ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/അക്ഷരവൃക്ഷം/ നാട്ടുമ്പുറത്തെ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
നാട്ടുമ്പുറത്തെ കൊറോണക്കാലം

ചൈനയിൽ പിറവി കൊണ്ട് ലോകരാജ്യങ്ങളിൽ ഭൂരിഭാഗവും കീഴടക്കിയ മഹാമാരിയാണ് കൊറോണ (കോവിഡ് 19). ആദ്യമാദ്യം ചൈനയിൽ വിലസി അവിടത്തുകാരുടെ പേടിസ്വപ്നമായി മാറിയ കൊറോണ പിന്നീട് മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി. ഇപ്പോൾ ഇന്ത്യയെയും കൊറോണ വലിയതോതിൽ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ മലയാളനാടിനെ കൂടുതലായി അറിയാത്ത കൊറോണ ഇവിടേക്കും വന്നു. ഇവിടെ കൂടുതൽ വിലസിനടക്കാൻ നാം അനുവദിച്ചില്ല. നാം അതിനെ ഒറ്റക്കെട്ടായി പ്രതിരോധിച്ചുവരുന്നു. നമ്മുടെ സർക്കാർ 'Break the Chain' എന്ന ആശയം പ്രചരിപ്പിച്ച് കേരള ജനതയ്ക്ക് മുൻകരുതൽ നൽകി.

ഇപ്പോൾ എല്ലായിടത്തും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ എല്ലാവരും ഇന്ന് വീട്ടിൽ തന്നെ. എപ്പോഴും പുറത്തിറങ്ങി നടക്കുന്ന ആണുങ്ങൾ പോലും ഇന്ന് വീട്ടിൽ തന്നെ. പലരും ഹോട്ടലുകളിൽ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. ലോക്ക് ഡൗൺ കാരണം ഹോട്ടലുകൾ അടച്ചതിൽ പിന്നെ എല്ലാവരും വീട്ടിൽ നിന്നായി ഭക്ഷണം. ഇപ്പോൾ കുടുംബത്തിലെ എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കുന്നത്. ഇപ്പോൾ ഭക്ഷണത്തിലെ താരം ചക്കയാണ്. ചക്കപ്പുഴുക്ക്, ചക്കത്തോരൻ, ചക്കയപ്പം, ചക്കചിപ്‌സ്‌, തുടങ്ങി ഒരുപാട് ചക്ക വിഭവങ്ങളാണ് ഇന്ന് ഓരോ വീടുകളിലും ഉണ്ടാക്കുന്നത്. ചക്കകൊണ്ട് മാത്രമല്ല ചക്കക്കുരു കൊണ്ടുള്ള ജ്യൂസ്‌, ഷെയ്ക്‌ തുടങ്ങിയവയും ഇന്നത്തെ താരങ്ങളാണ്. പണ്ട് പ്ലാവിന്റെ ചുവട്ടിൽ ചക്ക ചീഞ്ഞു പോകുമ്പോൾ ആരും തിരിഞ്ഞു നോക്കാത്ത ചക്കയ്ക്ക് ഇന്ന് ആവശ്യക്കാർ ഏറെയാണ്.

ലോക്ക് ഡൗൺ കാലത്ത് നമ്മൾ ഏറെ മാറിയിരിക്കുന്നു. പണ്ടത്തെ ജനതയെ അനുകരിക്കാൻ ഇന്ന് പലതും ശ്രമിക്കുന്നു. ഇപ്പോൾ വെക്കേഷൻ കാലമാണ്. എല്ലാവരും വിനോദത്തിന് പോകുന്ന സമയം. ലോക്ക് ഡൗൺ കാരണം ഇന്ന് ആർക്കും എവിടെയും പോകാൻ കഴിയുന്നില്ല. ആരാധനാലയങ്ങൾ പോലും തുറക്കുന്നില്ല. വീട്ടിൽ തന്നെയായതു കൊണ്ട് എല്ലാവരും സമയം ചിലവഴിക്കുന്നത് ചിത്രങ്ങൾ വരച്ചും പുസ്തകങ്ങൾ വായിച്ചുമൊക്കെയാണ്. പലർക്കും അവരവരുടെ കഴിവുകൾ പുറത്തു കാട്ടാനുള്ള വലിയ ഒരു അവസരമായി ഇത് മാറിയിരിക്കുകയാണ്.

നാം എന്നും മുൻകരുതലിൽ തന്നെ വേണം. കേരള സർക്കാരിനൊപ്പം ചേർന്ന് കൊറോണയെന്ന മഹാമാരിയെ നമുക്കൊറ്റക്കെട്ടായി പ്രതിരോധിക്കാം. പ്രളയത്തിൽ നിന്നും കര കയറിയപോലെ......... പ്രതിരോധിക്കാം ഒറ്റക്കെട്ടായി..............

GOPIKAGOPAL
9 B ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം