ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/കൂട്ട്

കൂട്ട്

അഭയയിൽ തിരക്കേറി വരുകയാണ്. ഓരോ ദിവസവും കൊറോണയുടെ ഭീതിയിൽ അവിടെ അഭയം തേടുന്നവർ അനവധി. സാനിട്ടൈസറുകളും മാസ്ക്കുകളും ആവശ്യാനുസരണം എത്തിക്കുന്ന തിരക്കിലാണ് സാമൂഹിക പ്രവർത്തകർ. ജനങ്ങളിൽ ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത് എന്ന ബോധം ഉണർത്താൻ രാപ്പകൽ കഷ്ടപ്പെടുകയാണ് മാധ്യമ പ്രവർത്തകർ. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് പോലീസുകാർ. ആശുപത്രിയിൽ ഇതാ..... പനിയും ജലദോഷവും ശ്വാസതടസ്സവുമായി ഒരാൾ കൂടെ എത്തിയിരിക്കുന്നു. അയാളുടെ സ്രവവും പരിശോധനയ്ക്ക് അയച്ചിരിക്കുന്നു. എന്നാൽ ഇത്രയും തിരക്കിനിടയിലും പ്രിയ ഒറ്റപ്പെടലിൻറെ നിഴലിലാണ്. അവൾ അവളുടെ ജോലികൾ ചെയ്യുമ്പോഴും ആ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇന്ന് ഏപ്രിൽ 18, അവളുടെ പിഞ്ചോമന ആരണ്യയുടെ ഒന്നാം പിറന്നാളാണ്. എന്നാൽ സുരക്ഷ ക്രമീകരണങ്ങൾ മൂലം ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് പോവാൻ അവൾക്ക് നിർവ്വാഹമില്ല. അവളുടെ പിഞ്ചോമനയുടെ ചിരിക്കുന്ന മുഖം കണ്ടിട്ട് നാളേറെയായി. സ്വന്തം കുഞ്ഞിനെ ഒന്ന് വാരി പുണരാൻ അവളുടെ മനസ്സ് വെമ്പുകയാണ്. എന്നാൽ ഇടയ്ക്കുള്ള ഫോൺകോളുകളിലൂടെ കേൾക്കുന്ന ആരണ്യയുടെ കളിചിരികളാണ് പ്രിയയുടെ ഏക ആശ്വാസം. ദിവസേന അഭയയിൽ എത്തുന്ന ഓരോ രോഗികളെ പരിചരിക്കുമ്പോഴും ആരണ്യയുടെ മുഖം പ്രിയയുടെ മനസ്സിൽ ഒരു തേങ്ങലാണ്. അപ്പോഴാണ് പെട്ടെന്ന് നഴ്സിംഗ് സൂപ്രണ്ട് ഗീതാലക്ഷമിയുടെ വിളി വന്നത്. അവളുടെ ഈറനണിഞ്ഞ കണ്ണുകൾ തുടച്ച് മുഖത്ത് ഒരു ചെറുപുഞ്ചിരി വിടർത്തി അവൾ ഗീതാലക്ഷ്മിയുടെ മുന്നിൽ ചെന്നു നിന്നു.എന്നാൽ ഗീതാലക്ഷ്മിയുടെ വാക്കുകൾ കേട്ട പ്രിയയുടെ മുഖത്തെ പുഞ്ചിരി മാറി. ആ വാക്കുകൾ ഒരു നടുക്കത്തോടെയല്ലാതെ അവൾക്ക് കേൾക്കാൻ കഴിയുമായിരുന്നില്ല. രണ്ട് ദിവസം മുൻപായിരുന്നു ഒരു ഏഴ് വയസ്സുകാരി ശ്വാസതടസ്സവും പനിയുമായി അവിടെയെത്തിയത്. അമൃത എന്ന ആ കുഞ്ഞിന് ഈ രാക്ഷൻ്റെ ആക്രമണങ്ങൾ സഹിക്കാനുള്ള കരുത്തുണ്ടായിരുന്നില്ല. എന്നാൽ വിധി അവൾക്കെതിരായിരുന്നു. അവളുടെ പരിശോധന ഫലം പോസിറ്റീവായിരുന്നു. ഒരു നിഷ്കളങ്കമായ ചിരിയോടെയായിരുന്നു അമൃത അവിടെയെത്തിയത്. പ്രിയ അവളെ ഐസൊലേഷൻ വാർഡിലേക്ക് കൊണ്ടു പോയി. പനിയുടെ ക്ഷീണത്തിലും തളർച്ചയിലും അവളുടെ പരാതി തനിക്ക് കളിക്കാൻ ഇവിടാരുമില്ല, കളിക്കാൻ അമ്മയും അച്ഛനും വിടുന്നില്ല തുടങ്ങിയവയായിരുന്നു. ഈ പരിഭവങ്ങളെല്ലാം കേൾക്കുന്ന പ്രിയയും മനസ്സ് നീറുന്നുണ്ടായിരുന്നു. സ്വന്തം കുഞ്ഞിനെ ഓർത്തിട്ടല്ല, അമൃതയെ ഓർത്തിട്ടായിരുന്നു. അവൾ സകലദൈവങ്ങളോടും ഉള്ളുരുകി പ്രാർത്ഥിച്ചു."ദൈവമേ ഈ കുഞ്ഞിനെ കാത്തോളണേ...." അവിടെയെത്തുന്ന ഓരോ രോഗിയും തങ്ങളെ ദൈവത്തിൻ്റെ മാലാഖമാരായാണ് കാണുന്നത്. തങ്ങളിലാണ് അവരുടെ പ്രതീക്ഷയും വിശ്വാസവും ദൈവത്തിൻറെ മാലാഖയ്ക്ക് ദൈവമുണ്ട് കൂട്ട്.....

ആതിര ഹരിദാസ് കെ വി
9 ജി ജി വി ജി എച്ച് എസ് എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2023 >> രചനാവിഭാഗം - കഥ