ഡോ. അംബേദ്കർ മെമ്മോറിയൽ യു.പി.എസ്. മുട്ടപ്പള്ളി/ചരിത്രം
പി.സി. ചെമ്പൻ
പി.സി. ചെമ്പൻ എന്ന വ്യക്തിയെ കേരളീയർക്ക് അത്ര പരിചയം കാണില്ല..എന്നാൽ കോട്ടയം ജില്ലയിലെ മുട്ടപ്പള്ളി എന്ന മലയോര കാർഷിക ഗ്രാമത്തിൽ ജീവിക്കുന്ന ഗ്രാമീണർക്ക് ഈപേര് വളരെ സുപരിചിതമാണ്.
അടിയാള സമൂഹത്തിന് അക്ഷരവും, അറിവും അന്യംനിന്ന കാലത്ത്, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം നിരക്ഷരനായ ചെമ്പൻ മനസിലാക്കി, മുട്ടപ്പള്ളിയിലെ പട്ടികജാതി/പട്ടിക വർഗ്ഗവിദ്യാർത്ഥികൾക്ക് വേണ്ടി സ്വന്തം അധ്വാനത്തിലൂടെ ഒരു സ്കൂൾ നിർമ്മിച്ചു നൽകിയ കഥയാണ്പി.സി. ചെമ്പൻ എന്ന വ്യക്തിയെ കുറിച്ച്, മുട്ടപ്പള്ളിക്കാരോട് ചോദിച്ചാൽ അവർക്ക് പറയുവാനുള്ളത്.
നിരക്ഷരനായ ഒരാൾ ഒരു സ്കൂൾ നിർമ്മിച്ച് , സർക്കാർ അംഗീകാരം നേടിയ ശേഷം സ്കൂളിന്റെ പ്രവർത്തനം മാത്യകാപരമായി നടത്തി വിജയിപ്പിച്ച കേരളത്തിലെ അപൂർവ്വം പട്ടികജാതിക്കാരിൽ ഒരാൾ , ഒരു പക്ഷേ പി.സി.ചെമ്പനായിരിയ്ക്കും.!
സംഭവം ഇങ്ങനെ............
നാല്പതുകളുടെ തുടക്കത്തിൽ കോട്ടയം ജില്ലയുടെ കിഴക്കതിർത്തി ഗ്രാമമായ മുട്ടപ്പള്ളിയിലേക്ക്, കറിക്കാട്ടൂർ എന്ന സ്ഥലത്തു നിന്നും കുടിയേറിയ വ്യക്തിയാണ് പി.സി.ചെമ്പൻ . ചെറുപ്പത്തിൽ തന്നെ ഗാന്ധിയൻ ആശയങ്ങളോട് ആകൃഷ്ടനായി, തികച്ചും ഗാന്ധിയനായി, അഹിംസാവാദവും, കോൺഗ്രസ് ആഭിമുഖ്യവും, ഖദർ വേഷവും കൊണ്ട് മുട്ടപ്പള്ളിയിലെ ദലിതർക്കിടയിൽ വ്യത്യസ്ഥനായി എന്നു മാത്രമല്ല, പതുക്കെ പതുക്കെ അവരുടെ നേതാവായി ഉയരുകയും ചെയ്തു.
സ്വാതന്ത്യാനന്തരം, കിഴക്കൻ മേഖലകളിൽ ആവർത്തന കൃഷി നടത്താൻ വേണ്ടി ആവശ്യമുള്ള ഭൂമി, കേരളസർക്കാർ വനമേഖലയിൽ താമസിയ്ക്കുന്നവർക്ക് നൽകിയപ്പോൾ, വനത്തിനുള്ളിൽ അഞ്ചേക്കർ ഭൂമി വനഭൂമി വെട്ടിത്തെളിച്ച് പി.സി. ചെമ്പൻ സ്വന്തമാക്കി. സാമൂഹ്യപ്രവർത്തനത്തിനൊപ്പം സ്വന്തം ഭൂമിയിൽ കൃഷി ചെയ്തു ഉപജീവനം നടത്തുന്ന കാലത്താണ്, മുട്ടപ്പള്ളിയിൽ ഒരു വിദ്യാലയം എന്ന ആശയത്തിന് തിരികൊളുത്തി, ദലിതനായ സി. പൊന്നിട്ടി മുട്ടപ്പള്ളിയിൽ 1960- കളിൽ ഒരു എൽ.പി.സ്കൂൾ നിർമ്മിച്ച് വിദ്യാഭ്യാസ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. (ഈ സ്കൂൾ എട്ടു കൊല്ലം സി.പൊന്നിട്ടി നടത്തിയെങ്കിലും സാമ്പത്തിക ബാദ്ധ്യത മൂലം, തുടർന്നു സ്കൂൾ നടത്താൻ കഴിയാതെ സർക്കാറിനെ ഏൽപ്പിക്കുകയും, ഇപ്പോൾ ഗവ.വെൽഫെയർ എൽ.പി.സ്കൂളായി പ്രവർത്തിച്ചു വരുകയും ചെയ്യുന്നു . )
പട്ടികജാതി/പട്ടിക വർഗ്ഗക്കാർ ഭൂരിപക്ഷമുള്ള പ്രദേശത്ത് ഉയർന്ന ക്ലാസുകളിൽ പഠിയ്ക്കുവാൻ കുട്ടികൾക്ക്, വെൺകുറിഞ്ഞി എന്ന സ്ഥലത്ത് പോകേണ്ട കാലയളവായിരുന്നു അത്. വനത്തിനുള്ളിലൂടെ, വന്യമൃഗങ്ങളെ ഭയന്ന്, വെൺകുറിഞ്ഞിയിലെ സ്കൂളിൽ കുട്ടികളെ പഠിക്കുവാൻ വിടാൻ മാതാപിതാക്കൾ മടി കാണിച്ചപ്പോൾ, തുടർന്നുള്ള ക്ലാസുകൾ പഠിക്കാൻ സ്വന്തമായൊരു വിദ്യാലയം സ്വന്തം നാട്ടിൽ നിർമ്മിക്കുവാൻ പി.സി. ചെമ്പൻ തീരുമാനിച്ചു.
ആദ്യം തനിക്കുള്ള ഭൂമിയിൽ സ്കൂൾ പണിയാൻ തീരുമാനിച്ചെങ്കിലും, സാമ്പത്തിക പ്രശ്നം സ്കൂൾ നിർമ്മാണത്തിന് തടസമായി നിന്നു. സാമ്പത്തിക പ്രശ്നം പരിഹരിച്ച് സ്കൂൾ നിർമ്മിയ്ക്കാൻ, സ്വന്തം ഭൂമിയായ അഞ്ച് ഏക്കർ ഭൂമി, അന്നത്തെ കാലത്ത് 900/- രൂപായ്ക്ക് വിറ്റു.
പിന്നെ മുട്ടപ്പള്ളിയിൽ ഇരുപത് സെന്റ് സ്ഥലം വാങ്ങി, അവിടെ ഒരു അപ്പർ പ്രൈമറി സ്കൂൾ 1964 ൽ നിർമ്മിച്ചു.
ഡോ.അംബദ്കർ മെമ്മോറിയൽ യു.പി.സ്കൂൾ എന്ന് നാമകരണം ചെയ്ത്, സ്കൂളിന് അംഗീകാരം ലഭിയ്ക്കുവാൻ, ഡി.ഡി ഓഫീസിൽ അപേക്ഷ കൊടുത്തെങ്കിലും, അംബേദ്കറുടെ പേര് മാറ്റിയാലേ , അനുമതി നൽകുവെന്ന് അധികൃതർ പി.സി. ചെമ്പനെ ഒരു പാട് നിർബന്ധിച്ചു. എന്നാൽ അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചു നിന്നു. ഒടുവിൽ ഗാന്ധിയനായ പി.സി. ചെമ്പന്റെ ഉറച്ച തീരുമാനത്തിന്റെ മുന്നിൽ മുട്ടുമടക്കിയെന്ന് മാത്രമല്ല, ഡോ. അംബേദ്കറുടെ പേരിൽ , കേരളത്തിലെ ആദ്യത്തെ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനത്തിന് അംഗീകാരം ലഭിച്ചു !
നിരക്ഷരനായ പി.സി. ചെമ്പൻ കേരളത്തിലെ ആദ്യത്തെ സിംഗിൾ മാനേജ്മെന്റ് സ്കൂളിന്റെ മാനേജരുമായി. 93- മത്തെ വയസിൽ മരിയ്ക്കുന്ന കാലം വരെ അദ്ദേഹം ഈ സ്കൂളിന്റെ മാനേജരായി തുടരുകയും ചെയ്തു.
പൊതുപ്രവർത്തനവും, വിദ്യാലയം നിർമ്മിയ്ക്കുവാനുള്ള ശ്രമങ്ങളുമൊക്കെ കൊണ്ടാകണം, പി.സി. ചെമ്പൻ വിവാഹം കഴിച്ചത് അറുപതാമത്തെ വയസിൽ തന്റെ അമ്മാവന്റെ മകൾ കുഞ്ഞുമോളെ ആയിരുന്നു. ഈ വിവാഹ ബന്ധത്തിൽ അഞ്ച് മക്കൾ ജനിച്ചിട്ടുള്ളതും, രണ്ടാമത്തെ മകനായ പി.വി. പ്രസാദ് ആണ്, ഡോ.അംബദ്കർ മെമ്മോറിയൽ യു.പി. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ .
പട്ടികജാതി/പട്ടിക വർഗ്ഗക്കാർ ഏറെയുള്ള ഈ മേഖലകളിൽ, ഏറ്റവും കൂടുതൽ പട്ടികജാതി/വർഗ്ഗ കുട്ടികൾ പഠിച്ച സ്കൂളും ഡോ.അംബേദ്കർ മെമ്മോറിയൽ യു.പി. സ്കൂൾ തന്നെ ആയിരിക്കും!
തുടക്കത്തിൽ 20 സെന്റ് സ്ഥലത്തായിരുന്നു സ്കൂളെങ്കിലും, പിൻ കാലത്ത്, അദ്ദേഹം 40 സെന്റ് സ്ഥലം കൂടി വാങ്ങി സ്കൂളിന്റെ സ്ഥലം വിപുലപ്പെടുത്തി. പി.സി. ചെമ്പന്റെ കാലശേഷം, കൂടുതൽ ആധുനീക സൗകര്യമുള്ള സ്കൂളായി മാറി. പതിനേഴ് വർഷം മുൻപ് തന്നെ,സ്കൂളിന് ബസ് വാങ്ങി, ഒരു രൂപാ പോലും പ്രതിഫലം വാങ്ങാതെ കുട്ടികളെ സ്കൂളിലെത്തിക്കുകയും, തിരിച്ചു കൊണ്ടു വിടുകയും ചെയ്യുന്നു. മാത്രമല്ല, ഇന്നും നൂറോളം കുട്ടികൾ ഈ സ്കൂളിൽ പഠിയ്ക്കുന്നുണ്ടെന്ന് സ്കൂൾ മാനേജർ, പി.വി.പ്രസാദ് പറയുന്നു.
എയിഡഡ് വിദ്യാഭ്യാസ മേഖലയിൽ സംവരണം അവകാശപ്പെട്ട് സമരം നടത്തുന്ന , ദലിതർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചു തരണമെന്നു സർക്കാരിനോട് മുറവിളി കൂട്ടുന്ന ഇക്കാലത്തും, ദലിതൻ സിംഗിൾ മാനേജ്മെന്റായുള്ള ഒരു സ്കൂൾ നിലനിൽക്കുന്നു എന്നുള്ളത് അഭിമാനാര്ഹമാണ് . മാത്രമല്ല, ആ സ്കൂളിന് ലോകത്തെ ഏറ്റവും ഉന്നത വിദ്യാഭ്യാസം നേടിയ ഡോ. ബാബാ സാഹേബ് അംബേദ്കറുടെ പേര് തന്നെ, ഗാന്ധിയനായ പി.സി. ചെമ്പൻ നൽകിയതു കണ്ടപ്പോൾ അതിലേറെ കൗതുകവും അഭിമാനവും തോന്നാറുണ്ട് .
എന്റെ ജനത്തിന് വിദ്യാഭ്യാസം നൽകിയില്ലങ്കിൽ കാണായ പാടം മുഴുവൻ ഞാൻ മുട്ടിപ്പുല്ല് കിളിർപ്പിക്കും എന്നു പറഞ്ഞ്, വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ച, യജമാനന്റെ യഥാർത്ഥ പിൻഗാമിയാണ് പി.സി. ചെമ്പൻ .