മാതാ എച്ച് എസ് മണ്ണംപേട്ട/ടൂറിസം ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഫീൽഡ്ട്രിപ്പ് ക്ലാസ് 7

ഏഴാം ക്ലാസിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ജൂൺ 13-ാം തീയ്യതി പാടവരമ്പത്തേക്ക് ഒരു ഫീൽഡ് ട്രിപ്പ് നടത്തി.ഇംഗ്ലീഷ് സയൻസ് മലയാളം എന്നീ വിഷയങ്ങളിലെ പഠന പ്രവർത്തനവുമായി ബന്ധപ്പെടുത്തിയാണ് ഫീൽഡ് ട്രിപ്പ് നടത്തിയത്. നെൽപ്പാടങ്ങൾ വിവിധതരം കൃഷികൾ ചെയ്യുന്ന പറമ്പുകൾ തോടുകൾ എന്നിവ കുട്ടികൾ കണ്ടറിഞ്ഞു. മഴയ്ക്ക് മുൻപുള്ള സുഖപ്രദമായ അന്തരീക്ഷം ട്രിപ്പ് കൂടുതൽ മനോഹരമാക്കി. സ്കൂളിൻറെ തന്നെ അടുത്തുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ അധ്യാപകരും വിദ്യാർത്ഥികളും നടനാണ് പോയത്. കുറെ കുട്ടികൾക്ക് പാടവും പറമ്പും എല്ലാം പരിചിത കാഴ്ചയാണെങ്കിലും കുറെയധികം കുട്ടികൾക്ക് ഇതെല്ലാം വളരെ പുതുമയുള്ള കാഴ്ചകൾ ആയിരുന്നു അന്യസംസ്ഥാനത്തുനിന്നും നമ്മുടെ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്ക് ഈ ട്രിപ്പ് വളരെയധികം പുതുമ നിറഞ്ഞതായിരുന്നു പാഠപുസ്തകത്തിന് അപ്പുറത്തുള്ള ഈ പ്രകൃതി നടത്തം കുട്ടികളും അധ്യാപകരും വളരെയധികം ആസ്വദിച്ചു.

ഫീൽഡ്ട്രിപ്പ് ക്ലാസ് 6

14/06/2023 ബുധനാഴ്ച രാവിലെ യുപി അധ്യാപകരും ആറാം ക്ലാസ് വിദ്യാർത്ഥികളും ചേർന്ന് സ്കൂളിന് അടുത്തുള്ള പാടവും കൃഷി സ്ഥലങ്ങളും സന്ദർശിച്ചു. ആറാം ക്ലാസ്സിലെ "ഇംഗ്ലീഷ് - മുത്തച്ഛനൊപ്പമുള്ള ജീവിതം", സാമൂഹിക ശാസ്ത്രം - കേരളം മണ്ണും മഴയും എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തിയാണ് കുട്ടികളെ ഫീൽഡ് ട്രിപ്പ് കൊണ്ടുപോയത്. ചാറ്റൽ മഴയത്ത് കുടപിടിച്ചുള്ള നൃത്തം ട്രിപ്പിലെ രസകരമായ അനുഭവമായിരുന്നു. ചക്ക, മാങ്ങ തുടങ്ങിയ പ്രകൃതി വിഭവങ്ങൾ കുട്ടികൾ പരസ്പരം പങ്കുവച്ചു കഴിച്ചു. പാടത്തും വെള്ളത്തിലും ഇറങ്ങി കളിച്ചത് കുറെ പേർക്കെങ്കിലും പുതിയ അനുഭവമായിരുന്നു. കുട്ടികളും അധ്യാപകരും ട്രിപ്പ് നന്നായി ആസ്വദിച്ചു .

വൺഡേ ടൂർ

പഠന, പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഈ വർഷത്തെ വൺഡേ ടൂർ വളരെ ആവേശപൂർവ്വമാണ് നടത്തിയത്. ഹെഡ്മാസ്റ്റർ തോമസ് മാഷ്, സീനിയർ അധ്യാപകനായ ശ്രീ ഫ്രാൻസിസ് തോമസ് മാസ്റ്റർ എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത് . 90 കുട്ടികളാണ് ഇതിൽ പങ്കെടുത്തിരിക്കുന്നത്. ഇവരെ സഹായിക്കാൻ ഒരുകൂട്ടം ഹൈസ്കൂൾ സ്റ്റാഫും ഉണ്ടായിരുന്നു. ഒക്ടോബർ 13-ാം തീയതി രാവിലെ 7:30ന് സ്കൂൾ മാനേജരായ റവ. ഫാദർ സെബി കാഞ്ഞിരത്തിങ്കൽ അച്ഛൻറെ ആശീർവാദത്തോടെ വണ്ടർലാ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. കുട്ടികൾ വളരെ നന്നായി യാത്ര ആസ്വദിച്ചു. ചിലർ ബസ്സിലെ പാട്ടിനൊപ്പം നൃത്തം ചെയ്തു. 9:45 നു വണ്ടർലായിൽ എത്തിയ കുട്ടികളെ അവിടുത്തെ നിയമാവലി ബോധിപ്പിച്ചു. തുടർന്ന് ഗ്രൂപ്പായി തിരിച്ച് പലതരത്തിലുള്ള റൈഡുകളിൽ കയറാൻ അവസരം കൊടുത്തു. കുട്ടികൾ വളരെ ആവേശപൂർവ്വമാണ് ഓരോ റൈഡും ആസ്വദിച്ചത്. ഉച്ചഭക്ഷണത്തിനുശേഷം വെള്ളത്തിൽ ഉള്ള റൈഡുകളിലാണ് കുട്ടികൾ കൂടുതലും കയറിയത്. അധ്യാപകരും അവരുടെ ഒപ്പം കൂടി. ഉച്ചകഴിഞ്ഞ് 4:30ന് ചായ വണ്ടർലായിൽ തന്നെയായിരുന്നു. ശേഷം കുറച്ചു റൈഡുകളിൽ കൂടിക്കയറി തിരിച്ചുവരാനുള്ള കാര്യങ്ങളിൽ വ്യാപൃതരായി. 6:30 നു മടക്കയാത്ര ആരംഭിച്ചു. യാത്ര വളരെയധികം ആസ്വാദ്യകരവും ആവേശം നിറഞ്ഞതും ആയിരുന്നു. 8:30 നു സ്കൂളിൽ തിരിച്ചെത്തിയ കുട്ടികൾ രക്ഷിതാക്കളോടൊപ്പം സ്വന്തം ഭവനങ്ങളിലേക്ക് മടങ്ങി.

വിനോദയാത്ര എൽ.പി വിഭാഗം

2023-24 അധ്യായന വർഷത്തെ എൽപി വിഭാഗം ടൂർ 26/09/2023 ഏറെ മനോഹരമായി തന്നെ നടന്നു.

രാവിലെ 8.30 ന് പള്ളിയിലെ അച്ഛൻ്റെ ആശീർവാദത്തോടെ പുറപ്പെട്ട യാത്ര ആദ്യം ചെന്നെത്തിയത് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ ആണ്. 9.30 ന് അവിടെ എത്തിയ കുട്ടികൾക്ക് ഏറെ കൗതുകകരവും സന്തോഷകരവുമായ കാഴ്ചകളാണ് സമ്മാനിച്ചത് . 4 വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതും 2 കൂറ്റൻ വിമാനങ്ങൾ ടേക്ക്-ഓഫ്‌ ചെയ്യുന്നതും കുട്ടികൾ കണ്ട് ആസ്വദിച്ചു. 10 മണി വരെ അവിടെ ചിലവഴിച്ചതിനു ശേഷം പിന്നെ നീങ്ങിയത് ലുലു മാളിലെ ഫൺട്യൂറ- യിലേക്കാണ് . എൽപി കുട്ടികൾക്കായി ഒരുപാട് റൈഡുകൾ അവിടെ ഉണ്ടായിരുന്നു . കുട്ടികൾ സന്തോഷത്തോടു കൂടി എല്ലാ റൈഡുകളും ആസ്വദിച്ചു. ഉച്ച ഭക്ഷണം ലുലുവിലെ തന്നെ ഫുഡ് കോർട്ടിൽ ഒരുക്കിയിരുന്നു. മെട്രോട്രെയിനുകളെ കണ്ട് ആസ്വദിച്ച് കുട്ടികൾ ഭക്ഷണം കഴിച്ചു . ഉച്ചതിരിഞ്ഞ് 5 മണി വരെ അവിടെ ഉല്ലസിച്ചു. പിന്നീട് ലുലു മാളിൽ നിന്ന് കുടികൾക്ക് ആകർഷകമായ സമ്മാനങ്ങൾ അവർ നൽകി. 5.30 ന് ലുലു മാളിൽ നിന്ന് തിരിച്ചുള്ള യാത്ര ആരംഭിച്ചു. 7 മണിയോട് കൂടി യാത്ര അപകടമൊന്നും ഇല്ലാതെ വളരെ മനോഹരമായി തന്നെ സ്കൂളിൽ എത്തിച്ചേർന്നു . യാത്രക്ക് വേണ്ട സജ്ജീകരണങ്ങൾ ചെയ്ത് തന്ന എച്ച്.എം തോമസ് മാഷിനും ഒപ്പം സഹകരിച്ച എല്ലാ സ്റ്റാഫിനും എൽപി സ്റ്റാഫ് പ്രതിനിധി ബിന്ദു ഇയ്യപ്പൻ ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് യാത്ര അവസാനിപ്പിച്ചു. അടുത്ത ദിവസം മൂന്നും നാലും ക്ലാസ്സുകാർ ടൂറിനെ കുറിച്ചുള്ള യാത്രാ വിവരണം തയ്യാറാക്കി കൊണ്ടു വരുകയും ചെയ്തു. മികച്ച യാത്രാ വിവരണത്തിന് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

ഗാലറി