ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രതിഭകളോടൊപ്പം - ജി. വി. എൽ. പി. എസ്, ചിറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രതിഭകളോടൊപ്പം - ജി.വി.എൽ.പി.എസ്, ചിറ്റൂർ

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന സർക്കാരിന്റെ പദ്ധതിയെ ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുന്നു... പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മ പുതുക്കുന്ന ശിശുദിനത്തിൽ ജി.വി.എൽ.പി. സ്കൂൾ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിക്ക് തുടക്കമിട്ടു. വിദ്യാലയത്തിനടുത്തുള്ള കല, സാഹിത്യം, കായികം എന്നീ മേഖലകളിൽ കേരളത്തിനകത്തും പുറത്തുമായി അറിയപ്പെടുന്ന പ്രതിഭകളെ കണ്ടെത്തി അവരെ ആദരിക്കാൻ സാധിച്ചതിൽ ഞങ്ങൾ ആനന്ദിക്കുന്നു. ഒപ്പം ഈ പ്രതിഭകൾക്ക് ഒരായിരം ആദരവും നൽകുന്നു.

1. ജയശീലൻ (സാഹിത്യകാരൻ, എഴുത്തുകാരൻ)

ചിറ്റൂരിന്റെ സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വമായ ജയശീലൻ മാസ്റ്ററെ ആദരിച്ചുകൊണ്ടാണ് ഈ ഉദ്യമത്തിന് നാന്ദി കുറിച്ചത്. പ്രധാനാധ്യാപിക ശ്രീമതി. ഷൈലജ എൻ.കെ. അധ്യാപകരായ ജയശ്രീ .ഡി, സുനിത.എസ്, ഹേമാംബിക.വി, പവിൽദാസ് എന്നിവരുടെ നേതൃത്വത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾ ഉൾപ്പെട്ട സംഘം ജയശീലൻ വസതിയിൽ എത്തി, അദ്ദേഹത്തെ സന്ദർശിച്ചു. ചെറുപുഞ്ചിരിയോടെ കുട്ടികൾക്ക് മിഠായി നൽകി അദ്ദേഹം സ്വീകരിച്ചു. ലളിതവും, സുവ്യക്തവുമായ ഭാഷയിൽ അദ്ദേഹം മറുപടി നൽകി. സ്വന്തം ജന്മദേശമായ ഇയ്യൽ (തൃശ്ശൂർ) എന്ന ഗ്രാമത്തെ കുറിച്ചും തന്റെ എഴുത്തിനെക്കുറിച്ചും പറഞ്ഞു. പ്രിയപ്പെട്ട എഴുത്തുകാർ, പ്രിയ പുസ്തകങ്ങൾ എന്നിവയും സംഭാഷണത്തിൽ കടന്നു വന്നു. ഇതോടൊപ്പം കുട്ടികൾക്കെല്ലാവർക്കും പുസ്തകങ്ങളും സമ്മാനിച്ചു. അദ്ദേഹത്തെ കുട്ടികൾ പൊന്നാട അണിയിച്ചു. നാരങ്ങാ വെള്ളത്തിന്റെ മധുരം നുണഞ്ഞിറക്കിക്കൊണ്ട് അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടുകൊണ്ടിരുന്ന കുട്ടികൾ നവ്യാനുഭവത്തിന്റെ നിറവിൽ അദ്ദേഹത്തോട് യാത്ര പറഞ്ഞ് വിദ്യാലയത്തിലേക്ക് മടങ്ങി.

2. ശിവകുമാർ (സാഹിത്യകാരൻ, കലാകാരൻ)

