പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/അക്ഷരവൃക്ഷം/ അതിജീവിക്കാം, ഈ മഹാമാരിയെ....

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം, ഈ മഹാമാരിയെ........

കൊടും കാട്ടിൽ വേനലിൽ ഒരു തീപ്പൊരി വീഴുന്നതു പോലെയാണ് കോവിഡ് -19 മുതലായ പകർച്ചവ്യാധികൾ. ചിലപ്പോൾ അത് കാട് മുഴുവൻ പടരാം. സാഹചര്യം അനുകൂലമല്ലെക്കിൽ ചെറിയൊരു ഭാഗത്തു മാത്രം ഒതുങ്ങാം. സാഹചര്യങ്ങൾ അനുകൂലമല്ലാതാക്കുകയാണ് നമ്മുടെ ദൗത്യം. ഇതിനൊരു പ്രതിരോധം കണക്കെ രാജ്യവ്യാപകമായ ഈ ലോക്ക്ഡൗൺ കാലത്ത് നാമെല്ലാവരും വീട്ടിൽ തന്നെയാണ് എന്നത് ആദ്യം ഉറപ്പുവരുത്തണം. ഈ സമയത്ത് പരിസ്ഥിതി, ശുചിത്വം, പ്രതിരോധം എന്നീ കാര്യങ്ങൾ നാം കൂടുതൽ ശ്രദ്ധിക്കണം.


വ്യക്തിശുചിത്വം പാലിക്കുന്നതിനൊപ്പം, പ്രകൃതിയുടെ സന്തുലനം സംരക്ഷിക്കാനും ഇതര ജീവികളുടെ ആരോഗ്യവും നിലനിൽപ്പും അപകടത്തിലാക്കും വിധമുള്ള കടന്നുകയറ്റങ്ങൾ ഒഴിവാക്കാനും മനുഷ്യരാശിയെ ഓർമപ്പെടുത്തെണ്ട അവസരമാണിത്. പരിസ്ഥിതി സന്തുലനത്തിലെ താളപ്പിഴകളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ കോവിഡ് 19 പ്രേരിപ്പിക്കുന്നു. പരിസ്ഥിതി സന്തുലനത്തിൽ പുരാതന ഭാരതത്തിന് മഹത്തായ ദർശനം ഉണ്ടായിരുന്നു. എല്ലാ ജീവജാലങ്ങൾക്കും തുല്യപ്രാധാന്യം നൽകുന്ന ലോകവീക്ഷണം 2000 വർഷം മുൻപേ ഇവിടെയുണ്ട്. പ്രകൃതി സംരക്ഷണവും പരിസ്ഥിതി സന്തുലനം നിലനിർത്തലും ഭാരതത്തിന്റെ പാരമ്പര്യമാണ്.


ഇന്ത്യക്കാരടക്കം ലോകത്ത് എല്ലാവരും പ്രകൃതി സംരക്ഷണത്തിന്റെ സന്നദ്ധ ഭടന്മാർ ആകേണ്ടിയിരിക്കുന്നു. ഭൂമിയുടെയും മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യത്തിനും സ്വച്ഛമായ സഹവർത്തിത്വത്തിനും ഇത് അത്യന്താപേക്ഷിതമാണ്. ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ശുദ്ധമായിരിക്കണം. എല്ലാ പ്രകൃതിവിഭവങ്ങളും സംരക്ഷികേണ്ടതുണ്ട്.


              കൊവിഡ് ഭീഷണിയിൽ രാജ്യങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് അന്തരീക്ഷ മലിനീകരണം കുത്തനെ കുറഞ്ഞതും വന്യമൃഗങ്ങൾ നഗരപ്രാന്തങ്ങളിലേക്കു പോലും കടന്നുവന്നതും  മനുഷ്യൻ പ്രകൃതിയിൽ എത്ര വ്യാപക കടന്നുകയറ്റമാണ് നടത്തിയത് എന്നതിന്റെ സൂചനയാണ്. പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടത്തിന്റെ ആവശ്യകത ഇതെല്ലാം നമ്മളെ ബോധ്യപ്പെടുത്തുന്നു. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ആഴമുള്ള ബന്ധത്തെ വിലയിരുതാനുള്ള അവസരം കൂടിയാണ് ഈ വ്യാപാനകാലം.
ഇഴചേർന്ന ബന്ധങ്ങളുള്ള, പരസ്പരാശ്രയത്വമുള്ള ഒരു ലോകമാണ് നമ്മുടേത്. ഇതിന്റെ സന്തുലിതാവസ്ഥ നിലനിർത്തിയാൽ മാത്രമേ, ആരോഗ്യമുള്ള ജീവിതം സാധ്യമാകുകയുള്ളൂ. നമ്മുടെ അറിവും വിവേകവും സമന്വയിപ്പിച്ചു സുരക്ഷിതമായൊരു ഭൂമിയൊരുക്കാൻ എല്ലാവരും രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. അതുകൊണ്ട് ഈ ലോക്ക്ഡൗൺ കാലത്ത് പരിസരവും വീടും ശുചിയാക്കികൊണ്ട് കോവിഡ് 19ന്റെ വ്യാപനം തടയുകയും അതിനോടൊപ്പം ഈ പ്രകൃതിയെ ആഗോളതാപനത്തിൽ നിന്നും മോചിപ്പിക്കാം.


രോഗപ്രതിരോധനത്തിനുള്ള ഏറ്റവും വലിയ മാർഗം വ്യക്തിശുചിത്വം പാലിക്കുക എന്നതാണ്. വീട്ടിലിരിപ്പിനെ പൂർണ ഗൗരവത്തോടെ കണ്ട്, സാമൂഹിക അകലം പാലിച്ചു, കൈകൾ ഇടക്കിടക്ക് സോപ്പ്/സാനിടൈസർ ഉപയോഗിച്ച് കഴുകി ആണുവിമുക്തരാകാൻ ശ്രമിക്കുക. സർക്കാറിന്റെയും ആരോഗ്യപ്രവർത്തകരുടെയും പോലീസുകാരുടെയും നിർദേശങ്ങൾ പാലിച്ചു സ്വയം ജാഗ്രതയോടെ കൊവിഡ് 19ന്റെ വ്യാപന ചങ്ങല നമുക്ക് മുറിക്കാം.


കുടുംബത്തിലെ എല്ലാ അംഗങ്ങളും പരസ്പരം സഹകരിച്ചു വീടും പരിസരവും വൃത്തിയാക്കുക. ചപ്പു ചവറുകളും മറ്റും നീക്കം ചെയ്യുകയും എല്ലാ ജോലികളിലും പരസ്പരം സഹായിക്കുകയും വിനോദങ്ങളിൽ ഏർപ്പെടുകയും ധ്യാനം, യോഗ എന്നിവ പരിശീലിക്കുകയും ചെയ്തുകൊണ്ട് ശുചിത്വം പാലിക്കുകയും അതുവഴി ഈ ലോക്ക്ഡൗൺ കാലം ഫലപ്രഥമായ് വിനിയോഗികുകയും ചെയ്യുക.


കോവിഡ് ശരീരത്തെയും മനസിനെയും ഒരുപോലെ ആകുലപെടുത്തുന്ന ഈ വിഷമസന്ധ്യയിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അതുല്യമായ നേതൃപാടവത്തോടെ രോഗപ്രതിരോധനത്തിനുള്ള കർമപരിപാടികൾ ആസൂത്രണം ചെയ്യുകയാണ്. ഇതു മറികടക്കാനുള്ള പ്രാഥമിക മാർഗ്ഗം ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയെന്നതാണ്. പുതിയ ആരോഗ്യശീലങ്ങൾ പിന്തുടർന്ന് ശരീരബലം വീണ്ടെടുക്കാനുള്ള അവസരമായി കണ്ട് ഈ കാലം നമുക്ക് പ്രയോജനപ്പെടുത്താം.


ഭക്ഷണം മുതൽ വസ്ത്രധാരണം വരെയുള്ള ആരോഗ്യശീലത്തെക്കുറിച്ചു നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുർവേദത്തിൽ പറഞ്ഞിട്ടുണ്ട്. ഇവ അനുവർത്തിക്കുന്നത്തിലൂടെ ഏതു രോഗത്തെയും നേരിടാൻ ശരീരം ശേഷിയുള്ളതാകും. ഈ രോഗാവസ്ഥകളെ നാം തന്നെ തരണം ചെയ്യേണ്ടതുണ്ട്.


വിയർത്തിരിക്കുബോൾ തലയിൽ എണ്ണ തേക്കരുത്. രണ്ടു നേരമെങ്കിലും ദേഹം കഴുകണം. അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉചിതം. ആഭരണങ്ങളും സൗന്ദര്യവർധന വസ്തുക്കളും ഒഴിവാക്കണം. മദ്യം, പുകവലി തുടങ്ങിയ ദുശീലങ്ങൾ ഉപേക്ഷിക്കുകയും വ്യായാമം ചെയ്യുകയും വേണം. ഉറക്കവും ഭക്ഷണവും ആരോഗ്യകരമായ രീതിയിൽ ചിട്ടപ്പെടുത്തണം. കൈ ശുചിയാക്കി സൂക്ഷിക്കുന്നത് പോലെ, വായയും സദാ വൃത്തിയാക്കി സൂക്ഷിക്കണം. പുറത്തിറങ്ങുമ്പോൾ മാസ്കുകൾ ധരിക്കുക. അനാവശ്യമായ സഞ്ചാരങ്ങളും കൂടിക്കാഴ്ചകളും ഒഴിവാക്കുക. എപ്പോഴും മുഖത്തും വായയിലും തൊടുന്നത് ഒഴിവാക്കുക. അതീവ ജാഗ്രതയോടെ എല്ലാ നിയന്ത്രണങ്ങളും അനുസരിക്കുക.


കോവിഡ് വ്യാപനം തടയാൻ ആരംഭിച്ച 'ബ്രേക്ക് ദ ചെയിൻ' പ്രചാരണത്തിന്റെ ഭാഗമായി നമ്മുടെ ആരോഗ്യവകുപ്പ് നിരവധി നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അവയാണ് താഴെ നൽകിയിട്ടുണ്ട് :-


• ഹസ്തദാനം പോലെ സ്പർശനത്തോട് കൂടിയുള്ള ആശംസകൾ ഒഴിവാക്കുക.


• മുഖം, മൂക്ക്, കണ്ണ് എന്നിവ സ്പർശിക്കാതിരിക്കുക.


• തുമ്മുമ്പോഴും ചുമക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടണം.


• ഓഫീസുകളിലും ബാങ്കുകളിലും ജീവനക്കാരും ജനങ്ങളും പ്രവേശിക്കുന്നതിനു മുൻപ് കൈകൾ കഴുകുവാൻ സൗകര്യം ഒരുക്കുക.


• റെസിഡൻസ് അസോസിയേഷനുകളും ഫ്ലാറ്റുകളും ബ്രേക്ക് ദ ചെയിൻ കിയോസ്കുകൾ സ്ഥാപിക്കണം. പ്രധാന ഓഫീസുകളുടെ കവാടത്തോട് ചേർന്ന് ഇവ സ്ഥാപിക്കണം.


• ബസ് സ്റ്റോപ്പുകൾ, ചന്ത തുടങ്ങിയ പൊതു ഇടങ്ങളിൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കാൻ നേതൃത്വം നൽകണം.


• യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവ പ്രചാരണത്തിൽ പങ്കെടുക്കണം.


വ്യാജവാർത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കാതിരിക്കുക. ഈ മഹാമാരിയെ നേരിടാനുള്ള ആത്മധൈര്യവും കരുത്തും ആർജ്ജിക്കേണ്ട സമയമാണിത്. ജാഗ്രത എന്ന വാക്ക് ലോകത്തിന്റെ മുന്നിലുള്ള ഏറ്റവും കരുത്താർന്ന അതിജീവനമന്ത്രമായി മാറിക്കഴിഞ്ഞു. സർവ്വശേഷിയുമുപയോഗി ച്ചു പോരാടുമ്പോഴും വലിയ ലോക രാജ്യങ്ങൾക്കു തന്നെ കൊവിഡ് ഒട്ടേറെ ജീവനഷ്ടങ്ങൾ വരുത്തിവയ്ക്കുമ്പോൾ സാമൂഹിക അകലത്തിലൂടെ മാത്രമാണ് ആരോഗ്യരക്ഷയെന്ന പാഠം ഇന്ത്യയും കേരളവും മനസ്സിലാക്കുന്നു.


         ദൈവത്തെക്കുറിച്ചു പറയാനാവശ്യപ്പെട്ടപ്പോൾ മറുപടിയായി സ്വയം പൂവിട്ട മരത്തെക്കുറിച്ച് എഴുതിയിട്ടുണ്ട് ഗ്രീക്ക് ചിന്തകനും എഴുത്തുക്കാരനുമായ നിക്കോസ് കസൻദ്സാക്കിസ്. ഈ രോഗകാലത്ത് നന്മയെക്കുറിച്ചും കരുതലിനെക്കുറിച്ചും പറയാനാവശ്യപ്പെടുമ്പോൾ പൂവിടുന്ന ആയിരക്കണക്കിന് പൂമരംങ്ങളെ കാണുകയാണിപ്പോൾ കേരളം. സമർപ്പണത്തിന്റെ ഈ പൂവിടരലുകൾ നമൂക്കു തരുന്ന ആത്മധൈര്യം ചെറുതല്ല. വീട്ടിൽ ഇരുന്നു തന്നെ ജയിക്കാവുന്ന ഒരു വലിയ പോരാട്ടത്തിൽ നമുക്കോരോരുത്തർക്കും കരുതലോടെ കണ്ണിയാകാം; രോഗവ്യാപനത്തിന്റെ കണ്ണി കരുതലോടെ മുറിച്ചു മാറ്റാം. അതിജീവിക്കണം, അതീവ ജാഗ്രതയോടെ.......

................................................................................................................................................................

അഭിനിത എ സി
10 ഡി പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം