിച്ചേർന്ന എല്ലാ പൂർവവിദ്യാർത്ഥികളോടും സ്കൂളിൻറെ നന്ദിയും സ്നേഹവും അറിയിക്കുന്നതോടൊപ്പം സ്കൂളിന് ഈ കാലഘട്ടത്തിൽ ഉണ്ടായ നേട്ടങ്ങളും വളർച്ചയും വിശദമാക്കി. പൂർവ വിദ്യാർത്ഥികളുടെ സഹകരണം സ്കൂളിൻറെ ക്രിയാത്മകമായ വളർച്ചയ്ക്ക് വളരെ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീ രവി ഇ കെ സംഘടനയ്ക്ക് ഊർജസ്വലരായ ഭാരവാഹികൾ അത്യാവശ്യമാണെന്ന അഭിപ്രായം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ആയ ശ്രീ ഫ്രാൻസിസ് പി കെ പിടിഎ യുടെ പ്രവർത്തനങ്ങൾക്കൊപ്പം പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തനങ്ങളും സ്കൂളിന് വളരെയധികം ഗുണപ്രദം ആണെന്ന് അഭിപ്രായപ്പെട്ടു. ശേഷം എത്തിച്ചേർന്ന ഒട്ടുമിക്ക പൂർവ വിദ്യാർത്ഥികളും അവരുടെ സ്കൂളിനെ കുറിച്ചുള്ള ഓർമ്മകൾ, സംഘടന കൂടുതൽ പ്രവർത്തനക്ഷമമാക്കേണ്ടതിന്റെ ആവശ്യകത എന്നിവ ചർച്ച ചെയ്തു. വളരെ സജീവമായ ചർച്ചയിൽ എല്ലാവരും സ്കൂളിൻറെ വളർച്ചയ്ക്ക് ഹൃദയപൂർവ്വം പിന്തുണ പ്രഖ്യാപിച്ചു. ചർച്ചയ്ക്ക് ശേഷം വന്നിരിക്കുന്ന ആളുകളിൽ നിന്ന് ഓരോ ബാച്ചിനെ പ്രതിനിധീകരിച്ച് സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പേഴ്സായി ഓരോരുത്തരെ തിരഞ്ഞെടുത്തു. 1964 ബാച്ചിനെ പ്രതിനിധീകരിച്ച് ശ്രീ രവി ഇ കെ, 1974- ശ്രീ ടോണി ടി എൽ, 1979- ശ്രീ ഉണ്ണിമോൻ,1987- രാജൻ വി ആർ, 1992- ശ്രീ ഫ്രാൻസിസ് പി കെ, 2000 -രാജ്മോഹൻ തമ്പി ,മെജി ജെൻസൺ, 2002- വിനീഷ് വി കെ,2021-ഗ്ലോറിയ ഓസ്റ്റിൻ, 2022- ക്രിസ്റ്റീന എംജെ, സോനാ മേരി എന്നിവരെ എക്സിക്യൂട്ടീവ് മെമ്പേഴ്സ് ആയി തിരഞ്ഞെടുത്തു. ഇവരിൽ നിന്നും സംഘടനയുടെ രക്ഷാധികാരിയായി ശ്രീ രവി ഇ കെ, പ്രസിഡണ്ടായി രാജ് മോഹൻ തമ്പി, സെക്രട്ടറി വിനീഷ് വി കെ, ട്രഷറർ മെജി ജെൻസൻ, വൈസ് പ്രസിഡൻറ് ഗ്ലോറിയ ഓസ്റ്റിൻ, ജോയിൻ സെക്രട്ടറി ടോണി ടി എൽ എന്നിവരെ തിരഞ്ഞെടുത്തു.ഇന്ന് യോഗത്തിൽ വന്ന എല്ലാവർക്കും വേണ്ടി ഓരോ ബാച്ചിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു ജനറൽ വാട്സപ്പ് ഗ്രൂപ്പ് തുടങ്ങാൻ ശ്രീമതി കൃഷ്ണവേണിയെ ചുമതല ഏൽപ്പിച്ചു.എക്സിക്യൂട്ടീവ് മെമ്പേഴ്സിന് വേണ്ടി മറ്റൊരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങാനും നിർദ്ദേശം വന്നു.സംഘടനയുടെ പഴയ പ്രസിഡൻറ് ശ്രീ രവി ഇ കേ യ്ക്ക് നന്ദിയും പുതിയ ഭാരവാഹികൾക്ക് ആശംസകളും ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ അറിയിച്ചു. വോയിസ് സംഘടനയുടെ ജനറൽ വാട്സപ്പ് ഗ്രൂപ്പിൽ ഓരോ ബാച്ചിനെയും പ്രതിനിധീകരിച്ച് നാലോ അഞ്ചോ ആളുകളെ ചേർക്കാമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ജനറൽ ഗ്രൂപ്പിൽ അംഗമായിട്ടുള്ള ഈ അഞ്ചുപേർക്ക് അവരവരുടെ ഗ്രൂപ്പിൽ കാര്യങ്ങൾ അവതരിപ്പിക്കാനും ചർച്ച ചെയ്യാനും ഇത് ഉപകരിക്കും എന്ന് അഭിപ്രായപ്പെട്ടു. എല്ലാ പ്രവർത്തനങ്ങളും കൂടിച്ചേരലുകളും സംഘടനയുടെ കുടക്കീഴിൽ സ്കൂളുമായി ബന്ധപ്പെടുത്തി ചെയ്യാനും തീരുമാനിച്ചു. വളരെയധികം ഗുണപ്രദം ആണെന്ന് അഭിപ്രായപ്പെട്ടു.

പൂർവ വിദ്യാർത്ഥി മീറ്റിങ്ങിനെ കുറിച്ച് 90 ബാച്ചിലെ ശ്രീമതി ലീന. വി. എഴുതിയത്........

ഓർക്കുവാൻ സൗഹൃദ ദിനങ്ങളില്ലായിരുന്നു. സുപ്രഭാതങ്ങളും ശുഭരാത്രികളും ആശംസകാർഡുകളുമില്ലായിരുന്നു. കടന്നു പോയത് 28 വർഷങ്ങൾ.കാലം മുറിവുകളേകിയ മനസുകൾ തിരക്കിന്റെ മൂടുപടം മാറ്റി വച്ച് ശബ്ദങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയും ഈയിടെ വീണു കിട്ടിയ ബാല്യകാല സൗഹൃദം തേടി 2019 ജനുവരി 13ന് 2 മണിക്ക് മാതഹൈസ്കൂളിന്റെ മുറ്റത്തെത്തി.ഓർമ്മകളുടെ പ്രവാഹം നനച്ച കണ്ണുകൾ കണ്ടെത്തിയ മുഖങ്ങളെല്ലാം ഏതൊക്കയോ ബാച്ചിന്റെതായിരുന്നു.. ചങ്ങാതിക്കൂട്ടം @90 മധുരം നുണഞ്ഞ് കൈകോർത്ത് നിന്നത് കൗമാരത്തിന്റെ നഷ്ടപ്പെട്ട നിഷ്ക്കളങ്കതയിലേക്ക്. സൗഹൃദം ആത്മാവിന്റെ ഭാഗമാക്കിയ ജോജുമോന്റെ തമാശകൾ, സുമയുടെയും ശ്രീജയുടെയും സ്വരമാധുരി ,നൊസ്റ്റാൾജിയയുടെ മറു പേരായ ജോയ് നമ്പാടന്റെ ബാല്യകാല സ്മരണകൾ, പറയാതെ പോയ പ്രണയഗാഥകൾ, കേൾക്കാതെ പോയ പരിഭവങ്ങൾ,.... അറിയാതെ കടന്നു പോയ മണിക്കൂറുകൾ മനസ് ഭാരമില്ലാത്ത തൂവലായി.. ഒടുവിൽ വീണ്ടും ഇറക്കി വച്ചിരുന്ന ജീവിത യാഥാർത്ഥ്യങ്ങളെ തോളിലേറ്റി തിരിഞ്ഞൊന്ന് നോക്കിയപ്പോൾ കണ്ടത് ഓടുപാകിയ പഴകിയൊരു ക്ലാസ് മുറിയുടെ മുന്നിൽ പച്ചപ്പാവാടയും ബ്ലൗസുമിട്ട കൂട്ടുകാരികളും കുറുമ്പൻമാരും.സൗഹൃദത്തിന്റെ താളിലാ മയിൽപീലി മങ്ങാതെ മായാതെ....... മധുരമൂറുന്നൊരു തേൻ നിലാവ്..... ഉള്ളിലിന്നും സുഗന്ധമായൊളിഞ്ഞിരിക്കുന്നൊരു ചെമ്പകപ്പൂവും.

90 ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ മീറ്റിങ്ങ്
98 ബാച്ച് -പൂർവ വിദ്യാർത്ഥികളുടെ മീറ്റിങ്ങ്

ഓട്ടോഗ്രാഫ് '98
എസ് . എസ്. എൽ. സി 98 ബാച്ച്

കാലം മായ്കാത്ത ഓർമകളും വീണ്ടെടുക്കാനാകാത്ത അനുഭവങ്ങളും മനസ്സു നിറയെ സ്നേഹവുമായി രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം ആ പള്ളിക്കൂടത്തിൽ ഞങ്ങളും ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരും ഒത്തു കൂടിയപ്പോൾ.......... ചിരകാല സ്മരണകളും പിണക്കങ്ങളും ഇണക്കങ്ങളും സൗഹൃദങ്ങളും അറിഞ്ഞും അറിയാതെയും പോയ പ്രണയങ്ങളും മനസ്സിൽ മിന്നിമറഞ്ഞ നിമിഷങ്ങൾ........ അക്ഷരങ്ങൾ പകർന്നു നൽകിയ അധ്യാപകരുടെ ഓർമപ്പെടുത്തലുകൾക്കു മുൻപിൽ അന്നത്തെ ആ പഴയ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾ ആയി മാറിയ സുവർണ നിമിഷങ്ങൾ........... അകാലത്തിൽ വിട്ടു പിരിഞ്ഞ പ്രിയ സുഹൃത്തുക്കളായ രോഷ്‌നിയുടെയും രതീഷിന്റെയും ഓർമകളിൽ ആദരാഞ്ജലികൾ അർപ്പിച്ച നിമിഷങ്ങൾ.......... എത്തിച്ചേരാൻ കഴിയാതെ പോയ നിർഭാഗ്യരായ കൂട്ടുകാരെയും കൂട്ടി വീണ്ടുമൊരു ഒത്തുചേരൽ ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയോടെ..........


പൂർവ വിദ്യാർത്ഥി മീറ്റിങ്ങിനെ കുറിച്ച് 92 ബാച്ചിലെ ശ്രീമതി സനിത........

വിദ്യാലയത്തിന്റെ പടി കടന്നു വരുമ്പോൾ ആ പഴയ സുന്ദരനിമിഷങ്ങൾ മനസിലൂടെ മിന്നിമായുന്നു. ഒരു പാട് സൗഹൃദങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും പ്രണയങ്ങളും മൊട്ടിട്ട ആ വിദ്യാലയത്തിലേക്ക് 20 വർഷങ്ങൾക്കു ശേഷമുള്ള കൂടികാഴ്ച എന്നെ ആ പഴയ വിദ്യാർത്ഥി ആക്കി മാറ്റുക ആയിരുന്നു. ഈ നിമിഷത്തിൽ അകാലത്തിൽ വേർപിരിഞ്ഞു പോയ സുഹൃത്തുക്കളെയും പ്രിയ ഗുരുക്കൻമാരെയും സ്നേഹപൂർവ്വം ഓർക്കുന്നു. അതോടൊപ്പം തന്നെ പെട്ടന്ന് മനസിലേക്ക് ഓടി വരുന്ന ടീച്ചർമാരുടെ മുഖങ്ങൾ പല്ല് പറിച് കൊടുക്കാറുള്ള ഏല്യാമ്മ ടീച്ചർ മുതൽ ബേബി ടീച്ചർ വരെയുള്ള മുഖം മനസ്സിൽ മിന്നിമായുന്നു ആലീസ് ടീച്ചർ, റോസിലി ടീച്ചർ, ഇന്ദിര ടീച്ചർ, സാവിത്രി ടീച്ചർ, സത്യവാൻ സാർ, അബ്രഹാം സാർ, ജേക്കബ് സാർ, അബി സാർ, ബെന്നി സാർ, ബേബി സാർ, ജോർജ് സാർ, ആന്റണി സാർ, ലൂസി ടീച്ചർ, മോളി ടീച്ചർ. വൽസ ടീച്ചർ, ഫിലോമിന ടീച്ചർ, ആനി ടീച്ചർ, ലോനപ്പൻ സാർ അങ്ങനെ എത്രയോ ടീച്ചേർസ്. ഈ കലാലയം എനിക്ക് ഒരു പാട് രസകരമായ അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ട് പിന്നെ എൻ്റെ ഓർമയിൽ വന്നത് ഇവിടെ പഠിക്കാതെയും ഹോം വർക്ക്‌ ചെയ്യാതെയും വന്നതിനു എഴുന്നേറ്റു നിർത്തിയതും അടി കിട്ടിയതും മുതൽ, ഫ്രീ പീരിയഡിൽ നോട്ടുബുക്കിലെ പേജ് കൊണ്ട് വിമാനം ഉണ്ടാക്കി പറപ്പിച്ചതും അത് അടുത്ത ക്ലാസ്സിൽ പോയി വീണതും അതുമായി വന്ന ടീച്ചറുടെ കൈയിൽ നിന്നും കിട്ടിയ അടി ഇന്നും ഓർക്കുന്നു. കല്ലുകളി, ഷട്ടിൽ, ബാഡ്മിന്റണും പ്രധാന വിനോദമായിരുന്നു. കല്ലുകളിയുടെ ഇടയിൽ ഡ്രിൽ സാർ വരുന്നത് കണ്ടു എല്ലാം പെറുക്കി കൂട്ടി ഓടി കൊണ്ടു പോയി ആ പഴയ പാട്ട് ക്ലാസ്സിലെ തറയുടെ സൈഡിൽ ഒളിപ്പിച്ചു വച്ചതും ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. പുതിയ ഗ്രൗണ്ട് കാണാൻ ആദ്യമായി വരിവരിയായി പോയതും ഇന്നും കൊച്ചു കുട്ടിയുടെ ആകാംഷയോടെ നോക്കി കാണുന്നു. വീണ്ടും മനസ്സ് പറയുന്നു ആ മൈതാനത്തു ഓടി കളിക്കാൻ. ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണ് കഞ്ഞിപ്പുര. അതിന്റെ അടുത്തുള്ള ക്ലാസ് മുറി നാലാം ക്ലാസ് ആയിരുന്നു. ബക്കറ്റും തവിയും എല്ലാം ഞങളുടെ ക്ലാസ്സിൽ.

92 ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ മീറ്റിങ്ങ്

കഞ്ഞി വെച്ച് തരാറുള്ള അമ്മാമ്മയെ ഇപ്പോഴും ഓർക്കുന്നു. വിറക് എടുത്തു കൊടുത്തു സഹായിക്കാറുണ്ടായിരുന്നു. കഞ്ഞിയും ചെറു പയറും, അതിന്റെ സ്വാദ് ഇപ്പോഴും മറക്കാൻ പറ്റുന്നില്ല. പിന്നെ ബാക്കി വരുന്ന ചെറുപയർ കറി പാത്രം നിറച്ചു തരും. ആ സ്നേഹം ഇന്നും ഓർക്കുന്നു. തൊട്ടു അപ്പുറത്തുള്ള ജോസേട്ടന്റെ കടയിൽ നിന്നും തേൻനിലാവും പല്ലൊട്ടിയും ജെയിംസ് ചേട്ടന്റെ കടയിൽ നിന്നും വാങ്ങിയ പെൻസിലും ആ നല്ല ഓർമ്മകൾ. ബേബി ടീച്ചറുടെ മലയാളം ക്ലാസ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല. ഗുണന പട്ടിക പഠിക്കാതെ പോയതിന് അബ്രഹാം സാറിന്റെ കൈയിൽ നിന്ന് കിട്ടിയ തല്ല് ഇന്നും എല്ലാ കൂട്ടുകാർക്കും ഓർമയുണ്ട്. അബി സാർ ബോർഡിൽ വരയ്ക്കുന്ന ചിത്രങ്ങൾ കണ്ടു കണ്ണു മിഴിച്ചിരുന്നു അസൂയപെട്ടിട്ടുണ്ട്. അതുപോലെ തന്നെ ബേബി സാറിന്റെ ഗാനാലാപനവും എല്ലാം മനസ്സിൽ തിങ്ങിനിറഞ്ഞിരിക്കുന്നു. ഇനിയും ഒരുപാട് ഓർമ്മകൾ മനസ്സിൽ വന്നു നിറയുന്നു ഇനിയും എഴുതിയാലും തീരാത്ത അത്രയും ഒരുപാട് നല്ല ഓർമ്മകൾ. ആ കലാലയത്തിലേക്ക് ഒന്നും കൂടി പോകാൻ ഒരുക്കി തന്ന ഈ പുതു വർഷത്തിലെ ഈ സുദിനത്തിൽ എല്ലാവർക്കും നന്ദിയും ഗുരുക്കന്മാരോട് ആദരവും അർപ്പിച്ചുകൊണ്ട് നിർത്തുന്നു. ഒപ്പം ഇണക്കങ്ങളും പിണക്കങ്ങളും സൗഹൃദങ്ങളും പ്രണയാഭ്യാർതഥനയും എല്ലാം ചേർന്ന 20വർഷം മുൻപുള്ള ഓർമ്മകൾ എല്ലാം സുന്ദരം തന്നെ അന്നും........ ഇന്നും.... എന്നും