പ്രതിഭയെ ആദരിക്കൽ എന്ന പരിപാടിയുടെ ഭാഗമായി വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ചിറ്റൂരിന്റെ അഭിമാനമായ സാഹിത്യകാരനെ ആദരിച്ചു. സാഹിത്യം, കല എന്നീ മേഖലകളിൽ ഉന്നത സ്ഥാനത്തു നിൽക്കുന്ന ബഹുമുഖ പ്രതിഭയാണ് ശിവകുമാർ. നിരവധി അംഗീകാരങ്ങൾ ഈ പ്രതിഭയ്ക്ക് ലഭിച്ചിട്ടുണ്ട്. തുടർച്ചയായി നാല് വർഷത്തെ യൂണിവേഴ്സിറ്റി മിമിക്രി കലാകാരനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല നമ്മുടെ രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിജിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി ഗാന്ധിക്വിസ് എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് ശിവകുമാർ. പൊന്നാടയും, പൂച്ചെണ്ടും നൽകി ഈ പ്രതിഭയെ ആദരിച്ചത് കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു. ഓരോ മേഖലയിലും ഉള്ള അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി. മാത്രമല്ല ഒരു നാടക കലാകാരൻ കൂടിയാണ് ശിവകുമാർ സാർ എന്ന സത്യം ഇന്നാണ് ഞങ്ങൾ മനസിലാക്കിയത്. പാലക്കാടിലെ ഒരു പ്രമുഖ നാടക ട്രൂപ്പിൽ ചില നാടകങ്ങളിലും ഈ പ്രതിഭ അഭിനയിച്ചിട്ടുണ്ട്. നമ്മുടെ ലക്ഷ്യത്തെ വിട്ട് ഒരു കാരണവശാലും നമ്മൾ മാറി പോകരുതെന്നും തെറ്റ് കണ്ടാൽ അത് ചൂണ്ടിക്കാട്ടാനുള്ള മനസ് ഉണ്ടാവണമെന്നും ശിവകുമാർ സാർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ആഴത്തിലുള്ള വായന നമ്മെ കൂടുതൽ വിജ്ഞാനിയാക്കുന്നു എന്ന പാഠം ഈ പ്രതിഭയിൽ ഞങ്ങളുടെ കുട്ടികൾക്ക് നൽകിയ സന്ദേശമാണ്.

3. കെ.കെ. സുരേന്ദ്രൻ (പ്രശസ്ത കായിക താരം)

കെ.കെ. സുരേന്ദ്രൻ എന്ന മുൻ കാല കായിക പ്രതിഭയേ ആദരിക്കാനായി അത്തിക്കുഴിയിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ടീച്ചർമാരും, കുട്ടികളും ചെന്നു. 1982- കാലഘട്ടത്തിൽ 400mtr ഓട്ട മത്സരത്തിൽ പങ്കെടുത്ത കായിക പ്രതിഭയാണ്.കേരളത്തിന് വേണ്ടിയും, ദേശീയ തലത്തിലും, അന്തർദേശിയ തലത്തിലും ഒട്ടേറെ സ്വർണ്ണ മെഡലുകൾ കരസ് സ്ഥമാക്കിയ കായിക പ്രതിഭ. Asiad Games ൽ പങ്കെടുത്ത കായിക താരം കൂടിയാണ്... പഠന കാലത്ത് ശ്രീ.സുരേന്ദ്രൻ അവർകൾ സർവകലാശാല തലത്തിൽ ഒട്ടേറെ പ്രാവീണ്യം തെളിയിച്ച പ്രതിഭയാണ്. KSEB യിൽ നിന്നും വിരമിച്ച ഇദ്ദേഹം പുതിയ തലമുറകൾക്കായി കൃഷിയുടെ പ്രാധാന്യം പകർന്നു നൽകുവാൻ ജൈവകൃഷി നൂറ് മേനി വിളയിച്ച് വിജയം കൈവരിച്ച കർഷകൻ കൂടിയാണ്. വീട്ടിൽ പഴമ നഷ്ടപെടാതെ സൂക്ഷിച്ചു വച്ച കലപ്പ പുതു തലമുറയിലെ കുട്ടികൾക്ക് കൗതുക കാഴ്ചയായി.

4. കലാഭവൻ സുനിൽ (മികച്ച മിമിക്രി കലാകാരൻ)

ചിറ്റൂരിന്റെ കലാപാരമ്പര്യത്തിൽ തനതായ ഒരു മുഖമുദ്ര പതിപ്പിച്ച കലാകാരനാണ് കലാഭവൻ സുനിൽ. കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ച ഒരു കലാകാരൻ കൂടിയാണ് കലാഭവൻ സുനിൽ. മഴവിൽ മനോരമ കോമഡി ഉത്സവത്തിൽ മിമിക്രി അവതരിപ്പിച്ച ചിറ്റൂരിന്റെ അഭിമാനമായ ഒരു കലാകാരൻ കൂടിയാണ് കലാഭവൻ സുനിൽ. പതിനഞ്ചോളം കുട്ടികൾ അദേഹത്തിന്റെ വീട്ടിൽ പോയി അദ്ദേഹത്തെ പൊന്നാടയും പൂച്ചെണ്ടും നൽകി ആദരിച്ചു. കലാ മേഖലയിലെ അദ്ദേഹത്തിന്റെ അനുഭവങ്ങളെക്കുറിച്ച് മനസിലാക്കാനുള്ള ചേദ്യങ്ങൾ കുട്ടികൾ ചോദിക്കുകയുണ്ടായി. വളരെ രസകരമായ രീതിയിൽ കുട്ടികളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. പാലക്കാട് ജില്ലയ്ക്കകത്തും പുറത്തുമായി അനേകം പരിപാടികൾ പങ്കെടുക്കുന്ന കലാകാരനാണ് കലാഭവൻ സുനിൽ. കുട്ടികൾക്ക് വേണ്ടി കുറച്ച് മിമിക്രി അവതരിപ്പിച്ചത് വളരെ കൗതുകകരമായൊരു കാഴ്ച്ചയായിരുന്നു.കലാ മേഖലയിൽ ഇന്നും നിറസാന്നിദ്ധ്യമായി നിൽക്കുന്ന ഈ കലാകാരന് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

5. കെ.പി ദീപ (നാടൻപാട്ട് കലാകാരി)

പ്രതിഭകളെ ആദരിക്കൽ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തിനടുത്തുള്ള വാൽമുട്ടി എന്ന പ്രദേശത്തെ നാടൻപാട്ട് കലാകാരിയായ കെ.പി ദീപയെ ആദരിച്ചു. കേരള സാംസ്കാരിക വകുപ്പ് നടത്തുന്ന ആയിരം കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങിൽ നാടൻപാട്ട് എന്ന മേഖലയിൽ ഫെലോഷിപ്പിനർഹയായ ഏക കലാകാരിയാണ് ദീപ. കലാ മേഖലയിലും, വിദ്യാഭ്യാസ മേഖലയിലും ഏറെ തിളങ്ങി നിൽക്കുന്ന ഒരു വ്യക്തിയാണ് ഇവർ. വളരെ വ്യത്യസ്തമായൊരു അനുഭവമായിരുന്നു കുട്ടികൾക്ക് ലഭിച്ചത്. പതിനഞ്ചിലധികം കുട്ടികളും, അധ്യാപകരും ചേർന്നാണ് ആദരിക്കാൻ പോയത്. കുട്ടികൾ ചോദിച്ച ചോദ്യങ്ങൾക്ക് നല്ല രീതിയിലുള്ള മറുപടിയാണ് ദീപ ടീച്ചർ നൽകിയത്. ഒരു അധ്യാപികയായതുകൊണ്ട് തന്നെ കുട്ടികളുടെ ചോദ്യങ്ങൾക്ക് വളരെ മികച്ച രീതിയിലുള്ള മറുപടി പറയാൻ അവർക്ക് കഴിഞ്ഞു. മാത്രമല്ല, കുട്ടികളുടെ നിർബന്ധത്തിന് വഴങ്ങി നല്ലൊരു നാടൻപാട്ടും കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. കേരള സർക്കാരിന്റെ അരങ്ങ് എന്ന പരിപാടിയിലെ സംസ്ഥാനതല വിജയി കൂടിയാണ് കെ.പി ദീപ. നാടൻപാട്ട് എന്ന മേഖലയിൽ ഗവേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് ദീപ. പ്രതിഭകളെ ആദരിക്കൽ എന്ന പരിപാടി വളരെ നല്ലതാണ് എന്നതായിരുന്നു ടീച്ചർ പറയുന്നത്. മാത്രമല്ല, നാടൻപാട്ട് എന്ന മേഖലയിൽ എത്തിച്ചേരാൻ കുടുംബത്തിന്റെ പ്രോത്സാഹനം വളരെ ആവശ്യമുള്ള ഒന്നാണ് എന്ന് ഇവർ പറഞ്ഞു. ഇന്നത്തെ തലമുറയിലെ കുട്ടികളുടെ കഴിവ് മികച്ചതാണെന്നും, അവസരം ലഭിക്കുന്നതുവരെ കഴിവിനെ ഉയർത്തിക്കൊണ്ടു വരണമെന്നുള്ള ഒരു പാഠം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.

6. മോഹനൻ (നാടൻപാട്ട് കലാകാരൻ )

വിദ്യാലയ പരിസരത്തെ പ്രതിഭകളെ ആദരിക്കൽ എന്ന ചടങ്ങിന്റെ ഭാഗമായി പ്രശസ്ത നാടൻപാട്ട് കലാകാരനായ മോഹനന്റെ വീട്ടിൽ പോയി. അധ്യാപകരും 15 കുട്ടികളുമാണ് ആ ചടങ്ങിന് പോയത്. നാടൻപാട്ടിൽ കേരളത്തിലും ഇന്ത്യയിലും ശ്രദ്ധേയനായ ഒരു വ്യക്തിയാണ് അദ്ദേഹം. വിദ്യാലയത്തിലെ ജൈവവൈവിധ്യ ഉദ്യാനത്തിൽ നിന്നും ശേഖരിച്ച പൂച്ചെണ്ടുമായി പൊന്നാടയണിയിച്ച് അദ്ദേഹത്തെ ആദരിച്ചു. തുടർന്ന് കുട്ടികൾ അദ്ദേഹവുമായി സംവദിച്ചു. നാടൻപാട്ടിലേക്ക് തിരിഞ്ഞതും അതിലെ പ്രത്യേകതകളും അദ്ദേഹം കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തെ മണ്ണിനു പോലും കലയുടെ മാധുര്യമുണ്ട്. ചിറ്റൂരിലെ വാൽമുട്ടിയിൽ മുഴുവനും നാടൻപാട്ട് കലാകാരന്മാരാണ്. എല്ലാവരും അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. നാടൻപാട്ടിൽ അദ്ദേഹത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് അമ്മയാണ്. അദ്ദേഹം കേരളത്തിനകത്തും പുറത്തും നാടൻപാട്ട് അവതരിപ്പിച്ചിട്ടുണ്ട്. അന്നത്തെ കാലത്ത് ബുദ്ധിമുട്ടുകൾ മൂലം കൂടുതലായി പഠിക്കുവാൻ സാധിച്ചില്ല എന്ന വിഷമം അദ്ദേഹത്തിന് ഇപ്പോഴുമുണ്ട്. കുട്ടികൾക്ക് വേണ്ടി നല്ലൊരു നാടൻ പാട്ട് അദ്ദേഹം പാടി. കീർത്തനം ആലപിച്ചുകൊണ്ട് അദ്ദേഹം ചടങ്ങ് അവസാനിപ്പിച്ചു.

7. രാജേന്ദ്രൻ (പ്രശസ്ത ചിത്രകാരൻ)

ചിറ്റൂരിന്റെ ചിത്രകാരൻ രാജേന്ദ്രനെ കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും ചേർന്ന് ആദരിച്ചു. റോസാപ്പൂക്കൾ നൽകി പൊന്നാടയണിയിച്ചു. കുട്ടികൾ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. ആരാണ് ഗുരു? എത്ര വയസ്സു മുതൽ ചിത്രം വരച്ചു തുടങ്ങി? ആദ്യം വരച്ച ചിത്രം ഏത്? ഇപ്പോൾ ഏതുതരത്തിലുള്ള ചിത്രം വരയ്ക്കലാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്? ആളുകൾ ചിത്രകല ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്? മാഷ് ഇപ്പോൾ വരയ്ക്കുന്ന വാഴയിലയിലെ ചിത്രം എങ്ങനെയാണ് വരച്ചത്? തുടങ്ങിയ കൊച്ചു കുട്ടികളുടെ ചോദ്യങ്ങൾക്ക് അവർക്ക് മനസ്സിലാവുന്ന ഭാഷയിൽ ഉത്തരം നൽകി. വാഴയിലയിലെ പത്മനാഭന്റെ ചിത്രം ഏറ്റവും വലുതാണ്. ഗിന്നസ് ബുക്കിൽ ഇടം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജേന്ദ്രൻ. തായ്ലന്റ് രീതിയിലാണ് ചിത്രം വര. വാഴയിലയിൽ ചിത്രം വരച്ച ഇന്ത്യയിലെ ആദ്യത്തെ ചിത്രകാരനാണ് നമ്മുടെ പ്രശസ്ത ചിത്രകാരൻ രാജേന്ദ്രൻ. കുട്ടികൾക്ക് ലഡു നൽകി അഭിമുഖ സംഭാഷണം മധുരകരവും ആനന്ദകരവുമാക്കി.

* വീഡിയോ കാണാം -പ്രതിഭകളോടൊപ്പം - ജി.വി.എൽ.പി.എസ്, ചിറ്റൂർ