ജി.എച്ച്. എസ്സ്.എസ്സ് കോക്കല്ലൂർ/അക്ഷരവൃക്ഷം/കോ വിഡ്- 19 ന്റെ അകമ്പടിയോടെ ഒരു അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോ വിഡ്- 19 ന്റെ അകമ്പടിയോടെ ഒരു അവധിക്കാലം

കോവിഡ് 19 എന്ന സൂക്ഷ്മാണു നമ്മുടെ ലോകത്തെ കീഴടക്കി. എല്ലാ രാജ്യങ്ങളിലും അത് പടർന്ന് പിടിച്ച് മരണം വിതക്കുന്നു. ഇപ്പോഴത്തെ ലോക്ക് ഡൗണിനു മുമ്പുതന്നെ ഞാനും എന്റെ കുടുംബവും 28 ദിവസം ഹൗസ് കോറണ്ടൈനിൽ ഇരുന്നിട്ടുണ്ട്. കാരണം എന്റെ ഏട്ടൻ ചൈനയിൽ നിന്നും വന്നിരുന്നതാണ്. ആ ദിവസങ്ങൾ എന്നെ സംബന്ധിച്ചേടത്തോളം സന്തോഷകരവും അതോടൊപ്പം സങ്കടകരവുമായിരുന്നു. സന്തോഷം എന്തെന്നാൽ ഞങ്ങൾ നാലുപേരും ഒത്തുകൂടുന്നത് അപൂർവ്വമാണ്. സങ്കടം എന്തെന്നാൽ എന്റെ ക്ലാസുകൾ നഷ്ടപ്പെട്ടതായിരുന്നു. ആ ദിവസങ്ങളിൽ തൊണ്ടവേദന, പനി, ജലദോഷം ഇവ വരാതിരിക്കാനായിരുന്നു ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിച്ചിരുന്നത്. കാരണം ഇവ പിടിപെട്ടാൽ ഞങ്ങൾ ഐസൊലേഷനിൽ പോകണമായിരുന്നു. ഞങ്ങൾ പുറത്തു പോകുകയോ മറ്റുള്ളവരുമായി ബന്ധപ്പെടുകയോ ചെയ്തിരുന്നില്ല.എന്നാൽ ബന്ധുക്കളും സുഹൃത്തുക്കളും ഞങ്ങളെ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. ഒരു ദിവസം എന്റെ ക്ലാസ് ടീച്ചറായ വഹീദ ടീച്ചർ എന്നെ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. ആരോഗ്യ പ്രവർത്തകനായ ഷാജി മാമൻ വീട്ടിൽ വരികയും ഞങ്ങൾക്ക് വേണ്ട പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.പുറത്തുള്ള ഭക്ഷണം ഏറെ ഇഷ്ടമുള്ള ഞാനും ഏട്ടനും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ ശീലിച്ചു. സങ്കടങ്ങൾ വരുമ്പോൾ ഇതെല്ലാം നമ്മുടെ രാജ്യത്തിനു വേണ്ടിയാണല്ലോ എന്ന ചിന്ത ഞങ്ങൾക്ക് സന്തോഷം നൽകി.ആ സമയത്തെ ഞങ്ങളുടെ പ്രാർത്ഥനയും പ്രതീക്ഷയും ആ വൈറസ് നമ്മുടെ നാട്ടിലേക്ക് വരില്ല എന്നായിരുന്നു. ആ പ്രതീക്ഷയും തെറ്റിച്ചു കൊണ്ട് ഇന്ത്യയിൽ നമ്മുടെ കേരളത്തിൽ ആ രോഗം പിടിപെട്ടു. ഇന്നീ രോഗം ഭൂമിയിലാകെ സകല മനുഷ്യ ജീവനെയും നഷ്ടപ്പെടുത്തിക്കൊണ്ട് അതിന്റെ സംഹാര താണ്ഡവമാടുകയാണ്. ഇന്നീ രോഗത്തെ പിടിച്ചുകെട്ടാൻ മനുഷ്യന് സാധിക്കാതെ വന്നിരിക്കുകയാണ്.ഈ ലോക് ഡൗണിൽ വീട്ടിലിരിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് പ്രശ്ന മല്ല. കാരണം മുൻ അനുഭവം ഞങ്ങൾക്കുണ്ട്. ഈ ദിവസങ്ങളിൽ എന്നെ അലട്ടുന്ന ഏക പ്രശ്നം അച്ഛനും അമ്മക്കും ലീവ് കിട്ടുന്നില്ല എന്നതാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന പോലീസുകാരനും ആരോഗ്യ പ്രവർത്തകയുമാണ് എന്റെ അച്ഛനും അമ്മയും.' അവരുടെ ജീവനെക്കുറിച്ചുള്ള ഭീതിയാണ് എനിക്കുള്ളത്. രാവിലെ അവർ പോയാൽ വൈകിട്ട് വീട്ടിലെത്തുമ്പോഴാണ് എനിക്ക് സമാധാനം കിട്ടുന്നത്.വീട്ടിൽ ഞാൻ അധിക സമയവും ചെലവഴിക്കുന്നത് ടി വി യുടെ മുന്നിലാണ്. ഞാനിപ്പോൾ അച്ഛനെയും അമ്മയെയും സഹായിക്കാറുണ്ട്.അവർ ക്വാറണ്ടൈൻ ലീവിലായിരുന്നപ്പോൾ ഞങ്ങൾക്ക് തേങ്ങ വെട്ടി ഉണക്കി കൊപ്ര ആക്കുന്നത് കാണിച്ചു തന്നു. ഈയിടെയായി ഞങ്ങൾ അടുപ്പിലാണ് പാചകം ചെയ്യാറ്. ഇതൊക്കെ പ്രത്യേക അനുഭവങ്ങളായിരുന്നു.അങ്ങനെ ഈ ലോകത്ത് ഉള്ളവനും ഇല്ലാത്തവനും ഒരു പോലെയായ ഒരു സാഹചര്യം നമ്മൾ കണ്ടു. ധൂർത്തില്ലാത്ത ഒരു ജീവിതം നമ്മൾ പഠിച്ചു. ശുചിത്വവും സാമൂഹിക അകലവും പാലിച്ച് നമുക്കീ കൊ റോണയെ തുരത്തണം.ഇതിനായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെയും പോലീസുകാരെയും നമുക്ക് കൈകൂപ്പി തൊഴാം. അതോടൊപ്പം തന്നെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും നമുക്ക് പ്രശംസിക്കാം.

പ്രാർത്ഥന
IX J ജി.എച്ച്. എസ്സ്.എസ്സ് കോക്കല്ലൂർ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം