ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./അക്ഷരവൃക്ഷം/ വേണം പുതിയ പ്രതിരോധ പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
വേണം പുതിയ പ്രതിരോധ പാഠങ്ങൾ


ക്ഷാമം, സാംക്രമിക രോഗങ്ങൾ, യുദ്ധം എന്നിവയാണ് മാനവരാശിയുടെ നിലനിൽപ്പിനുള്ള ഏറ്റവും വലിയ മൂന്നു ഭീഷണികൾ. സാംക്രമിക രോഗങ്ങളുടേയും യുദ്ധത്തിൻ്റെയും ആത്യന്തിക ഫലവും ക്ഷാമവും പട്ടിണിയും തന്നെ. പ്രകൃതി ദുരന്തങ്ങൾ മൂലവും മറ്റു കാരണങ്ങൾ കൊണ്ടും നാട്ടിൽ ക്ഷാമവും പട്ടിണിയും ഉണ്ടാകാം.1330 കളിൽ ആരംഭിച്ച കറുത്ത മരണം അഥവാ ബ്ലാക് ഡത്ത് എന്നറിയപ്പെടുന്ന പ്ലേഗായിരുന്നു ഭൂമിയിൽ നിന്നും മനുഷ്യരെ കൂട്ടത്തോടെ നിർമാർജനം ചെയ്ത ആദ്യ മഹാമാരി. ദശലക്ഷക്കണക്കിന് മനുഷ്യരാണ് വിവിധ വൻ കരകളിലായി ഈയാംപാറ്റകളെപ്പോലെ തെരുവുകളിൽ മരിച്ചുവീണത്. ലോകം പ്ലേഗിൻ്റെ പിടിയിൽ നിന്നും കഷ്ടിച്ചു കരകയറിയപ്പോഴേക്കും അതിനെക്കാൾ വലിയ മറ്റൊരു ദുരന്തം ഒരു സ്പാനിഷ് കപ്പലിൻ്റെ രൂപത്തിൽ അവതരിച്ചു കഴിഞ്ഞിരുന്നു.

വൻകരകൾ വെട്ടിപ്പിടിക്കാനിറങ്ങിയ യൂറോപ്യൻമാർ ലോകം മുഴുവൻ സാംക്രമിക രോഗങ്ങളുടെ വിഷവിത്തു വിതയ്ക്കുന്ന മരണ ദല്ലാളൻമാരായി മാറി. 1520 മാർച്ച് 5 ന് യാത്ര ആരംഭിച്ച ഒരു സ്പാനിഷ് കപ്പലിൽ പടയാളികൾക്കൊപ്പം ധാരാളം അടിമകളുമുണ്ടായിരുന്നു. അതിൽ ഒരാളുടെ ശരീരത്തിൽ ലോകം മുഴുവൻ ചുട്ടെരിക്കാൻ പോന്ന ഒരു ജൈവടൈംബോംബ് ഒരു വസൂരി വൈറസിൻ്റെ രൂപത്തിൽ പെരുകാൻ തുടങ്ങിയിരുന്നു.വൈറസ് അതിൻ്റെ ലോകസഞ്ചാരം പൂർത്തിയാക്കുമ്പോഴേക്കും ഭൂമിയിൽ എല്ലായിടത്തുമായി അസംഖ്യം ജനങ്ങൾ മരിച്ചുവീണിരുന്നു. സാംക്രമിക രോഗങ്ങൾ പിന്നീടും പല രൂപത്തിലും പല കാലങ്ങളിലും മനുഷ്യരെ ആക്രമിച്ചു കൊണ്ടിരുന്നു.

1822 ൽ ലൂയി പാസ്റ്റർ എന്ന ഫ്രഞ്ച് ശാസ്ത്രഞ്ജൻ സൂക്ഷ്മാണുക്കളാണ് രോഗങ്ങൾ ഉണ്ടാക്കുന്നതെന്നും പ്രതിരോധ മരുന്നുകൾക്ക് രോഗങ്ങളെ ചെറുക്കാൻ കഴിയുമെന്നും കണ്ടെത്തിയതോടെ മനുഷ്യൻ രോഗങ്ങൾക്കെതിരെ തിരിച്ചടിക്കാൻ തുടങ്ങി. വസൂരിക്കെതിരെയും, കോളറയ്ക്കെതിരെയും, പോളിയോയ്ക്കെതിരെയും മറ്റു പല രോഗങ്ങൾക്കെതിരെയും പ്രതിരോധ മരുന്നുകൾ കണ്ടെത്തി അവയെ തോൽപ്പിച്ചു. അത് ശാസ്ത്രത്തിൻ്റെ ആയുധമണിഞ്ഞ മനുഷ്യൻ്റെ വിജയമായിരുന്നു.

നാം ഇന്ന് നേരിടുന്ന ഒരു പ്രധാന വിഷയം മുൻപരിചയമില്ലാത്ത പുതിയ തരം സൂക്ഷ്മാണുക്കളെ ലോകത്തിൻ്റെ പല ഭാഗങ്ങളിലായി നേരിടേണ്ടി വരുന്നു എന്നതാണ്. എബോളയ്ക്കും സാർസിനും പിന്നാലെ കൊറോണ വൈറസും അതിൻ്റെ തീവ്രവ്യാപന ശേഷി മൂലം ലോകത്തെ മുൾമുനയിൽ നിർത്തി. ഈയൊരു സാഹചര്യത്തിൽ എന്താകണം നമ്മുടെ പ്രതിരോധ വഴികൾ?നമുക്ക് ചുറ്റും നിരവധി സൂക്ഷ്മജീവികൾ ഉണ്ട്. ഒരു ഗ്രാം മണ്ണിൽ 40 മില്ല്യയൺ സൂക്ഷ്മാണുക്കൾ ഉണ്ടാകുമെന്നു പറയുന്നു. അവയിൽ ഉപകാരികളും ഉപദ്രവകാരികളും ഉണ്ടാകാം. അതു കൊണ്ട് സൂക്ഷ്മാണുക്കളിൽ നിന്നും പൂർണമായ മോചനം നമുക്കു സാധ്യവുമല്ല. ഇനി കൊറോണയ്ക്കെതിരെ മരുന്ന് കണ്ടെത്തിയാൽ തന്നെയും മറ്റേതെങ്കിലും രോഗകാരിയായ സൂക്ഷ്മാണു ലോകത്തിൻ്റെ ഏതെങ്കിലും ഭാഗത്തു നിന്നും പൊട്ടി പുറപ്പെടാം. ഇവയെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും ലളിതമായ മാർഗം വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കുക എന്നതാണ്. പരിസരത്ത് മാലിന്യങ്ങൾ പെരുകാൻ അനുവദിക്കാതെ ഉറവിടത്തിൽ തന്നെ സംസ്കരിക്കാൻ നമുക്ക് കഴിയണം. വൃത്തിയുള്ള പരിസരം രോഗവ്യാപനത്തെ തടയും. വ്യക്തി ശുചിത്വം പാലിച്ചുകൊണ്ടുള്ള സാമൂഹിക ഒരുമയാണ് നമുക്ക് വേണ്ടത്. രോഗാണുക്കൾക്കു മുന്നിൽ തോറ്റു പോകാതിരിക്കാൻ ശുചിത്വ പാഠങ്ങൾ പാലിക്കുക തന്നെയാണ് ആദ്യത്തെപ്രതിരോധം.

സാനന്ദ്.വി.എം
7 B ജി. എച്ച്. എസ്. എസ്. കുട്ടമത്ത്
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം