ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി/അക്ഷരവൃക്ഷം/കൊറോണകാലത്തെ ഒറ്റപ്പെടലും ഭാഗവതവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണകാലത്തെ ഒറ്റപ്പെടലും ഭാഗവതവും

ഒറ്റപ്പെടുത്തൽ അതായത് ഐസോലേഷൻ ഇന്ന് നാമെല്ലാം അനുഭവിച്ചു-കൊണ്ടിരിക്കുകയാണല്ലോ! വളരേ സ്വതന്ത്രരായി നടന്നിരുന്ന നാം, ഇന്ന് കൂട്ടിലടക്കപ്പെട്ട പക്ഷികളേയോ മൃഗങ്ങളേയോ പോലെ അവരവരുടെ വീടുകളിൽ അടക്കപ്പെട്ടിരിക്കുന്നു. വളരെയധികം പേരും ഇതിനനുസൃതമായി പ്രവർത്തിക്കുന്നുവെങ്കിലും, അല്ലെങ്കിൽ അംഗീകരിക്കുന്നുണ്ട് എങ്കിലും കുറച്ചുപേർ ഇത് ബാധകമേയല്ല എന്ന രീതിയിൽ പ്രവർത്തിക്കുന്നു. ഈ സന്ദർഭത്തിൽ പുരാണകഥയെ തന്നെ കൂട്ടുപിടിച്ചു നമുക്കിത് മനസ്സിലാക്കി കൊടുത്താലോ? കഥ മറ്റൊന്നുമല്ല, ലോകത്തിനെന്നും ഊർജ്ജം നൽകുന്ന ഭാഗവതകഥ തന്നെ.

ഭാഗവത കഥ പാരായണം ചെയ്യുമ്പോൾ തന്നെ പരിചയപ്പെടുന്ന മഹത്‌വ്യക്തിയാണ് പരീക്ഷിത്ത് മഹാരാജാവ്. ഭാഗവത കഥയുടെ ആദ്യ ശ്രോതാവും അദ്ദേഹം തന്നെയാണെന്നാണ് പറയപ്പെടുന്നത്. നമ്മുക്ക് കഥയിലേക്ക്‌ കടക്കാം.

പരീക്ഷിത്ത് മഹാരാജാവിനാൽ അപമാനിതനായ സാമികമഹർഷിയുടെ പുത്രൻ ശൃംഗമുനി രാജാവിനെ ശപിക്കുകയുണ്ടായി. ഏഴ് ദിവസത്തിനകം തക്ഷകദംശനം ഏറ്റു മരണപ്പെടും എന്നതായിരുന്നു ആ ശാപം. നാരദമുനിയുടെ ഉപദേശത്താൽ പരീക്ഷിത്ത് മഹാരാജാവ് ആ ഏഴു ദിവസവും ആർക്കും കടക്കാനാകാത്ത രീതിയിൽ നിർമിച്ച കൊട്ടാരത്തിനകത്തു ശുകമുനിയാൽ ചെയ്ത ഭഗവതപാരായണം ശ്രവിച്ചു കഴിച്ചുകൂട്ടുവാൻ തീരുമാനിച്ചു. പുറത്തുള്ളവർക്ക് അകത്തേക്കോ അകത്തുള്ളവർക്കു പുറത്തേക്കോ പ്രവേശനം ഇല്ലയിരുന്നു. ശരിക്കും ഒരു ഒറ്റപ്പെടൽ തന്നെ. അതായത് നമ്മുടെയൊക്കെ ഇപ്പോഴത്തെ അവസ്ഥ! ഏഴു ദിവസം വരെ ഇതിനു ഒരിളവുകളും പാടില്ല എന്ന് നാരദമഹർഷി വ്യവസ്ഥ ചെയ്തിരുന്നു. എന്നിട്ടും ഒരു നിമിഷത്തെ മനസ്സിന്റെ ചാഞ്ചല്യത്താൽ മഹാരാജവ് പുറമെ നിന്നുള്ള ഫലങ്ങൾ സ്വീകരിക്കുകയുണ്ടായി. ഫലമോ തക്ഷക ദംശനം ഏൽക്കുക തന്നെ ചെയ്തു.

ഇപ്പോഴത്തെ നമ്മുടെ അവസ്ഥയും ഈ കഥയും തമ്മിലുള്ള ബന്ധമെന്തെന്ന്ഇപ്പോൾ വ്യക്തമായിട്ടുണ്ടാകുമലോ ... അതെ ലോകമാകെ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ എന്ന ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ നമ്മുക്ക് കഴിയണമെങ്കിൽ നാം ഈ ഒറ്റപെടലിനെ അതായത് ഐസൊലേഷനെ സ്വീകരിക്കണം.ഒരു ചെറിയ പിഴവ് പോലും വളരെ അപകടകരമായി തീർന്നേക്കാം. തക്ഷക വിഷത്തിനു മറുമരുന്ന് ഇല്ല എന്നതുപോലെ കൊറോണക്കും മറുമരുന്ന് കണ്ടുപിടിക്കപ്പെട്ടില്ല. നല്ല നാളേക്കായി, കൂട്ടുകാരൊത്തു വിദ്യാലയത്തിലും, പുറത്തും സന്തോഷത്തോടെ കളിക്കാനും, പഠിക്കാനും ഇന്ന് സംയമനം പാലിക്കാം.

ലോകാസമസ്താ സുഖിനോ ഭവന്തു.


10 A ടി.ഡി.എച്ച്.എസ്.എസ്, മട്ടാ‍ഞ്ചേരി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം