ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് കൂടശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്‌കൂൾ പഴയകാല ഫോട്ടോ
സ്‌കൂൾ പഴയകാല ഫോട്ടോ
ഒരു നൂറ്റാണ്ടിന്റെ കഥകളുമായി, ഒരു നാടിന്റെ മുഴുവൻ സ്പന്ദനമായി, തല ഉയർത്തി നിൽക്കുന്ന ജി.യു.പി. സ്‌കൂൾ കൂടശ്ശേരി എന്ന വിദ്യാലയം.. ഏതാണ്ട്  അത്രതന്നെ. അല്ലെങ്കിൽ അതിലേറെ പഴങ്കഥകൾ അയവിറക്കിക്കൊണ്ട് ആ വിദ്യാലയാങ്കണത്തെ അലങ്കരിക്കുന്ന പാലമരം.. എത്രയെത്ര ഋതുഭേദങ്ങൾ ഇതിലെ കടന്നു പോയിട്ടുണ്ടാവും... എത്രയെത്ര കുരുന്നുകൾ ഇവിടെ നിന്ന് അക്ഷരമധുരം നുകർന്ന് ആ ആശ്വാസത്തണലേറ്റ് ജീവിതത്തിൽ പടവുകൾ ചവിട്ടിക്കയറിയിരിക്കാം... എല്ലാമറിയാനുള്ള ഒരാവേശത്തോടെയാണ് ഞങ്ങൾ ഇവിടെ പഠിച്ചുപോയ, സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ തന്റേതായ ഇടങ്ങൾ തീർത്ത ചില പൂർവ്വ വിദ്യാർത്ഥികളെത്തേടിയിറങ്ങിയത്. അവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ വിദ്യാലയം ഒരു നൂറ്റാണ്ടായി കടന്നു  വന്ന വഴികളിലൂടെ തിരിച്ചുനടക്കാൻ നടത്തിയ എളിയ ശ്രമമാണിത്. അതിൽ പിഴവുകൾ കണ്ടേക്കാം.. സദയം ക്ഷമിക്കുക.
സ്വാതന്ത്ര്യലബ്ധിയ്ക്കു മുമ്പ്, നിരക്ഷരതയുടെ ഇരുട്ടിൽ തപ്പിത്തടഞ്ഞിരുന്ന ജനതയ്ക്ക്, വിജ്ഞാനത്തിന്റെ മൂല്യം എത്ര വലുതാണെന്ന് അവർ നേരിട്ട പലവിധ തിക്താനുഭവങ്ങളിലൂടെ മനസ്സിലായിരുന്നു. സമൂഹത്തിലെ 95% പേർക്കും ഭൗതിക വിദ്യാഭ്യാസത്തിനും സൗകര്യമില്ലാതെ ഒറ്റപ്പെട്ടു കിടന്നിരുന്ന കുറുമ്പത്തൂരിൽ ചില സാമൂഹ്യസ്‌നേഹികളുടെ ശ്രമ ഫലമായി, 1924 നവംബർ 1 ന് കുന്നക്കാട്ട് നായരുടെ രക്ഷാകർതൃത്വത്തിൽ ഗോവിന്ദൻ നായരേയും നാരായണി അമ്മയേയും രജിസ്റ്ററിൽ ഒന്നും രണ്ടും നമ്പറായി ചേർത്തുകൊണ്ട് കുറുമ്പത്തൂരിൽ വിദ്യയുടെ ആരംഭം കുറിച്ചു. ആ നാടിന്റെ ചരിത്രം തന്നെ തിരുത്തികുറിക്കപ്പെട്ട ദിവസമായിരുന്നു അന്ന്.മൊത്തം 57 കുട്ടികളാണ് അക്കൊല്ലം സ്‌കൂളിൽ ചേർന്നത്. മുസ്ലിം ഭൂരിപക്ഷപ്രദേശമായിട്ടും ഒരു മുസ്ലിം  വിദ്യാർത്ഥി സ്‌കൂളിൽ ചേർന്നത് പിന്നെയും മൂന്നുവർഷം കഴിഞ്ഞാണ്. 02.01.1927 ൽ 114 -ാം നമ്പറുകാരനായി ചേർന്ന ആനപ്പടിയ്ക്കൽ സീതൻകുട്ടിയുടെ മകനായ സെയ്താലിയായിരുന്നു ആ വിദ്യാർത്ഥി. ഒരു മുസ്‌ലിം പെൺകുട്ടി ചേർന്നത് 05.06.1958 ൽ മാത്രമാണ്. 272-ാം നമ്പർ വിദ്യാർത്ഥിനിയായി ചെറയ്ക്കൽ തേനു മകൾ പാത്തുമ്മു ആയിരുന്നു അത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന അക്കാലത്തും ധാരാളം പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു എന്നത് തികച്ചും വിപ്ലവകരമായ നേട്ടമാണ്. അതുകൊണ്ടു തന്നെ ഉച്ചനീചത്വം മാറ്റിയെടുക്കുന്നതിൽ ഈ വിദ്യാലയം പ്രധാന പങ്കു വഹിച്ചിട്ടുണ്ട് എന്നതിൽ നമുക്ക് അഭിമാനിക്കാം. 
ജന്മമെടുത്തിന് ശേഷം ഈ വിദ്യാലയത്തിന് വളരെയധികം തിക്താനുഭവങ്ങൽ നേരിടേണ്ടി വന്നിട്ടുണ്ട്. തുടക്കത്തിൽ ഇന്നത്തെ അയ്യപ്പൻ വിളക്ക് നടക്കുന്ന മൈതാനത്തിന് മുമ്പിലുള്ള സ്ഥലത്ത് പാക്കത്ത് മനയുടെ വാടകക്കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. ജന്മിത്തത്തിന്റെ തിക്തഫലങ്ങൾ സമൂഹത്തിനെന്ന പോലെ ഈ വിദ്യാലയത്തിനും അനുഭവിക്കേണ്ടിവന്നു. അതുവരെ പ്രവർത്തിച്ചിരുന്ന കെട്ടിടം ഒഴിഞ്ഞുകൊടുക്കാനാവശ്യപ്പെടുകയും, വാടക കൂട്ടിനൽകാമെന്ന് പറഞ്ഞിട്ടും വഴങ്ങാതിരിക്കുകയും ചെയ്തതോടെ സ്‌കൂളിന്റെ പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലായി.എങ്കിലും നല്ലവരായ നാട്ടുകാരുടെ അശ്രാന്തപരിശ്രമവും ദൃഢനിശ്ചയവും ഫലം കാണുകയും പരേതനായ പാഴിയോട്ടുമനയ്ക്കൽ ചിത്രൻ നമ്പൂതിരിപ്പാടിന്റെ ഉദാരമനസ്‌കതയുടെ ഫലമായി സ്‌കൂളിന് കുറുമ്പത്തൂരിലെ പൊട്ടിയാക്കാട് എന്നറിയപ്പെട്ടിരുന്ന കൊച്ചുകുന്നിൻ പ്രദേശത്ത് പുതിയവാടക കെട്ടിടത്തിൽ പ്രവർത്തിയ്ക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു. അതിന് നേതൃത്വം നൽകിയത് ജില്ലാ ബോർഡ് പ്രസിഡന്റായിരുന്ന ശ്രീ. പി.ടി. ഭാസ്‌ക്കരപ്പണിക്കർ, കുറ്റിപ്പുറം ബോർഡ് മെമ്പർ ശ്രീ. ടി. രാഘവനുണ്ണി, അന്നത്തെ ഹെഡ്മാസ്റ്റർ ഇൻചാർജ്ജായ അധ്യാപകൻ ശ്രീ. പി. ശ്രീകൃഷ്ണനെഴുത്തച്ഛൻ എന്നിവരും സ്ഥിരോൽസാഹികളായ ചില നാട്ടുകാരുമാണ്. 1956 ലാണ് സ്‌കൂൾ പുതിയ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുതുടങ്ങിയത്. 
1924 ൽ ഈ വിദ്യാലയം തുടങ്ങുമ്പോൾ കേരള സംസ്ഥാനം നിലവിൽ വന്നിട്ടില്ല. മദ്രാസ് സംസ്ഥാനത്തിനു കീഴിലായിരുന്നു നമ്മുടെ നാട്. മദിരാശി  ഗവൺമെന്റ് നൽകുന്ന ഗ്രാന്റ് കൊണ്ടാണ് സ്‌കൂളുകൾ പ്രവർത്തിച്ചിരുന്നത.് അത് ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പര്യാപ്തമായിരുന്നില്ല. പക്ഷെ, അത്തരം പരാധീനതകളൊന്നും ബാധിക്കാത്ത വിധത്തിൽ കാലാകാലങ്ങളായി മാറി വന്ന അധ്യാപകർ ഈ വിദ്യാലയത്തെ മുന്നോട്ടു നയിച്ചു എന്നത് എടുത്തുപറയേണ്ടതാണ്. അന്നത്തെ അധ്യാപകവിദ്യാർത്ഥി ബന്ധം ഇതിന്റെ വിവരശേഖരണത്തനായി ഞങ്ങൾ സമീപിച്ച ചില വ്യക്തികൾ, അവരുടെ അധ്യാപകരെ ഓർമ്മിപ്പിച്ചപ്പോൾ അവർ വീഴ്ത്തിയ കണ്ണുനീരിലും വിതുമ്പലിലും ഞങ്ങൾക്ക് നേരിട്ടനുഭവിക്കാനായി എന്നതാണ് യാഥാർത്ഥ്യം. ദാരിദ്രവും പട്ടിണിയും മൂലം പഠനത്തോട് വിമുഖത പുലർത്തിയിരുന്ന കുട്ടികളെ, വിദ്യാലയത്തിലേയ്ക്ക് ആകർഷിക്കുന്നതിനായി അവർനിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. എന്നുമാത്രമല്ല  അവർ സ്വന്തം പൊതിച്ചോറുപോലും പകുത്തുനൽകിയ കഥകളും. അതിന്റെ രുചി ഇപ്പോഴും നാവിൽ തങ്ങി നിൽക്കുന്നതും അവർ വിശ്രമിക്കുമ്പോൾ ഏതൊരാളും അക്കാലത്തേയ്ക്ക് മനസ്സുകൊണ്ടെങ്കിലും തിരിഞ്ഞു നടക്കാൻ ആഗ്രഹിച്ചു പോകും.
കുട്ടികളുടെ സർഗാത്മകവും മാനസികവും ശാരീരികവുമായ ഉന്നമനത്തിനായി സാഹിത്യസമാജങ്ങളും വിവിധ കലാകായിക മത്സരങ്ങളും നാടകങ്ങളുമെല്ലാം അവർ സംഘടിപ്പിച്ചിരുന്നു. ജാതി,മത,അവർണ സവർണ വ്യവസ്ഥിതികൾക്കതീതമായി മനുഷ്യരൊന്നാണെന്ന വിശാലചിന്ത കുട്ടികളിൽ രൂപപ്പെടുത്തുന്നതിൽ ഇവിടുത്തെ അധ്യാപകർ വഹിച്ച പങ്കുവലുതാണ്. അതു കൊണ്ടുതന്നെയാണ് ആദ്യമാദ്യം ഒരു മതവിഭാഗത്തിലുള്ളവർ മാത്രം പഠിച്ചിരുന്ന വിദ്യാലയം എന്ന അവസ്ഥയിൽ നിന്ന് എല്ലാവരും ഒരുമയോടെ പഠിക്കുന്ന ഇന്ന് ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന കുറ്റിപ്പുറം സബ്ജില്ലയിലെ സർക്കാർ യു.പി. സ്‌കൂൾ എന്ന പദവി ഈ വിദ്യാലയത്തിന് സ്വന്തമാക്കാൻ കഴിഞ്ഞതും.എടുത്തു പറയത്തക്ക നിരവധി സർഗധനരും പ്രഗത്ഭമതികളുമായ അധ്യാപകർ ഈ കൂടശ്ശേരിയുടെ വിജ്ഞാന മണ്ഡലത്തെ അവരുടെ കഠിന പ്രയത്‌നം കൊണ്ട് കൂടുതൽ തിളക്കമാർന്നതാക്കിയിട്ടുണ്ട്. അതിൽ പലരും ഇന്നും ശിഷ്യഗണങ്ങളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയവരാണ്. അക്കാലത്ത് സമൂഹത്തിൽ നിലനിന്നിരുന്ന ശൈശവ വിവാഹവും പല അനാചാരങ്ങളും തടയുന്നതിലും ഈ വിദ്യാലയത്തിലെ അധ്യാപകർ മുൻകയ്യെടുത്തിരുന്നു എന്നാണ് അക്കാലത്തെ ആളുകളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. 
1956 ൽ കേരള സംസ്ഥാനം രൂപീകൃതമായതിനു ശേഷം വിദ്യാലയം കേരള ഗവൺമെന്റിന്റെ കീഴിലാവുകയും കൂടുതൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നിതിനാവശ്യമായ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങൾ  ലഭ്യമാവുകയും ചെയ്തു. ഇന്നത്തെ ഈ വിദ്യാലയത്തിന്റെ എല്ലാ പ്രൗഢിയ്ക്കും വിജയത്തിനും പ്രേരകശക്തിയായി പാഴിയോട്ടുമനയ്ക്കൽ ചിത്രൻ നമ്പൂതിരിപ്പാടിന്റെ നല്ല  മനസ്സിനെ ഇന്നാട്ടുകാർ എന്നും കൃതജ്ഞതയോടെ സ്മരിക്കാറുണ്ട്. 
സ്‌കൂളും സമൂഹവും നാടും നാട്ടുകാരുമായുണ്ടായ നല്ല ബന്ധത്തിന്റെ തെളിവുകളാണ് വളരെ വിപുലമായ രീതിയിൽ ആഘോഷിച്ച 60-ാം വാർഷികവും (ഡയമണ്ട് ജൂബിലി) അതിന്റെ ഭാഗമായ സ്മരണികയും, പിന്നീട്  നടന്ന 75-ാം വാർഷികവും കേരളത്തിലെ പ്രശസ്തരായവർ ഒത്തുചേർന്ന പരിപാടികളും അന്നത്തെ ഏറ്റവും പ്രശസ്ത സാഹിത്യകാരന്മാർ വരെ അണിനിരത്താനായ 'കവിയരങ്ങ് ' ഒരു നാട്ടിൻപുറത്തെ സർക്കാർ സ്‌കൂളിൽ നടന്നു എന്നത് ഇന്ന് സങ്കൽപ്പിക്കാനാവുന്നതിലും അപ്പുറമാണ്. അതാണ് കൂടശ്ശേരിയുടെ കൂടശ്ശേരിപ്പെരുമ. തുടർന്നും നാടും നാട്ടുകാരും അധ്യാപകരും രക്ഷിതാക്കളും സ്‌കൂളിന് വേണ്ടി ഒന്നിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സ്‌കൂളിന്റെ സ്ഥലം സ്വകാര്യ വ്യക്തിയിൽ നിന്ന് വിട്ടുകിട്ടുന്നതിനായി നിയമപോരാട്ടം വരെ നടത്തി, അന്നത്തെ പ്രധാനാധ്യാപകനും, മറ്റു അധ്യാപകരും രക്ഷിതാക്കളും, നാട്ടുകാരും ഒന്നിച്ചു നിന്നപ്പോൾ വിജയം നമ്മുടെ ഭാഗത്തായിരുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ കാട്ടാംകുന്നിന്റെ നെറുകയിലെ മഹദ് വിദ്യാലയത്തിനും നിരവധി മാറ്റങ്ങൾ സംഭവിച്ചു. വാടകക്കെട്ടിടങ്ങൾ സ്വന്തം കെട്ടിടങ്ങളായി, ഓലമേഞ്ഞവ ഓടുമേഞ്ഞവയിലേക്കും അവ പിന്നീട് കോൺക്രീറ്റ് കെട്ടിയങ്ങളിലേയ്ക്കും രൂപം മാറി. ഇപ്പോൾ  മനോഹരമായ ബഹുനിലകെട്ടിടങ്ങളോടെ, കട്ടപതിച്ച   മുറ്റവും തണൽ മരങ്ങളും വിശാലമായ സ്റ്റേജും  അതിവിശാലമായ ഗേറ്റും മനോഹരമായ പൂന്തോട്ടവും ഹൈടെക് സൗകര്യങ്ങളുമായി ഏതൊരു ആധുനിക വിദ്യാലയത്തോടും കിടപിടിയ്ക്കുന്ന വിധം തലയുയർത്തി നിൽക്കുകയാണ് ഈ വിദ്യാലയം.
നിലവിൽ 7607 കുട്ടികൾ ഈ വിദ്യാലയത്തിൽ നിന്നും അറിവു നുകർന്നു. പഠിച്ചുപോയ പലരും ജീവിതത്തിന്റെ നാനാ തുറകളിൽ തന്റേതായ വ്യക്തിമുദ്രകൾപതിപ്പിച്ചവരാണ്. ഇവിടെ മുമ്പുണ്ടായിരുന്ന രണ്ട് അധ്യാപകർക്ക് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചിട്ടുണ്ട് എന്നത് ഈ വിദ്യാലയത്തിന്റെ വിജയ കിരീടത്തിൽ പൊൻതൂവൽ ചാർത്തുന്നു.ഇനിയൊരു നൂറു വർഷമല്ല, ഒരായിരം വർഷം കഴിഞ്ഞാലും ഈ നാടിന്റെയും നാട്ടുകാരുടെയും ഹൃദയത്തുടിപ്പായി ഈ കുറുമ്പത്തൂർ നാടിന്റെ ഹൃദയത്തിൽ ഒരു ഉദയസൂര്യന്റെ പ്രൗഢിയോടെ ഈ വിദ്യാനികേതൻ നിലനിൽക്കുക തന്നെ ചെയ്യും. 
കാലക്രമേണയുള്ള വികസനത്തിൽ ഇന്ന് സ്കൂളിന് പൂർണമായും പ്രവർത്തിക്കാനുള്ള കെട്ടിടങ്ങൾ സജ്ജം ആയിട്ടുണ്ട്.കുറുമ്പത്തൂർ കാട്ടാംകുന്ന് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ഉന്നമനത്തിന് കൂടശ്ശേരി ജി യു പി സ്കൂൾ വളരെയധികം സംഭാവന ചെയ്തിട്ടുണ്ട് ആ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസവും സാംസ്കാരികവുമായ മുന്നേറ്റത്തിന് കുടശ്ശേരി സ്കൂളിലെ സംഭാവന പ്രശംസനീയമാണ്

വിവരങ്ങൾക്ക് കടപ്പാട് :

  • ആതവനാട് മുഹമ്മദാലി (മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
  • എസ്.എൻ. ഭട്ടാചാര്യ, പാഴിയോട്ട് മന
  • കൂടശ്ശേരി ജി.യു.പി.എസ് 60-ാം വാർഷിക സ്മരണിക
  • വിജയൻ കക്കാട്ട് (മുൻപിടി.എ. പ്രസിഡന്റ്)